ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതല്ലെന്ന് മോഹൻലാൽ പറയുമ്പോൾ

Glint Guru
Tue, 18-04-2017 10:03:28 AM ;

bmh bodyguard mohanlal

 

ചാനലുകളിൽ ഇപ്പോൾ വാർത്തയ്ക്കു മുൻപ് ചില പ്രമുഖ ആശുപത്രികളുടെ ബോധവത്ക്കരണ പരിപാടികൾ സ്ഥിരമായി വരാറുണ്ട്. ബോധവത്ക്കരണമാണ് നടത്തുന്നതെങ്കിലും തങ്ങളുടെ പരസ്യം തന്നെയാണ് ആശുപത്രിക്കാർ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും അത് ചില സന്ദേശങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. ബേബി മെമ്മോറിയൽ ആശുപത്രിയുടെ ഇത്തരത്തിലുളള പരിപാടി വരുന്നത് മോഹൻലാലിന്റെ ആനിമേഷൻ രൂപമുപയോഗിച്ചാണ്. ശബ്ദം പകർന്നിരിക്കുന്നതും മോഹൻലാലാണ്. അതിനാൽ മോഹൻലാൽ പറയുന്നത് ആൾക്കാർ കൗതുകത്തോടെ കേൾക്കുന്നുണ്ട്. ലാലിന്റെ പറച്ചിലായതിനാൽ അത് ആൾക്കാരുടെ മനസ്സിലേക്ക് കിനിഞ്ഞിറങ്ങുകയും ചെയ്യുന്നുണ്ട്.

 

ഇടയ്ക്കിടെ ആവർത്തിക്കുന്ന ഒരു ആനിമേഷനുണ്ട്. അതിൽ മോഹൻലാൽ ഒരു കൗമാരക്കാരന്റെ കയ്യിൽ നിന്ന് ഒരു പൊതി അധികാരത്തോടെ വാങ്ങിയെടുക്കുന്നതാണ്. ഉദ്ദേശിക്കുന്നതു പോലെ അതു മയക്കുമരുന്നാണ്. ഒടുവിൽ ആ കൗമാരക്കാരന് മോഹൻലാൽ നൽകുന്ന ഉപദേശമുണ്ട്. ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതല്ല, ജീവിക്കാനും കൂടിയുള്ളതാണെന്ന്. വളരെ നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഈ വാചകം എഴുതിയിട്ടുള്ളയാൾ അത് എഴുതിയതും മോഹൻലാൽ അതു പറയുന്നതും. പക്ഷേ അതിലൂടെ കൗമാരക്കാരിൽ മാത്രമല്ല മുതിർന്നവരിലും ചേക്കേറുന്ന ചില ധാരണകളുണ്ട്.  ധാരണകളാണ് മനുഷ്യനെ ഏതു വിധമാണ് ജീവിക്കേണ്ടതെന്ന് നിശ്ചയിക്കാൻ പര്യാപ്തമാക്കുന്നത്.

 

ഈ വാചകത്തിലെ രണ്ട് പ്രധാന വാക്കുകൾ ആസ്വാദനവും ജീവിതവുമാണ്. ജീവിതം ആസ്വദിക്കാൻ മാത്രമല്ല, ജീവിക്കാനും കൂടിയുള്ളതാണ് എന്നു പറയുമ്പോൾ ജീവിതം മഹാബോറാണ് എന്നുള്ള ധ്വനി അതിലടങ്ങിയിട്ടുണ്ട്. ഇത്തരം വാചകങ്ങൾ കേൾക്കുമ്പോൾ അത് മനുഷ്യന്റെ ബുദ്ധിയിലേക്കും ധ്വനി ഉപബോധമനസ്സിലേക്കും പ്രവേശിക്കും. ഉപബോധമനസ്സിൽ ഇതു കേൾക്കുന്നയാൾ ആ വാക്കുകൾ വിശ്വസിക്കുകയാണെങ്കിൽ ജീവിതം ബോറു തന്നെ. ബോറവസ്ഥ മനുഷ്യനായി പിറന്നവർക്ക് സഹിക്കാൻ പറ്റില്ല. മോഹൻലാൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകന് തെല്ലും ബോറു തോന്നുന്നില്ല. അതവർ അറിയുന്നത് ബുദ്ധികൊണ്ടല്ല. ഉപബോധ മനസ്സിന്‍റെ ആഴത്തിൽ കിടക്കുന്ന സങ്കൽപ്പങ്ങളുടെ ആഴം കൊണ്ടാണ്. മോഹൻലാൽ ഓരോ ഭാവവും പ്രകടമാക്കുമ്പോൾ ആ ആഴത്തിൽ നിന്നും പ്രേക്ഷകൻ അറിയാതെ ആ ഭാവങ്ങൾ പൊന്തിവന്ന് പ്രേക്ഷകന്റെ അനുഭവമായി മാറുന്നു. ആ അനുഭവമാണ് പ്രേക്ഷകന്റെ ആസ്വാദനമായി മാറുന്നത്. അതു സംഭവിക്കാതെ വരുമ്പോഴാണ് ബോറടി ഉണ്ടാകുന്നത്.

 

മോഹൻലാൽ പ്രേക്ഷകനിൽ അവ്വിധം ഉണർത്തൽ ഉണ്ടാക്കുന്നത് സർഗ്ഗാത്മകത കൊണ്ടാണ്. അല്ലാതെ ബുദ്ധിപരമായ വ്യായാമം കൊണ്ടല്ല. സർഗ്ഗാത്മകത ഒഴിഞ്ഞു നിൽക്കുന്ന വേളയിലാണ് മനുഷ്യന് ബോറ് തോന്നുന്നത്. ആ ബോറിലാണ് ചിന്തകൾ ബുദ്ധിയിൽ പ്രവേശിച്ച് കാടിളക്കുന്നത്. ആ കാടിളക്കലിൽ ഓരോ തോന്നലുകൾ ഉണ്ടാകുന്നു. ആ തോന്നലുകൾ അതനുസരിച്ചുള്ള വികാരങ്ങളേയും. ആ വികാരങ്ങൾ ഓർമ്മകളേയും അവ വീണ്ടും ചിന്തകളേയും ആ ചിന്തകൾ വീണ്ടും വികാരങ്ങളേയും. ഇതൊരു ദൂഷിതവലയമായി ചിലരിൽ അതിവേഗത്തിൽ, മറ്റു ചിലരിൽ ആക്രമണ വേഗത്തിൽ, സംഭവിക്കുന്നു. അതിൽ നിന്നു രക്ഷപ്പെടാൻ ഓരോ വ്യക്തിയും ഓരോ സംഗതികളിൽ ഏർപ്പെടുന്നു. സ്‌നേഹം കിട്ടാത്ത ചിലർ വേദനയിൽ പുളയുന്നത് ഇത്തരം ദൂഷിതവലയത്തിന്റെ ചുഴിയിൽ പെടുന്നതുകൊണ്ടാണ്. വിശേഷിച്ചും കൗമാരക്കാർ. കാരണം അവർ പുതിയ ലോകത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്നവരാണ്.

 

ഏതു പ്രായത്തിലേയും ഏതു നിമിഷത്തെയും ആസ്വാദ്യമാക്കാൻ സമൃദ്ധമായ കോപ്പുകളുള്ള ഇടമാണ് ജീവിതം. അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നവർ ധാരാളം. അപ്പോൾ ജീവിതം ആസ്വദിക്കുകയായി. അങ്ങനെ ഓരോ കൗമാരക്കാർ ജീവിതത്തെ ആസ്വാദനത്തിന്റെ വഴിയിലേക്ക് തിരിച്ചു വിട്ടതാണ് ഈ ലോകത്തിനു ലഭ്യമായിരിക്കുന്ന എല്ലാ നേട്ടങ്ങളുടെയും ആധാരം. ചുരുക്കിപ്പറഞ്ഞാൽ ജീവിതം ആസ്വദിക്കാനുള്ളതാണ്. അത്രയും ആസ്വാദ്യമായ ജീവിതം പരോക്ഷമായി ബോറാണെന്ന് അറിയാതെയെങ്കിലും മനസ്സുകളിലേക്ക് പറഞ്ഞയയ്ക്കുന്നത് അപകടകരമാണ്.

 

ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതല്ല എന്ന്‍ മയക്കുമരുന്നുപയോഗിക്കുന്ന കൗമാരക്കാരനോടു പറയുമ്പോൾ അതിന്റെ പരോക്ഷ അർഥം ഉപബോധ മനസ്സുകളിൽ പോയി വീഴുന്നത് മയക്കുമരുന്നുപയോഗം ആസ്വാദ്യമാണെന്നുള്ളതാണ്. ആസ്വാദനം ഇഷ്ടമല്ലാത്ത മനുഷ്യൻ ഭൂമുഖത്തുണ്ടാകില്ല. സ്വാഭാവികമായും മയക്കുമരുന്ന് ആസ്വാദനം പ്രദാനം ചെയ്യുമെന്ന് പരോക്ഷമായ അറിവെങ്കിലുമുണ്ടെങ്കിൽ അസഹനീയമായ ജീവിത സന്ദർഭങ്ങളിൽ അതിനെ അന്വേഷിച്ചു പോയാൽ കുറ്റം പറയാൻ പറ്റില്ല.

 

വാക്കുകളും പ്രയോഗങ്ങളും നടത്തുമ്പോൾ ശ്രദ്ധ അനിവാര്യമാണ്. മനുഷ്യൻ വാക്കുപയോഗിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത്. മോഹൻലാലിനെ പോലൊരാള്‍ ഒരു ബഹുജന മാധ്യമത്തിലൂടെ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ചും. മയക്കുമരുന്നുപയോഗത്തേക്കാൾ വലിയ ദോഷമായിരിക്കും ചില വാക്കുകളും അവകൊണ്ടുള്ള പ്രയോഗങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുക.

Tags: