ശബരിമല വിധി ; വധഭീഷണി നേരിടേണ്ടി വന്നെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്

glint desk
Wed, 02-10-2019 02:14:14 PM ;
delhi

 


ഡല്‍ഹി:  ശബരിമല വിധി പ്രസ്താവനത്തിന് പിന്നാലെ നിരവധി വധഭീഷണികള്‍ നേരിടേണ്ടി വന്നുവെന്ന് സുപ്രിം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ശബരിമലയില്‍ ഉണ്ടായിരുന്ന സ്ത്രീപ്രവേശന വിലക്ക് തൊട്ടുകൂടായ്മക്ക് തുല്യമായിരുന്നുവെന്നും സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചന്ദ്രചൂഢ് പറഞ്ഞു.മുബൈയില്‍ നടന്ന പരിപാടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീപ്രവേശന വിധി വന്ന്്് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് തനിക്ക് നേരെ ഉണ്ടായിരുന്ന വധഭീഷണികളെ സംബന്ധിച്ച് സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രജചൂഡ് വെളിപ്പെടുത്തുയിരിക്കുന്നത്്. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്തതിനാല്‍ ക്ലാര്‍ക്കുമാരും നിയമവിദ്യാര്‍ത്ഥികളുമാണ് വധഭീഷണികള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. ജഡ്ജിമാരുടെ സുരക്ഷിതത്വം ഓര്‍ത്ത് തങ്ങള്‍ക്ക് ഭയമുണ്ടെന്നും അവര്‍ പറയുകയുണ്ടായി.

എന്നാല്‍ താന്‍ വിധിയില്‍ ഉറച്ചുനില്‍ക്കുകയാണ്. തൊട്ടുകൂടായ്മക്ക് തുല്യമാണ് ശബരിമലയില്‍ ഉണ്ടായിരുന്ന സ്ത്രീപ്രവേശന വിലക്ക്. ഇത് സ്തീകള്‍ക്കുള്ള ഭരണഘടനപരമായ അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും മുബൈയില്‍ ചന്ദ്രചൂഢ് പറയുകയുണ്ടായി. ശബരിമല വിധിയിലെ ഭൂരിപക്ഷ വിധിക്കെതിരായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പ് സംബന്ധിച്ചും ചന്ദ്രചൂഡ് പരാമര്‍ശിച്ചു. ഇന്ദു മല്‍ഹോത്രയുടെ നിലപാടിനെ ബഹുമാനിക്കുന്നു. എന്തുകൊണ്ടാണ് സ്ത്രീകളുടെ അവകാശത്തെ സംബന്ധിച്ച് ഒരു വനിത തന്നെ എതിര്‍പ്പ് ഉന്നയിച്ചതെന്ന് തന്റെ കൂടെയുണ്ടായിരുന്ന ക്ലാര്‍ക്കുമാര്‍ ചോദിച്ചു. എന്നാല്‍ ഒരു സ്ത്രീയും പുരുഷനും ചിന്തിക്കുന്നത് സംബന്ധിച്ച് മുന്‍ധാരണകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗം ആണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് യുവതി പ്രവേശനത്തെ അനുകൂലിച്ച് പ്രത്യേക വിധി എഴുതിയിരുന്നു.

 

Tags: