അടൂർ ഭാസിയും കൂമ്പടഞ്ഞുപോയ ഒരു പത്രപ്രവർത്തകനും

പി. കെ. ശ്രീനിവാസൻ
Saturday, June 15, 2013 - 12:30pm
കോടമ്പാക്കം
മലയാള ചലച്ചിത്ര ലോകത്തിന്റെ കോടമ്പാക്കം കാലം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.കെ. ശ്രീനിവാസന്‍ അടയാളപ്പെടുത്തുന്നു. 

പി.കെ. ബാലകൃഷ്ണൻ ഒ. ചന്തുമേനോന് നൽകിയ വിശേഷണം മലയാളസിനിമയിലെ പ്രതിഭാശാലിയായ അടൂർ ഭാസിക്കും അനുയോജ്യമാണ്- സരസനായ ധിക്കാരി.  ജീവിതത്തെ ധിക്കാരത്തോടെ മാത്രം കണ്ട പച്ചയായ മനുഷ്യൻ. ചന്തുമേനോനെപ്പോലെ പലരേയും ചെണ്ട കൊട്ടിക്കുന്നതിൽ അതിനിപുണൻ. കർക്കശ്ശക്കാരനായ ഈ നടൻ തന്നെ ചെണ്ടകൊട്ടിക്കുകയാണെന്ന്‍ 'രക്തസാക്ഷി' മനസ്സിലാകുമ്പോഴേയ്ക്കും സാക്ഷാൽ ഭാസി രംഗം കാലിയാക്കിയിരിക്കും. തനിക്ക് ഇണങ്ങാത്തതൊന്നും ചുമലിൽ കേറ്റിവയ്ക്കാൻ ഒരുക്കമല്ലായിരുന്നു അദ്ദേഹം. ആരെയും വെറുതേ അംഗീകരിക്കാനും തയ്യാറായിരുന്നില്ല. പെണ്ണുകെട്ടിയാൽ അതൊരു ബാധ്യതയാകുമെന്നുപോലും തെറ്റായോ ശരിയായോ ധരിച്ച ചെറിയാച്ചൻ. തന്റെ വിശ്വാസങ്ങളിലൂടെ കയറിയിറങ്ങിപ്പോകാൻ അദ്ദേഹം ആർക്കും അനുവാദം കൊടുത്തിരുന്നില്ല. എന്നാൽ തന്നേക്കാള്‍ ഇളപ്പമുള്ളവരോട് ചങ്ങാത്തം സ്ഥാപിക്കാനും അവരിൽനിന്ന്‍ ആഴത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കാനും അദ്ദേഹം സന്മനസ്സു കാണിച്ചിരുന്നു.

Adoo Bhasi Mother

യുവാക്കളായ പത്രസുഹൃത്തുക്കളുമായി നല്ല ബന്ധമായിരുന്നു ഭാസിയേട്ടന്‍. അതിനാൽ പത്രക്കാരിലാരെങ്കിലും തന്നെ കാണാൻ വരുമെന്ന് അറിയിച്ചാൽ തിരക്കുകൾക്കിടയിലും കാത്തിരിക്കാൻ അദ്ദേഹത്തിന് മടിയില്ല. എഴുപതുകളിലേയും എണ്‍പതുകളിലേയും സിനിമയിലെ സൂപ്പർതാരങ്ങളുടെ പ്രണയത്തെക്കുറിച്ചും മറ്റുമൊക്കെ പുറത്തുവരുന്ന കൊച്ചുവർത്തമാനങ്ങൾ അടൂർ ഭാസി നിർമ്മിച്ചു പത്രങ്ങൾക്കുകൊടുക്കുന്നതാണെന്ന്‍ കോടമ്പാക്കത്തെ വിളക്കുകാലുകൾ പോലും വിശ്വസിക്കുന്ന കാലം. അന്നത്തെ സൂപ്പർതാരം അടൂർ ഭാസിയാണ്. പ്രേംനസീറിനേക്കാൾ കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുന്ന നടനാണ് ഭാസി. നസീറിനു കൊടുക്കുന്നതിനേക്കാൾ പണം ലഭിച്ചാൽ മാത്രമേ താൻ അഭിനയിക്കൂ എന്നുവരെ വെട്ടിത്തുറന്നു പറഞ്ഞ ഒരേയൊരു നടൻ അദ്ദേഹമായിരുന്നു.

   

കാലം- എണ്‍പതുകളുടെ തുടക്കം. സിനിമയ്ക്കായി സ്ഥിരം വാർത്താലേഖകർ അന്ന്‍ കോടമ്പാക്കമെന്ന തുരുത്തിൽ എത്തിയിട്ടില്ല. കേരളത്തിൽ നിന്ന്‍ ഇടയ്ക്കിടെ ദേശാടനപക്ഷികളെപ്പോലെ വന്നിറങ്ങുന്ന സിനിമാപത്രക്കാർ മാത്രം. അവർ വന്ന്‍ ആവശ്യമായ ഗോസ്സിപ്പുകളും ശേഖരിച്ച് മടങ്ങും. പിന്നെ പൊടിപ്പും തൊങ്ങലും വച്ച് വർണപ്രഭയോടെ അവ വാരാവാരങ്ങളായി അച്ചടിച്ച് മാർക്കറ്റിൽ തള്ളിയിറക്കും. അതാണ് സിനിമാ പത്രപ്രവർത്തനത്തിന്റെ പതിവ്. ഭാസിയേട്ടനെ കണ്ടാൽ കഥകൾക്ക് പഞ്ഞമില്ലന്നാണ് ഇത്തരക്കാരുടെ വാദം. അക്കാലത്താണ് പല പത്രങ്ങൾക്കുവേണ്ടിയും സിനിമയിലെ കൊച്ചുവർത്തമാനങ്ങൾ ശേഖരിക്കുന്ന ടി.എച്ച് കോടമ്പുഴ എന്ന കോഴിക്കോട്ടുകാരൻ ഭാസിയേട്ടനെ ഫോണിൽ വിളിക്കുന്നത്. കാര്യം ഇതാണ്- തന്റെ ശിഷ്യനും ബന്ധുവുമായ ഹംസക്കോയ (പേരു ഇതാണെന്ന വിശ്വാസമില്ല) എന്ന പയ്യൻ പത്രരംഗത്തേക്ക് കാലുകുത്തുകയാണ്. അദ്ദേഹത്തിന് അടൂർ ഭാസിയെ മഹാനായ നടനെ ഇന്റർവ്യൂ ചെയ്യണം. ഭാവിയിൽ ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ വാഗ്ദാനമാണ് ഈ വിദ്വാനെന്നും പറയാൻ കോടമ്പുഴ മാറില്ല. ദേശീയനിലയിലുള്ള കുറേ പ്രമുഖരുടെ പേരുകളും കോടമ്പുഴ നിരത്തി- ബി.ജി. വർഗ്ഗീസ്, എം. ചലപതിറാവു, എം. ശിവറാം, .. .. പയ്യന്റെ പ്രതിഭയുടെ മുന്നില്‍ ആരും മുട്ടിടിച്ചുവീണുപോകുമെന്ന്‍ പറഞ്ഞപ്പോൾ അടൂർഭാസി കഥാപാത്രത്തെ സന്ധിക്കാമെന്ന് തന്നെ തീരുമാനിക്കുന്നു.

 

ഭാസിയേട്ടന്റെ നിബന്ധനകൾ ഇതായിരുന്നു- അഭിമുഖസമയം പരമാവധി മുപ്പതു മിനിട്ടാണ്. രാവിലെ കൃത്യമായി ഏഴരക്ക് ഇന്റർവ്യൂ ആരംഭിക്കണം. എട്ടുമണിക്ക് അവസാനിപ്പിക്കണം. കാരണം മറീനാ ബീച്ചിനടുത്തുള്ള കൽപ്പനാ ഹൗസിൽ പത്തുമണിക്ക് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗുണ്ട്. എട്ടേകാലിനു തിരിച്ചാലേ മേക്കപ്പ് കഴിഞ്ഞ് സെറ്റിൽ പത്തുണിക്ക് കയറാനാവൂ. (സമയം പാലിക്കുക ഭാസിയേട്ടന്റെ വിനോദമാണ്.) കോടമ്പുഴ സമ്മതിച്ചു. അങ്ങനെയാണ് പത്രപ്രതിഭാശാലിയായ പയ്യൻ രാജവീഥിയിൽ ഏഴേകാലിനു എത്തുന്നത്. താഴത്തെ നിലയിലുള്ള ഭാസിയേട്ടന്റെ ചേട്ടൻ ചന്ദ്രാജി ഭാസിയേട്ടന്റെ ഒന്നാംനിലയിലേയ്ക്ക് സന്ദേശംകൊടുക്കുന്നു. (സന്ദർശകർ വാൽ മുകളിലേയ്ക്ക് പ്രത്യേക സിഗ്നൽ സംവിധാനം വഴി കമ്പിയില്ലാക്കമ്പി കൊടുക്കുന്നത് ചന്ദ്രാജിയാണ്.)

'അണ്ണാ, അയാളെ കയറിവരാൻ പറയണം.' ഭാസിയേട്ടന്റെ ആകാശദൂത്.

ഗോവണി കയറി മുകളിലേയ്ക്ക് കയറിവരുന്ന പയ്യൻസിനെ കണ്ടപ്പോൾ ഭാസിയേട്ടന് ചെറിയൊരു സംശയം- ഇതാണോ ഭാവിയിലെ ബി.ജി. വർഗീസ്? എം. ശിവറാം?

 

നീണ്ടുമെലിഞ്ഞ പ്രകൃതം. പാന്റും ഷർട്ടുമാണ് വേഷം. ബുദ്ധിജീവിയാണെന്ന്‍ തോന്നിപ്പിക്കുന്ന ഊശാൻതാടി. കൈയിൽ പച്ചനിറത്തിലുള്ള ഒരു ഡയറി. ഷർട്ടിന്റെ പോക്കറ്റിൽ നാലുനിറങ്ങളിലുള്ള പേനകൾ - കറുപ്പ്, പച്ച, ചുവപ്പ്, നീല. 

 

'വരണം, വരണം, ഇരിക്കണം.' ഭാസിയേട്ടൻ പയ്യൻസിനെ എതിരേറ്റു. അയാൾ സോഫയിൽ ഉപവിഷ്ടനായി.

 

രാവിലെ വറുത്ത പാവയ്ക്ക കഴിയ്ക്കുന്ന ശീലമുണ്ട് ഭാസിയേട്ടന്. പ്രമേഹത്തിന് അത്യുത്തമമെന്ന് ഏതോ ആയുർവേദക്കാരൻ പറഞ്ഞതനുസരിച്ചാണ് പാവയ്ക്ക ശീലമാക്കിയത്. ഡ്രൈവർ കം കാര്യസ്ഥൻ കം സെക്രട്ടറി കൃഷ്ണൻ അതൊക്കെ കണിശമായി കൊണ്ടുവയ്ക്കും. പയ്യൻസ് കയറിവരുമ്പോൾ അദ്ദേഹം ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‍ പാവയ്ക്ക കഴിക്കുകയാണ്.

 

ഭാസിയേട്ടൻ പറഞ്ഞു- 'സഹോദരാ, നമുക്ക് തുടങ്ങാം. സമയം വളരെ വിരളമാണ്. അഭിമുഖം കഴിഞ്ഞാലുടൻ ഷൂട്ടിംഗിനു പോകണം. അതിനാൽ ചോദ്യങ്ങൾ ചോദിക്കണം. വൈകേണ്ട. '

അപ്പോൾ പയ്യൻസ് പറഞ്ഞു, 'നിങ്ങള് ഇരിക്കിം.'

'വേണ്ട, നിങ്ങൾ ഇരിക്കിൻ. ഞാനിങ്ങനെ നിന്ന്‍ സംസാരിക്കാം. എനിക്കിതാണ് സൗകര്യം. ചോദിച്ചോളൂ.'

'അല്ല, നിങ്ങള് ഇരിക്കുന്നതാ നല്ലത്' - പയ്യൻസ് വിടാൻ ഭാവമില്ല.

 

ഇത് എന്റെ വീടാണ്. ഞാൻ ഇരിക്കണോ നിൽക്കണോ തലകുത്തി നിൽക്കണോ എന്നു തീരുമാനിക്കാനുള്ള അവകാശം തികച്ചും എന്റേതാണ് എന്നു പറയണമെന്നാണ് തോന്നിയത്. പക്ഷേ വിദ്വേഷം മനസ്സിന്റെ ലോക്കറിൽ ഭദ്രമായി സൂക്ഷിച്ചു.

 

പയ്യനോട് സൗമ്യമായി ഭാസി പറഞ്ഞു- 'ചോദ്യങ്ങൾ ചോദിച്ചോളൂ. '

പയ്യൻസ് പോക്കറ്റിലെ നിറമുള്ള പേനകൾ മാറിമാറിയെടുത്ത് എഴുതിനോക്കുന്നതു കണ്ടപ്പോൾ ഭാസിക്ക് അരിശം വന്നുതുടങ്ങി. ഡയറിതുറന്ന്‍ പേനയിലൊന്നെടുത്തുകൊണ്ട് പയ്യൻ വീണ്ടും ആരാഞ്ഞു- 'അപ്പോൾ നമുക്ക് അങ്ങട് തുടങ്ങാമല്ലേ? '

'ചോദ്യങ്ങൾക്ക് രാഹുകാലമൊന്നും നോക്കണ്ട. ചോദിക്കാം ' - ഭാസിയേട്ടൻ.

 

തന്റെ അഭിനയജീവിതത്തിലെ മഹത്തായ മൂഹൂർത്തങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വരുമെന്ന ധാരണയിൽ ആകാംഷയോടെ കാക്കുകയാണ് ഭാസിയേട്ടൻ.

പേനയെടുത്ത് അടൂർ ഭാസിയുടെ മുഖത്തേക്ക് നോക്കുന്ന പയ്യൻസ് വീണ്ടും ആവർത്തിച്ചു- 'നമുക്ക് അങ്ങട് തൊടങ്ങാമല്ലേ?'

'ഇതെന്ത് അക്രമം. തുടങ്ങണം മിസ്റ്റർ', ഭാസിയേട്ടന്റെ ക്ഷമ നെല്ലിപ്പലകയും പിഴുതെറിഞ്ഞ് പ്രകാശവേഗത്തിൽ സഞ്ചരിക്കുകയാണ്. 

 

പയ്യൻസ് ആദ്യത്തെ ചോദ്യമെറിഞ്ഞു:

'നിങ്ങടെ പേരെന്താ?'

 

ഒന്നാം നിലയിൽനിന്ന്‍ ഭാവിയിലെ ബി.ജി. വർഗീസ് റോക്കറ്റുപോലെ രാജവീഥിയിലെ തെരുവിലേയ്ക്ക് ചീറിപ്പായുന്നതു കണ്ടാണ് ചന്ദ്രാജി മുകളിലേക്ക് ഓടിച്ചെല്ലുന്നത്. സ്വന്തം അനുജനു ഒരാളെ നിഷ്‌ക്കരുണം വായുവിലൂടെ തിരസ്‌ക്കരിക്കാൻ കഴിയുമെന്ന അവബോധം ആദ്യമായാണ് ചന്ദ്രാജിക്ക് ഉണ്ടാകുന്നത്. മടങ്ങിവന്നു നോക്കുമ്പോൾ ഭാവിയിലെ ബി.ജി. വർഗീസിനെ കാണാനില്ല. അയാൾ വായുവില്‍ അപ്രത്യക്ഷനായിരിക്കുന്നു! എന്തായാലും കോടമ്പുഴയെന്ന സ്വലേ അടുത്ത ദിവസം കോഴിക്കോട്ടേയ്ക്ക് ദേഹരക്ഷാർത്ഥം വണ്ടികയറിയെന്നാണ് വാർത്ത. മരണംവരെ അടൂർ ഭാസി പുതിയ പത്രക്കാർക്ക് അഭിമുഖം കൊടുത്തിട്ടില്ല എന്നും ചന്ദ്രാജി വാദിച്ചിരുന്നു.

 

Tags: