ആത്മഹത്യാശ്രമം കുറ്റമല്ലാതാക്കുന്നു

Wed, 10-12-2014 05:14:00 PM ;
ന്യൂഡല്‍ഹി

 

ആത്മഹത്യാശ്രമം ശിക്ഷാര്‍ഹമായ കുറ്റകൃതമായി പരിഗണിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 309 നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. നടപടിയ്ക്ക് 18 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും പിന്തുണ അറിയിച്ചതായി സര്‍ക്കാര്‍ ബുധനാഴ്ച രാജ്യസഭയില്‍ അറിയിച്ചു.

 

ഇന്ത്യാ നിയമ കമ്മീഷന്റെ 210-ാമത് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശമനുസരിച്ചാണ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി ഹരിഭായി പരാത്തിഭായി ചൗധരി ചോദ്യത്തിന് മറുപടിയായി സഭയെ അറിയിച്ചു. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ ഇതില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.   

 

ഭരണഘടനാപരമാണെങ്കിലും അല്ലെങ്കിലും വകുപ്പ് 309 മാനുഷികമല്ലെന്ന് നിയമകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കാലഹരണപ്പെട്ട നിയമം പിന്‍വലിക്കുന്നത് ഒട്ടേറെ ജീവനുകള്‍ രക്ഷിക്കുമെന്നും ദുരിതത്തില്‍ നിന്ന്‍ ആശ്വാസം നല്‍കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.  

Tags: