ക്ഷോഭത്തെക്കുറിച്ചല്ല , മൗനത്തേക്കുറിച്ചാണ് മമ്മൂട്ടി പറയേണ്ടത്

Glint staff
Tue, 11-07-2017 06:15:46 PM ;
Kochi

mammotty

'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം അറസ്റ്റിലായ ദിലീപിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഇക്കാര്യം വിശദീകരിച്ചത് നടന്‍ മമ്മൂട്ടിയാണ്. കൂട്ടത്തില്‍ മോഹന്‍ലാലും. കഴിഞ്ഞ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ഭാരവാഹികള്‍ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതില്‍ മമ്മുട്ടി ഖേദം പ്രകടിപ്പിച്ചു. മേലില്‍ ഇത്തരം ക്രിമിനലുകള്‍ സിനിമാരംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താന്‍ 'അമ്മ' ശ്രമിക്കുമെന്നും മമ്മുട്ടി പറഞ്ഞു.
             
കാപട്യം നിറഞ്ഞതാണ് മമ്മുട്ടിയുടെ വാക്കുകള്‍ .ദിലീപ് പുറത്തു പോയതോടു കൂടി 'അമ്മ' ശുദ്ധീകരിക്കപ്പെട്ടെന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് മമ്മുട്ടി നടത്തിയത്. ദിലീപിന് ഒറ്റയ്ക്ക് ഇത്രയും കാലം കുറ്റ കൃത്യങ്ങള്‍ നടത്താന്‍ കഴിയുകയില്ല. നിലവില്‍ ക്രിമിനലുകള്‍ വേറേ ഉണ്ടോ? എന്ന വിഷയത്തിലേക്ക് മമ്മൂട്ടി കടക്കുന്നില്ല. വാര്‍ത്താ സമ്മേളനത്തില്‍ യദൃശ്ച്യാ ചില അംഗങ്ങള്‍ ക്ഷുഭിതരായതാണ് എന്ന് മമ്മൂട്ടി പറയുന്നു. സമ്മതിക്കാവുന്നതാണ്. എന്നാല്‍ മമ്മുട്ടിയും മോഹന്‍ലാലും ആ സമയം ഭാവവ്യത്യാസമില്ലാതെ മിണ്ടാതിരുന്നത് യദൃശ്ച്യാ സംഭവിച്ചതല്ല. ആ ബോധപൂര്‍വ്വമായ ജുഗുത്സാവഹമായ മിണ്ടാതിരിപ്പാണ് അമ്മയെന്ന സംഘടന നിഗൂഢമായ എന്തിന്റെയോ സ്വാധീനത്തിലാണെന്ന് പ്രകടമാകുന്നത്. ആ നിഗൂഢതകളുടെ ഒരു ലക്ഷണമാണ് അറസ്റ്റിലായ ദിലീപ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു അമ്മയെന്ന് ആവര്‍ത്തിച്ചു പറയേണ്ടി വരുന്നതു തന്നെ ഈ നിഗൂഢതയെ മറച്ചുവയ്ക്കാനുള്ള വിഫല ശ്രമമാണ്.

Tags: