ബാര്‍ ലൈസന്‍സ് വിഷയതില്‍ ചര്‍ച്ചയാകാമെന്ന നിലപാടുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ഫോണില്‍ വിളിച്ച് സുധീരന്‍ പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ ചര്‍ച്ചയാകാമെന്ന് അറിയിക്കുകയായിരുന്നു. ഏതുസമയത്തും ഏതുതലത്തിലും ചര്‍ച്ചയ്ക്ക് തയാറാണ്. പാർട്ടി-സർക്കാർ ഏകോപന സമിതിയോഗത്തിൽ വീണ്ടും വിഷയം ചർച്ച ചെയ്യണമെങ്കിൽ അതിനും തയ്യാറാണെന്നും തിങ്കളാഴ്ച രാവിലെ സുധീരൻ ഇരുവരെയും അറിയിച്ചു.
നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനിന്നതോടെ കഴിഞ്ഞയാഴ്ച ചേര്‍ന്ന സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ടൂ സ്റ്റാർ സർട്ടിഫിക്കറ്റും നിലവാരവുമുള്ള ബാറുകൾ മാത്രം തുറന്നാൽ മതിയെന്നായിരുന്നു വി.എം. സുധീരന്റെ നിലപാട്. എന്നാൽ, നിലവാരമുയർത്താൻ നിശ്ചിത സമയം നൽകി താൽക്കാലിക ലൈസൻസ് നൽകാമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവർ പറഞ്ഞത്.
പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് യു.ഡി.എഫ് നേതാക്കളിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ബാറുകൾ തുറക്കുന്നത് സംബന്ധിച്ച തർക്കം ഇനി നീട്ടിക്കൊണ്ടു പോവുന്നതിൽ നേതാക്കൾക്ക് യോജിപ്പുമില്ല. ഈ സാഹചര്യത്തിലാണ് സുധീരൻ നിലപാടിൽ അയവു വരുത്താൻ തയ്യാറായത്. ഇതിനിടെ ലൈസന്‍സ് പുതുക്കാത്ത നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും മദ്യഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളെ ശ്ലാഘിക്കുകയും ചെയ്തു.