ലഷ്കര്‍ നേതാവ് സയീദിനെ ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ കണ്ട സംഭവത്തില്‍ രാജ്യസഭയില്‍ ബഹളം

Mon, 14-07-2014 01:59:00 PM ;
ന്യൂഡല്‍ഹി

vaidik meeting with saeed

 

2011 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന്‍ ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയീദിനെ ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ കണ്ട സംഭവം രാജ്യസഭയില്‍ തിങ്കളാഴ്ച ബഹളത്തിനിടയാക്കി. കൂടിക്കാഴ്ചയുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സംഭവത്തില്‍ വിശദമായ പ്രസ്താവന ആവശ്യപ്പെട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന്‍ സഭ ചോദ്യോത്തര വേളയില്‍ രണ്ട് തവണ നിര്‍ത്തിവെച്ചു.

 

യോഗ ഗുരു ബാബ രാംദേവിന്റെ അടുത്തയാളായി കരുതപ്പെടുന്ന വേദ പ്രതാപ് വൈദിക് എന്ന സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകന്‍ ജൂലൈ രണ്ടിന് സയീദുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായിരിക്കുന്നത്. ഒരു സന്നദ്ധസംഘടനയുടെ ക്ഷണപ്രകാരം രാഷ്ട്രീയ നേതാക്കളും മാദ്ധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘത്തിന്റെ ഭാഗമായാണ് വൈദിക് പാകിസ്താനില്‍ എത്തിയത്.  ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും വൈദിക്കിനെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

 

മുംബൈ ഭീകരാക്രമണത്തിന് ശേഷം യു.എന്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള പാകിസ്ഥാനിലെ ജമാഅത്തെ-ഉദ്-ദവയുടെ സ്ഥാപകനാണ് സയീദ്‌. മുന്‍പ് ഭീകരവാദ സംഘടന ലഷ്കര്‍-ഇ-ത്വയ്ബ സ്ഥാപിച്ചതും സയീദ്‌ ആണ്. സയീദിനെ ദേശീയ അന്വേഷണ ഏജന്‍സി മോസ്റ്റ്‌ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ് സര്‍ക്കാര്‍ ഒരു കോടി ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.    

Tags: