വൈദിക്-സയീദ്‌ കൂടിക്കാഴ്ചയില്‍ സര്‍ക്കാറിന് പങ്കില്ലെന്ന് സുഷമ സ്വരാജ്

Tue, 15-07-2014 02:31:00 PM ;
ന്യൂഡല്‍ഹി

vaidik meeting with saeed2011 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന്‍ ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയീദുമായി ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ വേദ പ്രതാപ് വൈദിക് കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പാര്‍ലിമെന്റില്‍ ബഹളം. വൈദിക് സര്‍ക്കാറിനെയോ ബി.ജെ.പിയെയോ പ്രതിനിധീകരിച്ചല്ല പാകിസ്താനില്‍ പോയതെന്നും കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൊവാഴ്ച ലോകസഭയില്‍ പറഞ്ഞു. കൂടിക്കാഴ്ചയുമായി ബന്ധമില്ലെന്ന് ഇന്നലെ രാജ്യസഭയില്‍ വിഷയം ഉയര്‍ന്നപ്പോള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചെങ്കിലും പ്രതിപക്ഷമായ കോണ്‍ഗ്രസ് സംഭവത്തില്‍ വിശദമായ പ്രസ്താവന ആവശ്യപ്പെട്ടിരുന്നു.

 

ഇന്ത്യന്‍ സര്‍ക്കാറാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയതെന്ന ആരോപണം തെറ്റും അങ്ങേയറ്റം ദൗര്‍ഭാഗ്യകരവുമാണെന്നും സുഷമ പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണിതെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചു.

 

യോഗ ഗുരു ബാബ രാംദേവിന്റെ അടുത്തയാളായി കരുതപ്പെടുന്ന വേദ പ്രതാപ് വൈദിക് എന്ന സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകന്‍ ജൂലൈ രണ്ടിന് സയീദുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായിരിക്കുന്നത്. ഒരു സന്നദ്ധസംഘടനയുടെ ക്ഷണപ്രകാരം രാഷ്ട്രീയ നേതാക്കളും മാദ്ധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘത്തിന്റെ ഭാഗമായാണ് വൈദിക് പാകിസ്താനില്‍ എത്തിയത്.

 

മുംബൈ ഭീകരാക്രമണത്തിന് ശേഷം യു.എന്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള പാകിസ്ഥാനിലെ ജമാഅത്തെ-ഉദ്-ദവയുടെ സ്ഥാപകനാണ് സയീദ്‌. മുന്‍പ് ഭീകരവാദ സംഘടന ലഷ്കര്‍-ഇ-ത്വയ്ബ സ്ഥാപിച്ചതും സയീദ്‌ ആണ്. സയീദിനെ ദേശീയ അന്വേഷണ ഏജന്‍സി മോസ്റ്റ്‌ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ് സര്‍ക്കാര്‍ ഒരു കോടി ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.   

Tags: