മിക്‌സി കണ്ടു പേടിച്ച കുഞ്ഞും അതു കണ്ടു പേടിച്ച അമ്മയും

Mon, 29-05-2017 12:20:20 PM ;

 

ഒരു വയസ്സിനോടടുക്കുന്ന കുഞ്ഞ്. ലോകവുമായുള്ള അവന്റെ പരിചയം അതിദ്രുതമെന്നവണ്ണം സംഭവിക്കുന്ന കാലഘട്ടം. ഒരു ദിവസം അവൻ അമ്മയുടെ ഒക്കത്തിരുന്ന് അടുക്കളയിൽ. അടുക്കളയിൽ അമ്മ ഏർപ്പെടുന്ന ജോലികളൊക്കെ അവൻ സാകൂതം വീക്ഷിക്കുന്നു. പെട്ടന്ന് അമ്മ മിക്‌സി പ്രവർത്തിപ്പിച്ചു. അവിടത്തെ നിശബ്ദതയിൽ അടുക്കള പിടിച്ചു കുലുക്കും പോലെ മിക്‌സി പ്രവർത്തിച്ചു. അതിന്റെ ശബ്ദവും ചലനവും കണ്ട് ഒന്നിലേക്കടുക്കുന്ന ഈ കുഞ്ഞ് പേടിച്ച് വിറച്ച് ഉച്ചത്തിൽ നിലവിളിച്ചു. ആ കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ ഏറ്റവും വലിയ പേടിയായി അത്. ആ കുഞ്ഞിന്റെ വിരളിച്ച കണ്ട് അമ്മയും പേടിച്ചു വിഷമിച്ചു. മിക്‌സി നിർത്തിയിട്ടും അതിനെ നോക്കിക്കൊണ്ട് ആ കുഞ്ഞ് കരച്ചിൽ തുടർന്നു. ആ കുഞ്ഞ് അനുഭവിച്ചുകൊണ്ടിരുന്ന ശാന്തതയുണ്ട്. ആ ശാന്തതയാണ് പെട്ടന്ന് നിലച്ചത്. അതു മിക്‌സിയാണെന്നോ അതിന്റെ പ്രവർത്തനമെന്തെന്നോ ഒന്നും ആ കുഞ്ഞിനറിയില്ല. മറിച്ച് അതിന്റെ ശബ്ദവും ചലനവും തമ്മിൽ ആ കുഞ്ഞിന് വേർതിരിവുണ്ടായില്ല. തന്റെ ഭാഗമായിത്തന്നെയായിരിക്കും ആ കുഞ്ഞ് ആ മിക്‌സിയേയും കണ്ടത്. അതിനാൽ അതിന്റെ ദ്രുതചലനവും അകത്ത് കറക്കിപ്പൊടിക്കുന്ന ശബ്ദവും എല്ലാം സ്വന്തം അനുഭവമായി അനുഭവിച്ചിട്ടുണ്ടാകും.

 

ചില വാക്കുകൾ ഒപ്പിച്ചുച്ചരിക്കുന്നു. ഓരോ നിമിഷവും പുതിയ കാഴ്ചകളും കേൾവികളും രുചികളുമൊക്കെ അറിയുന്ന കുസൃതി. ലോകത്തിന്റെ ഭംഗി അറിയണമെങ്കിൽ ആ മുഖത്തെ കൗതുകത്തിലേക്ക് നോക്കിയാൽ മതിയാകും. മുതിർന്നവർക്ക് കളഞ്ഞുപോയ കാര്യങ്ങൾ കണ്ടെടുക്കാനുള്ള അവസരം കൂടിയാണത്. മുതിർന്നവരിൽ ഒരു കാര്യം ഒരു തവണ കണ്ടാൽ പിന്നീടത് ആവർത്തനമാണ്. യഥാർഥത്തിൽ ഒന്നും ഒരിക്കലും ആവർത്തിക്കപ്പെടുന്നില്ല. എന്നാൽ ഉള്ളിലിരിക്കുന്ന ദൃശ്യം അതേപടി കാണുന്നുവെന്ന തോന്നലാണ് മുതിർന്നവർക്ക് ലോകത്തിൽ വിരസത കൊടുക്കുന്നത്. അതിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഒരു പഴമൊഴിയും കൂട്ടിനുണ്ട്. ആംഗലയേത്തിലാണ് അത് കൂടുതൽ ഉപയോഗിക്കപ്പെടുക. Familiarity breeds contempt. ആവർത്തനം വിരസതയുണ്ടാക്കുന്നു എന്നു തന്നെയാണതിന്റെ സാരം. ഫെമിലിയാരിറ്റി എന്നു വച്ചാൽ അടുത്തു പരിചയം. അതാണ് മിക്കവരുടെയും ജീവിതത്തെ ഉപ്പും രുചിയുമില്ലാത്തതു പോലെ ആക്കുന്നതും രുചി തേടി പോകാൻ പ്രേരിപ്പിക്കുന്നതും. പുറത്ത് കാണുന്നതിനെ നോക്കി ഉള്ളിലുളളതിനെ മാത്രം കാണുന്നതുകൊണ്ടാണത്.

 

എന്നാൽ കുഞ്ഞുങ്ങൾ അത്തരം ചിന്തകളുടെ തടവറയിൽ പെടാത്തതിനാൽ അവർക്ക് ഓരോ നിമിഷവും പുതുമയാണ്. അവർക്ക് സന്തോഷിക്കാനായി പ്രത്യേകിച്ച് ഒരു കാരണവും ആവശ്യമില്ല. അവരുടെ ഭാവം സന്തോഷം. സന്തോഷം നശിക്കുമ്പോഴാണ് അവർ അസ്വസ്ഥരാകുന്നത്. സന്തോഷത്തിന്റെ ഒഴുക്കിൽ ഭംഗം വരുമ്പോൾ അവർ കരയുന്നു, ഞീളുന്നു. കുറച്ചു കഴിയുമ്പോഴേക്കും മുതിർന്നവർ അവരുടെ സന്തോഷത്തിന്റെ മാനദണ്ഡം കുട്ടികളിലേക്ക് പകർന്നു കൊടുക്കും. അവരെ സന്തോഷിപ്പിക്കാൻ വേണ്ടി കളിപ്പാട്ടം കൊടുക്കും. കളിക്കാനല്ല കൊടുക്കുക. മറിച്ച് കുട്ടികളെ സന്തോഷിപ്പിക്കുക എന്നതാകും മുതിർന്നവരുടെ ലക്ഷ്യം. കാരണം തങ്ങളുടെ സന്തോഷത്തിന്റെ മാനദണ്ഡം അവർ പ്രയോഗിക്കുന്നു. കുഞ്ഞുങ്ങൾ ആൾക്കാരെയും വസ്തുക്കളെയുമൊക്കെ ചെറുതായി തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ 'ഒരുമ്മ തന്നാൽ ഇതു തരാമെന്ന്' മുതിർന്നവർ പറയും. പ്രത്യക്ഷത്തിൽ അതിൽ വലിയ അപകടം തോന്നില്ല. തലമുറകളായി ആവർത്തിച്ചു വരുന്ന രീതികളുമാണ്. എന്നാൽ ആ കുട്ടി ആ സാധനത്തിനു വേണ്ടി മുതിർന്ന ആ വ്യക്തിക്ക് ഉമ്മ കൊടുത്തു തുടങ്ങുന്നതോടു കൂടി ആ കുട്ടി മുതിർന്നവർ അകപ്പെട്ടിരിക്കുന്ന ദൂഷിത വലയത്തിലേക്കു പ്രവേശിക്കുകയായി. പ്രത്യേകിച്ചു കാരണമില്ലാതെ സന്തോഷത്തിലായിരുന്ന കുട്ടി അതോടു കൂടി സന്തോഷത്തിന് ഉപാധികൾ ആവശ്യമാണെന്നുള്ള അറിവിലേക്കു പ്രവേശിച്ചു തുടങ്ങുന്നു. അഴിമതിയുടെ ആദ്യവിത്തിന്റെ നിക്ഷേപവുമാണ് യഥാർഥത്തിൽ അവിടെ നടക്കുന്നത്. ആ കുഞ്ഞിന്റെ ഉള്ളിലെ കുഞ്ഞിന്റെ മേൽ വീഴുന്ന ആദ്യത്തെ മൂടൽ മണ്ണ്. ക്രമേണ ഉപാധിയില്ലാതെ സന്തോഷിക്കുന്ന ആ കുഞ്ഞ് പൂർണ്ണമായും മൂടപ്പെടുന്നു. വലുതാകുമ്പോഴേക്കും ആ വ്യക്തി സന്തോഷം തേടലെന്ന യത്‌നത്തിലേക്കു പ്രവേശിക്കുന്നു. ഭൂരിഭാഗം പേരും ആ പ്രയാണത്തിലെ ദുരിതവും പേറി സന്തോഷം എന്തെന്നറിയാതെ ഈ ഭൂമുഖത്തു നിന്നു യാത്രയാകുന്നു. സന്തോഷം തേടുന്ന വ്യക്തിക്ക് ഒരിക്കലും സന്തോഷിക്കാൻ കഴിയില്ല. കാരണം തേടൽ നടക്കുന്നത് അഭാവത്തിലാണ്.

 

കുഞ്ഞുകുട്ടികൾ വിവേകമില്ലാതെ എന്തു കണ്ടാലും കിട്ടിയാലും അനുഭവിക്കാൻ ശ്രമിക്കും. അവർ ആദ്യമായി പരിചയപ്പെടുന്ന ലോകത്തെ അറിയാൻ കാട്ടുന്ന വെമ്പലാണത്. അതിന്റെ ഭാഗമായാണ് അവർക്ക് നന്നായി അറിയാവുന്ന ഇന്ദ്രിയത്തെ അവർ ആശ്രയിക്കുന്നത്. അതാകട്ടെ നാവും. അതുകൊണ്ടാണ് എന്തു കിട്ടിയാലും വിവേചനമില്ലാതെ കുട്ടികൾ അത് വായിലേക്കു കൊണ്ടുപോകുന്നത്. അതു ബലാൽക്കാരമായി പിടിച്ചു മാറ്റുമ്പോൾ കുട്ടികൾ അനുഭവിക്കുന്നത് ആഘാതമാണ്. നാം ചില കാര്യങ്ങൾ ആഗ്രഹിച്ച് ചെയ്യുമ്പോൾ അതിനാരെങ്കിലും തടസ്സം നിൽക്കുമ്പോഴുണ്ടാകുന്ന അതേ ആഘാതം. പക്ഷേ, അതവർക്ക് പ്രകടിപ്പിക്കാൻ കഴിയില്ല. ചിലപ്പോൾ ഒന്ന് നിർബന്ധം പിടിച്ചെന്നിരിക്കും. അവിടെ മുതിർന്നവരിലെ കുട്ടിക്ക് അൽപ്പമെങ്കിലും ഉണരാൻ കഴിയുകയാണെങ്കിൽ മറ്റൊരു പുതിയ അനുഭവത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആഘാതമേൽപ്പിക്കാതെ ആ കുഞ്ഞിന്റെ ദോഷമായി ഭവിക്കുന്ന നൈസർഗിക പെരുമാറ്റത്തിൽ നിന്നു പിന്തിരിക്കാം.

 

മിക്‌സി കണ്ട് പേടിച്ച കുഞ്ഞ് ആ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും മറ്റുള്ളവർക്കും നല്ല പാഠമാണ്. നമുക്ക് പരിചിതമായ അനുഭവങ്ങളാണ് നമുക്കു ചുറ്റും. അതിൽ നിന്നുകൊണ്ടാണ് നാം പെരുമാറുക. ആ ചിന്തയിൽ നിന്നു പുറത്തു വന്ന് തന്റെ കയ്യിൽ അല്ലെങ്കിൽ സമീപത്തുള്ള കുഞ്ഞിന്റെ അനുഭവത്തെ ഓർത്തുകൊണ്ട് ഓരോ പ്രവൃത്തിയിലും ഏർപ്പെടുകയാണെങ്കിൽ ഈ ലോകത്തെ പരിചയപ്പെടുന്ന കുഞ്ഞിന്റെ അനുഭവങ്ങളും അതിന്റെ വെളിച്ചത്തിലുണ്ടാകുന്ന അറിവും വ്യത്യസ്തമായിരിക്കും. ലോകത്തെ അവനും അവളും ആസ്വാദ്യതയോടെ സ്വീകരിക്കും. അതിലൂടെ കുഞ്ഞിന്റെ ലോകപ്രവേശം ഭംഗിയുളളതാകുന്നതിനൊപ്പം മുതിർന്നവരുടെ ഉള്ളിൽ മൂടിക്കിടക്കുന്ന കുഞ്ഞിനെ ഉണർത്തി ഉയർത്താനും സഹായകമാകും. ആ കുഞ്ഞുണർന്നാൽ വീണ്ടും ലോകത്തെ ഓരോ നിമിഷവും പുതുതായി അനുഭവപ്പെടും. അപ്പോൾ ആവർത്തനത്തിൽ നിന്നുള്ള വിരസതയും അന്യമാകും. അവിടെയാണ് കുഞ്ഞ് മുതിർന്നവരെ പഠിപ്പിക്കുന്ന ഗുരുവായി മാറുന്നത്.

 

മിക്‌സി പ്രവർത്തിക്കുന്നത് കണ്ടു പേടിച്ചു പോയ കുഞ്ഞും ഒരനുഭവമാണ്. ഒരനുഭവം ഉണ്ടായിക്കഴിഞ്ഞാൽ അതിനെ സാധ്യതയായി കുഞ്ഞിന്റെ അനുഭവനിക്ഷേപശേഖരത്തിലേക്കു മാറ്റാം. ആ മിക്‌സിയുമായി ആ കുഞ്ഞിനെ സ്‌നേഹപൂർവ്വം കൂടുതൽ പരിചയിപ്പിച്ച് ആ മിക്‌സിയുടെ പ്രവർത്തനത്തെ ആസ്വാദ്യതയോടെ നോക്കി നിൽക്കുന്ന അവസ്ഥയിലേക്കു മാറ്റാം. അപ്പോൾ ലോകം പേടിക്കുന്നതുപോലെയല്ലെന്നും പേടിപ്പെടുത്തുന്നുവെന്ന് തോന്നിപ്പിക്കുന്ന പലതും രസകരവുമാണെന്നും ആ കുഞ്ഞ് തിരിച്ചറിയും. അവിടെ കുഞ്ഞിനെ പരിചരിക്കൽ സർഗ്ഗാത്മകമായ പ്രവൃത്തിയായി മാറും. ഓരോ വ്യക്തിയുടെയും സർഗ്ഗാത്മകതയനുസരിച്ച് ആ കുഞ്ഞിനെ മിക്‌സിയുമായി ചങ്ങാത്തത്തിലാക്കാം. വ്യക്തികൾ രക്ഷിതാക്കളാകുന്നതിലൂടെ അങ്ങനെ സർഗ്ഗാത്മകതയെ ഉണർത്തിയും പരിപോഷിപ്പിച്ചും ആസ്വദിക്കാം. സർഗ്ഗാത്മകതയുടെ അഭാവത്തിലാണ് വിരസതയുടെ ജനനം. സർഗ്ഗാത്മകത ജീവിതത്തിന്റെ ഭാഗമായാൽ പിന്നെ ആ ജീവിതത്തിൽ ആവർത്തനമില്ല. അതു സാധ്യമല്ല.

Tags: