അട്ടപ്പാടി: രണ്ട് കോടി രൂപയുടെ അടിയന്തര സഹായം

Mon, 10-11-2014 03:36:00 PM ;
പാലക്കാട്

attappadi

 

ആദിവാസി ശിശുമരണ നിരക്ക് ഉയരുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ അടിയന്തിര സഹായം നല്‍കും. തിങ്കളാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിതല സംഘമാണ് പ്രഖ്യാപനം നടത്തിയത്. ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്നും ഡിസംബര്‍ അഞ്ചിനു മുമ്പ് സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 18 നവജാത ശിശുക്കള്‍ അട്ടപ്പാടിയില്‍ മരിച്ചിട്ടുണ്ട്.  

 

 

ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള സമൂഹ അടുക്കളകള്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണ്. കുടുംബശ്രീ സംഘങ്ങള്‍ക്കായിരിക്കും ഇതിന്റെ ചുമതല. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഏകോപന സമിതി രൂപീകരിക്കാനും പദ്ധതികളുടെ ഏകോപനത്തിനായി രണ്ട് പ്രത്യേക ഓഫീസര്‍മാരെ അട്ടപ്പാടിയില്‍ നിയമിക്കാനും മന്ത്രിതല സംഘത്തിന്റെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥയെ നോഡല്‍ ഓഫീസറായി നിയമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. മരിച്ച ശിശുക്കളുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

 

ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ എന്നിവരടങ്ങുന്ന സംഘമാണ് അട്ടപ്പാടി സന്ദര്‍ശിച്ചത്. അട്ടപ്പാടിയോടുള്ള സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നിരാഹാരം സമരം ആരംഭിച്ച പാലക്കാട് എം.പി എം.ബി രാജേഷിനേയും മന്ത്രിമാര്‍ സമരപ്പന്തലില്‍ എത്തി സന്ദര്‍ശിച്ചു. എന്നാല്‍ ഉപവാസ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് എം.ബി രാജേഷ്.

Tags: