കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് (എം) അഗം സഖറിയാസ് കുതിരവേലി സി.പി.ഐ.എം പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫുമായുള്ള ധാരണയില്‍ പഞ്ചായത്ത് ഭരണം കയ്യാളിയിരുന്ന കേരള കോണ്‍ഗ്രസ് അവസാന നിമിഷം ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികള്‍ക്കൊപ്പം സി.പിഎമ്മിന്റെ ആറ് അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തതോടെ 22 അംഗ പഞ്ചായത്തില്‍ 12 വോട്ടുകള്‍ സഖറിയാസ് കുതിരവേലിക്ക് ലഭിച്ചു. എതിരാളിയായ കോണ്‍ഗ്രസിന്റെ സണ്ണി പാമ്പാടിയ്ക്ക് പാര്‍ട്ടിയുടെ എട്ടു വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫിലെ സി.പി.ഐ അംഗം വോട്ടെടുപ്പില്‍ നിന്ന്‍ വിട്ടുനിന്നപ്പോള്‍ പി.സി ജോര്‍ജിന്റെ പാര്‍ട്ടിയുടെ പ്രതിനിധി വോട്ട് അസാധുവാക്കി.
കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡി.സി.സി പ്രസിഡന്റായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും ശേഷിക്കുന്ന രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു മുന്‍ധാരണ.
കേരള കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചനടത്തി രേഖാമൂലം ധാരണയുണ്ടാക്കിയതിന് ശേഷമാണ് ജോഷി ഫിലിപ്പ് രാജിവെച്ചതെന്ന് കോണ്‍ഗ്രസ് പറയുന്നു. ഒരു വര്‍ഷം കോണ്‍ഗ്രസിലെ തന്നെ സണ്ണി പാമ്പാടി പ്രസിഡന്റായി അതുകഴിഞ്ഞ് കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണയെന്ന്‍ കോണ്‍ഗ്രസ് പറയുന്നു.
കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടപ്പോഴും തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫുമായുള്ള ധാരണകള്‍ പാലിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍, ബുധനാഴ്ച രാവിലെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടി പുറത്തുവിട്ടത്. തുടര്‍ന്ന്‍ ചേര്‍ന്ന സി.പി.ഐ.എമ്മിന്റെ അടിയന്തര യോഗം കേരള കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു.