അടവുമാറ്റവും ചുംബനവും

Glint Staff
Thu, 13-11-2014 03:30:00 PM ;

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.


കുഞ്ഞുപണിക്കൻ- നമസ്കാരമുണ്ട് നാണപ്പൻ ചേട്ടാ.

നാണപ്പൻ- വ്വടോ, നല്ല നമസ്കാരം. എന്താടോ തന്റെ ബീഡിക്കറ പുരണ്ട ചുണ്ടൊക്കെ അതുപോലെ വച്ചു നടക്കുന്നെ.

കു- നിർബന്ധമായും ചുംബിക്കണമെന്ന് പാർട്ടി നേതൃത്വം അഭിപ്രായപ്പെട്ടിട്ടില്ല.

നാ- അങ്ങിനെ വരുമ്പോൾ മുൻകാലത്ത് ചുംബനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയൊക്കെ മുൻകാലപ്രാബല്യത്തോടെ തിരിച്ചെടുക്കുവോടോ?

കു- മൃദുസമീപനമേ വന്നിട്ടുള്ളു

നാ- അതു ചുംബനമായിട്ടാടോ പണിക്കാ.

കു- എന്താണാവോ ഏതാണ്ട് ആലോചിച്ചിട്ടെന്ന വിധം വല്ലാതെ കണ്ട് ചിരിക്കുന്നെ? നല്ല തമാശയാണെങ്കിൽ പകർന്നാൽ മുഷിയില്ലായിരുന്നു. വായ്ക്ക് രുചിയായി ചിരിച്ചിട്ട് നാള് കുറേ ആയേ.

നാ- എടോ ഞാനൊന്ന് ആലോചിച്ചുനോക്കുവാരുന്നടോ. പാർട്ടിയുടെ നേതാക്കൾ തമ്മിൽ തമ്മിലും അണികളുമായി ഒക്കെ ചുംബിക്കുന്ന രംഗം. എടോ പണിക്കാ അവിടിരിക്കടോ.

 

കു- ഇരുന്നേ

നാ- എടോ, കണ്ണടയ്ക്കടോ.

കു- അടച്ചേ

നാ- എടോ പാർട്ടിയുടെ ഒരു സമ്മേളനം മനസ്സിൽ കാണടോ.

കു- കണ്ടേ

നാ- എടോ, അവിടെ ആരൊക്കെയെത്തിയിട്ടുണ്ടടോ?

കു- പ്രധാനികളും പ്രധാനിണികളും അവരുടെ കൂടെയുള്ള അപ്രധാനികളും അപ്രധാനിണികളും ഉണ്ടേ

നാ- എന്തൊക്കെയാടോ താൻ കാണുന്നെ?

കു- ആരും ചുംബിച്ചു തുടങ്ങീട്ടില്ല. ചുംബനത്തിന് തയ്യാറാണ് എല്ലാവരും. ആരും തുടക്കം കുറിക്കുന്നില്ല.

നാ- അവരെന്തു ചെയ്യുന്നടോ?

കു- അവർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ക്ഷണനോട്ടം കൊണ്ട് ഓരോരുത്തരെ ക്ഷണിക്കുന്നുണ്ട്. പക്ഷേ ക്ഷണിക്കപ്പെടുന്നവർ ക്ഷണത്തിൽ കണ്ണ് വെട്ടിക്കുന്നു

നാ- എന്നുവെച്ചാ, ആരും മുൻകൈയ്യെടുക്കുന്നില്ല.എടോ കിഴവൻ നേതാക്കള് ചെറുപ്പക്കാരികൾക്കാണോ ക്ഷണനോട്ടമയയ്ക്കുന്നത്? അതോ സമപ്രായക്കാർക്കാണോ?

കു- വിഷമിപ്പിക്കുന്ന ചോദ്യമാണത്.

നാ- എടോ പണിക്കാ, എനിക്ക് മനസ്സ് വായിക്കാൻ അറിയാവുന്ന കാര്യം തനിക്കറിയാമല്ലോ. ഓരോരുത്തരുടേയും മുഖം ഉച്ചത്തിൽ വായിക്കടോ. ഞാനർഥം പറഞ്ഞുതരാം.

കു- ഒരാളുടെ മുഖത്ത് കൊതിയുടെ ലക്ഷണം. വല്ലാതെ വായിൽ നിന്ന് ഇപ്പോൾ വെള്ളം വരുന്ന ഭാവം.

നാ- എങ്കിൽ, സംശയം വേണ്ട. ചില്ലിചിക്കനും ചിക്കൻ മഞ്ചൂറിയനും ചിക്കൻ പൊരിച്ചതും ബീഫ് റോസ്റ്റും നെയ്മീൻ പൊരിച്ചതും കരിമീൻ പൊള്ളിച്ചതും വറ്റ മുളകിട്ടതും ചെമ്മീൻ തീയലും എല്ലാം ഒന്നിച്ച് ഊണിനൊപ്പം കഴിക്കുന്നയാളാകാനാണ് സാധ്യത. മൂപ്പർക്ക് ആളെ കിട്ടാൻ ബുദ്ധിമുട്ടാ.

കു- അതെന്താണാവോ കാരണം

നാ- എടോ പണിക്കാ, ഇങ്ങനെ തിന്നുന്നയാള് എത്ര വലിയ നേതാവായാലും വയറ് മനുഷ്യന്റേതല്ലേടോ. അപ്പോ ദഹനം കുറവായിരിക്കും. അതുകൊണ്ട് തന്നെ വായ്‌നാറ്റം വല്ലാതെയുണ്ടാവും. മൂപ്പർക്ക് ബീഡി വിലിക്കുന്ന സ്വഭാവമുണ്ടോ.

കു- നിശ്ചയമില്ല. ഇല്ലെന്നാ കണ്ടിട്ട് തോന്നുന്നത്.

നാ- അതുണ്ടായിരുന്നെങ്കിൽ ചെറിയ ഒരു പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. ബീഡിമണം വായ്‌നാറ്റത്തിന് കുപ്പായമണിയുമടോ. സിഗററ്റാണെങ്കിൽ മുന്തിയ കുപ്പായം.

കു-അപ്പോ, ........... അല്ലേ വേണ്ടാ.

നാ-.ചോദിക്കടോ..താനെന്തിനാ പേടിക്കുന്നേ..എനിക്ക് മനസ്സിലായി, തന്റെയുള്ളിൽ പൊന്തിവന്ന ചോദ്യമൊക്കെ.അതിന്റെയൊക്കെ ഉത്തരവും അതുതന്നെടോ പണിക്കാ. അതിരിക്കട്ടെ മറ്റ് കാഴ്ചകളെന്താണ്?

കു- യുവതലമുറ എന്തോ അനുമതി കാത്തുനിൽക്കുന്നതുപോലെ തോന്നുന്നു.

നാ- ങാ. കൊള്ളാം. ഇപ്പോഴും പാർട്ടിയുടെ അച്ചടക്കം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തൽക്കാലും പേടിക്കാനില്ല. അതിരിക്കട്ടെ യുവാക്കളാണോ യുവതികളാണോ അനുമതി കാത്തുനിൽക്കുന്ന ഭാവത്തിൽ.

കു- അതെടുത്തുപറയേണ്ടതില്ലല്ലോ. മീശ കൊമ്പനല്ലെങ്കിലും കൊമ്പൻമാരാണേ

നാ- എടോ പണിക്കാ, താനൊന്നു ശ്രദ്ധിച്ചുനോക്കിയേ ഈ കൊമ്പൻമാരുടെ മുഖത്ത് അനുമതി കാത്തുനിൽക്കലാണോ അതോ പേടിയാണോ എന്ന്.

കു- അതെന്തിനാ ഇപ്പോ പേടിവരേണ്ടത്?

നാ- എടോ പണിക്കാ, സീനിയർമാരുടെ തല കറുത്തതാണെങ്കിലും അവരൊക്കെ ചെറുപ്പക്കാരികളെ ചുംബിക്കാൻ തുടങ്ങിയാൽ പിന്നെ അവരാരെ ചുംബിക്കുവടോ?

കു- ഓ, അതു ശരിയാ. ചുംബനത്തിലെ വൈരുദ്ധ്യാത്മകത.

നാ- കൊള്ളാം. താനിപ്പോഴും സൈദ്ധാന്തിക അടിത്തറ കൈവിട്ടിട്ടില്ല.

കു- നല്ല വാക്കിന് നന്ദി.

നാ- എടോ നല്ല വാക്കിന് നല്ല നമസ്കാരമെന്നു പറേടോ. അതിരിക്കട്ടെ, ആരെങ്കിലും ചുംബിച്ചു തുടങ്ങുന്ന ലക്ഷണം കാണുന്നുണ്ടോടോ?

കു- ആരും ചുംബിക്കുന്നതുമില്ല, ആരേയും ചുംബിക്കാൻ അനുവദിക്കുന്നതായും കാണുന്നില്ല. എന്നാൽ എല്ലാവരുടേയും മുഖത്തും ദേഹത്തുമൊക്കെ ചുംബിനത്തിനായി കൊതികൊള്ളുന്നതും പ്രകടമാകുന്നുണ്ടേ.

നാ- അതു താൻ കണ്ട പാർട്ടിയോഗത്തിന്റെ കുഴപ്പം കൊണ്ടാ.

കു- മനസ്സിലായില്ല.

നാ- എടോ, താൻ കണ്ടത് ഏതെങ്കിലും വെറുമൊരു പാർട്ടിയോഗമായിരിക്കും. എടോ, പാർട്ടിയുടെ വല്ല തകർപ്പൻ പ്രതിഷേധ യോഗവും കണ്ടിരുന്നെങ്കിൽ കാണാമായിരുന്നു ചുംബനമുറകൾ തന്നെ.

കു-ഓ, അടവുനയമാറ്റം. അതാണല്ലേ. ക്ഷമിക്കണം, അത്രയ്ക്കങ്ങ് ബുദ്ധിയും സർഗ്ഗാത്മകതയും പോയില്ലേ.