അദ്ധ്യായം ഒമ്പത്: മഞ്ഞുപാറകള്‍

മീനാക്ഷി
Tue, 28-11-2017 05:36:48 PM ;

reality novel, passbook

പാങ്ങപ്പാറയിലുള്ള രമേഷിന്റെ വീട്. ഭാര്യ രാവിലെ ഓഫീസില്‍ പോകാനായി തിരക്കിട്ട് തയ്യാറാവുകയാണ്. ഐ.എസ്.ആര്‍.ഒയുടെ ബസ്സ് എട്ടു മണിക്ക് സ്‌റ്റോപ്പിലെത്തും. രമേഷ് മകളെ എന്‍ട്രന്‍സ് ട്യൂഷന് വിട്ടിട്ടു വരുന്ന കൂട്ടത്തില്‍ ഒരു വീട്ടില്‍ നിന്നും പശുവിന്‍ പാല് വാങ്ങി വന്നു. അതു കാച്ചി വച്ചില്ലെങ്കില്‍ ചിലപ്പോള്‍ പിരിഞ്ഞു പോകും. രമേഷിന് വൈകിയിറങ്ങിയാല്‍ മതി. പാല്‍ തണുക്കുമ്പോള്‍ അയാള്‍ അതെടുത്ത് ഫ്രിഡ്ജില്‍ വച്ചുകൊള്ളും. പാല്‍ കിട്ടിയ ഉടന്‍ തന്നെ വിനീത അത് പാത്രത്തിലൊഴിച്ച് അടുപ്പില്‍ വച്ച് സ്റ്റൗ ഓണാക്കിയിട്ട്  റെഡിയാകാനായി ബെഡ്‌റൂമിലേക്കോടി. സാരിയുടുത്ത് ഞൊറി കുത്താറായപ്പോഴാണ് അടുക്കളയില്‍ നിന്ന് തിളച്ച് തൂകിയ പാല്‍ സ്റ്റൗവില്‍ വീണ് കരിയുന്നതിന്റെ ശബ്ദം വിനീതയുടെ ശ്രദ്ധയില്‍ പെട്ടത്. അവര്‍ ഞൊറിയകത്തേക്കു തിരുകാതെ അതേ പോലെ പിടിച്ചുകൊണ്ട് അടുക്കളയിലേക്കൊടി. ' ഒരിക്കലും ഞാന്‍ പറയുന്ന കേള്‍ക്കില്ല. പാല് വൈകീട്ട് വാങ്ങിയാ മതിയെന്നു എത്ര പറഞ്ഞാലും കേള്‍ക്കില്ല' എന്ന് രമേഷിനെ ഉച്ചത്തില്‍ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഓട്ടം. ഓട്ടത്തിനിടയില്‍ സാരിയുടെ അടിയില്‍ കാല്‍ തട്ടി അടുക്കളയിലെ കതകിന്റെ കട്ടിളയിലും ഭിത്തിയുടെ വെളുമ്പിനും മുഖവും നെറ്റിയുമിടിച്ച് വന്‍ ശബ്ദത്തോടെ വിനീത മറിഞ്ഞു വീണു. മകളെ വിട്ടിട്ടു വന്ന അതേ വേഷത്തില്‍ സിറ്റൗട്ടില്‍ പത്രവായനയിലായിരുന്ന രമേഷ് അവിടേക്കു കുതിച്ചെത്തിയപ്പോള്‍ ബോധം നശിച്ച വിനീത. നെറ്റിയില്‍ നിന്നും മൂക്കില്‍ നീന്നും  ചോര ചീറ്റുന്നു.രമേഷിന്റെ അലര്‍ച്ച കേട്ട് അയല്‍പക്കത്തെ മാത്യൂസും ഭാര്യയും ഓടിയെത്തി. പെട്ടന്ന് മൂന്നു പേരും കൂടി വിനീതയെ രമേഷിന്റെ കാറിന്റെ പിന്‍സീറ്റില്‍ കിടത്തി. മാത്യൂസ് ഓടിപ്പോയി ഗേററ് തുറന്നിട്ടു വന്ന് മുന്‍സീറ്റില്‍ കയറി. അയാളുടെ ഭാര്യയുടെ മടിയില്‍ തലവച്ച് കിടത്തിയിരിക്കുകയാണ് വിനീതയെ.

 

അപ്പോഴേക്കും മറ്റ് അയല്‍ വാസികളും കൂടി. രമേഷ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. റിവേഴ്‌സില്‍ പുറത്ത് റോഡിലേക്കെടുത്തു വേണം പോകാന്‍. വീതി കുറഞ്ഞ റോഡുമാണ്. പുറത്തു നിന്നവര്‍ കാര്‍  റിവേഴ്‌സ് പൊന്നോട്ടെ എന്ന് ഉറക്കെ പറഞ്ഞിട്ട് കൈകൊണ്ട് സിഗ്നല്‍ കൊടുക്കുകയും ചെയ്തു. രമേഷ് റിവേഴ്‌സ് ഗിയറിലിട്ട് പെട്ടെന്ന് കാര്‍ പുറത്തേക്കെടുത്തു. തുടര്‍ന്ന് ഫസ്റ്റ് ഗിയറിടാതെ മുന്നോട്ടെന്ന ധാരണയില്‍ അയാള്‍ ആക്‌സിലേറേറ്ററില്‍ ശക്തിയോടെ കാല്‍ കൊടുത്തു. കാര്‍ പിന്നിലേക്ക് കുതിച്ച് എതിര്‍ വശത്തെ കോണ്‍ക്രീറ്റ് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു. ഒരു ഇടിവെട്ടലിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് വൈദ്യുതിപോസ്റ്റ് താഴെവച്ച് ഒടിഞ്ഞ് മുന്‍ഭാഗം കാറിന്റെ ഡ്രൈവര്‍സീറ്റിന്റെ മുകളിലേക്ക് പ്രചണ്ഡതയോടെ വീണു. കാറിന്റെ ആ ഭാഗം തകര്‍ന്ന് താഴേക്കമര്‍ന്നു. പൊട്ടിവീണ വൈദ്യുത കമ്പി രണ്ടു വീടിനപ്പുറത്ത് നിന്ന് സ്‌കൂളില്‍ പോകാനായി  പുറത്തേക്കിറങ്ങി റോഡരികിലെത്തിയ ആറാംക്ലാസ്സുകാരിയുടെ മേല്‍ തട്ടി. ആ കുട്ടി വൈദ്യുതാഘാതത്തില്‍ പിടഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നവരില്‍ ഒരാള്‍ പൊട്ടിവീണ കേബിള്‍ ടി.വിയുടെ വയര്‍ എടുത്ത് മടക്കിപ്പിടിച്ച് ആ കുട്ടിയെ വൈദ്യുത കമ്പിയില്‍ നിന്നു വിലിച്ചെടുത്ത് വേര്‍പെടുത്തി. അവിടം വന്‍ നിലവിളിയില്‍ മുഖരിതമായി . പെട്ടന്ന് ഒരു വന്‍ ജനാവലിയും രൂപം കൊണ്ടു.
          

 

ഒരു കൂട്ടം ആള്‍ക്കാര്‍ വൈദ്യുതാഘാതമേറ്റ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരോ ഒരാള്‍ എവിടെ നിന്നോ ഒരു മരത്തിന്റെ ഏണി കൊണ്ടു വന്നു. ഏതാനും പേര്‍ ചേര്‍ന്ന് ആ ഏണിവച്ച്  കോണ്‍ക്രീറ്റ് പോസ്റ്റ് കാറിനു മുകളില്‍ നിന്ന് തള്ളി താഴെയിട്ടു. അമര്‍ന്ന കാറിന്റെയടിയില്‍ രമേഷ് ബോധരഹിതനായി ഞെരുങ്ങിയിരിക്കുന്നു. കാറിലുണ്ടായിരുന്ന മറ്റാര്‍ക്കും ഒന്നും സംഭവിച്ചില്ല. അയല്‍ വാസികള്‍ കാറുകളുമായി എത്തി. മൂന്നു പേരേയും മൂന്നു കാറുകളിലാക്കി ആശുപത്രിയിലേക്കു കുതിച്ചു. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ആശാ-ബാലകൃഷ്ണന്‍ ദമ്പതികളുടെ ഏക മകള്‍ പാര്‍വ്വതി അവിടെ വച്ചു തന്നെ മരിച്ചിരുന്നു. മൂന്നു പേരേയും ഉള്ളൂരിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ വിനീതയ്ക്ക് ബോധം തിരിച്ചു വന്നു. അവര്‍ സംസാരിക്കുകയും ചെയ്തു. എങ്കിലും നെറ്റിയില്‍ നിന്ന് അപ്പോഴും ചോര ഒഴുകിക്കൊണ്ടിരിക്കുകയാണ്. വിനീതയുടെ സാരിയുടെ തലപ്പുകൊണ്ട് മാത്യൂസിന്റെ ഭാര്യ മുറിവില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. വിനീതയുടെ മൂക്കും ഇടിച്ചിട്ടുണ്ട്. മൂക്ക് വല്ലാതെ മുഴച്ചു വലുതായ അവസ്ഥയിലാണ്. മൂക്കിനുള്ളില്‍ നിന്നും ധാരാളം ചോര പോയിട്ടുണ്ട്.
 

 

'എവിടെയാ നമ്മള്‍, എന്താ പറ്റിയത് ഡെയ്‌സി' വിനീത ചോദിച്ചു. എന്താണ് ഉത്തരം പറയേണ്ടതെന്നറിയാതെ അവര്‍ കുടുങ്ങി. സ്‌ട്രെച്ചറുമായി ആശുപത്രി അറ്റന്‍ഡര്‍മാര്‍ എത്തി. അതിന്റാവശ്യമില്ലെന്നും താന്‍ നടന്നു കൊള്ളാമെന്നും വിനീത പറഞ്ഞുകൊണ്ട് ഡെയ്‌സിയുടെ സഹായത്തോടെ എഴുന്നേറ്റ് കാറില്‍ നിന്നിറങ്ങി. തൊട്ടു പിന്നാലെ രമേഷിനെയും വൈദ്യുതാഘാതമേറ്റ പെണ്‍കുട്ടിയേയും കൊണ്ടുള്ള കാറുമെത്തി. വിനീതയെ കൊണ്ടുപോകാനെത്തിയ സ്‌ട്രെച്ചര്‍ തൊട്ടു പിന്നാലെയെത്തിയ കാറിന്റെ നേര്‍ക്കെത്തി. അതില്‍ നിന്നും രമേഷിനെ സ്‌ട്രെച്ചറിലേക്കു എടുക്കുന്ന കാഴ്ചയാണ് വിനീത കാണുന്നത്.
'ഡെയ്‌സി എന്താ സംഭവിച്ചെ പറ ' വിനീത അലറി. ഡെയ്‌സി പൊട്ടിക്കരഞ്ഞുകൊണ്ട് വിനീതയെ ചേര്‍ത്തു പിടിച്ചു. ഏറ്റവും ഒടുവില്‍ വന്ന കാറില്‍ നിന്ന് ആര്‍ത്തനാദത്തോടെ ആശയും ബാലകൃഷ്ണനും അവരുടെ കൂടെ  മകളെ എടുത്തുകൊണ്ടുള്ള അയല്‍ക്കാരും. വിനീത അവിടെത്തന്നെ കുത്തിയിരുന്നു. അപ്പോഴേക്കും ആശുപത്രി സ്റ്റാഫ് വീല്‍ചെയറുമായെത്തി വിനീതയെ അതില്‍ കയറ്റിയിരുത്തി ഉള്ളിലേക്കു കൊണ്ടു പോയി.
        

 

ചെമ്പഴന്തിയിലെ വീട്ടില്‍ ഹരികുമാര്‍ ചാനല്‍ ഓണ്‍ ചെയ്തപ്പോള്‍ സ്‌ക്രോള്‍ ' പാങ്ങപ്പാറയില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുകാറിന്റെ മേല്‍ വീണു; വൈദ്യുതാഘാതമേറ്റ് ഒരു വിദ്യാര്‍ത്ഥിനി മരിച്ചു, ഒരാളുടെ നില ഗുരുതരം' .തൊട്ടടുത്ത സ്ഥലമായതിനാല്‍ കൂടുതല്‍ വിവരമറിയാന്‍ മറ്റേതെങ്കിലും ചാനലില്‍ വാര്‍ത്തയുണ്ടോ എന്ന് നോക്കിയപ്പോള്‍ വിഷ്വലോടു കൂടിയ വിശദ വാര്‍ത്ത. ഒരു വിദ്യാര്‍ത്ഥിനി മരിക്കുകയും കാറിനുള്ളിലുണ്ടായിരുന്ന രമേഷും ഭാര്യ വിനീതയും പരിക്കേറ്റ് ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ . രമേഷിന്റെ നില ഗുരുതരം. കുറേ നേരം എന്തു വേണമെന്നറിയാതെ ഹരികുമാര്‍ സ്തബ്ദനായി ഇരുന്നു.
   

 

ഹരികുമാര്‍ ഫോണെടുത്ത് ജോയിന്റ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്ത ചിത്രാംഗദനെ വിളിച്ചു. പഴയ നക്‌സലായിരുന്ന ചിത്രാംഗദന്‍ ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലെ എലീറ്റ് ക്ലാസ് ജോത്സ്യനാണ്. ഇടയ്ക്കിടയ്ക്ക് ചിത്രാംഗദന്‍ ശ്രീലങ്കയിലും പോകും.അവിടുത്തെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ അയാളുടെ വാക്ക് വളരെ നിര്‍ണ്ണായകമാണ്. സൗത്തേഷ്യന്‍ ഭൗമരാഷ്ട്രീയത്തില്‍ തന്റെ നിശബ്ദമായ പങ്ക് ആരും അറിയാതെ പോകുന്നുവെന്ന പരാതിയും ചിത്രാംഗദനുണ്ട്.
' സര്‍, കഴിഞ്ഞ ഒരാഴ്ചയായി എന്റെ ജീവിതത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നു. എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്റെ വളരെ അടുത്ത സുഹൃത്തുക്കളൊക്കെ ഗുരുതരമായ അപകടങ്ങളില്‍ പെടുന്നു. ഇന്നലെ വരെ ചാനലുകളിലെ വാര്‍ത്ത മാത്രമായിരുന്നവ എന്റെ ജീവിതത്തിനടുത്തേക്കു വരുന്നതു പോലെ. '
' തന്റെ ഹോറോസ്‌കോപ്പ് നമ്പരോര്‍മ്മയുണ്ടോടോ ഹരി. ങ്..... ങാ വേണ്ട. കിട്ടി. ഒന്നു ഹോള്‍ഡ് ചെയ്യടോ'  ചിത്രാംഗദന്‍ പറഞ്ഞു.
 ഹരികുമാറിന്റെ മനസ്സിലൂടെ അനേകം അശുഭചിത്രങ്ങള്‍ ഓടിമറഞ്ഞു. ശിവപ്രസാദ് അപകടത്തില്‍ പെട്ട ദിവസം ഒരു ബൈക്കുയാത്രക്കാരന്‍ തന്റെ വാഹനത്തില്‍ ഇടിക്കാതെ കഷ്ടിച്ച് ഒഴിവായിപ്പോയത്. പിന്നെ രക്തമൊലിക്കുന്ന പരിക്കേറ്റ കൈയ്യുമായുള്ള ഷെല്‍ജ. ഒടുവില്‍ അന്ന് രാവിലെ പത്രത്തിന്റെ ഒന്നാം പേജില്‍ കണ്ട സിന്ദൂരതിലകം പടര്‍ന്നു താഴേക്കിറങ്ങിയ സിനിമാ നടിയുടെ കാമം ജ്വലിക്കുന്ന കണ്ണുകളും ആ കണ്ണുകളുടെ കൃഷ്ണമണി രൂപാന്തരം പ്രാപിച്ചതുപൊലുളള അവളുടെ കൈത്തണ്ടകളും. തനിക്ക് വിളമ്പാതെ പോയ പ്രാതല്‍ രമേഷിന്റെ വീട്ടില്‍ നിന്ന് ഇനി ഒരിക്കലും കഴിക്കാന്‍ പറ്റാതെ വരുമോ? വിനീതയുടെ കൈകളിലൂടെ പാത്രത്തിലേക്കു വരുന്ന ചിരി. എന്നീ ചിന്തകളില്‍ മുഴുകിനില്‍ക്കുന്നതിനിടയില്‍ ചിത്രാംഗദന്‍ തുടര്‍ന്നു.  മേശക്കപ്പുറത്തു നിന്നു തന്റെ പാത്രത്തിലേക്ക് സ്‌നേഹപൂര്‍വ്വം ഭക്ഷണം വിളമ്പുന്ന വിനീതയുടെ ചിത്രം നഷ്ടസ്വപ്‌നം പോലെ ഹരികുമാറിനു തോന്നി.

 

' ഹരീ, നീ അല്‍പ്പമൊന്നു സൂക്ഷിക്കണം. എന്താണ് കാര്യമെന്നൊന്നും നീ ചോദിക്കരുത്. രണ്ടു സാധ്യതകളുണ്ട്. ഒന്ന് അതി ശക്തമായ പുതിയ സൗഹൃദങ്ങള്‍ അല്ലെങ്കില്‍ പഴയ സൗഹൃദങ്ങള്‍ അതുപോലെ പുതുക്കപ്പെടും. അതു രണ്ടായാലും തടയാന്‍ പറ്റില്ല. അതുകൊണ്ട് തടയാന്‍ നില്‍ക്കേണ്ട. തടഞ്ഞിട്ടു കാര്യമില്ല. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ വന്‍ അപകടം ഉണ്ടായെന്നു തന്നെയിരിക്കും. ശക്തമാകുന്ന സൗഹൃദങ്ങള്‍ എന്തായിത്തീരുമെന്നു പറയുക നിവൃത്തിയില്ല. ഒരുപക്ഷേ വന്‍ കയറ്റമായിരിക്കും. അല്ലെങ്കില്‍ അതുപോലെ മോശവും. ഒരു കാര്യം, ശുചീന്ദ്രം ക്ഷേത്രത്തില്‍ അടുപ്പിച്ച് മൂന്നു ശനിയാഴ്ച പോയി തൊഴ്. ങാ... ഒരുകാര്യം റോഡ് മാര്‍ഗ്ഗം പോകരുത്. പ്രത്യേകിച്ചും ഡ്രൈവിംഗ് ഒഴിവാക്കുന്നത് നല്ലത്‌.ബൈക്ക് പൂര്‍ണ്ണമായി ഒഴിവാക്കുകയാണെങ്കില്‍ ഉത്തമം. ഏപ്രില്‍ 14 കഴിഞ്ഞു കിട്ടിയാല്‍ പിന്നെ നീ തിരിഞ്ഞു നോക്കേണ്ട. നീ കസറും' .
' താങ്ക്യൂ സാര്‍ താങ്ക്യൂ.'

 

രമേഷിന്റെയും ഭാര്യയുടെയും അപകടകാര്യം പെട്ടന്ന് ഹരിയുടെ മനസ്സില്‍ നിന്നും മാഞ്ഞു. ഇനിയും രണ്ടു മാസം സമയമുണ്ട്, ഏപ്രില്‍ 14ന്. അതുവരെ റോഡ് യാത്രകള്‍ എങ്ങനെ ഒഴിവാക്കാന്‍ പറ്റും. ചെമ്പഴന്തിയില്‍ നിന്ന് കഴക്കൂട്ടം റെയില്‍വേസ്റ്റേഷനിലേക്കു പോകുന്ന സമയം കൊണ്ട് ബസ്സില്‍ വേണമെങ്കില്‍ സിറ്റിയിലെത്താം. ബസ്സില്‍ യാത്ര ചെയ്യുന്നതിന് കുഴപ്പമുണ്ടോ എന്ന് കൂടി ചിത്രാംഗദനോട് ചോദിക്കാമായിരുന്നുവെന്ന് ഹരികുമാര്‍ ഓര്‍ത്തു. അതിനായി വീണ്ടും വിളിക്കാന്‍ തോന്നിയില്ല. അദ്ദേഹം അതു പറ്റില്ലെന്നു പറഞ്ഞാലും പുറത്തിറങ്ങണമെങ്കില്‍ വേറെ നിവൃത്തിയില്ല. അല്ലെങ്കില്‍ രണ്ടു മാസം ലീവെടുക്കണം. അതിനും കഴിയില്ല. താന്റെ ഫേം ഏറ്റെടുത്തിട്ടുള്ള സര്‍വ്വേ ഏപ്രില്‍ ഒന്നിനു മുന്‍പ് പൂര്‍ത്തിയാക്കിക്കൊടുക്കണം.രേഖാമൂലം നേരിട്ട് തന്റെ ഉത്തരാവിദിത്വത്തിലല്ലെങ്കിലും ഫലത്തില്‍ താന്‍ തന്നെയാണ്  അതു നടത്തുന്നത്. വന്‍ തുക ഫീസ് വാങ്ങി ചെയ്യുന്ന സര്‍വ്വേയാണ്. അതിന്റെ അഡ്വാന്‍സും കൈപ്പറ്റിക്കഴിഞ്ഞു. അല്ലെങ്കില്‍ രണ്ടു മാസം ലീവെടുത്തു വീട്ടില്‍ തന്നെ കൂടാമായിരുന്നുവെന്നും ഹരികുമാര്‍ ആലോചിച്ചു. എന്തായാലും ഏപ്രില്‍ 14 വരെ യാത്ര ബസ്സിലാക്കാന്‍ തീരുമാനിച്ചു. ചെമ്പഴന്തി മുതല്‍ കാര്യവട്ടം വരെയുള്ള കുറച്ചു സ്ഥലത്തു മാത്രമേ ബസ്സിന് വേഗതയെടുക്കാന്‍ പറ്റുകയുള്ളു. അവിടുന്നങ്ങോട്ട് വന്‍ വേഗതയില്‍ പോകാന്‍ പറ്റാത്തതിനാല്‍ അപകടമുണ്ടായാല്‍ പോലും വലിയ കുഴപ്പമുണ്ടാകാനിടയില്ലെന്ന് അയാള്‍ സ്വയം ആശ്വസിപ്പിച്ചു.
       

 

വീണ്ടും വാര്‍ത്തയിലേക്കു നോക്കിയപ്പോള്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു തകര്‍ന്ന രമേഷിന്റെ കാറിന്റെ ദൃശ്യവും വിദ്യാര്‍ത്ഥിനിയുടെ വീടിന്റെ ദൃശ്യവും മാറി മാറി വന്നുകൊണ്ടിരിക്കുന്നു. മരിച്ച വിദ്യാര്‍ത്ഥിനിയെ കുറിച്ചുള്ള കണ്ണീര്‍ കഥകള്‍ തുടര്‍ന്നു. നീണ്ട നാളത്തെ പ്രര്‍ത്ഥനയ്‌ക്കൊടുവിലും നേര്‍ച്ചകള്‍ക്കുമൊടുവില്‍ കിട്ടിയ സന്തതിയാണ് മരിച്ച വിദ്യാര്‍ഥിനിയെന്നും അതേ പോലെ സ്‌കൂളിലെ മിടുക്കിയായ കുട്ടിയാണെന്നുമൊക്കെയുള്ള ടീച്ചര്‍മാരുടെയും സഹപാഠികളുടെയുമൊക്കെ അഭിപ്രായം ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രവഹിച്ചു. താനിപ്പോള്‍ ആശുപത്രിയില്‍ പോയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് ഹരികുമാര്‍ തീര്‍ച്ചപ്പെടുത്തി. കാരണം രമേഷും ഭാര്യയും ആശുപത്രിക്കുള്ളിലായിരിക്കും. പരിസരവാസികളെ പരിചയവുമില്ല. പിന്നെ അവര്‍ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടാവുകയും ചെയ്യും. കഴിയുന്നതും യാത്രകള്‍ കുറയ്ക്കാനും തീരുമാനിച്ചു. അന്നു ലീവെടുത്ത് സര്‍വ്വേയ്ക്കുള്ള പ്രാരംഭ പരിപാടികള്‍ ആരംഭിക്കാമെന്നും ഉറപ്പിച്ചു.
        

 

reality novel, passbook

ഉച്ചയോടടുത്തപ്പോള്‍ അല്‍പ്പം ലഹരിയാല്‍ സുഖമുണ്ടാകുമെന്ന് ഹരികുമാറിന് തോന്നി. പുതുക്കപ്പെടുന്ന പഴയ സൗഹൃദം. അല്ലെങ്കില്‍ അതുപോലെ അതിശക്തമായ പുതിയ സൗഹൃദം. ഇത് സ്ത്രീകളുമായാണോ അതോ പുരുഷന്‍മാരുമായാണോ എന്ന സംശയം അന്നേരം ചിത്രാംഗദനോട് ചോദിക്കാന്‍ ഹരികുമാറിനു തോന്നിയതാണ്. പക്ഷേ ചിത്രാംഗദന്‍ അറിയേണ്ടത് പറയും. അദ്ദേഹം പറയാത്തത് അറിയേണ്ടാത്തതാണ്.  ആരെങ്കിലും കൂട്ടിനു കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്നൊരു തോന്നല്‍. പക്ഷേ പ്രവൃത്തി ദിവസമായതിനാല്‍ കൂട്ടായ്മക്കക്ഷികളൊന്നും ലഭ്യമാകാന്‍ വഴിയില്ല. അയാള്‍ ശിവപ്രസാദിനെ വിളിച്ചു.
' ശിവാ, എങ്ങനെയുണ്ട്'
' നല്ല വിശേഷം ഹരി. വളരെ നല്ലത്'
'എന്തു പറ്റിയടാ.'
'ഞാനിപ്പോ ഫോര്‍ട്ടാശുപത്രിയിലാ. ഭാര്യയൊന്നു മറിഞ്ഞുവീണ് കുറച്ചു പരിക്കു പറ്റി. ട്യൂബ് ലൈറ്റ്  ഊരിവീണ് പൊട്ടിക്കിടന്നതിന്റെ പുറത്തേക്ക് വീണു. പാദത്തിന്റടിയിലും മുതുകത്തുമൊക്കെ ചില്ലു തളച്ചു കയറി. പത്തിരുപത്തിരണ്ട് തുന്നലൊക്കെ വേണ്ടി വന്നു. '
' ഇപ്പോ എങ്ങനെയുണ്ടടാ. വേറെ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. '
' ഇപ്പഴാ മനുഷ്യന് ഇരിക്കാനും നില്‍ക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ നേരില്‍ കാണുന്നത്. എല്ലായിടത്തും മുറിവും തുന്നലുമാ. കമഴ്ന്നല്ലാതെ കിടക്കാനും പറ്റില്ല. അതും കൈകള്‍ ഇഷ്ടത്തിന് വയ്ക്കാനും പറ്റില്ല. ഇടതു കൈയിലുമുണ്ട് മൂന്നു തുന്നല്'

 

' ആരാടാ സഹായിക്കാന്‍. നിന്റെ അസ്വസ്ഥതയൊക്കെ മാറിയോ.'
' എനിക്കിപ്പോ വലിയ പ്രശ്‌നമില്ല. ഞാന്‍ മാത്രമേ ഉള്ളു. മോനും മരുമോളുമൊക്കെ എനിക്ക് ആക്‌സിഡന്റ് പറ്റിയപ്പോ വന്നിട്ടു പോയതേ ഉള്ളു. വേറെ കുഴപ്പമൊന്നുമില്ല. ഒന്നു പിടിച്ച് സഹായിച്ചാ മതി'
' എടാ പോലീസ് സ്‌റ്റേഷനില്‍ പോയി അതെഴുതിക്കൊടുക്കണ്ടായോ?'
'അതു വേണം. ഞാനാ കുട്ടിയെ വിളിച്ചിരുന്നു. അതും ശരിയായി വരുന്നതേ ഉള്ളു. പിന്നെ എന്റെ കാര്യവും ഞാനതിനോട് പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു കുട്ടിയാ അത്. അതുകൊണ്ട് കുഴപ്പമില്ല.'
' നീയറഞ്ഞോ നമ്മുടെ രമേഷിന്റെയും ഭാര്യയുടെയും കാര്യം'
ടെലിവിഷന്‍ കാണാന്‍ അവസരമില്ലാഞ്ഞതിനാല്‍ ശിവപ്രസാദ് അപകടവിവരങ്ങളൊന്നുമറിഞ്ഞില്ല. ഞെട്ടലോടെയാണ് ശിവപ്രസാദ് ആ വര്‍ത്ത കേട്ടത്. രമേഷിന്റെയും വിനീതയുടെയും നന്മകളെക്കുറിച്ച് വാതോരാതെ ശിവപ്രസാദ് കുറേ നേരം പറഞ്ഞുകൊണ്ടിരുന്നു. ഭക്ഷണം വിളമ്പുന്നതിലെ വിനീതയുടെ സ്‌നേഹവും ഉത്സാഹവും പ്രത്യേകിച്ചും.
' എടാ ശിവാ എന്തേലും ആവശ്യമുണ്ടെങ്കില്‍ നീ പറയണം കേട്ടോ' എന്നു പറഞ്ഞ് ഹരികുമാര്‍ ഫോണ്‍ വച്ചു.
   

 

ഫ്രിഡ്ജില്‍ നിന്ന് ഐസെടുത്ത് സോഡാമേക്കറില്‍ സോഡയും ഉണ്ടാക്കി  ഡ്രോയിംഗ് റൂമിലെ ടി.വിക്കു മുന്നില്‍ ഹരികുമാര്‍ ഇരുന്നു. ചാനല്‍ മാറ്റിയപ്പോള്‍ ഇംഗ്ലീഷ് സിനിമയിലെ നായകനും നായികയും കൂടി ഐസ് ഓണ്‍ ദ റോക്‌സ് പങ്കു വയ്ക്കുന്നു. അതില്‍ നിന്ന് ഉത്തേജിതനായി ഹരിയും അതാകാമെന്നു കരുതി ഒരു സ്മാള്‍ ഒഴിച്ചതിനു ശേഷം രണ്ടു കഷണം ഐസുകട്ട ഇട്ടു. സ്‌ക്രീനില്‍ കണ്ട അതേ മികവ് തന്റെ കൈയ്യിലിരിക്കുന്ന ഗ്ലാസ്സിനുമെന്ന തൃപ്തിയില്‍ അയാള്‍ മെല്ലെ സിപ്പ് ചെയ്തു. നായികയുടെ വേഷവും അവരുടെ കുചവിന്യാസവും വീഡിയോചാറ്റില്‍ കാമിസോളില്‍ കണ്ട ഷെല്‍ജയുടെ ദൃശ്യത്തെ അനുസ്മരിപ്പിച്ചു. ഷെല്‍ജയെ ഒന്നു വിളിച്ചാലോ എന്നു ഹരികുമാറിനു തോന്നി. പെട്ടെന്ന് അയാളുടെ ഫോണ്‍ ചിലച്ചു. നോക്കുമ്പോള്‍ ഷെല്‍ജയുടെ വീഡിയോ കോള്‍'
'ഹായ് ഷെല്‍ജ, ഹൗ ആര്‍ യൂ'
' ഗുഡ് ഗുഡ്, സേര്‍ ,ഹൗ എബൗട്ട് യൂ'
' എങ്ങനെയാ ഫൈന്‍ എന്നു പറയുക. ങാ, ഷെല്‍ജയ്ക്കറിയാമല്ലോ അന്ന് എന്റെ കൂടെ ആശുപത്രിയില്‍ വന്ന രമേഷ് .'
' വ്വ്. അറിയാമല്ലോ'
വളരെ വൈകാരികതയോടെ ഹരികുമാര്‍ ഷെല്‍ജയോട് രമേഷിന്റെയും ഭാര്യയുടെയും കാര്യം പറഞ്ഞു.
' അയ്യൊ.....'
'എന്തു പറ്റി  സാര്‍'
'ഞാന്‍ മോളൂട്ടിയുടെ കാര്യം മറന്നു പോയി. രമേഷിന്റെ മോള് . അവരു രണ്ടു പേരും ചികിത്സയിലായ സ്ഥിതിക്ക് അവിടേക്ക് പോയിട്ടു കാര്യമില്ലല്ലോ എന്നു കരുതി പോകേണ്ടെന്നു വച്ചു. ശ്ശെ, ഈ അവസ്ഥയില്‍ ഇനി പോകാനും പറ്റില്ലല്ലോ'
'  അതു കുഴപ്പമില്ല സാര്‍. റിലേറ്റീവ്‌സൊക്കെ ഇതിനകം എത്തിക്കാണുമല്ലോ. അതുകൊണ്ടു കുഴപ്പമില്ല. സാര്‍ ഇപ്പോ നല്ല ഫോമിലായിട്ടുണ്ടല്ലോ'
' താങ്ക്യൂ ഷെല്‍ജ. താങ്ക്യൂ. അതു കേട്ടപ്പോ എനിക്ക് സമാധാനമായി.ഞാനിപ്പോ ഷെല്‍ജയുടെ കാര്യമങ്ങോട്ട് ആലോചിച്ചതേ ഉണ്ടായിരുന്നുള്ളൂ. ഒരിംഗ്ലീഷ് സിനിമയിലെ രംഗത്തില്‍ അതിലെ നായികയെ കണ്ടപ്പോള്‍. അപ്പോഴാ ഷെല്‍ജയുടെ കാള്‍ വന്നത്. ശരിക്കും ഞാന്‍ വല്ലാതെ വറീഡ് ആയിരുന്നപ്പഴാ ഷെല്‍ജയുടെ വിളി. താങ്ക്യൂ. യൂ ആര്‍ റിയലി ഗ്രേറ്റ്'

 

' ഏതു സിനിമയാ സാര്‍ കാണുന്നെ. '
' ദ ജയന്റ് കില്ലര്‍'
 അതു കേട്ട മാത്രയില്‍ ആഴമുള്ള കിണറ്റില്‍ നിന്നു കമ്പിക്കൊളുത്തുകള്‍ കൂട്ടിക്കെട്ടിയ പാതാളക്കരണ്ടി തൊട്ടിയില്ലാതെ വേഗത്തില്‍ വലിച്ചെടുക്കുന്ന ശബ്ദം പോലെ ഷെല്‍ജ ചിരിച്ചു.
' സാര്‍ അതിലെ കില്ലറാണോ ഞാന്‍'
എന്ത് മറുപടി പറയണമെന്നറിയാതെ മദ്യലഹരിയില്‍ ഓളം ചവിട്ടി നിന്ന ഹരികുമാര്‍ ഉള്ളില്‍ കരച്ചിലടക്കിക്കൊണ്ടെന്നപോലെ പൊട്ടി പൊട്ടിച്ചിരിച്ചു.  ഷെല്‍ജയുമായി അധികനേരം സംഭാഷണം നീണ്ടു പോയി. ഒടുവില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങളെന്ന് ഷെല്‍ജയോട് ഹരികുമാര്‍ തിരക്കി.
'സര്‍ , ഞാന്‍ ആകെ ടെന്‍ഷനിലാണ്. ആക്‌സിഡന്റ് കഴിഞ്ഞിട്ട് ഇതുവരെ ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്തിട്ടില്ല. പക്ഷേ ബാങ്കില്‍ നിന്ന് ബോസ്സു വിളിച്ചിട്ട് ഒരു രക്ഷയുമില്ല. ടാര്‍ജറ്റ് ഹെവിയാണ്. സാറിന് എന്നെയൊന്നു ഹെല്‍പ്പ് ചെയ്യാന്‍ പറ്റുമോ. സാറിനു ഒരുപാട് കോണ്‍ടാക്ടുള്ള ആളല്ലേ, എനിക്ക് കുറച്ച് നല്ല ക്ലയന്റ്‌സിനെയൊന്നു പരിചയപ്പെടുത്തിത്തരാമോ. '
' ശ്ശെ, എന്തോന്ന് ഇതാണോ ഷെല്‍ജകുമാരീ ഒരു ഹെല്‍പ്പ്. ബോസ്സിനോടു പോയി പണി നോക്കാന്‍ പറ. ടാര്‍ജറ്റിനെക്കുറിച്ച് മറന്നേരെ. ഈ പ്രായമൊക്കെ ടെന്‍ഷനടിച്ചു കളയാനുള്ളതാണോ. റിലാക്‌സ് റിലാക്‌സ്. ടാര്‍ജറ്റൊക്കെ നമ്മള്‍ പുഷ്പം പോലെ. ഏതുപോലെ ങാ പുഷ്പം പോലെ  ഇറുത്ത് നമ്മള്‍ ശരിയാക്കി മാല കെട്ടി, അതു വേണ്ട ബൊക്കെയാക്കി ബോസ്സിന്റെ ടൈ പൊക്കി കോളറിനുള്ളിലേക്ക് തിരുകിക്കൊടുക്കും. ഡോണ്ട് വറി എബൗട്ട് ടാര്‍ഗറ്റ്. ഇറ്റ്‌സ് എ സില്ലി മാറ്റര്‍'
' താങ്ക്യൂ താങ്ക്യൂ സേര്‍. വെരി കൈന്‍ഡ് ഓഫ് യു'

 

അതു പറഞ്ഞുകൊണ്ട് ഷെല്‍ജ കാള്‍ അവസാനിപ്പിച്ചു. ലൂസായ വെള്ള റൗണ്ട് നെക്ക്  ടീ ഷര്‍ട്ടിനുള്ളിലുള്ള ഷെല്‍ജയെ ചാനല്‍ സ്‌ക്രീനില്‍ കണ്ട വരട്ടുമോന്തച്ചി മദാമ്മയെ കാണിച്ചിരുന്നെങ്കില്‍ അവള്‍ നാണിച്ച് ചുരുങ്ങിക്കൂനിപ്പോയേനെയെന്ന് ഹരികുമാര്‍ ഓര്‍ത്തു. ഷെല്‍ജയുടെ അന്നത്തെ വേഷത്തെ കുറിച്ച് ഒന്നു പറയണമെന്ന് പലകുറി വിചാരിച്ചതാ. മദ്യലഹരിയിലും അണ്ടര്‍ സെക്രട്ടറിയായ ഹരികുമാറിന് പുതിയ നിയമങ്ങളെ കുറിച്ചുള്ള ഓര്‍മ്മ തെളിഞ്ഞു വന്നു. അവള്‍ ആ ലൂസായ കട്ടി കുറഞ്ഞ വെളുത്ത ടീഷര്‍ട്ടിനടിയില്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് അവളുടെ ടീഷര്‍ട്ടുപോലെ വ്യക്തമെന്നും ഹരികുമാര്‍ ആലോചിച്ചു. അയാള്‍ ഒരു ലാര്‍ജ് ഐസ് ഓണ്‍ ദ റോക്ക് ഒറ്റവിലിക്ക് അകത്താക്കി.
         

 

ഹരികുമാര്‍ ഉറക്കമുണര്‍ന്നപ്പോള്‍ നേരം നന്നായി ഇരുട്ടി. വിശപ്പായില്ല. ഫ്രിഡ്ജില്‍ തലേ ദിവസം വങ്ങിക്കൊണ്ടുവന്ന ചപ്പാത്തിയും കറിയും ഇരിപ്പുണ്ട്. ഒന്നു കുളിച്ചിട്ട് ഭക്ഷണം ആകാമെന്നു കരുതി. അയാള്‍ ടി വി ഓണ്‍ ചെയ്തപ്പോള്‍ വാര്‍ത്തയും തുടര്‍ന്നുള്ള അന്തിച്ചര്‍ച്ചയും. അന്നത്തെ ചര്‍ച്ച 'ജീവനു ഭീഷണിയാകുന്ന വൈദ്യുത പോസ്റ്റുകളോ'  എന്ന വിഷയത്തെകുറിച്ചാണ്. വാര്‍ത്തയില്‍ നിന്ന് രമേഷും ഭാര്യയും അപകടനില തരണം ചെയ്തുവെന്നു മനസ്സിലായി. രമേഷിന്റെ തോളെല്ലും വലുതുകൈയ്യും ഒടിഞ്ഞു. തോളെല്ല് രണ്ടായി മുറിഞ്ഞു പോയ വിധം പൊട്ടിപ്പോയെന്നും വാര്‍ത്തയില്‍. ചര്‍ച്ചയ്ക്കിടെ അപകടം നടന്ന ഇടവും വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോഴുള്ള ദൃശ്യങ്ങളും മാറി മാറിക്കണ്ടു.
   

 

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതിപക്ഷത്തിന്റെ വക്താവ് ഈ മരണത്തിനുത്തരവാദി വിദ്യുഛക്തി വകുപ്പു മന്ത്രിയാണെന്നു പറഞ്ഞു വച്ചു. കാരണം കരാറുകാരുമായി ഒത്തു കളിച്ച് അഴിമതി നടത്തിയതിന്റെ ഫലമാണ് ഇത്ര ദുര്‍ബലമായ വൈദ്യുതി പോസ്റ്റുകള്‍ ജീവന് ഭീഷണിയായി നിരത്തു വക്കുകളില്‍ നില്‍ക്കുന്നതെന്നത്രെ. കുറച്ചു കഴിഞ്ഞ് ഭരണ പക്ഷത്തു നിന്നുള്ള പ്രമുഖ നേതാവ് ഒരു മന്ദസ്മിതത്തോടെ ചൂണ്ടു വിരല്‍ ഉയര്‍ത്തിക്കാട്ടി അവതാരകനില്‍ നിന്ന് സമയം കരസ്ഥമാക്കി സംസാരിച്ചു തുടങ്ങി. അദ്ദേഹം പറഞ്ഞു, താന്‍ ഇപ്പോള്‍ അവിടുത്തെ ഇലക്ട്രിക് സെക്ഷനിലെ എഞ്ചിനീയറുമായി ബന്ധപ്പെട്ടുവെന്നും കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്ഥാപിച്ച പോസ്റ്റാണതെന്ന് ഉറപ്പാക്കിയെന്നും സ്ഥാപിച്ചു സ്‌കോര്‍ ചെയ്തു. അങ്ങനെയെങ്കില്‍ അത്തരം പോരായ്മകള്‍ മാറ്റുന്നതിനു വേണ്ടിയല്ലേ അന്നത്തെ പ്രതിപക്ഷത്തെ ജനം ഭരണമേല്‍പ്പിച്ചതെന്ന് പ്രതിവാദം ഉന്നയിച്ച് പ്രതിപക്ഷക്കാരന്‍ പിടിച്ചു നിന്നു.
ചാനല്‍ മാറ്റാനായി ഇരുന്ന സെറ്റിയില്‍ റിമോട്ട് തിരഞ്ഞപ്പോള്‍ കൈയ്യില്‍ പെട്ടത് മൊബൈല്‍ ഫോണ്‍ . അതു കൈയ്യിലെടുത്തപ്പോള്‍ ശബ്ദിച്ചു.
' എന്താ ശിവാ. ങേ .. നീ കാര്യം പറ. സാമാധാനിക്കടാ. നീ കരയാതെ കാര്യം പറ'
' ഹരി എന്റെ വീട്ടിലും ഇവിടെ ആശുപത്രിയിലുമൊക്കെ പോലീസെത്തി'
' എന്താടാ കാര്യം'
'മോന്‍ കിരണ്‍ ഒരു കേസ്സില്‍ പെട്ട്. ജാമ്യമില്ലാത്ത വകുപ്പത്രേ. അവന്‍ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ റേപ്പ് ചെയ്‌തെന്നോ അതിനു ശ്രമിച്ചെന്നോ ആണ് പരാതി. അവനെക്കുറിച്ച് ഒരു വിവരവുമില്ല'. (തുടരും)

Tags: