ഉക്രൈയ്നും റഷ്യയും സംഘര്‍ഷം ഒഴിവാക്കണമെന്ന് യു. എന്‍

Mon, 14-04-2014 04:09:00 PM ;
കീവ്‌

The UN Security Council meets on Sunday night to discuss the growing crisis in Ukraine

 

റഷ്യന്‍ അനൂകൂലികള്‍ക്കെതിരെ ഉക്രൈയ്ന്‍ സൈനിക നടപടികള്‍ ആരംഭിക്കുകയും സായുധ റഷ്യന്‍ അനുകൂലികള്‍ പൊലീസ് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തിയില്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി യു.എന്‍ രക്ഷാ സമിതി ഞായരാഴ്ച രാത്രിയില്‍ അടിയന്തിര യോഗം ചേര്‍ന്നു. ഇരു രാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്ന് യു. എന്‍ നിര്‍ദേശിച്ചു.

 

 

സംഘര്‍ഷഭരിതമായ കിഴക്കന്‍ പ്രദേശത്തെ പോലീസ് സ്റ്റേഷനുകളിലും സുരക്ഷാത്താവളങ്ങളിലും അതിക്രമിച്ചുകയറിയ റഷ്യന്‍ അനുകൂലികളെ തുരത്താന്‍ ഉക്രൈന്‍ 'ഭീകരവിരുദ്ധ നടപടി' തുടങ്ങി. ഉക്രൈന്‍ സൈന്യവും റഷ്യന്‍ അനുകൂല പ്രക്ഷോഭകരും തമ്മില്‍ ഞായറാഴ്ചയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിക്കുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

 

 

റഷ്യക്കെതിരെ ഉക്രൈന്‍ സായുധ നടപടി സ്വീകരിച്ചാല്‍ അത് വരാനിരിക്കുന്ന സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കിഴക്കന്‍ നഗരങ്ങളില്‍ റഷ്യന്‍ അനുകൂലികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരുന്നതോടെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഉക്രൈന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ലാവ്യാന്‍സ്കില്‍ തീവ്രവാദ വിരുദ്ധ നടപടി ആരംഭിച്ചതായും ഉക്രൈന്‍ ആഭ്യന്തര മന്ത്രി ആര്‍സാന്‍ അവകൊവ് അറിയിച്ചിരുന്നു.

 

 

ശനിയാഴ്ച മൂന്ന്‍ നഗരങ്ങളില്‍ റഷ്യന്‍ അനുകൂലികള്‍ പോലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക തലസ്ഥാനമായ ഡോണ്‍ടെസ്കിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടം ഒരാഴ്ചയായി വിമതരുടെ നിയന്ത്രണത്തിലാണ്. റഷ്യന്‍ വംശജര്‍ ധാരാളമുള്ള ഉക്രൈന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ റഷ്യന്‍ അനുകൂല പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ ഫെബ്രുവരിയില്‍ പുറത്താക്കിയതിന് ശേഷം സംഘര്‍ഷം പതിവായിരിക്കുകയാണ്. ക്രൈമിയന്‍ മാതൃകയില്‍ ഈ പ്രദേശങ്ങളെ ഉക്രൈനില്‍ നിന്ന്‍ വേര്‍പെടുത്താന്‍ റഷ്യ ശ്രമിക്കുന്നതായാണ് ഉക്രൈന്റെ ആരോപണം.

 

 

നേരത്തെ, റഷ്യ ഉക്രൈനില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് യു.എസ് കുറ്റപ്പെടുത്തിയിരുന്നു. ലാവ്റോവുമായി ഫോണില്‍ സംസാരിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സംഘര്‍ഷത്തില്‍ അയവ് വരുത്താനുള്ള നടപടികള്‍ റഷ്യ സ്വീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം റഷ്യ തുടര്‍ച്ചയായി നിഷേധിക്കുകയാണ്.

Tags: