നില്‍പ്പ് സമരം ഒത്തുതീര്‍ന്നു; 7693 ഹെക്ടര്‍ വനഭൂമി ആദിവാസികള്‍ക്ക് നല്‍കും

Thu, 18-12-2014 04:11:00 PM ;
തിരുവനന്തപുരം

nilpu samaram

 

ആദിവാസി ഗോത്ര മഹാസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ 162 ദിവസമായി നടന്നുവന്ന നില്‍പ്പുസമരം വ്യാഴാഴ്ച അവസാനിപ്പിച്ചു. കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്‍കിയതനുസരിച്ചുള്ള 7693 ഹെക്ടര്‍ നിക്ഷിപ്തവനഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇതടക്കം സര്‍ക്കാറുമായി ധാരണയിലെത്തിയ വിവിധ തീരുമാനങ്ങള്‍ സമരപ്പന്തലില്‍ വായിച്ച ശേഷമാണ് സമരം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.

 

ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, എ.പി.അനില്‍കുമാര്‍, പി.കെ.ജയലക്ഷ്മി എന്നിവര്‍ക്കൊപ്പം സമരനേതാക്കളായ സി.കെ ജാനുവും എം. ഗീതാനന്ദനും പങ്കെടുത്തു.

 

ആദിവാസി ഊരുകളെ പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്താനുതകുന്ന പട്ടികമേഖല വ്യാപന പഞ്ചായത്ത്‌ നിയമം (പെസ) നടപ്പിലാക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇത് നിലവില്‍ വരുന്നതോടെ ഊരുകളുടെ ഭരണസമിതി അറിയാതെ ഭൂമി ക്രയവിക്രയം നടത്താനാകില്ല. മുത്തങ്ങയില്‍ കുടിയിറക്കിയ 447 കുടുംബങ്ങള്‍ക്ക് വീടുവെയ്ക്കാന്‍ ഓരോ ഏക്കര്‍ ഭൂമിയും രണ്ടരലക്ഷം രൂപയും സഹായമായി നല്‍കും. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ജയിലില്‍ പോയ കുട്ടികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കും.

 

വനാവകാശം കൊടുത്തതിന്റെ പേരിലും പട്ടികവര്‍ഗക്കാരല്ലാത്തവര്‍ കൈയേറിയതിന്റെ പേരിലും ആദിവാസി ഭൂമിയില്‍ കുറവ് വന്നിട്ടുണ്ട്. ഇത് കൂട്ടിച്ചേര്‍ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറളം ഫാമുമായും അവിടെ ഭൂമി പതിച്ചുനല്‍കിയതുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പട്ടികവര്‍ഗ ഡയറക്ടറെ ചുമതലപ്പെടുത്തി. ആറളം ഫാമില്‍ ഇനി പൈനാപ്പിള്‍ കൃഷി അനുവദിക്കില്ല. ആദിവാസി പുനരധിവാസ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടി ഊരുകളില്‍ പരമ്പരാഗത കൃഷിക്കുള്ള പ്രോജക്ടുകള്‍ പ്രോത്സാഹിപ്പിക്കും. പ്രോജക്ട് ഫാമുകളില്‍ താമസിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 2006-ലെ വനാവകാശ നിയമത്തിലെ മാര്‍ഗരേഖ പ്രകാരം കൈവശരേഖ നല്‍കും.

 

ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്ന 7693 ഹെക്ടര്‍ ഭൂമി വാസയോഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമേ വാസയോഗ്യമല്ലെന്ന് പറയുന്ന 1500 ഹെക്ടര്‍ ഭൂമിയും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വാസയോഗ്യമായ ഭൂമി ആദിവാസികള്‍ക്ക് തന്നെ നല്‍കും. ഇതിനായി സംയുക്ത പരിശോധന നടത്തും.

Tags: