തെലങ്കാനക്ക് അംഗീകാരം: സീമാന്ധ്രയില്‍ 72 മണിക്കൂര്‍ ബന്ദ്; കേന്ദ്രമന്ത്രിമാര്‍ രാജി സമര്‍പ്പിച്ചു

Fri, 04-10-2013 11:29:00 AM ;
ഹൈദരാബാദ്

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. ഇതിനായുള്ള പ്രമേയം കേന്ദ്ര മന്ത്രിസഭ 2013 ഒക്‌ടോബര്‍ 3-ന് പാസാക്കി. ഇനി പ്രമേയം രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. അതിന് ശേഷം ആന്ധ്ര പ്രദേശ് നിയമസഭയുടെ അംഗീകാരത്തിനായി അയക്കും. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് സീമാന്ധ്രയില്‍ പ്രതിഷേധം ശക്തമായി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് 7 2 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

മന്ത്രിസഭാതീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി രാജിവച്ചു. മാനവവിഭവ ശേഷി മന്ത്രി പല്ലം രാജു, ടെക്സ്റ്റൈല്‍ മന്ത്രി കെ. എസ് റാവു, കേന്ദ്ര റയില്‍വെ മന്ത്രി കെ. എസ് പ്രകാശ് റെഡ്ഡി എന്നിവര്‍ രാജിക്കൊരുങ്ങിയതായാണ് റിപ്പോര്‍ട്ട്‌. ഇതിനു പുറമെ രാജമുന്ധ്രിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. യു. അരുണ്‍കുമാര്‍ , അനന്ത്പുര്‍ എം.പി അനന്ത വെങ്കടരാമി റെഡ്ഡി, രാജംപേട്ടില്‍ നിന്നുള്ള എം.പി സായി പ്രതാപ്, എന്നിവരും ലോക്സഭാംഗത്വം രാജിവെച്ചിട്ടുണ്ട്.

 

ഹൈദരാബാദ് പത്ത് വര്‍ഷത്തേക്ക് ആന്ധ്രാപ്രദേശിന്‍റെയും തെലുങ്കാനയുടെയും സംയുക്ത തലസ്ഥാനമായി തുടരും. രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാന രൂപീകരണം സാധ്യമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

Tags: