കണ്ണുതള്ളിപ്പോയ ടീച്ചറമ്മ

Glint Guru
Tue, 26-11-2013 02:50:00 PM ;

ഏഴാം ക്ലാസ്സുകാരൻ. ഉമ്മ പബ്ലിക് സ്‌കൂൾ അധ്യാപിക. ഒരു ദിവസം മകൻ വന്ന് ഉമ്മയോട് ഒരു സംഭവകഥ വിവരിച്ചു. ഉമ്മ അതു കേട്ട് തരിച്ചുനിന്നുപോയി. ഉപ്പ മൾട്ടിനാഷണൽ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനാണ്. തന്റെ ഭർത്താവിനോട് പോലും മകൻ പറഞ്ഞ കഥ അതേരൂപത്തിൽ പറയാൻ അവർക്കു പറ്റുന്നില്ല. മകൻ സ്‌കൂൾ വിട്ട് നടന്നുവരുമ്പോൾ കണ്ടതും കേട്ടതുമായ കഥയാണ്. കണ്ടത് കുഴപ്പമില്ല. എന്നാൽ ആ കഥയിലെ നായകൻ പറഞ്ഞ കഥയാണ് പ്രശ്‌നം. സ്‌കൂൾ വിട്ടുവരുമ്പോൾ കഥയിലെ നായകൻ ക്ലാസ്സിലെ ഒരു പെൺകുട്ടിയുടെ നേർക്ക് നേരേചെന്ന് ഇപ്പോഴത്തെ സിനിമയിലെപ്പോലെ ചുംബിക്കാൻ ശ്രമിച്ചു. പക്ഷേ പെൺകുട്ടി പഴയ സിനിമയിലെ നായികയെപ്പോലെ പെട്ടന്ന് ഒഴിഞ്ഞുമാറി. നായകൻ പത്തോന്നു പറഞ്ഞ് മറിഞ്ഞു വീണു. പിന്നിൽ പുൽത്തകിടിക്കുപകരം സാദാ റോഡായിരുന്നതിനാൽ അൽപ്പം പെയിന്റ് പോവുകയും ചെയ്തു. അവിടെനിന്ന് സടകുടഞ്ഞെഴുന്നേറ്റു വന്ന നായകൻ തന്റെ കൂട്ടുകാരുടെയടുത്ത് നായകത്വം നിലനിർത്താനെന്നവണ്ണം പറഞ്ഞ കഥയാണ് മകൻ വന്ന് ഉമ്മയോട് പറഞ്ഞിരിക്കുന്നത്. ആ കഥയെന്താണെന്നാൽ ഒരു ദൃക്‌സാക്ഷിവിവരണം. ആ കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുള്ള ചില സ്വകാര്യ നിമിഷങ്ങൾ വള്ളിപുള്ളി വിടാതെ . അതാണ് അതേപടി തന്റെ ഭർത്താവിനോടു പോലും പറയാൻ ഈ ഉമ്മട്ടീച്ചർക്ക് മടി. ഉപ്പയും കുഴങ്ങി. എങ്ങനെയാണ് ഈ വിഷയം കൈകാര്യം ചെയ്യുക. അതുവരെ പേടിച്ചിരുന്ന എന്തോ ഒന്ന് സംഭവിച്ച മാതിരി ഇരുവരും എരിപിരിസഞ്ചാരം കൊണ്ടു.

 

ഈ ഉമ്മട്ടീച്ചറാണെങ്കിൽ തന്റെ സ്‌കൂളിൽ കൗമാരക്കാരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാറുണ്ട്. പ്രിൻസിപ്പൽ മാഡത്തിന്റെ വിശ്വാസം ഈ ടീച്ചർ ഇത്തരം വിഷയങ്ങൾ അതിവിദഗ്ധമായി കൈകാര്യം ചെയ്യും എന്നാണ്. അതിനാൽ പ്രശ്‌നങ്ങളുമുണ്ടാവുമ്പോൾ ഈ ടീച്ചറെയാണ് കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുന്നത്. അത്തരം ചില സന്ദർഭങ്ങളിൽ കുട്ടികളുടെ രക്ഷകർത്താക്കളുമായും സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഒരു കൗൺസലറെന്ന് അനൗദ്യോഗിക പരിവേഷം കൂടി ഈ ഉമ്മട്ടീച്ചർക്കുണ്ട്. അതിനുപരി ആഴ്ചയിലൊന്നോണമെങ്കിലും ഇത്തരം വിഷയങ്ങളിലുള്ള ക്ലാസ്സുകളും വർക്ക്‌ഷോപ്പുകളുമൊക്കെ സ്‌കൂളിൽ നടക്കാറുമുണ്ട്. അതിലെല്ലാം കൗമാരക്കാരായ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും പ്രശ്‌നങ്ങൾ പൊതുവായി പരാമർശിക്കും. അതിനുശേഷം അധ്യാപകർക്ക് അവിടെ നിർവഹിക്കാനുള്ള ക്രിയാത്മകമായ പങ്കിനേക്കുറിച്ചായിരിക്കും കൂടുതൽ ചർച്ചചെയ്യപ്പെടുക. പക്ഷേ രക്ഷകർത്താക്കൾക്കുള്ള പരിശീലനപരിപാടിയിൽ താൻ ഇതുവരെ പങ്കെടുത്തിട്ടില്ലെന്നു ഈ ഉമ്മട്ടീച്ചർ ആലോചിച്ചത് അപ്പോഴാണ്. എന്താണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടതെന്ന് ഒരു ടീച്ചർ എന്ന നിലയ്ക്ക് അവർ ആലോചിച്ചുനോക്കി. സ്‌കൂളിലെ കുട്ടികളോട് സംസാരിക്കുന്നതുപോലെ തനിക്ക് തന്റെ മകനോട് സംസാരിക്കാൻ കഴിയുന്നില്ലെന്നും ഈ ഉമ്മട്ടീച്ചർ മനസ്സിലാക്കി. വളരെ രഹസ്യമായ ചില കാര്യങ്ങളൊക്കെ തന്റെ സ്‌കൂളിലെ ഈ പ്രായക്കാരും ഇതിനേക്കാൾ മുതിർന്നവരുമായി സംസാരിച്ചിട്ടുള്ളതൊക്കെ അവർ ഓർത്തു. പക്ഷേ അതിൽ നിന്നൊന്നും അവർക്ക് ഉത്തരം കിട്ടുന്നില്ല.

 

താൻ മകനിൽ നിന്നു കേട്ടകാര്യം തന്റെ ഭർത്താവിനോട് അതേപടി പറഞ്ഞത് താൻ തന്റെ മകനോട് ചെയ്ത വിശ്വാസവഞ്ചനയായിപ്പോയോയെന്നും ഭർത്താവിന്റെ മുഖഭാവം കണ്ടപ്പോൾ ഈ ഉമ്മട്ടീച്ചർക്ക് തോന്നി. ഇപ്പോൾ മകന്റെ പ്രശ്‌നത്തേക്കാൾ ഭർത്താവിന്റെ പ്രശ്‌നമാണോ തന്നെ അലട്ടുന്നതെന്നു കൂടി അവർ ചിന്തിച്ചുപോയി. തനിക്കിനി പഴയതുപോലെ അവന്റെ മുഖത്തു നോക്കാൻ കഴിയില്ലെന്നുള്ള ഭർത്താവിന്റെ പ്രസ്താവനയാണ് അവരെ അസ്വസ്ഥയാക്കിയത്. ഇതൊക്കെപ്പറയുമ്പോഴും തന്റെ മകന്റെ നിഷ്‌കളങ്ക മുഖഭാവവും ആ കഥ പറഞ്ഞതിലെ നിഷ്‌കളങ്കത്വവും അവർ ആത്മഗതമായി ഓർക്കുന്നത് അവരിൽ തെളിഞ്ഞു. ഈ സാഹചര്യത്തിൽ വികാരങ്ങളെ മാറ്റിനിർത്തിയതിനു ശേഷം നോക്കുകയാണെങ്കിൽ പ്രത്യക്ഷത്തിൽ ഒരേയൊരു വിഷയമേ ഉള്ളു. ആ ഏഴാംക്ലാസ്സുകാരൻ പ്രകൃതിക്കനുസൃതമായി വളരുന്നു. അവൻ കൗമാരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരിക്കുന്നു. മൃഗങ്ങളെപ്പോലെയല്ല മനുഷ്യന്റെ കാര്യത്തിൽ. അതിനാൽ അവന്റെ രക്ഷിതാക്കളുടെ പ്രത്യേക കരുതൽ അഥവാ ശ്രദ്ധ ഈ സമയത്ത് കുട്ടികളിൽ വേണ്ടത് ആവശ്യമാണ്. പ്രകൃതി നൽകിയ ആ അറിയിപ്പാണ് ഈ ഏഴാംക്ലാസ്സുകാരൻ വന്ന് അവന്റെ ഉമ്മയോട് പറഞ്ഞത്. ആ കുട്ടിയുടെ ഭാഗത്തുനിന്ന് അവന്റെ കൗമാരത്തിന്റെ കവാടം മലർക്കെ അവന്റെ അമ്മയുടെ മുന്നിൽ തുറന്നിട്ടിരിക്കുന്നു. എന്നുവെച്ചാൽ അവന്റെ രക്ഷിതാക്കളുടെ മുന്നിൽ. അതിൽകൂടി പ്രവേശിച്ച് അവന്റെ കൗമാരകാലത്ത് സൗഹൃദവും സന്തോഷവും പങ്കിട്ട് മുന്നോട്ട് നീങ്ങണോ എന്നു തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്.

 

രക്ഷിതാക്കൾക്ക് എന്തുകൊണ്ട് ഈ പ്രവേശനം സാധ്യമാകുന്നില്ല? മകൻ കഥ പറഞ്ഞപ്പോഴേക്കും ഉമ്മയുടെ കണ്ണു തള്ളി. രതിയെക്കുറിച്ച് പല കാരണങ്ങൾ കൊണ്ട് ഉള്ളിൽ പ്രവേശിച്ചിട്ടുള്ള അബദ്ധധാരണകൾ അതേപടി അവരിൽ സജീവം. അതിനെ മനുഷ്യന്റെ സാംസ്‌കാരികതയിലേക്കും സൗന്ദര്യത്തിലേക്കും അറിഞ്ഞ് ഉയരുന്നതിന് കഴിയാത്തതിന്റെ പ്രത്യക്ഷഫലം. ഇതിൽ സ്വന്തം ഭർത്താവിനോടു പോലും ലൈംഗികകാര്യങ്ങൾ തുറന്നുപറയുന്നതിൽ മടികാണിക്കുന്ന ഭാര്യയെ നയിക്കുന്നത് എന്തെന്ന് നോക്കുക. നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന അച്ചടക്കമില്ലാത്ത ലൈംഗിക സ്വഭാവത്തിന്റെയും കുറ്റകൃത്യങ്ങളുടേയുമൊക്കെ മൂലകാരണങ്ങളെ ഈ ടീച്ചറുടെ സങ്കൽപ്പങ്ങളിൽ നിന്ന് വായിച്ചെടുക്കാം. തന്റെ ഭർത്താവിനോട് മകൻ പറഞ്ഞ കാര്യങ്ങൾ അതേ പടി ആവർത്തിക്കാൻ അവർക്ക് കഴിയാതെ വന്നത് രതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെ മോശമായി കാണുന്നതുകൊണ്ടോ പാപമായി കാണുന്നുതുകൊണ്ടോ ആണ്. മനുഷ്യന്റെ രതിയെ മൃഗങ്ങളിൽ കാണുന്നതുപോലുള്ള വാസനാസമമായി കാണുന്നതാണ് പാപം അഥവാ തെറ്റിദ്ധാരണ. മനുഷ്യൻ കിടന്ന് ഞെരുങ്ങുന്നത് നോക്കൂ. അപാരമായ ആനന്ദം ലഭ്യമാകുന്ന ഒന്നിനെ പാപമായി കാണാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ അത് കുറ്റകൃത്യത്തിലേർപ്പെടുന്നതു പോലെ ഏർപ്പെടേണ്ട ഒന്നാണെന്ന ധാരണ അറിയാതെ സമൂഹമനസ്സിന്റെ അടിത്തട്ടിലേക്ക് കയറിക്കൂടുന്നു. സമൂഹമെന്നുപറഞ്ഞാൽ ഓരോ വ്യക്തിയിലും.

 

ഇതാണ് വനിതാ പ്രസിദ്ധീകരണങ്ങൾ എല്ലാ ലക്കത്തിലും ഏതെങ്കിലും ശാസ്ത്രീയതയുടെ കൂട്ടുപിടിച്ച് ഇക്കിളി കൊള്ളിക്കുന്ന രഹസ്യകാര്യങ്ങള്‍ പരസ്യമായി എഴുതിവിട്ട് അവർ പ്രചാരം വർധിപ്പിക്കുന്നത്. യഥാർഥത്തിൽ ഓരോ തവണ വായിക്കുമ്പോഴും വായിക്കുന്ന വ്യക്തി ആണായാലും പെണ്ണായാലും ഒന്നാംതരം മാനസികരോഗിയായി മാറുന്നു എന്നതാണ് സത്യം. ഗുഹ്യമായതിനെ വിജ്ഞാനത്തിന്റെ പൗഡറിട്ട് പൂശി ഒന്നാംന്തരം ഒളിഞ്ഞുനോട്ടം ശീലിപ്പിക്കുകയും ഒളിഞ്ഞുനോട്ടസുഖം ലഭ്യമാക്കുകയും ചെയ്യുന്ന പൈങ്കിളിക്കാര്യങ്ങൾ എഴുതിവയ്ക്കുന്നു. അതിനാൽ രതി എത്രതന്നെ പരസ്യമായി ചർച്ച ചെയ്താലും വായിച്ചാലും ഒളിഞ്ഞുനോട്ടത്തെ നിലനിർത്താൻ ഈ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും ശ്രദ്ധിക്കുന്നു. കാരണം അതു നഷ്ടമായാൽ ബാധിക്കുക അവരുടെ വരുമാനത്തെ. അതായത് സെക്‌സ് വിഷയങ്ങൾ വിപണനം ചെയ്യുന്ന പ്രക്രിയ. ഈ മനശ്ശാസ്ത്രത്തിന്റെ കാഴ്ചയാണ് മനുഷ്യനിൽ ഉണ്ടാവുന്ന പ്രായമാറ്റത്തേയും രതിയേയുമൊക്കെ ഒളിഞ്ഞുനോട്ട സംസ്‌കാരത്തിലൂടെ കാണുന്നതിന് വിദ്യാസമ്പന്നരായ ഈ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. ആ കുട്ടിയിലും ചെറിയ തോതിൽ ഈ തോന്നലുകളുടെ നേരിയ അംശങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാരണം ആ കുട്ടിയെ സംബന്ധിച്ച് കഥയിലെ നായകൻ പറഞ്ഞ രീതി. അതേസമയം പറഞ്ഞതിലെ ഗോപ്യത. അത് കേട്ടപ്പോൾ അതുവരെ തോന്നിയിട്ടില്ലാത്ത ഏതോ വികാരങ്ങളുടെ ചെറുരശ്മികൾ തന്നിലൂടെ സഞ്ചരിക്കുന്നതിന്റെ അനുഭവം. തന്നെ കൂടുതൽ അറിയാവുന്നത് അമ്മയ്ക്കാണെന്ന് അവൻ കരുതി. അതുകാരണം അത് അമ്മയുടെയടുത്ത് വന്ന് പറഞ്ഞു. കാരണം അവന് അത് പറയാതിരിക്കാനും കഴിയുന്നില്ല. പരസ്യമായി പറയാൻ പാടില്ലാത്തതാണെന്നും എന്നാൽ അതു ഓർക്കുമ്പോൾ എന്തോ രസം അനുഭവിക്കുന്നതുമാണെന്ന് ആ കുട്ടി അറിയുന്നു. ഈ പ്രാഥമിക ധാരണയ്ക്ക് വളർച്ചയില്ലാതെ വരുന്നതാണ് മുഖ്യധാരാ സമൂഹത്തിലേക്ക് നോക്കിയാൽ കാണുന്നത്. അങ്ങിനെ കുറ്റവാസനയുടെ കുടെ സഹവസിച്ച് ഈ ഉദാത്തവികാരവും സംസർഗം കൊണ്ട് വഷളായിപ്പോകുന്നു. എഴുപത്തിയേഴുകാരനും അയൽപക്കത്തെ കുളിമുറിയിൽ എത്തിനോക്കിയതിന് പിടിയിലാവുന്നതും പത്തുമാസം പോലും തികയാത്ത മുട്ടിൻമേൽ പോലും നടന്നു തുടങ്ങിയിട്ടാല്ലാത്ത കുഞ്ഞുങ്ങൾ ബലാൽസംഗത്തിനിരയാവുന്നതുമൊക്കെ ഈ മനോനിലയുടെ വിവിധരൂപങ്ങളാണ്.

 

ഈ ഏഴാംക്ലാസ്സുകാരൻ കഥ പറഞ്ഞുനിർത്തിയപ്പോൾ അവനെ ഉമ്മവച്ച് കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവച്ച് അവനെ അടുത്തിരുത്തി അവൻ പറയാനുള്ളത് കേട്ടിരുന്നുവെങ്കിൽ അവന്റെ കഥകൾ കേൾക്കുന്ന കൂട്ടുകാരിയായി അവൻ അവന്റെ ഉമ്മയെ അറിയുമായിരുന്നു. അതുകഴിഞ്ഞ് അവനോട് ആ ഉമ്മയ്ക്ക് വളരെ സ്‌നേഹത്തോടും അതേ സമയം യാതൊരു ഇക്കിളിത്തരവുമില്ലാതെ കാര്യങ്ങൾ പറയാവുന്നതാണ്. ആ കുഞ്ഞുമനസ്സിൽ അപ്പോൾ പറഞ്ഞു കൊടുക്കന്നത് വിത്തായിത്തന്നെ ആ ഇളകിയ നിലത്ത് വീഴുമായിരുന്നു. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തേക്കുറിച്ചും അവനോട് ആ അമ്മയ്ക്ക് പറയാം. ഇത് ഈ ചോദ്യം ഉണ്ടാവുന്നതിന് മുൻപ് തന്നെ അവന്റെ അച്ഛൻ അവനോട് ക്രമേണ ഇതിനേക്കുറിച്ചൊക്കെ പറഞ്ഞിരുന്നുവെങ്കിൽ കഥയിലെ നായകൻ കഥ പറഞ്ഞപ്പോൾ അവൻ അതു കേൾക്കുന്നത് മറ്റൊരു വിധത്തിലാകുമായിരുന്നു. കൗമാര പ്രായത്തിൽ ആൺകുട്ടികളിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നതോടൊപ്പം പെൺകുട്ടികളിൽ എങ്ങനെയാണ് മാറ്റങ്ങൾ വരുന്നതെന്നും ആ കുട്ടിക്ക് പറഞ്ഞുകൊടുക്കുകയാണെങ്കിൽ അതവനിൽ അനാവശ്യമായ ഇക്കിളികളെ ഒഴിവാക്കുന്ന പ്രക്രിയ കൂടിയാകുമായിരുന്നു അത്. മാത്രവുമല്ല വളരുമ്പോൾ വ്യക്തവും സൗന്ദര്യാത്മകവുമായ സൗഹൃദം പെൺകുട്ടികളുമായി നിലനിർത്തുന്നതിനും അവനതു സഹായകമാകുമായിരുന്നു. കാരണം സ്ത്രീകളുടെ പ്രത്യേകതകളേക്കുറിച്ച് അമ്മയിൽ നിന്ന് കേട്ടുവളരുന്ന കുട്ടിയുടെ ഉള്ളിലെ പ്രഥമ സ്ത്രീ സങ്കൽപ്പം അവന്റെ അമ്മ നിക്ഷേപിക്കുന്നതായിരിക്കും. അതിനാൽ തന്നെ അങ്ങനെയുള്ള കുട്ടി വലുതായാലും സ്ത്രീകളെ അപമാനിക്കുന്ന വിധം ഏറിയകൂറും പ്രവർത്തിക്കാനിടയില്ല. കുറ്റകൃത്യങ്ങളുടെ പേരിൽ പ്രത്യേകിച്ചും ലൈംഗിക കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പിടിയിലാവുന്നവരുടെ കാര്യം പൊതുവേ പരിശോധിച്ചു നോക്കിയാലറിയാം, അവരുടെ അമ്മമാരുമായുള്ള ബന്ധം അത്ര ഹൃദ്യമായിരുന്നില്ലെന്ന്. ഇന്നിപ്പോൾ സ്ത്രീകുറ്റവാളികളും ഏറുന്ന സാഹചര്യത്തിൽ അവരുടെ കാര്യത്തിലും അത് ബാധകം തന്നെ. ഇതുവരെ വായിച്ചാൽ തോന്നും അമ്മമാരുടെ കുഴപ്പം മാത്രം കൊണ്ടാണ് സമൂഹത്തിൽ കുറ്റവാസന പെരുകുന്നതെന്ന്. അമ്മമാരുടെ പങ്ക് നിര്‍ണ്ണായകമാണ്. അമ്മമാർ ആ അവസ്ഥയിലേക്കുയരണമെങ്കിൽ അച്ഛന്മാരും ഉയർന്നേ മതിയാകു. അവിടെയാണ് സമാനമല്ലാത്ത എന്നാൽ സഹധർമ്മത്തിലേക്ക് അമ്മയും അച്ഛനും എന്ന ദമ്പതിമാർ പ്രവേശിക്കേണ്ടത്.

 

 

മകൻ ഏഴാംക്ലാസ്സിലെത്തിയിട്ടും ഇക്കിളിയില്ലാതെ സ്വന്തം ഭർത്താവിനോട് ലൈംഗികകാര്യം പറയാൻ ഭാര്യയ്ക്ക് പറ്റുന്നില്ലെങ്കിൽ അതിനുത്തരവാദി ഭാര്യയല്ല. മനുഷ്യൻ മൃഗത്തിന്റെ തലത്തിൽ രതിയിലേർപ്പെടുന്നതും അതിന്റെ കാര്യങ്ങൾ പറഞ്ഞും ഓർത്തും സുഖിക്കുന്നതിനാണ് പൈങ്കിളി എന്നു പറയുന്നത്. പൈങ്കിളി ഇക്കിളിയുണ്ടാക്കും. ഇക്കിളിയാണ് സുഖമെന്ന് പൈങ്കിളിയിൽ കരുതിവശാവുകയും ചെയ്യും. വാസ്തവത്തിൽ രതിസുഖമറിയാതെ ജീവിതം അവസാനിക്കും. പൈങ്കിളിയാവുന്നതുകൊണ്ടാണ് പരുപുരുഷബന്ധവും പരസ്ത്രീബന്ധവും ഉണ്ടാവുന്നത്. കാരണം രതിയുടെ ആത്മീയ സുഖം മൃഗതുല്യമായ പെങ്കിളിയിൽ കിട്ടില്ല. എന്നാൽ അതു തേടിക്കൊണ്ടിരിക്കുകയും ചെയ്യും. തന്നോടൊപ്പമുള്ളവരിൽ നിന്ന് അത് കിട്ടുന്നില്ല എന്ന അറിവ് സജീവവുമാകും. കാരണം അത് സത്യമാണ്. അപ്പോഴാണ് തന്നോടൊപ്പമുള്ള ഇണയിലല്ല പുറത്തുള്ളവരിലാണെന്ന് ധരിച്ചുവശാവുന്നത്. അവസരം കിട്ടുമ്പോൾ പെട്ടുപോകുന്നു. സമൂഹത്തിന്റെ കാർക്കശ്യങ്ങളും സംസ്‌കാരത്തിന്റെ പേരിൽ സ്വയം അടിച്ചേൽപ്പിക്കപ്പെട്ട ബലനിയന്ത്രണങ്ങളും കൊണ്ട് കുടുംബമെന്ന ചട്ടക്കൂട് കുറേയൊക്കെ ആ തേടലിനെ അടിച്ചമർത്തി നിർത്തിയിരുന്നു. പൈങ്കിളിസാഹിത്യവും മാധ്യമപ്രവർത്തനവും സീരിയലുകളും സമൂഹവിരുദ്ധവും കുറ്റകൃത്യവുമാകുന്നതിവിടെയാണ്. ആ ഏഴാംക്ലാസ്സുകാരനോട് വൻവിദ്യാഭ്യാസമുള്ള പിതാവിന്റെ സമീപനം നോക്കൂ. സ്വന്തം മകനെ അതുവരെ കണ്ട രീതിയിൽ കാണാൻ കഴിയില്ലത്രെ. സ്വന്തം മകൻ ഷണ്ഡനായി വളരണമെന്നാണ് ആ പിതാവിന്റെ ആഗ്രഹമെന്നു തോന്നും.

 

ഉപ്പയും മകനെ സ്‌നേഹിക്കുന്നുണ്ടാകും. പക്ഷേ ഇരുവരും തമ്മിലുള്ള ആശയവിനിമയം തീരെ ഇല്ല. അതുണ്ടാക്കുകയാണ് ആ ഉപ്പ അടിയന്തിരമായി ചെയ്യേണ്ടത്. അതുകൊണ്ട് പെട്ടന്ന് ആ കുട്ടിയെ വിളിച്ചിരുത്തി കൗമാരത്തേപ്പറ്റിയും അപ്പോൾ മാറുന്ന മനസ്സിനേയും ശരീരത്തേയും പറ്റിപ്പറഞ്ഞാൽ സംഗതി പാളും. അവനിലുണ്ടാവുന്ന മാറ്റങ്ങൾ അഭിലഷണീയമാകില്ല. ആദ്യമായി ഈ പിതാവ് താൻ എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അവൻ എന്തുകൊണ്ട് തന്നോട് കഥ പറയുന്നില്ല. കാരണം ഉപ്പ കേൾവിക്കാരനല്ല. അതിനാൽ അവന്റെ കേൾവിക്കാരനാകുക. അവന്റെ ക്ലാസ്സിലെ കാര്യങ്ങളും കൂട്ടുകാരുടെ വിശദമായ കാര്യങ്ങളും സ്‌കൂളിലെ ചെറിയ ചെറിയ സംഭവങ്ങളേക്കുറിച്ചും ക്ലാസ്സിലെ പെൺകുട്ടികളേക്കുറിച്ചുമൊക്കെ സംസാരിക്കുക. കേൾവിക്കാരനാകുമ്പോൾ ഈ ഉപ്പയ്ക്ക് അവന്റെ സ്‌കൂളിലെ ഓരോ നിമിഷവും കാണാൻ കഴിയും. അവൻ സ്‌കൂളിൽ കാണുന്ന ഓരോ കാര്യങ്ങളും അവന് ഉപ്പയോട് പറയാനുള്ളതാകും. അവനിൽ താൻ പ്രധാനപ്പെട്ടവനാണെന്നും വിലയുള്ളവാനാണെന്നുമുള്ള ബോധം അവന് അവനേക്കുറിച്ചുള്ള അഭിമാനത്തെ വർധിപ്പിക്കും. താന്‍ തഴയപ്പെടുന്നവനാണ് എന്ന ബോധം അങ്ങിനെയുള്ളവരെ പിടികൂടില്ല. ഈ ഏഴാംക്ലാസ്സുകാരൻ അധികം നാൾ കഴിയുന്നതിനു മുൻപുതന്നെ വളരെ സന്തോഷവാനാകും. എല്ലാം പറയാവുന്ന ഒരാളാണ് തന്റെ പിതാവെന്ന ധാരണ അവനിലുണ്ടാകും. ഇതിനിടെയുണ്ടാവുന്ന അബദ്ധങ്ങളും പോരായ്മകളുമൊക്കെ ചർച്ചയ്ക്കും വിശദീകരണത്തിനും വിധേയമാക്കാം. അവിടെയൊക്ക അവനെ കുറ്റപ്പെടുത്താതെ ഇതൊക്കെ സ്വാഭാവികമാണെന്നും ഇങ്ങനെയാണ് കാര്യങ്ങൾ അനുഭവത്തിലൂടെ പഠിക്കുന്നതുമെന്നൊക്കെ ആ കുട്ടിയുമായി പങ്കുവയ്ക്കുമ്പോൾ അവനിൽ കുറ്റബോധമെന്ന അപകടകരമായ വികാരം ഉണ്ടാകാതെ മാറിനിൽക്കും. വ്യക്തി എന്ന നിലയിൽ അവന്റെ വിജയമായിരിക്കുമത്. അവനുണ്ടാകുന്ന അബദ്ധങ്ങൾ അവന്റെ പാഠപുസ്തകവുമാകും. അവന് വഴിതെളിയും. അവൻ അക്രമങ്ങളിൽ നിന്ന് സ്വമേധയാ പിൻവാങ്ങും. ഇവ്വിധം കടന്നു വരാത്തവരാണ് വാക്കുകൊണ്ടും ശരീരംകൊണ്ടും പരസ്പരം ആൾക്കാരെ പലവിധം മുറിവേൽപ്പിച്ച് അതാണ് കേമമെന്നും പ്രതികരണമെന്നും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമെന്നും കരുതി സമൂഹത്തിൽ ജീവിക്കുകയും അവയെയൊക്കെ മാതൃകാസ്വഭാവമാക്കി സ്ഥാപിച്ചെടുക്കുകയും ചെയ്യുക.

Tags: