മോനേ ലാലേ, അതുമിതും ഒന്നിച്ചുവേണോ

Glint Guru
Tue, 25-02-2014 01:30:00 PM ;
ആയിരുന്നെങ്കില്‍
കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ മോഹന്‍ ലാല്‍ ദൈവത്തിന് ഒരു കത്തെഴുതി. ദൈവം ഒരു മറുപടി കത്തെഴുതിയാല്‍. ആയിരുന്നെങ്കില്‍ ഈ ലക്കത്തില്‍ അതിഥിയായി ദൈവം!  

എത്രയും പ്രിയപ്പെട്ട എന്റെ മോഹന ലാലന്,

ലാലന്റെ കത്തു കിട്ടി. ഇതു ലാലന്റെ കൈയ്യക്ഷരം തന്നെയാണോ. നിന്റെ അഭിനയം, ശ്ശെ, നിന്റെ സിനിമയിലെ ആ ഒഴുകിയുള്ള സാന്നിദ്ധ്യം പോലിരിക്കുന്നു. ആദ്യം തന്നെ നിന്നോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. എന്തെന്നാൽ നീ ഇങ്ങനെയൊരു കത്തയച്ചുവല്ലോ. കൊല്ലങ്ങളായി നല്ലൊരു കത്തുവായിച്ചിട്ട്. എന്തായാലും നീയെങ്കിലും കത്തെഴുതാനുള്ള വശം വിട്ടുകളഞ്ഞിട്ടില്ലല്ലോ. എടോ മോഹനലാലാ എന്തിനാടോ നീ ഇത്ര വിഷമിക്കുന്നത്. എടോ എനിക്കുകൂടി  കൊതി വരുന്നു, നിന്റെ കാര്യമാലോചിച്ചിട്ട്. എടോ എന്നെയാരെങ്കിലും അവിടെ തിരിച്ചറിയുമോടോ. താനെങ്ങനെയാ ആ മലേടെ മണ്ടയ്ക്ക് നടന്നെത്തിയത്. ആൾക്കാരൊട്ടുമില്ലാത്ത വഴിയായിരിക്കും. അതുമല്ലെങ്കിൽ ആ മലമുകൾ വഴിയുള്ള നാട്ടുപാതയും തന്നെ ചികിത്സിക്കുന്ന ആളുകളുടെ കൈവശത്തിലായിരിക്കും. അല്ലെങ്കിൽ അണച്ചും കിതച്ചും തനിക്ക് ആ കുന്നിൻ പുറത്ത് വന്നുപറ്റാൻ കഴിയുമായിരുന്നോ. അവരുടെ നോട്ടം ഉള്ള കുന്നിൻ മുകളിൽ തന്നെയേ അവര് തന്നെ സൂക്ഷിക്കുകയുള്ളു. ഇപ്പോ  അങ്ങിനെയുള്ള ആ സംരക്ഷിത കുന്നുണ്ടായിട്ടല്ലയോ താനെന്നെ ഓർത്തത്. അപ്പോ താനവരോട് നന്ദി പറയേണ്ടേ. അവര് വന്ന് ആ കുന്നും മലയുമൊക്കെ വിലയ്ക്കു വാങ്ങി ലാലനെപ്പോലുള്ളവർക്കു വേണ്ടി ഒരുക്കുന്നതു കൊണ്ടല്ലേ ഇങ്ങനെയൊരു കത്തു തന്നെ  താനെഴുതിയത്. അവരങ്ങനെ വന്ന് നിങ്ങടെ മലയും പുഴയുമൊക്കെ വിലയക്ക് വാങ്ങി സംരക്ഷിച്ച് നിങ്ങളേപ്പോലുള്ളവർക്ക് വേണ്ടി ഒരുക്കിവയ്ക്കുമ്പോൾ നിങ്ങടെ ഗാഡ്ഗിലാശാൻ പറയുന്നു, നിങ്ങളെപ്പോലുള്ള നഗരവാസികൾ സഹ്യനെ ചിന്നവീടാക്കുന്നു എന്ന്‍. അവിടെയുള്ളവരെ  അവിടെനിന്ന് ആട്ടിപ്പായിച്ച് നഗരങ്ങളിലെ തെരുവുകളിലെത്തിക്കുന്നുവെന്ന്.  എന്റെ മോനേ ലാലേ, ഞാനെന്തുചെയ്യാനാ. എല്ലാവരുടേയും ആഗ്രഹം സാധിച്ചുകൊടുക്കേണ്ടേ. എന്നിട്ട് ഞാൻ ഒന്നിലും ഇടപെടുന്നില്ല എന്നൊക്കെ പറയുന്നത് മോനേ ലാലേ നിന്നേപ്പോലുള്ള എന്റെ ഉറ്റവർക്ക് ചേർന്നതാണോ. അല്ല. എന്നാൽ അതും പറയാൻ നിനക്ക് എന്റെയടുത്ത് സ്വാതന്ത്ര്യമുണ്ട് കേട്ടോടാ മോനേ ദിനേശാ. അതുകൊണ്ട് നീ അങ്ങനെയൊന്നും പറയാതിരുന്നു കളയരുത്. നിന്റെ സ്റ്റൈല് അതാ. അതു വിട്ടുകളയരുത്.

മോനേ ദിനേശാ, ശ്ശെ, ലാലേ, എനിക്ക് നിന്റെ കാര്യമോർക്കുമ്പോഴൊക്കെ വാസ്തവത്തിൽ ... എന്താ പറയുക! എനിക്ക് അസൂയ എന്ന വികാരം  ഇല്ലാതെ പോയതിൽ വിഷമം തോന്നാൻ കൊതിയാവുന്നു. പക്ഷേ എനിക്ക് വിഷമിക്കാനും പറ്റില്ലല്ലോ. അല്ലേലും ഞാനെങ്ങനെ വിഷമിക്കും. അതിന്റെ ആവശ്യമെന്താ? എടോ ലാലേ, ഞാനവിടെ എപ്പോഴും ഉണ്ട്. പക്ഷേ ആരും തിരിച്ചറിയുന്നില്ല. എന്നാൽ നിന്റെ കാര്യമോ. എവിടെയങ്കിലും ഒന്നു പുറത്തിറങ്ങി നിൽക്കാൻ പറ്റുമോ. എടോ താനെന്നെ കാണാൻ ഏതെങ്കിലും അമ്പലത്തിൽ ചെന്നാൽ പോലും മാധ്യമസുഹൃത്തുക്കൾ എന്നെയാണോ പരിഗണിക്കുന്നത് അതോ നിന്നെയാണോ പരിഗണിക്കുന്നത്. ഒന്നാലോചിച്ചുനോക്കിക്കേ. അപ്പോള്‍ ഇയ്യാളും എന്നെ ആലോചിക്കാറുണ്ടോ.  നിങ്ങടെ തിരുവനന്തപുരത്തെ കറാൽക്കടേന്ന് സംഘടിപ്പിച്ച കസവുമുണ്ടും ഷാളുമൊക്കെ പുതച്ച് മാധ്യമക്കാർക്ക് കാഴ്ചയൊരുക്കി അങ്ങ് കടന്നുകളയാനല്ലേ ശ്രമിക്കുന്നത്. വാസ്തവത്തിൽ ഞാൻ നിന്റെ വലിയോരു ഫാനാ.  ഇയ്യളുടെ ഫാൻസ് അസ്സോസിയേഷന്റെ പ്രസിഡന്റ് തന്നെ ഞാനാ. പക്ഷേ അസ്സോസിയേഷൻകാർക്ക് അറിയില്ലെന്നു മാത്രം. അപ്പോള്‍, എനിക്ക് കിട്ടാത്ത സ്നേഹവും ഇഷ്ടവുമൊക്കെ മോനേ മോഹനലാലാ നിനക്കിപ്പോൾ കിട്ടുന്നു. നിന്നിലൂടെ ഞാൻ ഇതെല്ലാം ആസ്വദിക്കുകയാണെന്നുള്ളത് നീ അറിയാറുണ്ടോ. നീയും ചിലപ്പോൾ അതു മറക്കുന്നുണ്ട്.  നിന്റെ നടുവിനിട്ട് ചെറിയൊരു തട്ടു തന്നു നിന്നെ ഇവിടെ കൊണ്ടുവന്നതും ഞാനാ. 

 

മോനേ മോഹനലാലാ, ഇതൊക്കെയാണെങ്കിലും നിന്നോട് എനിക്ക് ചില പരാതികളൊക്കെയുണ്ട്. നീ ഇപ്പോഴാണ്  ഈ അണ്ണാറക്കണ്ണനേയും ചെറിയ കിളികളേയുമൊക്കെ നോക്കുന്നത്. അവരൊക്കെ ഇവിടെയുണ്ട്. നിനക്കുവേണ്ടി പ്രത്യേകം പാടാൻ പാട്ടുകളും ഞാനവരെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ നിനക്കതു കേൾക്കാൻ താൽപ്പര്യമില്ല. നിനക്കും കുറേ മുശ്ശട് ശീലങ്ങൾ ഉള്ളത് എനിക്കറിയാം.

 

മോനേ ദിനേശാ, നീ പറഞ്ഞുവല്ലോ ഞാനൊന്നിലും ഇടപെടാറില്ലെന്ന്. മോനേ, അതാണ് ഈയുളളവന്റെ ഇടപെടീൽ. നിന്റെ ആഗ്രഹങ്ങളാണ് എന്റെ ആജ്ഞ. നീ മലമുകളിൽ എത്താൻ തീരുമാനിച്ചു. അതെന്റെ ആജ്ഞയായി. എന്റെ സന്തോഷമായി. ഞാനും നീയും കത്തിലൂടെയാണെങ്കിലും സൊളളുന്നു. നോക്കൂ, എന്നിട്ട് ഞാൻ ഇടപെടുന്നില്ലെന്ന് നീ പറയാനുള്ള കാരണം എനിക്ക് മനസ്സിലാകുന്നില്ല. മനസ്സിലാകാതിരിക്കാനും നിനക്ക് ഞാൻ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതുകൊണ്ട് നീ മനസ്സിലാകണമെന്ന് വാശിപിടിക്കുകയൊന്നും വേണ്ടാ കേട്ടോ. നമുക്ക് ചെറിയ കിളിയിലേക്കും അണ്ണാറക്കണ്ണനിലേക്കും വരാം.  നീ എന്തുകൊണ്ട് ഇതുവരെ അവരെ അവഗണിച്ചു. നിനക്കും ആനകളോടും ആനക്കൊമ്പുകളോടുമൊക്കെ ആയിരുന്നല്ലോ ഇഷ്ടവും കമ്പവുമൊക്കെ. വെറുതെ നാട്ടുകാരേക്കൊണ്ടും ടാക്‌സുകാരേക്കൊണ്ടുമൊക്കെ ഓരോന്നു പറയിപ്പിക്കുകയും ചെയ്യിപ്പിക്കുകയുമൊക്കെ ചെയ്തില്ലേ. നിനക്ക് എന്തിനാ മോനേ വേറൊരാനയോട് ഇത്ര കമ്പം. നിനക്ക് തന്നെ ഞാൻ ഗജകേസരിയോഗമല്ലായിരുന്നോ തന്നിരുന്നെ. ഞാൻ പറഞ്ഞില്ലേ, മറ്റുള്ളവരുടെ അതേ അസുഖം നിന്നേയും ബാധിച്ചു. നിനക്ക് നിന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല. നിനക്കതിനു കഴിഞ്ഞില്ലെങ്കിൽ എനിക്കതാപ്പാവും. അതുകൊണ്ടാ ഇടയ്ക്കിടയ്ക്ക് അത് നിന്നെ ഓർമ്മിപ്പിക്കാൻ ഞാൻ ചില പൊടിക്കൈകൾ ചെയ്യുന്നത്.  മോനേ മോഹനലാലാ നിന്റെ നാട്ടുകാർക്ക് ഇപ്പോ എന്റെ ഒന്നും വേണ്ടാ. ചക്കയുടെ മണം നിനക്കിപ്പോ കേട്ടപ്പോ സുഖിക്കുന്നു. ഇല്ലേ. കൊള്ളാം നിന്റെ രുചികൾ പോയിട്ടില്ലാത്തതിന്. മോനേ, അറിയുമോ കഴിഞ്ഞകൊല്ലം നിങ്ങടെ ഒരു ചാനലിൽ ഒരു പെൺകുട്ടി വരിഞ്ഞുമുറുകിയ മുഖപേശികളുമായി  വന്നുനിന്നു പറയുന്നു, ചക്ക പഴുത്തടർന്നുവീണ് ചീഞ്ഞ് ഈച്ചയേയും മറ്റ് പ്രാണികളേയും പെരുപ്പിച്ച്  സാംക്രമിക രോഗങ്ങൾ പെരുകുന്നുവെന്ന്.  മോനേ, മണം നാറ്റമായി നിന്റെ നാട്ടുകാർ കാണുന്നു. അതുകൊണ്ട് നാറ്റം മണവുമായി മാറുന്നു. അതുകൊണ്ടല്ലേ നിന്റെ നാടുമുഴുവൻ നിങ്ങള് വിളപ്പിൽശാല കൊണ്ട് നങ്ങൾക്കിഷ്ടമായ മണം സൃഷ്ടിക്കുന്നത്. ആ മണം വന്നില്ലെങ്കിൽ നിങ്ങളെ നഗരത്തെ നഗരമെന്നു വിളിക്കുമോ.

 

മോനേ മോഹനലാലാ, നാറുന്ന സാധനം മണപ്പിച്ചിട്ട് മണം വേണമെന്നു പറഞ്ഞാ ഞാനെങ്ങിനെയാ സാധിച്ചു തരിക. പക്ഷേ പറഞ്ഞില്ലേ നിന്റെ തീരുമാനം അല്ലെങ്കിൽ ആഗ്രഹമാണ് എന്റെ ആജ്ഞയെന്ന്. നാറ്റത്തിൽ മണം ചേർക്കാൻ പറ്റാത്തതുകൊണ്ട് നിങ്ങളേക്കൊണ്ട് നാറ്റത്തെ മണമായി സ്വീകരിക്കാൻ പഠിപ്പിച്ചു. അത് വളരെ എളുപ്പമായതിനാൽ  നിങ്ങൾക്കും എളുപ്പമായി. അതിന് ദാരിദ്ര്യമില്ലല്ലോ. അതു നിങ്ങൾ യഥേഷ്ടം ആസ്വദിക്കുന്നു.  ശവം കരിയുന്ന മണം നിങ്ങളേക്കൊണ്ട് ആദ്യം ഞാൻ ഇഷ്ടപ്പെടീക്കാതിരുന്നത് എന്തുകൊണ്ടാണെന്നറിയാമോ ലാലാ. പറഞ്ഞുതരാം. ഇറച്ചികളിൽ ഗജനാണ് നിന്റെ വർഗ്ഗത്തിന്റേത്. അത് ഇത്തിരി മസ്സാല മത്രമല്ല എന്തിന്റെ കൂടെ ചേർത്തുകഴിച്ചാലും നാവുപോലും  അവസാനം അറിയാതെ കടിച്ചുതിന്നുപോകും. അത്രയ്ക്കാ അതിന്റെ ടേസ്റ്റ്. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്ക് ശവം കത്തിക്കരിയുന്നതിന്റെ രുചി പെരുത്തിഷ്ടമാ. നിന്റെ തെരുവുകളിലിറങ്ങിയാൽ മതി അതറിയാം. ഷെവർമായുടെ ഗന്ധം നിനക്കറിയില്ലേ. നിനക്കും അതിഷ്ടമാന്നറിയാം. മോനേ ലാലേ, ഞാൻ പറഞ്ഞില്ലേ. ഇവിടെയുള്ളത് അതും ഇതും. ഏതുവേണമെന്ന് നീ പറയുന്നുവോ അതു ഞാൻ നിനക്ക് തരും. അതാണെന്റിഷ്ടം. പക്ഷേ അതും ഇതും കൂടി നീ ചോദിച്ചാൽ ഞാൻ പോലും കുഴങ്ങിപ്പോകും. ഒന്നുകിൽ അത്. അല്ലെങ്കിൽ ഇത്. അതിൽ നിന്ന് ഇത് പ്രതീക്ഷിച്ചാ മോനേ ദിനേശാ, കാര്യം ബുദ്ധിമുട്ടാ. അതുപോലെ അതിൽ നിന്ന് ഇതും. അങ്ങിനെ ഞാനൊന്നു കുഴങ്ങി. അങ്ങിനെ  ആ കുഴങ്ങലിൽ നിന്ന് രക്ഷപ്പെടാനായിട്ടാ ഞാൻ നേരത്തേ പറഞ്ഞ നാറ്റത്തെ മണമാക്കി ഞാൻ നിങ്ങളുടെ ആഗ്രഹം സാധിച്ചത്. ഇനിയും എന്റെ പ്രിയപ്പെട്ടവനെ, എന്റെ മോഹനാ, നീ എന്നെ പരീക്ഷിക്കരുത്. ഒന്നുകിൽ അത് അല്ലെങ്കിൽ ഇത്. അതുമിതും കൂടി വേണമെന്നു പറഞ്ഞാൽ  എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷേ  അതുവേണോ മോനേ ലാലേ. നിങ്ങളുടെ രസമൊക്കെ പോകും. എനിക്കും കൂടി രസിക്കാനാ ഞാനീ അതുമിതുമാക്കിയത്. അല്ലാതെ ഒരു ഗുണവുമില്ലാത്ത നിർഗുണമായാൽ ബോറാകുമേ മകനേ. ലാലന് അതു ഞാൻ വിശദീകരിച്ചുതരാം. ഇത്തിരി ക്ഷമ കാട്ടണം, കേട്ടോ. നിങ്ങളുടെ ഈ അക്ഷമയാണ് എല്ലാത്തിനും കാരണം. എനിക്കറിയാം നിനക്കത് പ്രശ്നമാകില്ലെന്ന്. ആയുർവേദം എന്നാൽ ക്ഷമയുടെ ചികിത്സയാണ്. ലാലൻ അതുതേടി വന്ന സ്ഥിതിക്ക് വിശദമായി തന്നെ പറഞ്ഞുതരാം. തൽക്കാലം ചുരുക്കുന്നു. ഇനി പോസ്റ്റ്മാനെ ബുദ്ധിമുട്ടിക്കണമെന്നില്ല. അവര് വംശനാശ ഭീഷണിയിലാണ്. ഇവിടെ വൈഫൈയുണ്ട്. അതുകൊണ്ട് ഞാൻ പോസ്റ്റ്മാനെ ബുദ്ധിമുട്ടിക്കുന്നില്ല. നേരേ  അങ്ങ് പോസ്റ്റ് ചെയ്യുന്നു.    

Tags: