സെന്‍കുമാര്‍ തിരികെ വരുമ്പോള്‍ നളിനി നെറ്റോ തുടരാമോ?

Glint Staff
Wed, 26-04-2017 08:42:24 AM ;

tp senkumar

 

സെൻകുമാർ കേസ്സിൽ വിധി പറയവേ സുപ്രീം കോടതി നടത്തിയ പദപ്രയോഗങ്ങൾ അതീവ ഗൗരവമർഹിക്കുന്നു. സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റുന്നതിന് കൈക്കൊണ്ട നടപടികൾ തങ്ങളിൽ അസ്വസ്ഥതയുണ്ടാകുന്നുവെന്ന്‍ രാജ്യത്തെ പരമോന്നത നീതിപീഠം വ്യാകുലപ്പെടുമ്പോൾ രാജ്യത്തിന്റെ സുഷുമ്നാ കാണ്ഡത്തിൽ സ്പര്‍ശിക്കുന്ന ആഘാതമാകുന്നു അത്. അന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അഡീഷണൽ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ തനിക്കെതിരെ വ്യാജരേഖകൾ ചമച്ചുവെന്ന് സെൻകുമാർ പറയുന്നു. അതു ശരിവയ്ക്കുന്ന വിധത്തിലാണ് സുപ്രീം കോടതിയുടെ വിധിയും വിധിന്യായത്തിലുള്ള പരാമർശങ്ങളും. കാര്യങ്ങൾ ഇവ്വിധമാണ് നടക്കുന്നതെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ ആർക്കും രക്ഷിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞിരിക്കുന്നു.

 

വിചാരണ വേളയിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണമല്ലിത്. മറിച്ച് വ്യക്തമായ തെളിവുകളെ ആധാരമാക്കിയാണ് കോടതി അസ്വസ്ഥമായതും വിധിന്യായത്തില്‍ ഈ പരാമർശം നടത്തിയതും. ഇതു കേരള ജനതയേയും ആശങ്കയിലാഴ്ത്തുന്നു. കേരളത്തിന്റെ, വനിത കൂടിയായ ചീഫ് സെക്രട്ടറി ബോധപൂർവ്വം വ്യാജരേഖ ചമച്ച വ്യക്തിയാണെന്നു വരുമ്പോൾ ആ വ്യക്തിയുടെ കീഴിലുള്ള മൊത്തം സർക്കാർ ഉദ്യോഗസ്ഥരിലേക്കെത്തുന്ന സന്ദേശമെന്തായിരിക്കും? ശിക്ഷാർഹമായ ഗുരുതരമായ കുറ്റകൃത്യമാണ് വ്യാജരേഖ ചമക്കൽ. ചീഫ് സെക്രട്ടറിയായിരിക്കുന്ന ഈ വ്യക്തി സമൂഹത്തിലേക്ക് പ്രവഹിപ്പിക്കുന്ന മൂല്യബോധം ഓരോ മലയാളിയേക്കും തല താഴ്ത്താൻ പ്രേരിപ്പിക്കുന്നു.

nalini netto

 

ഈ വിധിയുടെ പശ്ചാത്തലത്തിൽ ഇനി അഴിമതിക്കെതിരെ സർക്കാർ നിലപാടെടുക്കുമെന്ന് പറഞ്ഞാൽ അതിനെ ഒരു നിലവാരം കുറഞ്ഞ ഫലിതത്തിനപ്പുറം മലയാളി കരുതാനിടയില്ല. നളിനി നെറ്റോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ, അതോ മുഖ്യമന്ത്രി നളിനി നെറ്റോയെക്കൊണ്ട് ഇത്തരത്തിൽ ചെയ്യിക്കുകയാണോ ഉണ്ടായതെന്നറിയില്ല. രണ്ടായാലും കേരളത്തിലെ സിവിൽ സർവീസിന്റെ തലപ്പത്തുള്ള വ്യക്തി എത്ര സമ്മർദ്ദം ഉണ്ടായിരുന്നെങ്കിൽ പോലും അങ്ങനെ പ്രവർത്തിക്കാൻ പാടില്ലായിരുന്നു.

 

എന്താണ് സംഭവിച്ചതെന്ന് പൊതുജനത്തിന് ഔദ്യോഗിക സംവിധാനത്തിലൂടെ അറിയുക സാധ്യമല്ല. കാരണം അന്വേഷണത്തിന് ഉത്തരവിടേണ്ടവർ തന്നെയാണ് കുറ്റകൃത്യത്തിലേർപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന പോലും ഇവിടെ നിസ്സഹായമായി നിൽക്കുന്നതു കണ്ടിട്ടാകും തങ്ങൾ അസ്വസ്ഥമാകുന്നതെന്ന്‍ പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത്. പൊതുജനത്തിനു മുന്നിൽ, വ്യക്തമായ ദുരുദ്ദേശ്യത്തോടെ കുറ്റകൃത്യത്തിലേർപ്പെട്ട ചീഫ് സെക്രട്ടറിയാണിപ്പോൾ കേരളത്തിലുള്ളത്. അവർക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നു കൂടിയാണ് സ്വതന്ത്ര ഇന്ത്യയിലെ നിർണ്ണായക വിധിന്യായങ്ങളിലൊന്നായി മാറിയ തിങ്കളാഴ്ചത്തെ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്.

Tags: