വണ്ടിപ്പെരിയാർ കൊലക്കേസ് അട്ടിമറി തിരക്കഥയനുസരിച്ച് നീങ്ങുന്നു

Glint Desk
Sat, 16-12-2023 07:47:57 PM ;

വണ്ടിപ്പെരിയാറിൽ ആറു വയസ്സുള്ള പെൺകുഞ്ഞ് പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട കേസിൽ പ്രതിയെ രക്ഷിക്കാൻ അന്വേഷണത്തിൽ പാളിച്ച വരുത്തിയത് പോക്സോ കോടതി കണ്ടെത്തി. വീഴ്ചകൾ പത്തെണ്ണം എണ്ണമിട്ട് കോടതി നിരത്തുകയും ചെയ്തു. കോടതിവിധിക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ അസന്നിഗ്ദ്ധമായി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു അന്വേഷണത്തിൽ ഒരു വീഴ്ചയും പറ്റിയിട്ടില്ല .സത്യസന്ധമായിട്ടാണ് അന്വേഷണം നടത്തിയത്. നൂറ് ശതമാനവും പ്രതി അർജുൻ തന്നെ. മേലധികാരികളുമായി ആലോചിച്ച് വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്നും  . 
      വിധി വന്നതിനുശേഷം ഇക്കാര്യത്തിൽ മുഖ്യമന്ത്രി നടത്തിയ പരസ്യ പ്രസ്താവന ശ്രദ്ധേയമാണ്. അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതിൻറെ വെളിച്ചത്തിൽ യുക്തമായ നടപടി സ്വീകരിച്ചു പരിഹാരം കാണും . എന്നാണ് അദ്ദേഹം പറഞ്ഞത് . തീർച്ചയായും ഉചിതമായ തികരണം. അതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഈ രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.  എന്നാൽ ഈ അന്വേഷണ ഉദ്യോഗസ്ഥന്റെ  പ്രതികരണത്തിൽ  തീരുമാനസ്വഭാവം നിഴലിക്കുന്നു. അതിന് ഈ പോലീസ് ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വന്നു എന്നുള്ളതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.  അപ്പീൽ പോകുന്ന നടപടി  സ്വാഭാവികമാണ്.  മേൽ കോടതിയിലൂടെ വർഷങ്ങൾ കടന്നു പോകും. ഇതിനിടെ ആരോപണ പ്രത്യാരോപണങ്ങളും രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നു വരും. രാഷ്ട്രീയ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടേണ്ട ആവശ്യമേ ഉള്ളു. കേരള സമൂഹം കാണുന്നത്  അന്വേഷണം പാളിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ തിരക്കഥയനുസരിച്ച് കാര്യങ്ങൾ നീങ്ങുന്നു എന്നതാണ്

Tags: