മലയാളിയുടെ ഗുരുതര രോഗം നിർണ്ണയിച്ച് പരിഹാരം കുറിയ്ക്കുന്ന 'ഉയരെ'

ഡി എസ് തമ്പുരാൻ
Sat, 04-05-2019 05:55:54 PM ;

uyare,parvathy,filim review
ജീവിതത്തിൽ എല്ലാത്തിനും രണ്ട് വശങ്ങൾ ഉണ്ട്.ഒന്ന് പ്രകടവും,  മറ്റേത് നിശബ്ദം അഥവാ അപ്രകടിതവും.രണ്ടാമത്തേതാ യിരിക്കും കൂടുതൽ ശക്തം.' ഉയരെ 'എന്ന സിനിമയുടെ പ്രത്യക്ഷ മുഖം  ആസിഡാക്രമണത്തിനിരയായി മുഖം വികൃതമായ ഒരു യുവതിയുടെ  അതിജീവനത്തിന്റേതാണ് .ആകാശത്തോളം ഉയരത്തിൽ ആഗ്രഹങ്ങളെ താലോലിച്ച് പൈലറ്റാകാൻ മോഹിച്ച യുവതിക്ക് ഭൂമിയിൽ പോലും ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ നിന്ന് വീണ്ടും ആകാശത്തേക്ക് ഉയരുന്ന കഥ.

 ആ  പ്രകടിത കഥയിലേക്ക് നയിക്കുന്നത് സൂക്ഷ്മവും അതിശക്തവുമായ ചില നിശബ്ദ യാഥാർത്ഥ്യങ്ങളാണ് .അതാകട്ടെ കേരളസമൂഹത്തിൽ മൂർധന്യാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഗുരുതര രോഗങ്ങളുടേതും.

 അതേസമയം എക്കാലത്തും പ്രസക്തിയുള്ളതും .ആസിഡ് ആക്രമണം കേട്ടുകേൾവി മാത്രമായിരുന്ന കേരളത്തിൽ ഇപ്പോൾ അതും അതിനേക്കാൾ ക്രൂരമായ ചുട്ടുകൊല്ലൽ വരെ അരങ്ങേറുന്ന സമയത്താണ് ഉയരെയുടെ കാലിക പ്രാധാന്യം വിളിച്ചറിയിക്കുന്നത്. അതിലേക്ക് നയിക്കുന്ന ഘടകങ്ങളെ രോഗനിർണയം പോലെ കണ്ടെത്തുന്നു. മാത്രമല്ല രോഗ മുക്തിക്ക് ഉചിതമായ ഔഷധം പോലെ പരിഹാരവും കലയുടെ മാർഗ്ഗത്തിലൂടെ മുന്നോട്ടു വയ്ക്കുകയും ചെയ്യന്നു . അത് ഉയരെയെ ഒരേ സമയം അതീവ ആസ്വാദ്യവും ശക്തമായ പ്രമേയത്തോട് കൂടിയതുമായ സിനിമയാക്കുന്നു.

ഒറ്റവാക്കിൽ പറഞ്ഞാൽ ഈ സിനിമ അച്ഛൻമാരെ തട്ടിയുണർത്തലും  മുന്നറിയിപ്പുമാണ്.  കുടുംബ വ്യവസ്ഥിതിയുടെയും അതിൻറെ തുരുമ്പെടുത്ത് ദ്രവിച്ചുകൊണ്ടിരിക്കുന്ന ഭാഗങ്ങളിലേക്കും ഓരോ മലയാളിയെയും പ്രേക്ഷകനെയും ഈ സിനിമ ക്ഷണിക്കുന്നു. ഈ സിനിമയുടെ പ്രമേയത്തെ സൃഷ്ടിച്ച ആസിഡാക്രമണം  ഒരു സാമൂഹിക അന്തരീക്ഷത്തിന്റെ സ്ഫോടനം ആയി അവിടെ മാറുന്നു.    രക്ഷിതാക്കളുടെ അശ്രദ്ധയും സ്നേഹം ഇല്ലായ്മയും മൂലം അരക്ഷിതമാകുന്ന ബാല്യം സമ്മാനിക്കുന്ന വിഷാദം . വിഷാദ രോഗവും അതിൽ നിന്നുള്ള മോചനവുമാണ് ഈ സിനിമയുടെ പ്രമേയത്തിന്റെ ആത്മാവായി പ്രവർത്തിച്ചിരിക്കുന്നത് .

ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന നായികയുടെ  കാമുകനിൽ നിന്നാണ് അവർ ആസിഡാക്രമണം നേരിടുന്നത്.  വിഷാദ ത്തിൻറെ മൂർധന്യ നിമിഷങ്ങളിൽ പരസ്പരം ആശ്വാസം കണ്ടെത്തിയതിനെ തുടർന്നാണ് ഇവർ പ്രണയബദ്ധരാകുന്നത്.വിഷാദവും പ്രണയവും തമ്മിൽ ഒരിക്കലും ഒത്തു പോകില്ല. അത് ദുരന്തത്തിൽ മാത്രമേ കലാശിക്കുകയുള്ളു.
 

 കാലങ്ങളായി ഘനീഭവിച്ച് മലയാളി സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന രോഗം ഇപ്പോൾ തീവ്രമായ രീതിയിൽ പൊട്ടി അതിന്റെ ചലം ഒഴുകി തുടങ്ങിയിരിക്കുന്നു. അതാണ് ഇന്ന് മാധ്യമങ്ങളിലൂടെ പ്രകടമായിക്കൊണ്ടിരിക്കുന്ന അസ്വസ്ഥമായ വാർത്തകൾ. അമ്മമാർ കൈക്കുഞ്ഞുങ്ങളെ കൊല്ലുന്നു. മക്കൾ അച്ഛനമ്മമാരെ കൊല്ലുന്നു .അച്ഛനമ്മമാർ മക്കളെ കൊല്ലുന്നു. ഭാര്യ ഭർത്താവിനെയും തിരിച്ചും. അതുപോലുള്ള ഒട്ടനേകം വാർത്തകൾ. ഒരു സമൂഹത്തിൻറെ രോഗ ലക്ഷണങ്ങൾ ആണ് അവ. മലയാളിയെ ഗ്രസിച്ചിരിക്കുന്നത് വിഷാദരോഗമാണ്. കുടുംബ സംവിധാനത്തിലെ താളപ്പിഴകളുടെയും അസ്വാരസ്യങ്ങളുടെയും  ഫലമാണ് ഈ വിഷാദരോഗത്തിന്  കാരണമായി പ്രവർത്തിക്കുന്നത് .

 പാർവതി തിരുവോത്ത് അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രം ഒരിക്കൽ അവളുടെ അച്ഛനോട് പറയുന്നു, പതിനാലാം വയസ്സിൽ, അമ്മയില്ലാത്ത താൻ രണ്ടാഴ്ച അച്ഛൻറെ അഭാവത്തിൽ കടന്നുപോയ കാലത്തെക്കുറിച്ച്. അന്ന് കിടക്കയിൽ മൂത്രം ഒഴിച്ചതറിഞ്ഞ് സഹപാഠികളാലും  അധ്യാപകരാലും അപമാനിതയാത്.  വിഷാദത്തിൻറെ പടുകുഴിയിൽ പെട്ടു കിടന്നപ്പോൾ അവൾക്ക് ആശ്വാസമായി
എത്തിയ ഏക വ്യക്തിയായിരുന്നു ആ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഗോവിന്ദ്. ആസിഡ് ആക്രമണത്തിന് ശേഷം കേസ് നടക്കുന്നുകൊണ്ടിരിക്കുമ്പോൾ ഗോവിന്ദിന്റെ അച്ഛൻ ഒരു ഘട്ടത്തിൽ പല്ലവിയുടെ അച്ഛനോട് പറയുന്നതിങ്ങനെ. ജോലി സംബന്ധമായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതിനാൽ മകനെ ശ്രദ്ധിച്ചു വളർത്തുന്നതിൽ ചില പാളിച്ചകൾ പറ്റി. അതിൻറെ പോരായ്മകൾ അവനുണ്ട് എന്ന്. കൗമാരപ്രായത്തിലുള്ള രണ്ടു വിഷാദരോഗികൾ പരസ്പരം ആശ്വാസം കണ്ടെത്തുന്നതിന്റെ ഫലമായിരുന്നു പല്ലവിയും ഗോവിന്ദും തമ്മിൽ  ഉടലെടുത്ത പ്രണയം.

 വിഷാദത്തിന് അനേകായിരം മുഖങ്ങളുണ്ട്. അതിൽ ഏറ്റവും ശക്തവും പ്രകടവും വിപരീതാത്മകതയാണ്. അതുപോലെ താൻ സ്വയം ശരിയാണെന്ന് ധരിക്കുക, ആ ശരി മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുക. മറ്റുള്ളവരെ അംഗീകരിക്കാൻ തയ്യാറാകാതിരിക്കുക. മാറ്റങ്ങളെയും പുത്തൻ ആശയങ്ങളെയും ശക്തമായി എതിർക്കുക .സ്വന്തം ആശയത്തിൽ, നിലപാടിൽ നിന്നുകൊണ്ട് സ്വന്തം സുഖത്തിനു വേണ്ടി നിലകൊള്ളുക. ഇതെല്ലാം വിഷാദത്തിൻറെ ഉൾക്കടലിൽ നിന്നും ഉണ്ടാവുന്ന പ്രതിഫലനത്തിരകളാണ്. മതമായാലും രാഷ്ട്രീയമായാലും ഉണ്ടാകുന്ന എല്ലാ മൗലികവാദ പെരുമാറ്റരീതികളും ഇതിൻറെ ഫലം ആണ്. ടോവിനോ തോമസ് അവതരിപ്പിച്ച വിശാൽ ചന്ദ്രശേഖരൻ എന്ന വ്യത്യസ്ത കഥാപാത്രത്തിലൂടെയാണ് ഈ സിനിമയിൽ വിഷാദത്തിൽ നിന്നുള്ള മോചനത്തിന്റെ വഴി കാണിച്ചിരിക്കുന്നത്. ഊർജ്ജം അഥവാ പ്രസരിപ്പിന്റെ പാതയിലുടെ   ബുദ്ധിയെ ഹൃദയത്തിന് വിധേയമാക്കി വിജയിക്കുന്നു. അതാണ് ഉയരെയുടെ ആത്മാവ്.

 വിമാനക്കമ്പനി ഉടമയായ വിശാൽ ആ കമ്പനിയിൽ ഉന്നതസ്ഥാനം വഹിക്കുന്നു. എങ്കിലും കമ്പനി ഉടമയായ അച്ഛൻ കിട്ടുന്ന അവസരങ്ങളിൽ എല്ലാം മകനെ പിടിപ്പുകേടിന്റെ പേരിൽ ചവിട്ടിത്താഴ്ത്തുന്നു. തന്റെ പാതയിലൂടെ സഞ്ചരിക്കാത്തതിന്റെ പേരിൽ.  വേറിട്ട ചിന്തകൾ വൻ വിജയമാകുന്നതുവരെ മറ്റുള്ളവർക്ക് അത് ഭ്രാന്തൻ ചിന്തയാണ്. ബോധപൂർവ്വം സ്വന്തം അച്ഛനെ വെല്ലുവിളിക്കുക എന്ന ലക്ഷ്യമില്ലാതെ തന്റെ അച്ഛനോടൊപ്പം നിന്നുകൊണ്ട് പ്രതിസന്ധിമുഹൂർത്തങ്ങളിൽ ഊർജ്ജം ശോഷണം സംഭവിക്കാതെ വിശാൽചന്ദ്രശേഖരൻ എന്ന കഥാപാത്രം സർഗ്ഗാത്മക തീരുമാനങ്ങളെടുക്കുന്നു.

ആത്മഹത്യാ വാസനയുള്ള ആസിഫ് അലി അവതരിപ്പിച്ച വിഷാദ രോഗിയുടെ  കഥാപാത്രം തനിക്ക് ശിക്ഷ ഉറപ്പാകുമെന്ന് മനസ്സിലായപ്പോൾ ബോധപൂർവ്വം റോഡപകടത്തിൽ പെട്ട് ആസന്ന നിലയിലാകുന്നു.  കോടതി വിധിയെ കുറിച്ചും, തന്റെ മേൽ ആസിഡൊഴിച്ച മുൻ കാമുകൻ  ജീവിക്കുമോ ഇല്ലയോ എന്നുള്ളതിനെ കുറിച്ചുമൊക്കെ അറിയാൻ താല്പര്യം ഇല്ലെന്ന് പല്ലവി അച്ഛനെ വിളിച്ചറിയിക്കുന്നത് വളരെ ശ്രദ്ധേയമാണ്. വിഷാദത്തിൽ നിന്നും മുക്തമായി പ്രതികാരദാഹത്തിൽ നിന്നും മോചനം നേടി യാഥാർത്ഥ്യങ്ങളെ സ്വീകരിച്ച് ജീവിതത്തിൽ മുന്നേറുന്ന കഥാപാത്രമാണപ്പോൾ പല്ലവി. കലയുടെ വഴിയിലൂടെ മലയാളിയുടെ മുന്നിലേക്ക് ഉയരെ അവിടെ യാഥാർത്ഥ രാഷ്ട്രീയപ്രമേയത്തേക്കും അവതരിപ്പിച്ചിരിക്കുന്നു.
     

സർഗാത്മകതയോടെയും കൈയടക്കത്തോടെയുമാണ് ബോബിയും സഞ്ജയും ചേർന്ന് ഇതിൻറെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. അതേപോലെ ഒരിക്കൽപോലും കഥയിൽ നിന്ന്  മാറാതെ  പ്രേക്ഷകനെ അലോസരപ്പെടുത്താതെ യുള്ള മനു അശോകന്റെ സംവിധാനമികവും എടുത്തുപറയേണ്ടതുതന്നെ. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികവോടെയാണ് തങ്ങളുടെ ഭാഗം കൈകാര്യം ചെയ്തിട്ടുള്ളത്. അതും സംവിധായകൻറെ മികവ് തന്നെ. എന്നാൽ പാർവതിയും ആസിഫലിയും ടോവിനോ തോമസും അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രത്യേകം പരാമർശിക്കാതെ  പോകുന്നത് ഉചിതമല്ല. മലയാളസിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ശക്തമായ കഥാപാത്രങ്ങളിൽ ഒന്നുതന്നെയാണ് പാർവതി അവതരിപ്പിച്ച പല്ലവിയുടെത്. ആസിഡ് ആക്രമണത്തിൽ  പകുതി വികൃതമായ കഥാപാത്രമായി ക്യാമറയെ അഭിമുഖീകരിക്കാൻ പാർവ്വതിക്ക് കെൽപ്പ് നൽകിയത് അവരുടെ അഭിനയ ശേഷിയുടെ മികവും അതിനോടുള്ള പ്രതിബദ്ധതയുമാണ്.  വിഷാദത്തിനുള്ള മരുന്നിന്റെ നിശബ്ദ സൂചന നൽകുന്നത് പോലെ പരമ്പരാഗത സിനിമ ഫോർമുലയും കച്ചവട സിനിമയ്ക്കുള്ളിൽ നിന്നുകൊണ്ട് ഉയരെ  മാറ്റിമറിക്കുന്നു. നായികാ പ്രാധാന്യമുള്ള കഥാപാത്രത്തിലൂടെ, ആസിഡ് ആക്രമണത്തിന് ശേഷമുള്ള പാർവ്വതിയുടെ മാറ്റത്തിൽ വിജയം ഉറപ്പാക്കിയതിൽ മേക്കപ്പ് സാങ്കേതികതയ്ക്കും നല്ലൊരു പങ്കുണ്ട്. അല്ലെങ്കിൽ അത് അനായാസം അലോസരത്തിലേക്ക് വഴുതിവീഴുമായിരുന്നു. ക്യാമറയും മൊത്തത്തിലുള്ള കളർ മൂടും പശ്ചാത്തലസംഗീതവും തുടങ്ങി എല്ലാം മികവുപുലർത്തിയ ഉയരെയിൽ പ്രതീക്ഷക്കത്ര ഉയരാതെ പോയത് ഗാനങ്ങളും അതിനുള്ള സംഗീതവുമാണ്. ഉയരെ എന്ന മനോഹരമായ സിനിമയുടെ ബ്യൂട്ടി സ്പോട്ട് പോലെ വേണമെങ്കിൽ അതിനെ നമുക്ക് കാണാം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ പി.വി.ഗംഗാധരൻ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് സഹോദരിമാരായ മൂന്ന് വനിതകൾ തുടങ്ങിയിരിക്കുന്ന നിർമ്മാണ സംരംഭമായ എസ് ക്യൂബാണ്.  പരമ്പരാഗത രീതികളിൽ നിന്ന് മാറാനുള്ള അവരുടെ ധൈര്യം ശ്ലാഘനീയമാണ്.

 

Tags: