ഭീകരരെ കടത്തുന്നതിനിടയില്‍ ഡി.വൈ.എസ്.പി. അറസ്റ്റില്‍: ഇതിനായി കൈപ്പറ്റിയത് 12 ലക്ഷം

Glint Desk
Mon, 13-01-2020 04:47:21 PM ;

Davinder singh

ജമ്മൂകാശ്മീരില്‍ ഭീകരര്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥനും പിടിയില്‍. തീവ്രവാദികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നെന്ന് ജമ്മു കശ്മീര്‍ പോലീസ്. പ്രാഥമികമായ ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ തീവ്രവാദികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് വ്യക്തമാണ് എന്നാണ് പോലീസിന്റെ അഭിപ്രായം. ബാനിഹാള്‍ തുരങ്കം കടത്തിക്കൊടുക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍ തീവ്രവാദികളില്‍ നിന്ന് 12 ലക്ഷം രൂപയാണ് വാങ്ങിയത്. 

ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങാണ് കസ്റ്റഡിയിലായത്. ശനിയാഴ്ചയാണ് ജമ്മൂക്കാശ്മീരില്‍ വച്ച് ഭീകരര്‍ക്കൊപ്പം ഇയാള്‍ പിടിയിലായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരായിരുന്നു ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്. 
എന്നാല്‍ ഭീകരരെ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് തന്നെ പോലീസ് പിടികൂടിയത് എന്നാണ് ഡി.വൈ.എസ്.പിയുടെ പക്ഷം. എന്നാല്‍ അദ്ദേഹം പറയുന്നത് പോലൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇതിനെക്കുറിച്ച ് സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. അതുമാത്രമല്ല പിടിയിലായ തീവ്രവാദികളെ ചോദ്യം ചെയ്തതില്‍ നിന്നും കീഴടങ്ങാനുള്ള പദ്ധതി അവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ദേശീയപാതയില്‍ വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ പോലീസ് പിടിയിലായത്. വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. ഡി.വൈ.എസ്.പി. ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയിലായിരിക്കാം ഇതെന്നാണ് നിഗമനം. ഭീകരര്‍ ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും പോലീസ് പറയുന്നു. 

കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസില്‍ പ്രതിയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ നവീദ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഡല്‍ഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് ഇവര്‍ പിടിയിലാവുന്നത്. 

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര സിങ്.

 

Tags: