ലോകത്തില്‍ 30 ദശലക്ഷം അടിമകള്‍: പകുതിയും ഇന്ത്യയില്‍

Fri, 18-10-2013 11:51:00 AM ;
ലണ്ടന്‍

ലോകത്തില്‍ ഇപ്പോഴും 30 ദശലക്ഷം ആളുകള്‍ അടിമത്തത്തിന്‍ കീഴിലാണെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ പകുതിയും ഇന്ത്യയിലാണ്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ വാക് ഫ്രീ 162 രാജ്യങ്ങളില്‍ നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 29.8 ദശലക്ഷം പേരാണ് ഇപ്പോഴും അടിമകളെപ്പോലെ ജോലി ചെയ്യുന്നതും ജീവിക്കുന്നതും. ഇവരില്‍ 21 ദശലക്ഷവും നിര്‍ബന്ധിത തൊഴിലെടുക്കുന്നതിന് നിയോഗിക്കപ്പെട്ടവരാണെന്ന് രാജ്യാന്തര തൊഴില്‍ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അടിമത്തം ഏറ്റവും കൂടുതലുള്ളത് പടിഞ്ഞാറന്‍ ആഫ്രിക്കയിലും തെക്കേ ഏഷ്യയിലുമാണെന്ന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോവുന്നവരും, വില്‍ക്കുന്നവരും മികച്ച ജോലി വാഗ്ദാനത്തില്‍പ്പെടുന്നവരും പിന്നീട് അടിമകളെപ്പോലെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. വിവാഹത്തിലൂടെയും മോഹന വാഗ്ദാനങ്ങളിലൂടെയും ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം അകപ്പെട്ടുപോവുന്നവരെയും അടിമകളുടെ പരിധിയില്‍ പെടുത്താമെന്ന് സംഘടന വ്യക്തമാക്കി.

 

വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണങ്ങളും ഇന്ത്യയില്‍ വ്യാപകമാണ്. നിര്‍ബന്ധിത അടിമപ്പണി, കടബാധ്യതയെ തുടര്‍ന്ന് രക്ഷപ്പെടാനാവാതിരിക്കുക, നിര്‍ബന്ധിത വിവാഹം ഇവയെല്ലാം അടിമത്തത്തില്‍ പെടുന്നു. ലോകത്ത് അടിമത്തം നേരിടുന്നവരില്‍ മൂന്നിലൊരു ഭാഗവും പത്തു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലാഭത്തിനും ലൈംഗികതയ്ക്കും വേണ്ടി സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതാണ് അടിമത്തം എന്ന് ‘ദ് ഗ്ലോബല്‍ സ്ലേവറി ഇന്‍ഡക്‌സ് 2013’ നിര്‍വചിക്കുന്നു.

 

ഇന്ത്യയില്‍ 13.9 ദശലക്ഷം അടിമകളുണ്ടെങ്കില്‍ തൊട്ടുപിന്നില്‍ ചൈനയാണ്. 2.9 ദശലക്ഷം അടിമപ്പണിക്കാരാണ് ചൈനയിലുള്ളത്. പാകിസ്താന്‍ (2.1 ദശലക്ഷം), നൈജീരിയ (701000), എത്ത്യോപ്യ(651000), റഷ്യ (516000), തായ്‌ലന്‍ഡ് (473000), കോംഗോ (462000), മ്യാന്‍മര്‍ (384000), ബംഗ്ലാദേശ് (343000) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.

 

ബ്രിട്ടന്‍, അയര്‍ലണ്ട്, സ്വിറ്റ്സര്‍ലാന്‍ഡ്‌, സ്വീഡന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക്‌ തുടങ്ങിയ രാജ്യങ്ങളിലും അടിമത്തം നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ അടിമജോലികള്‍ വര്‍ധിക്കുന്നതായി കാണുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു. 

Tags: