വാളയാര്‍കേസ്; യഥാര്‍ത്ഥ പ്രതികള്‍ ഇനിയെങ്കിലും ശിക്ഷിക്കപ്പെടുമോ?

Glint desk
Wed, 06-01-2021 07:04:50 PM ;

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസ് പുനര്‍വിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി. പുതിയ അന്വേഷണത്തിനുള്ള നിര്‍ദേശവും ഹൈക്കോടതി നല്‍കി. ഒരുപക്ഷെ കേരളത്തില്‍ തന്നെ വളരെ അത്യപൂര്‍വ്വമായിട്ടാവും കീഴ്‌ക്കോടതിക്കെതിരെ ഇത്രയും വലിയ വിമര്‍ശനം മേല്‍ക്കോടതി ഉന്നയിക്കുന്നത്. പോക്‌സോ കോടതി വിചാരണ നടപടികള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ജഡ്ജിയുടെ പരാജയം എടുത്ത് പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഇത് ഗുരുതരം തന്നെയാണ്. 

വാളയാറിലെ സംഭവം കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച ഒരു സംഭവമാണ്. ഇത്രയും ഗുരുതരമായ ഒരു സംഭവത്തെ പോലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെ വലതരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കേസിലെ പ്രതികളെ വെറുതെ വിടുന്ന സാഹചര്യവും നമ്മള്‍ കണ്ടതാണ്. നമ്മുടെ കണ്‍മുന്‍പില്‍ നടന്ന ഒരു സംഭവത്തെ വെറും ആത്മഹത്യയാക്കി മാറ്റുകയും അതിനെ തുടര്‍ന്ന് യഥാര്‍ത്ഥ പ്രതികളായവര്‍ രക്ഷപ്പെടുന്നതെല്ലാം നമ്മുടെ കണ്‍മുന്‍പില്‍ തന്നെയാണ് നടന്നത്. പ്രബുദ്ധ കേരളത്തിലാണ് ഇത് നടക്കുന്നത് എന്നത് ഞെട്ടിക്കുന്ന വസ്തുത തന്നെയാണ്. 

പുനര്‍വിചാരണ വേണമെന്നതാണ് ഹൈക്കോടതി വിധി. ഇത് തന്നെ അപൂര്‍വ്വമായ ഒരു സംഭവമാണ്. പുനര്‍വിചാരണ കൊണ്ട് മാത്രം യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുമോ എന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ സംശയം. ഇതുവരെ നടന്ന അന്വേഷണം പരാജയമാണ് എന്നതാണ് മാതാപിതാക്കള്‍ പറയുന്നത്. ഇതുവരെ നടന്ന അന്വേഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുനര്‍ വിചാരണയെങ്കില്‍ അവരുടെ സംശയം ന്യായവുമാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ട് കൂടിയാണ് കുട്ടികളുടെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഇടപെടേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞതാണ്. എന്നിരുന്നാലും കേസ് പുനര്‍ വിചാരണ തലത്തില്‍ എത്തി നില്‍ക്കുന്ന ഈ ഒരു ഘട്ടത്തിലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഇടപെടുകയും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജവം കാണിക്കേണ്ടതുമാണ്. അല്ലായെങ്കില്‍ നമ്മള്‍ ഉത്തരേന്ത്യയിലും യു.പിയിലും ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടക്കുന്നത് കണ്ട് കണ്ണീര്‍ പൊഴിക്കുന്നതും പ്രതിഷേധജ്വാലകള്‍ നടത്തുകയും ചെയ്യുന്നത് ഏറ്റവും വലിയ വിരോധാഭാസമായി മാറുമെന്ന് സി.പി.എം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ എങ്കിലും ചുരുങ്ങിയപക്ഷം വിചാരിക്കേണ്ടത് അനിവാര്യമാണ്.

Tags: