സിന്ധുവിന് വെള്ളിത്തിളക്കം; റിയോവില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

Sat, 20-08-2016 09:18:00 AM ;

റിയൊ ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി മെഡല്‍. ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം കുറിച്ച ഹൈദരാബാദില്‍ നിന്നുള്ള 21-കാരി ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ കരോലിന മരിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെട്ടു.

 

റാങ്കില്‍ തന്നെക്കാള്‍ മുന്നിലുള്ളവരെ വീഴ്ത്തി ഫൈനലില്‍ എത്തിയ സിന്ധു ആദ്യ സെറ്റ് 21-19 ന് നേടിയപ്പോള്‍ വീണ്ടുമൊരു അട്ടിമറിയുണ്ടാകുമെന്ന് കരുതിയെങ്കിലും അടുത്ത രണ്ട് സെറ്റുകള്‍ 21-12, 21-15 എന്നീ സ്കോറിന് ജയിച്ച് മരിന്‍ സ്വര്‍ണ്ണം കരസ്ഥമാക്കുകയായിരുന്നു.  

 

ബാഡ്മിന്റണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഒളിമ്പിക് മെഡല്‍ ആണിത്. നാല് വര്‍ഷം മുന്‍പ് ലണ്ടന്‍ ഒളിമ്പിക്സില്‍ സൈന നെഹ്വാള്‍  വെങ്കലം നേടിയിരുന്നു.   

 

ഈ ഒളിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ ആണിത്. കഴിഞ്ഞ ദിവസം ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരം എന്ന റെക്കോഡ് തന്റെ പേരില്‍ കുറിച്ച് 58 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക് വെങ്കലം കരസ്ഥമാക്കിയിരുന്നു.

Tags: