വ്യത്യസ്തനാം രജനിയുടെ ഒരു കിരാതവൃത്തം

പി.കെ ശ്രീനിവാസന്‍
Monday, July 28, 2014 - 4:30pm

rajnikanth

 

സിനിമയും തലക്കനവും തമ്മില്‍ എന്തു ബന്ധം? ചോദ്യം കേട്ട്‌ ഞെട്ടരുത്, ഞരങ്ങരുത്. ബന്ധമുണ്ട്- പ്രത്യേകിച്ച് മലയാളത്തില്‍. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ കാലുകള് എപ്പോഴും ഒരടി മുകളില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവരാണല്ലോ നമ്മുടെ താരസമൂഹത്തില്‍പ്പെട്ടവര്‍! സൂപ്പര്‍താര പദവി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ തലക്കനമെന്തെന്ന് ചോദിക്കുന്ന ഒരു താരമുണ്ട് തമിഴകത്ത്- ശിവാജി റാവു. അതെ, ബസ്‌ കണ്ടക്ടര് സ്ഥാനത്തു നിന്ന്‌ കോടമ്പാക്കത്തെത്തുകയും സിനിമാലോകത്ത് മാസ്മരവിദ്യകള്‍ പ്രകടിപ്പിച്ച് പ്രേക്ഷകരെ നെഞ്ചോടൊപ്പം വാരിയെടുക്കുകയും ചെയ്ത സാക്ഷാല്‍ സ്റ്റൈല്‍മന്നന്‍ രജനീകാന്ത്.

 

സിനിമയുടെ സെറ്റില്‍ നിന്ന്‌ മേക്കപ്പഴിച്ച് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സാധാരണക്കാരനാകുന്ന വെറുമൊരു നടന്‍. കറുത്ത കഷണ്ടിത്തലയും നരച്ച മുടിയുമായി ക്ഷണിക്കപ്പെടുന്ന ചടങ്ങുകളിലൊക്കെ കയറിച്ചെന്ന് സാധാരണ പ്രേക്ഷകനെ അമ്പരപ്പിക്കുന്ന സാക്ഷാല്‍ ശിവാജി റാവു. സിനിമയില്‍ കാണുന്ന തകര്‍പ്പന്‍ രജനിയില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ് പൊതുവേദിയില്‍ കാണുന്ന സാധാരണക്കാരനായ രജനി! (നാലഞ്ചുമണിക്കൂര്‍ മേക്കപ്പിടാതെ പൊതുവേദിയില്‍ എത്താന്‍ മടിക്കുന്ന മലയാളതാരങ്ങള്‍ ക്ഷമിക്കുക.)

 

ഞാന്‍ മദ്രാസ് നഗരത്തില്‍ എത്തുന്നത് എണ്‍പതുകളുടെ തുടക്കത്തിലാണ്. (1996-ലാണ് മദ്രാസ് നഗരം ചെന്നൈ ആയി രൂപന്തരപ്പെടുന്നത്.) അന്നൊക്കെ ജെമിനിയിലേയും കോടമ്പാക്കത്തേയും റോഡുകളിലൂടെ സാവധാനം നീങ്ങുന്ന ഒരു വെളുത്ത പ്രീമിയര്‍ പത്മിനി കാര്‍ എന്നെ ആകര്‍ഷിച്ചിരുന്നു. അതോടിച്ചു പോകുന്നത് തമിഴകത്തെ സാക്ഷാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തായിരുന്നു. സൈഡ്‌ വിന്‍ഡോകളൊക്കെ തുറന്നിട്ട യാത്ര. പൊയസ് ഗാര്‍ഡനില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക്‌ സ്റ്റൈല്‍മന്നന്‍ അന്നൊക്കെ ഒറ്റക്കാണ് കാറോടിച്ചു പോയിരുന്നത്. സിനിമയുടെ ഗര്‍ഭഗൃഹം അന്ന് മദ്രാസായിരുന്നല്ലോ. ഇവിടത്തെ സ്റ്റുഡിയോകളിലെ ഫ്ലോറുകളിലായിരുന്നു തെന്നിന്ത്യന്‍ സിനിമകള്‍ പിറവിയെടുത്തിരുന്നത്. (പിന്നീട് കാലം മാറി, സിനിമയുടെ കോലവും മാറി. തെലുങ്കും മലയാളവുമൊക്കെ സ്വന്തം സംസ്ഥാനങ്ങളിലെ ഗ്രാമീണ ഭംഗികളില്‍ അഭിരമിക്കാന്‍ യാത്രയുമായി.)

 

ആരെയും അമ്പരപ്പിക്കുന്നതാണ് സ്റ്റൈല്‍മന്നന്റെ പ്രകടനമെന്നു തെളിയിക്കാന്‍ പോരുന്ന ഒരു സംഭവം വിവരിക്കാനാണ് ഇത്രയും ഇവിടെ പറഞ്ഞത്. എണ്‍പതുകളുടെ പകുതിയില്‍ നടന്നതാണ് ഈ കിരാതവൃത്തം! ഇടത്തരക്കാരായ ചില സിനിമാക്കാര്‍ താമസിക്കുന്നത് നുങ്കംപാക്കത്തെ വില്ലേജ്‌ റോഡിലെ ആര്‍.കെ ലോഡ്ജിലാണ്. സംവിധായകരാകാന്‍ മോഹിച്ചു കോടമ്പാക്കത്ത് അടിഞ്ഞിരിക്കുന്ന ജോര്‍ജ് കിത്തു (പില്‍ക്കാല 'ആധാരം' ഫെയിം), രവിഗുപ്തന്‍, നടന്മാരായ തമ്പി ഏലിയാസ് എന്ന രവീന്ദ്രന്‍, ലാലു അലക്സ്‌, ജോണി തുടങ്ങിയവരാണ് ആ സംഘത്തിലെ പ്രധാനികള്‍. വൈകുന്നേരങ്ങളിലെ 'ഒത്തിരിപ്പിലും ഒളിസേവയിലും' അവര്‍ തങ്ങളുടെ അനുഭവങ്ങളും തമാശകളും നിരത്തും. അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ്‌ ജോര്‍ജ് കിത്തു. എന്നാല്‍ 'ഒളിസേവ' രണ്ടു കഴിഞ്ഞപ്പോള്‍ കിത്തു പറഞ്ഞു- 'ഞാന്‍ വിളിച്ചാല്‍ ഇവിടെ എത്തുന്ന ഒരു സൂപ്പര്‍സ്റ്റാറുണ്ട് മദ്രാസില്‍. ഞങ്ങള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നിച്ചു പഠിച്ചവരാണ്.'

 

സേവകന്മാരുടെ മുഖത്ത് അത്ഭുതം!

ആരാണെന്നായി പൊതുചോദ്യം.

കിത്തു ഉവാച: 'സ്റ്റൈല്‍മന്നന്‍ രജനി.'

 

സേവകന്മാര്‍ പൊട്ടിച്ചിരിച്ചു. മിണ്ടാട്ടമില്ലാത്ത കിത്തു ഒരു തമാശക്കാരന്‍ തന്നെ. ഇത്രയും വലിയ ഫലിതം പറയാന്‍ കിത്തുവിനെങ്ങനെ കഴിഞ്ഞു? പോക്കിരിരാജ, നെട്രിക്കണ്‍, എങ്കയോകേട്ട കുരള്‍, നല്ലവനുക്ക് നല്ലവന്‍, ജോണ്‍ ജോണി ജനാര്‍ദ്ദന്‍ (ഹിന്ദി) തുടങ്ങിയ തകര്‍പ്പന്‍ സിനിമകളില്‍ അഭിനയിച്ച് ഇന്ത്യയില്‍ തന്നെ പേരെടുക്കുകയും അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത ഒരു നടന്‍ സിനിമാസംവിധാനമെന്ന സ്വപ്നവുമായി നടക്കുന്ന വെറുമൊരു തിരുവല്ലാക്കാരന്റെ സുഹൃത്തോ?

 

'തമാശയോ? കര്‍ത്താവേ! ഇവരെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കാനാണ്?'

കിത്തുവിന്റെ ചങ്ക്‌ സങ്കടം കൊണ്ട്‌ വിതുമ്പി.

രവിഗുപ്തന്‍ പാലക്കാടന്‍ സ്റ്റൈലില്‍ പറഞ്ഞു: 'നമുക്കൊന്നു പരീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ കുഞ്ഞുങ്ങളേ?'

 

രാത്രി പത്തു മണി കഴിഞ്ഞ സ്ഥിതിക്ക്‌ സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്നതെങ്ങനെ?

സേവകന്മാര് ആശങ്കാകുലരായി. ഇന്നത്തെപ്പോലെ സെല്‍ഫോണൊന്നുമില്ലാത്ത കാലമാണത്. രവീന്ദ്രന്‍ പറഞ്ഞു, 'നമുക്ക്‌ രജനിയെ ഫോണ്‍ ചെയ്താലോ?' കിത്തുവിന്റെ കള്ളത്തരം പൊളിക്കാനുള്ള 'സംഗതി' കണ്ടെത്തുന്ന തിരക്കിലായി എല്ലാവരും.  അവര്‍ കിത്തുവിനെ തൂക്കിയെടുത്ത് ആര്‍.കെ ലോഡ്ജിന്റെ റിസപ്ഷനിലെ ഫോണിന്റെ മുന്നില്‍ കൊണ്ടിരുത്തി. തമിഴ്‌ സിനിമയുമായി ബന്ധമുള്ള രവീന്ദ്രന്‍ രജനിയുടെ വീട്ടിലെ നമ്പര്‍ കണ്ടെത്തി കറക്കി കിത്തുവിന്റെ കൈയില്‍ കൊടുത്തു. 'വിളിക്ക്.' കിത്തു പതുക്കെ ഫോണ്‍ ചെവിയിലേക്ക് അടുപ്പിച്ചു. അതെ, മറുതലയ്ക്കല്‍ ഫോണെടുത്തത്‌ രജനി തന്നെ. രജനി പറയുന്നതൊന്നും സേവകന്മാര്‍ക്ക്‌ കേള്‍ക്കാനാകുന്നില്ല.

 

കിത്തു പറയുന്നു: 'ടേയ്‌ രജനി, നാന്‍ താന്‍, ഓള്‍ഡ് നന്‍പര്‍കള്‍ കിത്തു, കിത്തു ജോര്‍ജ്.'

അങ്ങേ തലയ്ക്കല്‍ നിന്നുള്ള മറുപടി കേള്‍ക്കുന്നില്ലെങ്കിലും കിത്തുവിന്റെ മുഖത്ത് ആഹ്ലാദത്തിന്റെ വേലിയേറ്റം. കിത്തു മൊഴിഞ്ഞു: 'നീ ഇപ്പോ ഇങ്കേ വരണം. ആര്‍.കെ ലോഡ്ജില്‍. നീ വരാതെ തൂങ്കമാട്ടേന്‍.'

 

അങ്ങേത്തലക്കലെ ശബ്ദത്തില്‍ തൃപ്തി വരാതെ കിത്തു ഫോണ്‍ താഴെവയ്ക്കുന്നു. സേവക സംഘം പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ കിത്തു പറഞ്ഞു, അവന്‍ ഇപ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞു വന്നതേയുള്ളു. നാളെ വരാമെന്നു പറഞ്ഞു.

 

സംഘം വീണ്ടും ആര്‍ത്തു ചിരിക്കുമ്പോള്‍ സണ്ണിക്ക്‌ ചെറിയൊരു സംശയം, ഇനി നമ്പര്‍ മാറിയതാണോ? അത്രയുമായപ്പോള്‍ കിത്തുവിനു സഹിക്കാനായില്ല. അയാള്‍ നേരേ സ്വന്തം മുറിയില്‍ കയറി കതകടച്ചു. ഗുഡ്‌നൈറ്റ്.

 

നല്ലൊരു തമാശ രസിച്ച സേവകന്മാര്‍ വീണ്ടും രണ്ടുവീതം അകത്താക്കി ശുഭരാത്രി പറഞ്ഞു പിരിഞ്ഞു.

 

പിറ്റേദിവസം രാവിലെ ആറുമണി.

 

ആര്‍.കെ ലോഡ്ജിന്റെ ഇടുങ്ങിയ ഗേറ്റിനു മുന്നില്‍ വെളുത്ത പ്രീമിയര്‍ പത്മിനി കാര്‍ വന്നു നില്‍ക്കുന്നു. അതില്‍ നിന്ന്ഇതാ ഇറങ്ങിവരുന്നു സാക്ഷാല്‍ സ്റ്റൈല്‍മന്നന്‍! ലോഡ്ജ്‌ ജോലിക്കാരും അന്തേവാസികളും അന്തംവിട്ടു നില്‍ക്കുമ്പോള്‍ രജനി താഴ്മയോടെ അവരോടു ചോദിക്കുന്നു: 'അവനെങ്കേ, നമ്മ കിത്തു?'

 

ജോലിക്കാര്‍ സ്റ്റൈല്‍മന്നനെ കിത്തുവിന്റെ മുറിയിലേക്ക് ആദരവോടെ ആനയിക്കുന്നു. ഇതിനിടയില്‍ ഉറക്കച്ചടവുമായി സേവകന്മാര്‍ അവരവരുടെ മുറികളില്‍ നിന്ന് പുറത്തുവന്നു നടക്കുന്നതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. കിത്തുവിന്റെ മുറി തള്ളിത്തുറന്ന്‌രജനി അകത്തുകടക്കുന്നു. ഉറക്കത്തിലായിരുന്ന കിത്തുവിനെ രജനി പൊക്കിയെടുത്ത് ഇരുത്തുന്നു. 'ടായ് കമ്മനാട്ടി, നീ എന്ന നെനച്ചിട്ടേന്‍? രാത്തിരി പത്തു മണിക്ക്‌ ഫോണ്‍ പണ്ണി മെരട്ടതാ? ഓ, ഡ്രസ്സ് പോട്. പോകലാം.

 

കണ്ണുകള്‍ മിഴിച്ച് കിത്തു ചോദിച്ചു: 'എങ്കേ?'

'അതു തെരിയ വേണ്ട. വാ എനക്ക് ഷൂട്ടിംഗ് ഇറുക്ക്. ടൈമാച്ച്. വാ, പോകലാം. എല്ലാം അപ്പറം പേശലാം.'

 

രജനി കിത്തുവിനു പാന്റും ഷര്‍ട്ടും എടുത്തുകൊടുത്തു ധരിപ്പിക്കുന്നു. പുറത്തു കടക്കുമ്പോള്‍ നില്‍ക്കുന്ന സേവകന്മാരോടായി രജനി പറഞ്ഞു, 'മന്നിപ്പ് കേക്കറേന്‍. ഇവന്‍ എന്നുടെ ഓള്‍ഡ് നന്‍പര്‍കള്‍. ഇവനെ കൊണ്ടുപോകപ്പോറേന്‍. നൈറ്റിലെ തിരുമ്പി കൊണ്ടുവിടേന്‍. വണക്കം'

 

സേവകന്മാര്‍ക്ക്‌ വിശ്വസിക്കാനായില്ല. കിത്തുവിനെ തോളില്‍ കൈയിട്ടു സാക്ഷാല്‍ സ്റ്റൈല്‍മന്നന്‍ കൊണ്ടുപോകുമ്പോള്‍ അവര്‍ പരസ്പരം നോക്കിനിന്നു.

 

പിന്‍കുറിപ്പ്: അന്നു രാത്രി പന്ത്രണ്ടു മണിക്ക് പത്തു മിനിട്ടു ഉള്ളപ്പോള് ആര്‍.കെ ലോഡ്ജിന്റെ മുന്നില്‍ അതേ വെളുത്ത പ്രീമിയര്‍ പത്മിനി കാര്‍ വന്നുനില്‍ക്കുന്നു. രജനി, കിത്തുവിനെ സാവധാനം കാറില്‍ നിന്നു പുറത്തിറക്കുന്നു. അവര്‍ പരസ്പരം ആലിംഗനം ചെയ്യുന്നു. സ്റ്റൈല്‍മന്നന്‍ കാറില്‍ കയറുമ്പോള്‍ കിത്തു 'വേച്ചുവേച്ച്' തന്റെ മുറി അന്വേഷിക്കുകയായിരുന്നു. അപ്പോള്‍ സേവകന്മാര്‍ നല്ല ഉറക്കത്തിലായിരുന്നിരിക്കണം.


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍. - See more at: http://www.lifeglint.com/content/emigre/140430/kodambakkam#sthash.6rIQen...

Tags: