ഫാ.ഷൈജു കുര്യന്റെ ബി.ജെ.പി അംഗത്വം ചരിത്രത്തിന്റെ വഴിത്തിരിവാകുന്നു

Glint Desk
Sun, 31-12-2023 04:06:20 PM ;
ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗമെടുത്തു .ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഒരു പുതിയ വഴിത്തിരിവാണ് .വിശേഷിച്ചും കേരളത്തിലെ രാഷ്ട്രീയ ഗതിയിൽ .47 ക്രിസ്തീയ കുടുംബങ്ങൾക്ക് ഒപ്പമാണ് ഷൈജു കുര്യൻ ബിജെപിയിൽ അംഗത്വം എടുത്തത്.ഇതുവരെ കോൺഗ്രസിന്റെ പിന്നിൽ നിന്നിരുന്ന കേരളത്തിലെ സമുദായമായിരുന്നു ക്രിസ്തീയ സമുദായം.ദീർഘനാളത്തെ ശ്രമങ്ങളുടെ പരിണിതഫലമാണ് ശനിയാഴ്ച നിലയ്ക്കലിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിൽ നടന്ന സ്നേഹ സംഗമവും അംഗത്വമെടുക്കലും . ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ ശ്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി ക്രിസ്തീയ പുരോഹിതന്മാർക്ക് ഒരുക്കിയ വിരുന്ന് .ആഗോളതലത്തിൽ ഉണ്ടായിട്ടുള്ള മതപരമായ വിഭാഗീയതയും ഇസ്രയേൽ പാലസ്തീൻ യുദ്ധത്തിൽ കേന്ദ്രസർക്കാർ എടുത്ത നിലപാടുമൊക്കെ കേരളത്തിലെ ക്രൈസ്തവ സഭയെ ബിജെപിയുമായി അടുപ്പിക്കുന്നതിൽ നിർണായക അടിത്തറ ഒരുക്കിയിട്ടുണ്ട് .വർഷങ്ങളായി ക്രിസ്തീയ സഭക്കുള്ളിൽ നിന്നും കേരളത്തിലെ മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങളും ലവ് ജിഹാദുമൊക്കെ ഉയർത്തി ക്രിസ്തീയ സഭാ അധ്യക്ഷന്മാർ വിവാദങ്ങൾ ഉയർത്തിയിരുന്നു .ഇത്തരം വിവാദങ്ങൾ സാമൂഹികമായി ക്രിസ്തുമതാനിയായികളിൽ അരക്ഷിതത്വം സൃഷ്ടിക്കപ്പെടുന്നതിന് സഹായിച്ചിട്ടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസിന്റെ ക്ഷീണിതമായ അവസ്ഥയും കേരളത്തിൽ മുസ്ലിം സംഘടനകളെ കൂടെ നിർത്താനുള്ള സിപിഎമ്മിന്റെ പ്രകടമായുള്ള സമീപനവും ക്രിസ്ത്യൻ സമുദായത്തെ ബിജെപിയിലേക്ക് അടുപ്പിച്ചിട്ടുണ്ട്. സമീപഭാവിയിൽ ഈ കൂട്ടുകെട്ടുകൊണ്ട് ബിജെപി കേരളത്തിൽ കാര്യമായ പാർലമെൻററി നേട്ടങ്ങൾ ഉണ്ടാക്കിയെന്നു വരില്ല .എന്നാൽ കേരള രാഷ്ട്രീയത്തിൽ ഇത് ഗണ്യമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും .ഇന്ത്യയിൽ കോൺഗ്രസ് ശക്തമായി തുടരുന്ന ഏതാനും സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം .പുതിയ ഈ കൂട്ടുകെട്ടിലൂടെ കേരളത്തിൽ കോൺഗ്രസ്സ് ദുർബലമാവുകയും സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും. ഇത് കോൺഗ്രസ് അണികളിൽ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയെയും സൃഷ്ടിക്കും. സ്വാഭാവികമായും കോൺഗ്രസിനുള്ളിൽ നിന്നും നല്ലൊരു ശതമാനം അണികൾ ബിജെപിയിലേക്ക് ഒഴുകാനും ഇത് കാരണമാകും .അങ്ങനെ കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ പോകുന്ന രാഷ്ട്രീയ ചലനങ്ങളുടെ തുടക്കമാണ് 2023 ഡിസംബർ 30ന് കുറിക്കപ്പെട്ടപ്പെട്ടത്.

Tags: