പാർലമെന്റിലെ പ്രതിഷേധം : ഇത്തരം നടപടികളാണ് ഏകാധിപത്യത്തിന് നല്ല വളം

Glint Desk
Wed, 13-12-2023 04:05:53 PM ;

ബുധനാഴ്ച പാർലമെൻറിൽ അരങ്ങേറിയത് പോലെയുള്ള പ്രതിഷേധങ്ങളാണ് ഏകാധിപത്യത്തിന് സുഗമമായി കടന്നു വരാൻ വഴിയൊരുക്കുന്നത്. അധികാരത്തെ കൂടുതൽ പ്രകടമാക്കി വിനിഉപയോഗിക്കുന്നടത്താണ് ഏകാധിപത്യം വിജയിക്കുന്നത്.രണ്ട് യുവാക്കൾ പാർലമെൻറിനകത്ത് ചാടിക്കയറി വർണ്ണപ്പുക പരത്തുന്നു. അതേസമയം പുറത്ത് ഒരു സ്ത്രീയും യുവാവും ഏകാധിപത്യം അനുവദിക്കില്ല എന്ന് മുദ്രാവാക്യം മുഴക്കുന്നു .രാജ്യവും ലോകവും ഇത് ശ്രദ്ധിച്ചു കഴിഞ്ഞു.വിശേഷിച്ചും 13 വർഷം മുമ്പ് നടന്ന പാർലമെൻറ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ . ശരിയാണ് ഗുരുതര സുരക്ഷാ വീഴ്ച തന്നെയാണ് ഇത്തരമൊരു സംഭവത്തിന് കളമൊരുക്കിയത്. എത്രതന്നെ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തിയാലും വരുംവരായ്കകളെ നേരിടാൻ തയ്യാറുള്ളവർ ഏതെങ്കിലും പഴുതുകളിലൂടെ നുഴഞ്ഞുകയറാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാൻ പറ്റില്ല. ഇനി പാർലമെൻറിൽ ഉള്ള സുരക്ഷ അതി കർശനമാക്കും .ഇപ്പോൾതന്നെ പാർലമെൻറ്പരിസരവും എല്ലാം തന്നെ അതീവ സുരക്ഷ വലയത്തിലാണ്. പാർലമെൻറിലെ നടപടികൾ നേരിട്ട് കാണുന്നതിന് പൗരന്മാർക്കുള്ള സൗകര്യവും അവകാശവുമാണ് വിസിറ്റേഴ്സ് ഗാലറിയിൽ എത്തി നടപടികൾ വീക്ഷിക്കുക എന്നത് . ഇനിമുതൽ അതും ഇതുവരെ ഇല്ലാത്ത വിധമുള്ള കർശന സുരക്ഷാ പരീക്ഷ പരിശോധനകൾക്ക് വിധേയമാക്കും. അവിടെയെല്ലാം തെളിയുന്നത് അധികാരത്തിന്റെ പ്രയോഗമാണ്. ഒപ്പം ജനായത്തസ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾ അകറ്റപ്പെടുന്നതിന്റെ അന്തരീക്ഷവും . എത്രമാത്രം അധികാരത്തിൽ നിന്നും ജനങ്ങൾ അകറ്റപ്പെടുന്നുവോ അതൊരുക്കുന്ന വഴിലൂടെ ആണ് ഏകാധിപത്യം കടന്നുവരുന്നതും ശക്തിയാർജിക്കുന്നതും.

Tags: