സൈന നെഹ്വാളിനെ പദ്മ ഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു

Mon, 05-01-2015 03:32:00 PM ;
ന്യൂഡല്‍ഹി

saina nehwal

 

2015-ലെ പദ്മ ഭൂഷണ്‍ പുരസ്കാരത്തിന് ബാഡ്മിന്റണ്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സൈന നെഹ്വാളിന്റെ പേര് കൂടി ശുപാര്‍ശ ചെയ്യാന്‍ കായിക മന്ത്രാലയം തീരുമാനിച്ചു. നേരത്തെ, തന്റെ പേര് തിരസ്കരിച്ച് പുരസ്കാരത്തിന് ഗുസ്തി താരം സുശീല്‍ കുമാറിനെ നിര്‍ദ്ദേശിച്ച വകുപ്പിന്റെ തീരുമാനത്തെ സൈന വിമര്‍ശിച്ചിരുന്നു.

 

തീരുമാനത്തിന് സൈന നന്ദി പ്രകടിപ്പിച്ചു. കായിക വകുപ്പ് മന്ത്രി സര്‍ബാനന്ദ സോണോവാള്‍ തങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നയാളാണെന്നും സൈന കൂട്ടിച്ചേര്‍ത്തു. സുശീല്‍ കുമാറും സൈനയെ അഭിനന്ദിച്ചു.  

 

ഇന്ത്യാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ആഗസ്തില്‍ സൈനയുടെ പേര്‍ പദ്മഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തെങ്കിലും രണ്ട് വട്ടം ഒളിമ്പിക് മെഡല്‍ നേടിയ സുശീല്‍ കുമാറിന്റെ പേരാണ് പ്രത്യേക പരിഗണന നല്‍കി കായിക വകുപ്പ് പുരസ്കാരം നിശ്ചയിക്കുന്ന ആഭ്യന്തര വകുപ്പിന് അയച്ചുകൊടുത്തത്. ഒരു വ്യക്തിയ്ക്ക് രണ്ട് പദ്മ പുരസ്കാരങ്ങള്‍ നല്‍കുന്നതിനിടയില്‍ അഞ്ച് വര്‍ഷത്തെ കാലവ്യത്യാസം ഉണ്ടായിരിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കിയാണ്‌ സുശീല്‍ കുമാറിന്റെ പേര് അയച്ചുകൊടുത്തത്. ഇതേത്തുടര്‍ന്ന് തന്റെ നാമനിര്‍ദ്ദേശം തള്ളാനുള്ള കായിക വകുപ്പിന്റെ തീരുമാനത്തില്‍ ഖേദമുണ്ടെന്നും നിബന്ധനകള്‍ എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണമെന്നും സൈന പ്രതികരിച്ചിരുന്നു.  

 

കഴിഞ്ഞ വര്‍ഷം തന്റെ പേര് ശുപാര്‍ശ ചെയ്യപ്പെട്ടപ്പോള്‍ ഈ നിബന്ധന ചൂണ്ടിക്കാട്ടിയാണ് കായിക വകുപ്പ് നിരസിച്ചതെന്ന് സൈന ചൂണ്ടിക്കാട്ടി. തനിക്ക്  പദ്മശ്രീ ലഭിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും തന്റെ പേര് നിര്‍ദ്ദേശിക്കാത്തതെന്തുകൊണ്ടാണെന്നും സൈന ചോദിച്ചു. 2010-ലാണ് സൈനയ്ക്ക് പദ്മശ്രീ ലഭിച്ചത്. സുശീല്‍ കുമാറിന് പദ്മശ്രീ ലഭിച്ചത് 2011-ലും.

 

സുശീല്‍ കുമാര്‍ മികച്ച കായികതാരമാണെന്നും സുശീലിനും തനിക്കും പുരസ്കാരം ലഭിക്കുകയാണെങ്കില്‍ തനിക്ക് കൂടുതല്‍ സന്തോഷമേ തോന്നുകയുള്ളൂ എന്ന്‍ സൈന പറഞ്ഞിരുന്നു.

 

ബാഡ്മിന്റണില്‍ ഒളിമ്പിക് മെഡലും പ്രീമിയര്‍, സൂപ്പര്‍ സീരിസ്, ഗ്രാന്‍പ്രീ ഗോള്‍ഡ്‌ കിരീടങ്ങളും നേടുന്ന ആദ്യ നേടിയ ആദ്യ ഇന്ത്യാ  താരമാണ് 24-കാരിയായ സൈന. 2010-ല്‍ പദ്മശ്രീയ്ക്ക് പുറമേ ഖേല്‍ രത്ന പുരസ്കാരവും 2009-ല്‍ അര്‍ജുന പുരസ്കാരവും ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം നേടിയിട്ടുള്ള സൈനയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ ലോക നാലാം നമ്പര്‍ താരമാണ് സൈന.

Tags: