കണ്ണട മറവിയിലൂടെ മാറാവുന്ന കാഴ്ചപ്പാട്

Sat, 18-02-2017 12:16:12 PM ;

 

ഉന്നത ഉദ്യോഗസ്ഥൻ. വീട്, ഓഫീസ്, സൈറ്റ് എന്നീ മൂന്നു ഇടങ്ങളിലാണ് ഇദ്ദേഹത്തിന്റെ ഒരു ദിവസം പങ്കുവയ്ക്കപ്പെടുന്നത്. അദ്ദേഹം വളരെ സംഭാഷണപ്രിയനുമാണ്. സംസാരിച്ച് ഹരം കയറി ഒന്നു പിന്നോട്ട് ആഞ്ഞ് വലതുകൈകൊണ്ട് കണ്ണട ഊരി മേശപ്പുറത്ത് മലർത്തി വച്ച് സംഭാഷണം തുടരും. അങ്ങനെയുള്ള ഒരു ഘട്ടത്തിൽ അദ്ദേഹം അവിടെ നിന്നെഴുന്നേറ്റ് മിക്കവാറും സൈറ്റിലേക്കു പുറപ്പെടും. പലപ്പോഴും വാഹനത്തില് കയറുമ്പോഴാണറിയുന്നത് കണ്ണട എടുത്തിട്ടില്ലല്ലോ എന്ന്. ഇത് അദ്ദേഹത്തിന് ഒട്ടേറെ തവണ പറഞ്ഞറിയിക്കാൻ പറ്റാത്ത അസൗകര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ജോലിയുടെ ഓരോ ഘട്ടത്തിലും പ്ലാനുകളും ഡയഗ്രങ്ങളും മറ്റും സൂക്ഷ്മമായി നോക്കി തീരുമാനമെടുക്കേണ്ട ജോലിയായതിനാല്‍ പ്രത്യേകിച്ചും. ഇതു സ്ഥിരമായപ്പോൾ ഇദ്ദേഹം ഇതിനൊരു ഉപാധി കണ്ടെത്തി. ആ ഉപാധിയിലൂടെ സംഗതി തൽക്കാലം പരിഹരിക്കപ്പെട്ടു.

 

വീട്, ഓഫീസ്, സൈറ്റ് എന്നീ മൂന്നു സ്ഥലത്തേക്ക് അദ്ദേഹം മൂന്നു കണ്ണടകൾ വാങ്ങി അതതു സ്ഥലങ്ങളിൽ വച്ചു. ഏതു സ്ഥലത്തും കണ്ണട ഊരി വയ്ക്കുന്നത് ഒരേ ശൈലിയിലായതിനാൽ കണ്ണട ഈ മൂന്നു സ്ഥലങ്ങളിലും മേശപ്പുറത്തു തന്നെ കിടന്നുകൊളളും. അതുകാരണം ഇപ്പോൾ വലിയ ബുദ്ധിമുട്ടില്ലാതെ നീങ്ങുന്നു. ഇടയ്ക്ക് ചില സന്ദർഭങ്ങളിൽ കണ്ണട ഊരാതെ അടുത്ത സ്ഥലത്തേക്കു പോയി. അതിനാൽ പിന്നീട് അവിടെ കണ്ണട ഇല്ലാതെ ചെറുതായി ഒന്നു രണ്ടു തവണ ബുദ്ധിമുട്ടിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം കാറിനുള്ളിൽ വയ്ക്കാൻ കൂടി ഒരെണ്ണം സംഘടിപ്പിക്കാൻ പോവുകയാണ്.

 

ഒരു സാഹചര്യം സംജാതമായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അതെങ്ങനെ പരിഹരിക്കണമെന്ന് ഒരുത്തേജന പ്രഭാഷണമെന്ന രീതിയിൽ അദ്ദേഹം തന്നെ തന്റെ കണ്ണടക്കഥ വിവരിക്കാറുണ്ട്. വളരെ വിദഗ്ധനും ഉന്നത ഉദ്യോഗസ്ഥനുമൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ഈ പ്രശ്‌നപരിഹാരക്കഥ വിനാശകാരിയാണ്. മുഖ്യമായും അദ്ദേഹത്തിനു തന്നെ. അദ്ദേഹം കണ്ണട മറക്കുന്നതിനെയാണ് പ്രശ്‌നമായി കാണുന്നത്. അതിലൂടെ യഥാർഥ പ്രശ്‌നം എന്താണെന്ന് വിശകലനം ചെയ്ത് കണ്ടെത്തുന്നതിൽ കൂടി പരാജയപ്പെടുകയാണ്. നേതൃത്വസ്ഥാനത്തുള്ള ഒരാൾ ഇവ്വിധമാകുമ്പോൾ ആ സ്ഥാപനത്തിന്റെ അല്ലെങ്കിൽ ആ വകുപ്പിന്റെ പ്രവർത്തനം താറുമാറാകാതെ നിവൃത്തിയില്ല. ഡോക്ടർ രോഗനിർണ്ണയം നടത്തുന്നതുപോലെ വേണം ഒരു മാനേജ്‌മെന്റ് വിദഗ്ധൻ പ്രശ്‌നത്തെ നിർണ്ണയിക്കാൻ. ശരിയായ രോഗനിർണ്ണയമല്ലെങ്കിൽ മരുന്നു നിർദ്ദേശിക്കുന്നതും തെറ്റിയേ പറ്റൂ. തെറ്റിയ മരുന്നു കഴിച്ചാൽ രോഗം മാറില്ല എന്നു മാത്രമല്ല, ഉള്ള അസുഖം കൂടുതല് വഷളാവുകയും പുതിയ രോഗങ്ങൾ ഉടലെടുക്കുകയും രോഗിക്ക് വേണമെങ്കിൽ നാശം വരികയും ചെയ്യാം. അതുപോലെ തന്നെയാണ് തെറ്റായ പ്രശ്‌നനിർണ്ണയം നടത്തുമ്പോഴും സംഭവിക്കുന്നത്.

 

ഇവിടെ പ്രശ്‌നം കണ്ണാടി മറന്നുവയ്ക്കുന്നതല്ല. മറിച്ച് കണ്ണാടി വയ്ക്കുന്നിടത്തു നിന്ന് എടുക്കാൻ മറന്നുപോകുന്നതാണ്. ഇദ്ദേഹത്തിന്റെ മറവിയാണ് കണ്ണട തിരിച്ചെടുക്കാൻ വിട്ടുപോകുന്നതിനു കാരണം. ചെല്ലുന്നിടത്തൊക്കെ കണ്ണട ഏർപ്പാടാക്കുക വഴി അദ്ദേഹം തന്നെ മറവിയെ പരിപോഷിപ്പിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്. അതായത് മറവിയെ യഥേഷ്ടം വികസിക്കാൻ വിടുക. മറവി ഉണ്ടാകുന്നത് അബോധാവസ്ഥയിൽ ഓരോ പ്രവൃത്തിയിൽ ഏർപ്പെടുന്നതിനാലാണത്. അദ്ദേഹം സംഭാഷണത്തിന്റെ ലഹരിയിൽ മുഴുകിയോ അല്ലെങ്കില് ചിന്തയിൽ മുഴുകിയോ ഒക്കെ യാന്ത്രികമായി അല്ലെങ്കിൽ ശീലവശാൽ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് അറിയാതെയുള്ള ഈ കണ്ണാടിയൂരൽ. മറവി ഇദ്ദേഹത്തെ ചെറുതായി പിടികൂടിത്തുടങ്ങിയതായും ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് പ്രസ്താവിക്കാറുണ്ട്. അതും അപകടമാണ്. കാരണം മറവിയുണ്ടെന്ന് ആത്മാർഥമായി വിശ്വസിച്ചു കഴിഞ്ഞാൽ ക്രമേണ മറവി അങ്ങനെ വിശ്വസിക്കുന്നവരിൽ സംഭവിക്കുമെന്നുള്ളതിൽ സംശയമില്ല.

 

ഇവിടെ മറവിരോഗത്തിന്റെ തുടക്കം കൊണ്ടല്ല അദ്ദേഹം കണ്ണട മറന്നുവയ്ക്കുന്നത്. അശ്രദ്ധയോടെ കണ്ണട ഊരുകയും അത് എവിടെയാണ് വയ്ക്കുന്നതെന്ന് അറിയാതെ വയ്ക്കുന്നതിനാലുമാണത് സംഭവിക്കുന്നത്. ഒന്നുരണ്ടു തീരുമാനമെടുത്താൽ ഈ അശ്രദ്ധയിൽ നിന്ന് അദ്ദേഹത്തിന് നിഷ്പ്രയാസം പുറത്തുവരാൻ കഴിയും. കണ്ണട മറന്നുവയ്ക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തിൽ കയറിക്കൂടിയിരിക്കുന്ന അശ്രദ്ധയെ ഇല്ലാതാക്കി ശ്രദ്ധയിലേക്ക് വരാനും കഴിയും. ബോധപൂർവ്വം മാത്രമേ കണ്ണട ഊരുകയുള്ളു എന്ന്‍ ഒരു തീരുമാനമെടുത്താൽ മതി. കണ്ണിന് ഏതെങ്കിലും അസൗകര്യം തോന്നുമ്പോൾ അല്ലെങ്കിൽ കണ്ണട ആവശ്യമില്ലെന്നു തോന്നുമ്പോൾ. ഓരോ തവണ ഊരുമ്പോഴും ആ കണ്ണടയെ നോക്കി, അതെവിടെയാണ് കവറിലോ മറ്റോ നന്നായി നോക്കിക്കൊണ്ട് ഇട്ടു വയ്ക്കുക. ബോധപൂർവ്വം കണ്ണട ഊരി വച്ചാൽ തന്നെ അതു മറക്കുന്ന പ്രശ്‌നമില്ല. അതുപൊലെ വീട്ടിൽ രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് വയ്ക്കുന്നതിന് ഒന്നുകിൽ സ്ഥിരം സ്ഥലം കണ്ടെത്തുക. ഓരോ തവണ വയ്ക്കുമ്പോഴും ഓർത്തു വയ്ക്കുക. അപ്പോൾ സ്ഥലം മാറിയാലും പിറ്റേന്നു രാവിലെ എവിടെയാണ് ഇരിക്കുന്നതെന്നറിയാൽ തെല്ലും ബുദ്ധിമുട്ടുണ്ടാകില്ല. കണ്ണടയും ശ്രദ്ധയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരു ബന്ധം തന്നെ സൃഷ്ടിക്കുക. അതു പുതിയൊരു കാഴ്ചപ്പാടിനെയും സമ്മാനിക്കും. ഓരോ സ്ഥലത്തു നിന്നും യാത്ര തിരിക്കുമ്പോൾ കണ്ണട എടുത്തോ എന്ന് പരിശോധിക്കാനും തീരുമാനിച്ചാൽ കണ്ണട മാത്രമല്ല, ഓർക്കേണ്ടത് പലതും ഓർക്കാനും സഹായിക്കും.

 

കണ്ണട മറക്കില്ല എന്നതിനുപരി കാഴ്ചപ്പാടിലുണ്ടാകുന്ന മാറ്റമാണ് ഇവിടെ സർഗ്ഗാത്മകമാകുന്നത്. കണ്ണട മറന്നുവയ്ക്കുന്ന ശീലത്തെ മറികടക്കാൻ കൂടുതല് കണ്ണടകൾ വാങ്ങി വിതറാൻ തീരുമാനിക്കുന്നത് സാഹചര്യത്തിന് വ്യക്തി അടിയറവു പറയുന്നതാണ്. അതായത് ഒരു പ്രശ്‌നത്തിന് മുൻപില് കീഴടങ്ങുന്നു. അവിടെ സർഗ്ഗാത്മകമായി ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നു മാത്രമല്ല മറവി വർധിക്കുകയും കാര്യക്ഷമത ഇല്ലാതാവുകയും ചെയ്യുന്നു. എന്നാൽ ഈ മറവിയെ അതിജീവിക്കാൻ ശ്രമിക്കുന്നതു വഴി ഒരു പ്രശ്‌നമുണ്ടാവുമ്പോൾ അതിനെ സർഗ്ഗാത്മകമായി അതിജീവിച്ച് നിലവിലുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കാര്യങ്ങളെ പരിവർത്തനം ചെയ്യിക്കാനുള്ള ശേഷി കൈവരുന്നു. ഇത് കാര്യക്ഷമതയേയും മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമതയേയും ഗണ്യമായി വർദ്ധിപ്പിക്കും. ഒരു ശരാശരി വ്യക്തിയായാലും വകുപ്പ്-സ്ഥാപന മേധാവിയായാലും വേണ്ട അവശ്യകാര്യമാണിത്.