ഉച്ചവെയിലിൽ ചുമർച്ചിത്രമെഴുതുന്ന ബ്രിട്ടീഷ് രാജ്ഞി

താര കൃഷ്ണൻ
Fri, 03-01-2014 03:46:00 PM ;

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് താര

തിരുവനന്തപുരത്തെ തിരക്കേറിയ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടടുത്ത നേരം. ഒന്നാമത്തെ ലിഫ്റ്റിനു മുന്നിൽ തിക്കിത്തിരക്കുന്ന ജനം. ലിഫ്റ്റ്‌ വന്നുനിന്നു. തള്ളിക്കയറാനൊരുങ്ങിയവരെ തടഞ്ഞുകൊണ്ട്, പുറത്തിറങ്ങിയ ഓപ്പറേറ്റർ, ശാന്തനായി എന്നാൽ ഉറപ്പോടെ, ചില നിർദ്ദേശങ്ങൾ നല്‍കി. ആറാമത്തെ നിലയിലേയ്ക്കുള്ളവർ ആദ്യം കയറുക - ആളുകൾ അനുസരിച്ചു. ഇനി അഞ്ചാം നിലക്കാർ, തുടർന്ന് നാല്, മൂന്ന്... അങ്ങനെ ഒന്നാം നിലക്കാരുടെ വരെ ഊഴം വന്നു. ലിഫ്റ്റ് ഉയർന്നുതുടങ്ങി. ഒന്നാം നിലയിൽ വാതിൽ തുറന്നപ്പോൾ ഏറ്റവും ഒടുവിൽ കയറിയവർ പുറത്തിറങ്ങി. അപ്പോൾ രണ്ടാം നിലക്കാർ വാതിലിനടുത്തായി. അവരുടെ സ്ഥലമെത്തിയപ്പോൾ അവരും സുഖമായി പുറത്തിറങ്ങി. അങ്ങനെ ഓരോ നിലയിലും...

 

തിരക്കിനിടയിലും ലിഫ്റ്റിനുള്ളിൽ അല്പം ശാന്തിയും സമാധാനവുമൊക്കെ അനുഭവപ്പെട്ടു. ''ഈ പരിപാടി കൊള്ളാം'' എന്നു ചിലരെങ്കിലും പരസ്പരം പറഞ്ഞു. എല്ലാ മുഖങ്ങളിലും കുഞ്ഞൊരു ചിരി തങ്ങിനിന്നു. smileyഎവിടെ നിന്നോ വന്നു കൂടിയ, പരസ്പരം അറിയാത്ത മനുഷ്യർക്കിടയിൽ ചെറിയൊരു കൂട്ടായ്മ പോലും നാമ്പിടുന്നതായി തോന്നി.

 

സാധാരണ ആശുപത്രികളിലെ ലിഫ്റ്റിൽ ആളുകൾ ഇടിച്ചുകയറുന്നതും ഓരോ നിലയിലും ഇറങ്ങാനുള്ളവർ, വാതിലിനടുത്തെത്താൻ യുദ്ധം നടത്തുന്നതുമേ ഇതിനുമുമ്പു കണ്ടിട്ടുള്ളൂ. ഇവിടെ, ഒരു ലിഫ്റ്റ് ഓപ്പറേറ്റർ, തന്റെ തൊഴിലിൽ കാണിച്ച ശ്രദ്ധയും, അതെങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയും, ആ ആശുപത്രിയിലെത്തുന്ന എത്ര മനുഷ്യർക്കാണു സമാധാനമുള്ള നിമിഷങ്ങൾ സമ്മാനിക്കുന്നത്? ഒപ്പം അയാൾക്കും നല്ല അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുന്നു. ഏതെങ്കിലും മാനേജ്‌മെന്റ്  സ്‌കൂളിൽ പോയി പഠിച്ചിട്ടല്ല അയാൾ തന്റെ ജോലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. തൊഴിലിനോടുള്ള ഇഷ്ടവും അർപ്പണബോധവുമാണ് അയാളുടെ സേവനം മെച്ചപ്പെടുത്തുന്നത്.

 

വിവിധ സ്വഭാവക്കാരായ ധാരാളം ആളുകളുമായി ഇടപെടേണ്ടി വരുന്നതിനാൽ ഇതേ പണി തന്നെ വഴക്കടിച്ചും ഒച്ചപ്പാടുണ്ടാക്കിയും ചെയ്യാം. ഇതേ ആശുപത്രിയിലെ തന്നെ മറ്റൊരു ലിഫ്റ്റിൽ മടങ്ങിവരുമ്പോൾ കണ്ടത് അത്തരമൊരു ചങ്ങാതിയെയാണ്. തിരക്കെത്ര കൂടിയിട്ടും തന്റെ കസേരയെടുത്തു പുറത്തുവെയ്ക്കാൻ പോലും കക്ഷി തയ്യാറില്ല. ഇരിപ്പിടത്തിൽ വേരിറങ്ങിയ മട്ടിൽ പിണങ്ങിയിരിപ്പാണ്. അതിനുള്ളിലെ മനുഷ്യരുടെ മുഴുവൻ ഭാരവും അദ്ദേഹമാണു ചുമക്കുന്നതെന്നു തോന്നും. ഏതു നിലയിലാ ഇറങ്ങേണ്ടതെന്ന് ഇടയ്ക്കിടെ ആരോടെന്നില്ലാതെ ചോദിക്കും. മറുപടി എന്തായാലും വിഷയമില്ല. എല്ലാ ഫ്‌ളോറിലും ലിഫ്റ്റ് ചെന്നു നില്ക്കുന്നു. ഇറങ്ങാനുള്ളവർ ഡോറടയും മുമ്പ് പുറത്തുചാടാനുള്ള വെമ്പലിൽ തിക്കിത്തിരക്കുന്നു. എങ്ങനെയോ പുറത്തെത്തുന്നു. മിനിമം ഒരു കളക്ടറെങ്കിലും ആകേണ്ടിയിരുന്ന എന്നെ ഈ ലോകം വെറുമൊരു ലിഫ്റ്റ് ഓപ്പറേറ്ററാക്കി എന്ന മട്ടിൽ വിരക്തനായി പുള്ളി അതേ ഇരിപ്പു തുടരുന്നു! frown തന്റെ തൊഴിലിനോട് ഇഷ്ടമോ, ആത്മാർത്ഥതയോ ഇല്ലാത്ത ആൾക്ക് അത് മെച്ചമാക്കുന്നതിനെപ്പറ്റി ചിന്തിക്കാനാവുന്നതെങ്ങനെ?

 

ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രസക്തമാണിത്. ശ്രദ്ധാപൂർവ്വം, ആത്മാർത്ഥമായി ആഹ്ലാദത്തോടെ ചെയ്യുമ്പോൾ മാത്രമാണല്ലോ പ്രവൃത്തി ഫലപ്രാപ്തിയിലെത്തുന്നത്.

 

ഐ.ടി മേഖലയിൽ നമ്മുടെ ധാരാളം കുട്ടികൾ ജോലി ചെയ്യുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ തൊഴിൽ കണ്ടെത്താനും സാമാന്യം നല്ല വേതനത്തോടെ ജീവിച്ചു പോകാനും അവരെ പ്രാപ്തരാക്കുന്നു ഈ രംഗം. എന്നാൽ രാത്രി ജോലി ചെയ്യേണ്ടിവരുന്നു, അധികസമയം ഓഫീസിൽ ചിലവഴിക്കേണ്ടിവരുന്നു, ആരോഗ്യം നഷ്ടപ്പെടുന്നു തുടങ്ങിയ പരാതികളും ഒപ്പമുണ്ട്.

 

ഇവിടെ ചില്ലറ തിരിച്ചറിവുകളാണു പ്രധാനം. ചില തൊഴിലുകൾ രാത്രി സേവനം ആവശ്യപ്പെടുന്നവയാകും. അത്, ആ ജോലിയുടെ സ്വഭാവമാണ്. മാറ്റിമറിക്കാൻ എളുപ്പമുള്ള കാര്യമല്ല അത്. പിന്നെ ചെയ്യാനാകുന്നത് തൊഴിലിനോടുള്ള സമീപനം മാറ്റുക എന്നതാണ്. അത്തരമൊരു ജോലി തിരഞ്ഞെടുക്കുന്നതിനു മുമ്പ്, ഇതു തനിക്കിണങ്ങുമോ, ഈ സമയക്രമത്തോടും ജോലി ഭാരത്തോടും പൊരുത്തപ്പെടാനാവുമോ തുടങ്ങിയ അന്വേഷണങ്ങൾ അനിവാര്യം. ഇറങ്ങിത്തിരിച്ചു കഴിഞ്ഞാലും തനിക്കു പറ്റാത്ത പണികളിൽ തുടരാതിരിക്കുകയാകും നന്ന്. എത്രയോ തൊഴിൽമേഖലകളുള്ള ലോകത്ത് ഇഷ്ടമില്ലാത്ത പണികളിൽ തുടരാനുള്ള നിവൃത്തികേട് ആർക്കുമില്ല എന്നോർക്കാം.

 

രാത്രി ജോലി ചെയ്യാൻ നിർബ്ബന്ധിതരായവർ, അതിനനുസ്സരിച്ച് ജീവിതം ക്രമപ്പെടുത്തുകയും, ആരോഗ്യം നിലനിർത്താൻ വേണ്ടത്ര ഉറക്കവും വ്യായാമവും മാനസികോല്ലാസവും ഉറപ്പുവരുത്തുകയും ചെയ്താൽ പോരേ? ഐ.ടി മേഖലയിലെ തൊഴിലവസരങ്ങളുടെ ഗുണഭോക്താക്കളെന്ന നിലയിൽ, മേന്മകൾക്കൊപ്പം തന്നെ ബുദ്ധിമുട്ടും താങ്ങാനുള്ള ബാധ്യത നമുക്കില്ലേ?

 

ഉത്തരവാദിത്തമുള്ള ജോലികളിൽ ഏർപ്പെടുമ്പോൾ തിരക്കു സ്വാഭാവികം. ആരോഗ്യമേഖലയിൽ പണിയെടുക്കുന്ന പലർക്കും സമയബന്ധിതമായി ജോലി തീർത്തു പോകാനോ സമയത്തു ഭക്ഷണം കഴിക്കാനോ പറ്റാറില്ലല്ലോ. സേവനദാതാക്കളായി പ്രവർത്തിക്കുമ്പോൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കുമാണ് പ്രഥമപരിഗണന.

 

തിരഞ്ഞെടുക്കുന്ന ജോലി എന്തായിരുന്നാലും അതിൽ തുടരുന്നിടത്തോളം, നൂറുശതമാനം ആത്മാർത്ഥത പുലർത്തുകയും കഴിയുന്നിടത്തോളം തൊഴിലും തൊഴിലിടവും ആസ്വാദ്യകരമാക്കാൻ യത്നിക്കുകയും ചെയ്യുന്നതല്ലേ നല്ലത്? ചിലപ്പോൾ വിദ്യാഭ്യാസ യോഗ്യതയ്ക്കും കഴിവിനും അനുസ്സരിച്ച ജോലിയാവില്ല നിങ്ങൾ ചെയ്യുന്നത്. കുടുംബപരമായ എന്തെങ്കിലും ഒത്തുതീർപ്പിന്റെ പേരിലോ, നിങ്ങളുടെ തന്നെ ഇച്ഛാശക്തിക്കുറവു കൊണ്ടോ ആകാം അങ്ങനെ വേണ്ടി വരുന്നത്. അത് തിരിച്ചറിഞ്ഞ് യാഥാർത്ഥ്യബോധം പുലർത്തുകയല്ലേ നന്ന്? നമ്മുടെ ജീവിതസാഹചര്യത്തിൽ, ഒരുപാടു സമയവും ശ്രദ്ധയും യാത്രകളും ഉത്തരവാദിത്തവുമൊക്കെ ആവശ്യപ്പെടുന്ന ജോലികൾ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതിനനുസ്സരിച്ച പണികൾ തേടുകയാവും ബുദ്ധി. മികച്ച കരിയർ തിരഞ്ഞെടുത്ത ശേഷം അവിടെ ഒത്തുതീർപ്പുകൾ ആവശ്യപ്പെട്ട്, രണ്ടാം തരം പൗരരാകുന്നത് നിങ്ങൾക്കും കൂടെ ജോലി ചെയ്യുന്നവർക്കും ബുദ്ധിമുട്ടേ ഉണ്ടാക്കൂ.

 

ഗുമസ്തപ്പണിക്കു വന്ന എൻജിനീയറിംഗ് ബിരുദധാരിയെക്കുറിച്ച് മേലുദ്യോഗസ്ഥ പറഞ്ഞ കാര്യം ഓർക്കുന്നു. എൻജിനീയറിംഗ് കഴിഞ്ഞതല്ലേ, മിടുക്കനായിരിക്കും നന്നായി ജോലി ചെയ്യും എന്നൊക്കെ പ്രതീക്ഷിച്ചു. പക്ഷേ, വന്നപ്പോഴോ, 'നിങ്ങളെന്നെ ഗുമസ്തനാക്കി' എന്നൊരു ഭാവം. no ജോലി മനസ്സിലാക്കാനോ പഠിക്കാനോ ശ്രമിക്കാതെ ഞാനിതൊന്നും ചെയ്യേണ്ടവനല്ല, എനിക്കു വേറെ നല്ല പണി കിട്ടും എന്നും പറഞ്ഞിരുപ്പാണ്. ആരും നിർബ്ബന്ധിച്ചിട്ടല്ല അയാളവിടെ ജോലിക്കു വരുന്നത്. മെച്ചപ്പെട്ട ജോലികിട്ടി പോകുമെങ്കിൽ അതും നല്ല കാര്യം. പക്ഷേ അവിടെ തുടരുന്നിടത്തോളം ആ ജോലി ഭംഗിയായി ചെയ്യാൻ അയാൾ ബാധ്യസ്ഥനാണ്. അതിനാണ് ശമ്പളം നല്‍കുന്നത്. പത്താംക്ലാസ്സു തോറ്റ പ്യൂണിനെക്കൊണ്ടുള്ള പ്രയോജനം പോലും അയാളെക്കൊണ്ടില്ലെങ്കിൽ അധിക വിദ്യാഭ്യാസ യോഗ്യത കൊണ്ട് ആർക്ക് എന്തു മെച്ചമാണുള്ളത്?

 

ഇനി മറ്റൊരു കൂട്ടരുണ്ട്. ജോലിയിലെ ബുദ്ധിമുട്ടുള്ള വിഭാഗങ്ങളിൽ നിന്നെല്ലാം സ്ഥിരമായി ഒഴിഞ്ഞു നില്ക്കാൻ ശ്രമിക്കുന്നവർ. എന്തെങ്കിലും തരത്തിൽ തട്ടുകേട് വരാനിടയുള്ള കാര്യങ്ങളൊന്നും ഏല്‍ക്കില്ല. തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ, അത്തരത്തിലൊരാളെ അല്പം ശ്രദ്ധയും അധ്വാനവും ആവശ്യമുള്ള ജോലി ഏല്‍പ്പിച്ചതിനെക്കുറിച്ച് ഒരു സുഹൃത്തിന്റെ കമന്റ് ഇങ്ങനെ - ''ശ്ശോ, എനിക്കിന്നു തീരെ സ്വസ്ഥത കിട്ടുമെന്നു തോന്നുന്നില്ല. അവരെ ഞാൻ അവർക്കു തീരെ ഇഷ്ടമില്ലാത്ത ഡ്യൂട്ടി ഏല്പിച്ചിരിക്കുകയാണ്. സാധാരണക്കാരെപ്പോലെയല്ലല്ലോ! ബ്രിട്ടീഷ് രാജ്ഞിയെ പിടിച്ച് ചുമർ ചിത്രം വരയ്ക്കാൻ വെയിലത്തു നിർത്തുമ്പോലെയല്ലേ? കുട പിടിച്ചു കൊടുക്കാൻ, ആളു വേണം. ടിഷ്യൂ പേപ്പർ കൊണ്ടു മുഖം തുടച്ചു കൊടുക്കാൻ, ഇടയ്ക്കിടെ മുഖം മിനുക്കിക്കൊടുക്കാൻ, ശീതള പാനീയങ്ങൾ കൊടുക്കാൻ, ഒക്കെ വമ്പിച്ച സപ്പോർട്ട് സിസ്റ്റം ആവശ്യമുള്ള കേസാ, ഞാൻ മിക്കവാറും ഇന്നു കുഴയും.''

 

തന്റെ തൊഴിലിനോട് അല്പം പോലും ആഭിമുഖ്യമില്ലാത്തതു കൊണ്ടല്ലേ ചിലർ അങ്ങനെയാകുന്നത്? സഹപ്രവർത്തകർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമുക്കും ചെയ്യാൻ കഴിയേണ്ടേ? തുല്യവേതനവും തുല്യ മാന്യതയും സുരക്ഷിതത്ത്വവുമെല്ലാം ലഭിക്കുമ്പോൾ ചിലർ മാത്രം ജോലിയിൽ ഇളവുകൾ തേടുന്നതു അവരുടെ മിടുക്കായി ഒരിക്കലും കണക്കാക്കപ്പെടില്ല എന്നോർക്കുക.

 

ഇത്തരത്തിലൊക്കെ ആകുകയാണോ വേണ്ടത്? തൊഴിൽ തേടുന്ന പുതുതലമുറയുടെ ചിന്തയ്ക്കായി വിടുന്നു.