അതിര്‍ത്തികള്‍ വീണ്ടും അടയുന്നു, മലയാളികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി സംസ്ഥാനങ്ങള്‍

Glint Desk
Mon, 22-02-2021 02:47:45 PM ;

മലയാളികളുടെ കേരളം വിട്ടുള്ള സഞ്ചാരം വീണ്ടും തടസ്സപ്പെടുകയാണ്. കേരളത്തിലെ കോവിഡ് നിരക്ക് കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കാസര്‍കോട് അതിര്‍ത്തിയിലെ പ്രധാന റോഡുകളെല്ലാം കര്‍ണാടക അടച്ചു. കര്‍ശന പരിധോനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിന്നുള്ള ആളുകളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കുന്നത്. ആര്‍.ടി -പി.സി.ആര്‍ പരിശോധനാ ഫലവുമായി എത്തുന്നവരെ മാത്രം സംസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് കര്‍ണാടകയുടെ തീരുമാനം. റോഡ് മാര്‍ഗം വരുന്നവര്‍ക്ക് മാത്രമല്ല ഈ നിബന്ധന ബാധകമാവുക. റെയില്‍ മാര്‍ഗവും വ്യോമ മാര്‍ഗവും എത്തുന്നവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി. ചരക്ക് ലോറികളിലെ ഡ്രൈവര്‍മാര്‍ 15 ദിവസം കൂടുമ്പോള്‍ ടെസ്റ്റ് നടത്തണം. ആകെ ഇളവുള്ളത് രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്കാണ്. നിലവില്‍ വയനാട് അതിര്‍ത്തിയില്‍ തടസ്സങ്ങളൊന്നുമില്ല എങ്കിലും വരും ദിവസങ്ങളില്‍ അവിടെയും കര്‍ശന പരിശോധന പ്രതീക്ഷിക്കാം. തമിഴ്‌നാടും സമാന തീരുമാനത്തിലേക്ക് പോകനും ഇടയുണ്ട്. കേരളത്തില്‍ നിന്ന് വരുന്ന തമിഴ്‌നാട് സ്വദേശികളെ കണക്കിലെടുത്താണ് ഇതുവരെയും അവര്‍ കര്‍ശന നടപടി എടുക്കാത്തത്. 

കോവിഡിന്റെ തുടക്കത്തില്‍ കേരളത്തിലെ പ്രതിരോധ നടപടികള്‍ക്ക് വലിയ പ്രചാരമാണ് ഇന്ത്യയിലും ലോകത്തും കിട്ടിയത്. ഏതാണ്ട് അതേ പ്രചാരം തന്നെയാണിപ്പോള്‍ കേരളത്തിലെ കോവിഡ് വര്‍ദ്ധനവിനും കിട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തെ കോവിഡിന്റെ കേന്ദ്രമായിട്ടാണ് പല സംസ്ഥാനങ്ങളും കാണുന്നത്. അവരെ തെറ്റുപറായനും കഴിയില്ല. കാരണം ഇന്ത്യയിലെ ആകെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ പകുതിയോടടുത്തും കേരളത്തിനിന്നാണ്. തുടക്കത്തിലെ ജാഗ്രതയും കരുതലും എവിടെയും കാണാനില്ല. ജനങ്ങള്‍ കാണിക്കുന്ന അലംഭാവത്തേക്കാള്‍ ഗുരുതരമായ പ്രവര്‍ത്തികളാണ് മന്ത്രിമാരും നേതാക്കന്മാരും ചെയ്യുന്നത്. ആരോഗ്യ മന്ത്രി പോലും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പരിപാടികള്‍ നടത്തുന്നു എന്നതും വിരോധാഭാസമാണ്. അധികാരികള്‍ ഇവ്വിധം പെരുമാറുമ്പോള്‍ ജനങ്ങള്‍ അതിലുമപ്പുറത്തായിരിക്കും പ്രവര്‍ത്തിക്കുക.

കോവിഡിനെ പേടിക്കേണ്ട എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും, ലോകത്തെ പലയിടങ്ങളിലെയും ദുരവസ്ഥ കണ്ട് മലയാളികള്‍ ഭയപ്പെട്ടിരുന്നു. ആ ഭയം കൊണ്ടാണ് ഒരു പരിധിവരെ എല്ലാവരും നിയന്ത്രണങ്ങളോട് സഹകരിച്ചത്. എന്നാല്‍ ലോക്ഡൗണ്‍ കഴിഞ്ഞതോട് കൂടി ആ പേടി പതിയെ പതിയെ ഇല്ലാതായി. ഇപ്പോള്‍ അശേമില്ലാതായി എന്ന് പറയാം. പോലീസ് ഫൈന്‍ പേടിച്ചാണ് പലരും മാസ്‌ക് വയ്ക്കുന്നത്, രോഗ വ്യാപനം തടയല്‍ ആരുടെയും പരിഗണനയില്‍ ഇല്ല. ബ്രേക്ക് ദി ചെയിനൊക്കെ എന്നേ മറന്നമട്ടാണ് മലായളികള്‍. ഇത് മലയാളിയുടെ പൊതുസ്വഭാവത്തിന്റെ പ്രതിഫലനം കൂടിയാണ്. കാരണം മലയാളി പ്രബുദ്ധതയെക്കുറിച്ച് ഉറക്കെപ്പറയുമെങ്കിലും, പേടിയുടെ സാഹചര്യത്തില്‍ മാത്രമാണ് പ്രബുദ്ധത പ്രകടിപ്പിക്കാറ്. ജാഗ്രതയും കരുതലും അപകടം തൊട്ട് മുന്നിലെത്തുമ്പോഴാണ് മലയാളി സ്വീകരിക്കുക. അതിന്റെ കൂടി ഫലമാണ് കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് സ്ഥിതി.

 

Tags: