“കേരളത്തിലെ വ്യാവസായിക അന്തരീക്ഷം മോശം. പദ്ധതികള്‍ കൊണ്ടു വരാന്‍ ധൈര്യമില്ല.” (നവംബര്‍ 14, 2012)
“കേരളത്തില്‍ സാമുദായിക സൌഹാര്‍ദത്തിലെ ഊഷ്മളത കുറയുന്നു. ഇത് തീക്കളിയാണ്.” (ജനുവരി 2, 2013)
ഏതെങ്കിലും പ്രതിപക്ഷ നേതാവിന്റേതല്ല ഈ കടുത്ത പ്രസ്താവനകള്‍. മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനും സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന കോണ്ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതാവുമായ എ.കെ. ആന്റണിയുടെ ആശങ്കകള്‍ ആണിവ. ആന്റണി പറയുന്നതിലെ വാസ്തവത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ആന്റണിയുടെ പ്രസ്താവനകള്‍ക്ക് പിന്നിലെ അജണ്ടകളുടെ ഉദ്യേശ്യം തീര്‍ത്തും ശുദ്ധമാണെന്ന് കരുതാന്‍ ആവില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ വിലപേശി അനര്‍ഹമായ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നു എന്ന് 2003ല്‍ ആന്റണി നടത്തിയ ഒരു പ്രസ്താവന പിന്നീടു അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുന്നതില്‍ ഒരു പങ്കു വഹിച്ചിരുന്നു.
തിരുവനന്തപുരത്ത് ബ്രഹ്മോസ് വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ ആന്റണി ലക്ഷ്യമിട്ടത് വ്യവസായ വകുപ്പിനെയും അതിന്റെ തലവന്‍ ആയ പി.കെ. കുഞ്ഞാലിക്കുട്ടിയേയും ആയിരുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒന്നായി ഭരണം മാറുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആന്റണിയുടെ പ്രസംഗം. മുസ്ലിം ലീഗ് അതില്‍ പ്രകോപിതര്‍ ആകുകയും ചെയ്തു. ഈ ആരോപണത്തിന്റെ പ്രധാന വക്താക്കളായ എന്‍.എസ്സ്.എസ്സിന്റെ വേദിയിലാണ് കഴിഞ്ഞ ദിവസം മന്നം ജയന്തിയോടനുബന്ധിച്ചു ആന്റണി കേരളത്തിലെ സാമുദായിക അന്തരീക്ഷത്തെ വിലയിരുത്തിയത്. താന്‍ യാഥാര്‍ഥ്യ ബോധമുള്ളയാളാണെന്നും സമുദായ സൗഹാര്‍ദമെന്നു മന്ത്രമാവര്‍ത്തിച്ചത് കൊണ്ട് കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം സമൂഹത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സമുദായ നീതിയും സാമൂഹ്യ നീതിയും ഒരു പോലെ ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി പ്രവര്‍ത്തിക്കണം എന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു.
ചോദ്യം ആന്റണി എവിടെയാണ് ഇരിക്കുന്നത് എന്നുള്ളതാണ്. ഭരണം നേര്‍വഴിക്കു നീങ്ങുന്നില്ല എന്ന് കണ്ടാല്‍ കോണ്ഗ്രസ്സിന്റെ സമുന്നത നേതാവായ ആന്റണി ഉടന്‍ പ്രശ്നപരിഹാരത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുകയാണ് വേണ്ടത്. അതിനു തക്കതായ അധികാരം ആന്റണിയില്‍ ഭരണാധികാരി എന്ന നിലയിലും പാര്‍ട്ടി നേതാവ് എന്ന നിലയിലും നിക്ഷിപ്തമാണ്. അധികാരം ജനാധിപത്യ പ്രക്രിയയില്‍ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള ഉപാധിയാണ്. അധികാരത്തെ വ്യക്തിപരമായ അപ്രമാദിത്വത്തിനുള്ള വഴിയായി കാണുമ്പോള്‍ ഉടലെടുക്കുന്ന കാഴ്ചപ്പാടാണ് അധികാരം മോശമാണന്ന തോന്നല്‍. അങ്ങിനെയുള്ളവര്‍ അധികാരത്തിലെത്തുമ്പോള്‍ അധികാരമോഹം തനിക്കില്ല എന്നു വരുത്തുന്നതിനായി അധികാരം പ്രയോഗിക്കാതിരിക്കും.
തന്റെ അധികാര പരിധിയില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നതിന് പകരം ഇങ്ങനെയുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുമ്പോള്‍ അത് എന്തെങ്കിലും പരിഹാരത്തിനു സഹായിക്കുകയില്ല. പ്രശ്നം വഷളാക്കുകയെ ഉള്ളൂ. മാത്രവുമല്ല, തന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കി വിട്ട ഉമ്മന്‍ ചാണ്ടിയെ അതേ രീതിയില്‍ പുറത്താക്കുകയെന്ന ലക്ഷ്യമാണ് ആന്റണിക്കുള്ളതെങ്കില്‍ - കേരളത്തിലെ നിലവിലെ സാമുദായിക അസന്തുലനം അതിനായി ആന്റണി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെങ്കില്‍ - അത് കുറ്റകരമായ രാഷ്ട്രീയമാകും.
Add new comment