ഗൂരുവായൂര്‍ ക്ഷേത്രക്കിണറ്റില്‍ നിന്ന് തിരുവാഭരണം കണ്ടെത്തി

Fri, 25-04-2014 01:37:00 PM ;
ഗുരുവായൂര്‍

guruvayoor temple

 

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന തിരുവാഭരണം കണ്ടെത്തി. 1985-ല്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മൂന്ന് തിരുവാഭരണങ്ങള്‍ കാണാതെ പോയിരുന്നു. ഇവയില്‍ 24 നീലക്കല്ലുകളും അമൂല്യരത്‌നങ്ങളും പതിപ്പിച്ച 60 ഗ്രാം നാഗപടതാലിയാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. കണ്ടെത്തിയ നാഗപടത്താലി ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ലോക്കറിലേക്ക് മാറ്റി.

 

തിരുവാഭരണം മോഷണം പോയ കാലം മുതല്‍ മണിക്കിണറില്‍ ഇവയുണ്ടെന്ന് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ക്ഷേത്രാവശ്യങ്ങള്‍ക്ക് ജലമെടുത്തിരുന്ന മണിക്കിണര്‍ പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. തീര്‍ത്ഥത്തിന് നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് മണിക്കിണര്‍ വറ്റിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്കു ശേഷം 2013 മാര്‍ച്ച് 26-ന് ആണ് കിണര്‍ വറ്റിച്ചപ്പോള്‍ ഒട്ടേറെ സാളഗ്രാമങ്ങളും 16 സ്റ്റീല്‍, മൂന്നു ചെമ്പ് കുടങ്ങളും അഞ്ച് സ്റ്റീല്‍ കുട്ടകങ്ങളും അന്നു കിണറ്റില്‍ നിന്നു ലഭിച്ചിരുന്നു.

 

കണ്ടെടുത്ത നാഗപടതാലിക്കൊപ്പം 45 ഗ്രാമുള്ള മഹാലക്ഷ്മി മാലയും 90 ഗ്രാമുള്ള നീലക്കല്‍ മാലയും നഷ്ടപ്പെട്ടിരുന്നു. കാണാതായ മറ്റ് തിരുവാഭണങ്ങളും കിണറ്റിലുണ്ടെന്നാണ് വിശ്വാസം. തിരുവാഭരണം മോഷണം പോയപ്പോള്‍ അന്നത്തെ മേല്‍ശാന്തി കക്കാട് ദാമോദരന്‍ നമ്പുതിരിക്കും മകനായ ദേവദാസ് നമ്പുതിരിക്കുമെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇരുവരെയും പദവിയില്‍ നിന്ന് നീക്കുകയും നുണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു . എന്നാല്‍ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് ഇവരെ വിട്ടയക്കുകയായിരുന്നു.

Tags: