ബീഫുത്സവവും വൈരുദ്ധ്യാത്മിക ഗോവധനിരോധന യജ്ഞവും

Glint Staff
Fri, 30-10-2015 12:00:00 PM ;

കുഞ്ഞുപണിക്കന്‍ഃ നമസ്‌കാരം ഗുരോ

ഇഎംഎസ്ഃ ഹായ്,
എന്താണിത് പണിക്കാ?
നമ്മുടെ പാദങ്ങളില്‍ ദണ്ഡനമസ്‌കാരം
നടത്തുന്നോ! എന്താണ്
ഇതുവരെയില്ലാത്ത പുതിയ പതിവ്?

കു.പഃ പതിവുകള്‍ മാറിയല്ലോ. അതുകൊണ്ടാണേ

ഇ.എംഃ മനസ്സിലായില്ല

കു.പഃ അടിയനും മനസ്സിലാകുന്നില്ലേ

ഇ എംഃ മനസ്സിലാകാത്തത് എന്താണെന്ന് പറയു പണിക്കാ. എന്താണ് പണിക്കന് മനസ്സിലാകാത്തതെന്ന് ഞാന്‍ മനസ്സിലാക്കട്ടെ

കു.പഃ ബീഫുത്സവത്തില്‍ ഒരു വല്ലാത്ത വൈരുദ്ധ്യാത്മികം കാണുന്നേ

ഇ.എംഃ പണിക്കന്‍ വൈരുദ്ധ്യാത്മിക ഭൗതികവാദമൊക്കെ പണ്ട് പഠിച്ചത് മറന്നുവോ?

കു.പഃ അതോര്‍മ്മയുള്ളതാണേ പ്രശ്‌നം

ഇ.എംഃ കൃത്യമായി പഠിച്ചാല്‍ വൈരുദ്ധ്യാത്മികതയില്‍ വൈരുദ്ധ്യാത്മികമായി ഒന്നുമുണ്ടാവേണ്ടതല്ലല്ലോ പണിക്കാ. അതിരിക്കട്ടെ എവിടെയാ അതു കാണുന്നെ?

കു.പഃ നാടാകെ ബീഫുത്സവം നടക്കുന്നതിലാണേ

ഇ.എംഃ ആരാണ് ബീഫുത്സവം നടത്തിയത്

കു.പഃ നമ്മുടെ ചുവന്ന പട തന്നെയാണേ

ഇ.എംഃ ചുവന്ന പടയെ ഇംഗ്ലീഷിലെന്താ പറയുക പണിക്കാ

കു.പഃ റെഡ് വോളണ്ടിയേഴ്‌സ് എന്നാണേ

ഇ.എംഃ അപ്പോ, ഈ ബീഫിനെ എന്താ പറയുക

കു.പഃ റെഡ് മീറ്റെന്നാണേ

ഇ.എംഃ റെഡ് വോളണ്ടിയേഴ്‌സും റെഡ് മീറ്റും. എവിടെയാ വൈരുദ്ധ്യാത്മികത പണിക്കാ

കു.പഃ അതുവ്വ്. പക്ഷേങ്കില് നമ്മള് ഉഷാറായി ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തിയതിന്റെ പിന്നാലെയാണേ ഈ ബീഫുത്സവം നടത്തുന്നത്.

ഇ.എംഃ അതിലെന്താ മനസ്സിലാകായ്ക പണിക്കാ?

കു.പഃ അതായത് ശ്രീകൃഷ്ണഭഗവാന്റെ പേര് തന്നെ ഗോപാലന്‍ എന്നല്ലേ. അപ്പോ ഗോക്കളെ കൊന്നുത്സവം നടത്തുന്നത് ശ്രീകൃഷ്ണ ഭഗവാനെ നിന്ദിക്കുന്നതിന് തുല്യമാകില്ലേ?

ഇ.എംഃ അതല്ലേ വൈരുദ്ധ്യാത്മികത പണിക്കാ. വൈരുദ്ധ്യാത്മികത നമ്മുടെ കാഴ്ചപ്പാടിലും പ്രവൃത്തിയിലും ഇല്ലാതെ വരുമ്പോഴല്ലേ പ്രശ്‌നമാകേണ്ടതുള്ളു.

കു.പഃ ദഹിക്കുന്നില്ലേ

ഇ.എംഃ അതിനു ദഹനക്കേടിനുള്ള മരുന്നെടുത്താല്‍ മതി

കു.പഃ അതിനാണേ അവിടുത്തേക്ക് വന്നത്

ഇ.എംഃ പണിക്കാ, എന്തിനാ നമ്മള് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്?

കു.പഃ അതും അത്രങ്ങ് പിടിയില്ല. എന്നിരുന്നാലും സംഘികളേക്കാള്‍ നല്ല ഹിന്ദുത്വം നമ്മുടെ കൈവശമുണ്ടെന്ന് അറിയിക്കാനാണേ. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പൂ വാടുന്നതിനു മുന്‍പ് ബീഫുത്സവം നടത്തിയതാണേ ദഹിക്കാതെ കിടക്കുന്നത്.

ഇ.എംഃ ബീഫ് ദഹിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ് പൊതുവേ. അതിനാണ് പണിക്കന്റെ സുഹൃത്തുക്കളൊക്കെ ദഹനത്തിനുള്ള മരുന്ന് കഴിക്കാറുള്ളത്. പണിക്കന്‍ വൈരുദ്ധ്യാത്മികതയെ സിദ്ധാന്തമായി പഠിച്ചതില്‍ പിഴവ് പറ്റിയിരിക്കുന്നു എന്നുള്ളതിന് രണ്ടഭിപ്രായം വേണ്ട.

കു.പഃ ക്ഷമിക്കണം. തെറ്റു തിരുത്തിത്തരേണമേ.

ഇ.എംഃ പണിക്കാ കാര്യം ലളിതമാണ്. ആദ്യം നമ്മള്‍ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയോ ആഘോഷിക്കുകയോ ചെയ്തിരുന്നോ
കു.പഃ ഇല്ലേ. ഇല്ലെന്നു മാത്രമല്ല നന്നായി നിഷേധിക്കുകയും ചെയ്തിരുന്നേ. നിഷേധോത്സവം പോലും നടത്തിയിട്ടുണ്ടായിരുന്നേ
ഇ.എംഃ അപ്പോ വൈരുദ്ധ്യാത്മിക സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ഒന്നാലോചിച്ചു നോക്കൂ

കു.പഃ ആലോചിച്ചിട്ട് പടികിട്ടുന്നില്ല

ഇ.എംഃ പണിക്കാ സിദ്ധാന്തജ്ഞാനത്താല്‍ നമ്മുടെ നയങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കുക. എന്തെങ്കിലും കാര്യം നമ്മള്‍ എതിര്‍ക്കാതെയും തച്ചുടയ്ക്കാതെയും സ്വീകരിച്ചിട്ടുണ്ടോ. ജനനം മരണത്തിന്റെ ആരംഭം. മരിക്കുന്നത് ജനനത്തിന്. ആതാണ് ചാക്രിക നിയമം. വൈരുദ്ധ്യാത്മിക ഉറപ്പിക്കൂ. ആദ്യം ശ്രീകൃഷ്ണനെ നിഷേധിച്ചു. വിഗ്രഹങ്ങള്‍ തച്ചുടച്ചു. ഇപ്പോള്‍  ആരാധിക്കുന്നു,ആഘോഷിക്കുന്നു. വൈരുദ്ധ്യാത്മികത സിദ്ധാന്തത്തില്‍ വൈരുദ്ധ്യമില്ലാതെ ചേര്‍ന്നു നില്‍ക്കുന്നത് കണ്ടില്ലേ. ഏതെങ്കിലും ഒരു കാര്യമെങ്കിലും നമ്മള്‍ പ്രതിഷേധിക്കാതെയോ നിഷേധിക്കാതെയോ സ്വീകരിച്ചിട്ടുണ്ടോ. നിഷേധിച്ചവയുടെയെല്ലാം ഏറ്റവും നല്ല നടത്തിപ്പുകാരും നമ്മളല്ലേ. ചരിത്രം മറന്നുപോകുന്നോ പണിക്കാ.

കു.പഃ എല്ലാം ഓര്‍മ്മ വരുന്നു. കമ്പ്യൂട്ടറും പ്ലസ് ടൂവും എല്ലാം ഓര്‍മ്മവരുന്നേ

ഇ.എംഃ നല്ല കാര്യം. പിന്നെ നമ്മുടെ ഏറ്റവും പ്രധാനമായ നയവും പ്രവര്‍ത്തനവും എന്താണ്.

കു.പഃ തെറ്റു തിരുത്തല്‍.

ഇ.എംഃ ങാ... ഇപ്പോള്‍ പണിക്കന് കാര്യങ്ങള്‍ മനസ്സിലായിരിക്കുന്നു. പണിക്കാ തെറ്റു ചെയ്യാതെ തിരുത്താന്‍ പറ്റുമോ. അപ്പോള്‍ നിഷേധിക്കലും തെറ്റുതിരുത്തലും പിന്നീട് സ്വീകരിക്കലും ചേര്‍ത്തുവെച്ചു മനസ്സിലാക്കൂ. അപ്പോള്‍ വൈരുദ്ധ്യാത്മിക സിദ്ധാന്തവും അതിന്റെ പ്രയോഗവും തെളിഞ്ഞുകിട്ടും.

കു.പഃ നന്നായി കിട്ടുന്നേ. അപ്പോ നമ്മള്‍ അടുത്ത വര്‍ഷം ആകുമ്പോഴേക്കും ഗോവധനിരോധനം ആവശ്യപ്പെട്ട് ഗോവധനിരോധന യജ്ഞം നടത്തി സംഘികളെ ഉന്മൂലനം ചെയ്യും. ശ്ശൊ, അക്കാര്യം എന്റെ ഓര്‍മ്മയിലെത്തിയില്ല. നിഷേധിക്കാതെ സ്വീകരിക്കുക നമുക്ക് സാധ്യമാവില്ലല്ലോ

ഇ.എം. പണിക്കന് കാര്യങ്ങള്‍ മനസ്സിലായിരിക്കുന്നു. കണ്ടില്ലേ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ബീഫുത്സവവും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഗോവധനിരോധന യജ്ഞവും എല്ലാം വൈരുദ്ധ്യമില്ലാതെ ചേര്‍ന്നു പോകുന്നത്. ഇതാണ് സിദ്ധാന്തം ശരിക്ക് പഠിക്കണമെന്ന് പറയുന്നത്. ഇപ്പോള്‍ നയിക്കുന്നവര്‍ അത് നന്നായി പഠിച്ചവര്‍ തന്നെ. അതാണ്  ഇവ്വിധം അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്.

കു.പഃ അജ്ഞതയും അറിവില്ലായ്മയും മാപ്പാക്കണം.

ഇ.എം. അതിന്റാവശ്യമില്ലല്ലോ. പണിക്കന്‍ തെറ്റു തിരുത്തിയല്ലോ.