ഫെയ്‌സ്ബുക്ക് ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്

Wed, 04-12-2013 11:57:00 AM ;
ബാംഗ്ലൂര്‍

ലോകത്തെ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് ഒരു ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലിറ്റില്‍ ഐ ലാബ്സ്’ എന്ന കമ്പനി ഏറ്റെടുക്കാനാണ് ഫേസ് ബുക്ക് ശ്രമമെന്നും കമ്പനിയുമായുള്ള ഫേസ് ബുക്ക് ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഏതാനും ആഴ്ചകള്‍ക്കകം തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇരുകമ്പനികളും ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

 

ഇന്ത്യയില്‍ നിന്നും ഫേസ് ബുക്ക് നടത്തുന്ന ആദ്യ ഏറ്റെടുക്കലാകും ഇത്. ലിറ്റില്‍ ഐ ലാബ്‌സിനെ ഫേസ്ബുക്ക് ഏറ്റെടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ പ്രോഡക്ട്‌സ് ഇന്‍ഡസ്ട്രി റൗണ്ട് ടേബിളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ വില്‍പനയായിരിക്കും ഇത്. ഇന്ത്യന്‍ സോഫ്റ്റവെയര്‍ കമ്പനികളെ വിദേശത്തുള്ള കമ്പനികള്‍ക്ക് ഏറ്റെടുക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാനായി രൂപീകരിച്ച സംവിധാനമാണ് ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഇന്‍ഡസ്ട്രി റൗണ്ട് ടേബിള്‍.

 

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രൂപീകരിക്കുന്നവര്‍ക്കും, പരിശോധകര്‍ക്കും ആവശ്യമായ മൊബൈല്‍ ആപ്ലിക്കേഷന്‍ വിശകലന സോഫ്റ്റ്‌വേറുകള്‍ രൂപപ്പെടുന്ന കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്. ആപ്പിള്‍ കമ്പനിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഗിരിധര്‍ മൂര്‍ത്തി ഐബിഎമ്മിലും എച്ച് പിയിലും പ്രവര്‍ത്തിച്ചിട്ടുള്ള കുമാര്‍ രംഗരാജന്‍ കാന്‍പൂര്‍ ഐഐടിയിലെ മുന്‍ വിദ്യാര്‍ഥി സത്യം കന്‍ഡുല ഐബിഎമ്മിലും യാഹൂവിലും പ്രവര്‍ത്തിച്ചിട്ടുള്ള ലക്ഷ്മണ്‍ കക്കിരാല എന്നിവര്‍ ചേര്‍ന്ന് 2012മെയില്‍ ബംഗളൂരു കേന്ദ്രമായി തുടങ്ങിയ കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്സ് . കുമാര്‍ രംഗരാജനാണ് കമ്പനിയുടെ ഇപ്പോഴത്തെ സി.ഇ.ഒ . 

Tags: