ലൈഫ്ഗ്ലിന്റ് സര്‍വേ: നിയമസഭാംഗമോ മണ്ഡലം പ്രതിനിധിയോ മുന്നില്‍?

Glint Staff
Thursday, May 12, 2016 - 12:59pm

election campaign

 

നിയമസഭാ തെരഞ്ഞെടുപ്പ് അടിസ്ഥാനപരമായി നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഉള്ളതാണ്. മണ്ഡലം തിരിച്ച് ജനപ്രതിനിധികളെ നിയമസഭാംഗമായി തിരഞ്ഞെടുക്കുന്നത് അതിന്റെ ഒരു രീതിയും. എന്നാല്‍, നിയമസഭാംഗം എന്നതിനെക്കാളേറെ മണ്ഡലം പ്രതിനിധി എന്ന നിലയില്‍ നിയമസഭാംഗം വീക്ഷിക്കപ്പെടുന്നു എന്ന നിരീക്ഷണത്തിന് ബലം നല്‍കുന്നു ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ.

 

നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണോ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണോ എം.എല്‍.എ മുന്‍തൂക്കം നല്‍കേണ്ടത് എന്ന ചോദ്യത്തിന് കേവലം 3.82 ശതമാനം പേര്‍ മാത്രമാണ് നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന മറുപടി നല്‍കിയത്. രണ്ടിനും തുല്യപ്രാധാന്യം നല്‍കണമെന്നി 57.96 ശതമാനം പേര്‍ അഭിപ്രയപ്പെട്ടപ്പോള്‍ 38.22 ശതമാനം പേര്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന അഭിപ്രായക്കാരാണ്.

 

 

എം.എല്‍.എ ഫണ്ട്‌ വിനിയോഗം നിയമസഭാംഗത്തിന്റെ ചുമതലകളെ കുറിച്ചുള്ള പൊതുബോധത്തില്‍ മാറ്റം വരുത്തുന്നു എന്നതിന്റെ സൂചനയാണ് ഇത്. കാര്യനിര്‍വ്വഹണ ചുമതലയിലേക്കുള്ള കടന്നുകയറ്റം നിയമസഭാംഗത്തിന്റെ നിയമനിര്‍മ്മാണമെന്ന അടിസ്ഥാന ചുമതലയെ ബാധിക്കുന്നത് ജനായത്തത്തിനു ഗുണകരമാകുമോ എന്നാലോചിക്കേണ്ടതാണ്.

 

പൊതുവേ സമ്മിശ്ര പ്രതികരണമാണ് എം.എല്‍.എമാര്‍ക്ക് മണ്ഡലത്തിലേയും നിയമസഭയിലേയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്നത്. മോശം, വളരെ മോശം എന്നെ പ്രതികരണങ്ങളിലായി ആകെ 38.28 ശതമാനം പേര്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി വിലയിരുത്തുമ്പോള്‍ മികച്ചത്, വളരെ മികച്ചത് എന്നീ പ്രതികരണങ്ങളിലായി 33.99 ശതമാനം പേര്‍ അനുകൂല അഭിപ്രായം നല്‍കുന്നു. ശരാശരി അഭിപ്രായം രേഖപ്പെടുത്തിയര്‍ 26.11 ശതമാനം പേര്‍ അതേസമയം, നിയമസഭയിലെ പ്രവര്‍ത്തനം സംബന്ധിച്ച് കുറേക്കൂടി പ്രതികൂലമായ അഭിപ്രായമാണ് രൂപപ്പെട്ടത്. 43.25 ശതമാനം പേരാണ് വിപരീത പ്രതികരണങ്ങള്‍ നല്‍കിയത്. 29.3 ശതമാനം പേര്‍ അനുകൂല അഭിപ്രായവും 23.39 ശതമാനം പേര്‍ ശരാശരി അഭിപ്രായം രേഖപ്പെടുത്തി. അതത് മണ്ഡലത്തിലെ എം.എല്‍.എമാരുടെ വിലയിരുത്തല്‍ ആയിട്ടാണ് ചോദ്യം ഉന്നയിക്കപ്പെട്ടതെങ്കിലും നിയമസഭയുടെ പ്രവര്‍ത്തനം സംബന്ധിച്ച പൊതുജനാഭിപ്രായത്തിന്റെ ഒരു സൂചകം കൂടിയാണ് ഈ കണക്ക്.

 

 

എം.എല്‍.എയ്ക്ക് വീണ്ടും വോട്ട് ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിന് 35.84 ശതമാനം പേര്‍ അനുകൂല മറുപടി നല്‍കിയപ്പോള്‍ 64.16 ശതമാനം പേര്‍ വോട്ടു ചെയ്യില്ല എന്ന മറുപടിയാണ് നല്‍കിയത്. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുമായി ചേര്‍ന്ന് പോകുന്നതാണ് ഈ കണക്ക്.

 

വോട്ട് രേഖപ്പെടുത്തുന്നതിന്റെ മുഖ്യ മാനദണ്ഡം സംബന്ധിച്ച ചോദ്യത്തിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സ്ഥാനാര്‍ഥിയുടെ മികവ് 36.13 ശതമാനം പേര്‍ക്ക് പ്രധാനമാകുമ്പോള്‍ 33.47 ശതമാനം പേര്‍ രാഷ്ട്രീയ നിലപാടും 24.44 ശതമാനം പേര്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനവും എടുത്തുപറയുന്നു. കേവലം 3.76 ശതമാനം പേരാണ് പ്രകടന പത്രികയും പ്രചാരണവും കണക്കിലെടുക്കുന്നത്. എന്നാല്‍, 2.20 ശതമാനത്തിന് സാമുദായിക പരിഗണനയാണ് മുഖ്യം.

 

  

 

ഏപ്രില്‍ ഏഴ് മുതല്‍ മെയ്‌ ഒന്‍പത് വരെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി 1727 പേരാണ് പങ്കെടുത്തത്. മലയാളം വെബ് ലോകത്തിന്റെ ഒരു പരിഛേദം എന്ന്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ഇവരില്‍ 96.53 ശതമാനം പേരും പുരുഷന്‍മാരും 87.2 ശതമാനം പേരും 45 വയസ്സിന് താഴെയുള്ളവരുമായിരുന്നു. 18.36 ശതമാനം പേര്‍ യു.ഡി.എഫ് അനുഭാവികളും 26.58 ശതമാനം പേര്‍ എല്‍.ഡി.എഫ് അനുഭാവികളും 22.64 ശതമാനം പേര്‍ എന്‍.ഡി.എ അനുഭാവികളും ആണെന്ന് വെളിപ്പെടുത്തി. അനുഭാവമില്ല എന്ന്‍ രേഖപ്പെടുത്തിയത് 31.79 ശതമാനം പേരാണ്.  

 

സര്‍വേ വാര്‍ത്തകള്‍ വായിക്കാം

 

ലൈഫ്ഗ്ലിന്റ് സര്‍വേ: മുഖ്യമന്ത്രിയേക്കാള്‍ മോശം സര്‍ക്കാര്‍! 

 

ലൈഫ്ഗ്ലിന്റ് സര്‍വേ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി

 

ലൈഫ്ഗ്ലിന്റ് സര്‍വേ: കേരളം സാമുദായിക വോട്ടിലേക്ക്; എല്‍.ഡി.എഫ് മുന്നില്‍, ബി.ജെ.പിയ്ക്ക് നേട്ടം, യു.ഡി.എഫിന് നഷ്ടം

Tags: