ബി.ജെ.പിയുടെ ചൂണ്ടയില്‍ ടി.ഡി.പി കൊത്തുമോ?!

എസ്. സുരേഷ്

Tuesday, October 1, 2013 - 2:10pm
ദില്ലി ഘട്ട്
മുന്‍ യു.എന്‍.ഐ പ്രതിനിധി എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി

ദേശീയ ജനാധിപത്യ സഖ്യ (എന്‍.ഡി.എ)ത്തിന്റെ കുടക്കീഴില്‍ നിന്ന്‍ വിവിധ കാലങ്ങളിലായി ഒരു പറ്റം പാര്‍ട്ടികള്‍ വിട്ടുപോയതോടെ 2014-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യത്തിലേക്ക് പങ്കാളികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇത് അനിവാര്യമാണെന്ന് ബി.ജെ.പി തിരിച്ചറിയുന്നുണ്ട്. തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവ് എന്‍. ചന്ദ്രബാബു നായിഡുവുമായി സെപ്തംബര്‍ 21-ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് നടത്തിയ കൂടിക്കാഴ്ച അടിത്തറ വിപുലപ്പെടുത്താനുള്ള, പ്രത്യേകിച്ചും ദക്ഷിണേന്ത്യയില്‍, പാര്‍ട്ടിയുടെ പാരവശ്യം കൂടി സൂചിപ്പിച്ചു.  

 

അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് വ്യക്തമാക്കാന്‍ ഇരുനേതാക്കളും മറന്നില്ല. എന്നാല്‍, രാജ്യതലസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകള്‍ കേവല ഉപചാര പ്രകടനം മാത്രം എന്നത് ആരെയും ബോധ്യപ്പെടുത്താന്‍ കഴിയുന്നതല്ല. ആന്ധ്രാപ്രദേശ് വിഭജിച്ച്‌ പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള യു.പി.എ തീരുമാനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികളാണ് ചര്‍ച്ച ചെയ്തതെന്ന വിശദീകരണമാണ് നായിഡു നല്‍കിയത്.

ലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ ഇരുപാര്‍ട്ടികളും ഒരു സഖ്യം രൂപപ്പെടാനുള്ള സാധ്യത ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള സമയമിതല്ല എന്നായിരുന്നു നായിഡുവിന്റെ മറുപടി. എന്നാല്‍, ഒരു ദശകത്തിന് ശേഷം ഇരുപാര്‍ട്ടികളും വീണ്ടും സഖ്യത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതായി കൂടിക്കാഴ്ച.

 

രണ്ടു പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളവും ഒരു സഖ്യം അനിവാര്യമായി കൊണ്ടിരിക്കുകയാണ്.  ഒരുകാലത്ത് 20-ല്‍ അധികം പാര്‍ട്ടികളെ അണിനിരത്തിയിരുന്ന എന്‍.ഡി.എ ഇപ്പോള്‍ മൂന്നു കക്ഷികളിലേക്ക് - ബി.ജെ.പി, ശിവ സേന, ശിരോമണി അകാലി ദള്‍ - ചുരുങ്ങിയിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മുന്നോട്ടു കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച ജനതാദള്‍ (യു) ആണ് അവസാനമായി സഖ്യം വിട്ടത്.

 

സമാനമായി, ഒരിക്കല്‍ ആന്ധ്രാപ്രദേശിലെ ശക്തമായ രാഷ്ട്രീയ സാന്നിധ്യവും എന്‍.ഡി.എയിലെ പ്രമുഖ ഘടകകക്ഷിയുമായിരുന്ന ടി.ഡി.പി രാഷ്ട്രീയമായി തളര്‍ന്ന അവസ്ഥയിലാണ്. തെലുങ്കാന സംസ്ഥാന പ്രഖ്യാപനവും പ്രാദേശിക നേതാവ് എന്ന നിലയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉയര്‍ച്ചയും സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്.

ഹൈദരാബാദിനെ ഇന്ത്യയുടെ പുതിയ ഐ.ടി ഹബ്ബായി വളര്‍ത്തിയെടുത്തതിന്റെ അംഗീകാരം നായിഡുവിനുള്ളതാണ്. സഹസ്രാബ്ദത്തിലെ ഐ.ടി ഇന്ത്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നായിഡുവിന്റെ ‘ബൈ ബൈ ബാംഗ്ലൂര്‍, ഹെലോ ഹൈദരാബാദ്’ എന്ന മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു. ടൈം മാഗസിന്‍ ദക്ഷിണേഷ്യയിലെ പെഴ്സണ്‍ ഓഫ് ദി ഇയര്‍ ആയും യു.എസ്സിലെ തന്നെ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ നടത്തുന്ന പ്രൊഫിറ്റ് മാഗസിന്‍ ലോകത്ത് ‘ഒളിഞ്ഞിരിക്കുന്ന ഏഴു പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങളില്‍’ ഒന്നായും നായിഡുവിനെ വിശേഷിപ്പിച്ചിട്ടിട്ടുണ്ട്. ഹൈദരാബാദില്‍ എത്തി നായിഡുവിനെ സന്ദര്‍ശിച്ചവരില്‍ ബില്‍ ക്ലിന്റണും ടോണി ബ്ലെയറും ഉള്‍പ്പെടും. യു.എസ്സിലെ ഇല്ലിനോയി ഗവര്‍ണര്‍ തന്റെ സംസ്ഥാനത്ത് നായിഡു ദിനാചരണം പോലും തുടങ്ങിയിരുന്നു.

 

ആധുനിക ആന്ധ്രാപ്രദേശ് തീര്‍ച്ചയായും ചന്ദ്രബാബു നായിഡുവിനോട് ഒട്ടേറെ കടപ്പെട്ടിരിക്കുന്നു. എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തിന്റെ പാര്‍ശ്വങ്ങളില്‍ ആണ് ഇന്ന്‍ നായിഡുവിന്റെ സ്ഥാനം എന്നതും അത് മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് നായിഡു എന്നതുമാണ്‌ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. അതായത്, ബി.ജെ.പി.യുടേയും ടി.ഡി.പിയുടേയും താല്‍പ്പര്യങ്ങള്‍ തമ്മില്‍ ഒരു സംയോജനം രൂപപ്പെട്ടിരിക്കുന്നു.

 

തെലുങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കണമെന്ന ഉറച്ച നിലപാട് ആദ്യം മുതല്‍ തന്നെ ബി.ജെ.പി സ്വീകരിച്ചിരുന്നു. അതേസമയം, സീമാന്ധ്ര പ്രദേശത്തുള്ളവരുടെ ആശങ്കകള്‍ കേന്ദ്രം പരിഹരിക്കണം എന്നും ബി.ജെ.പി ആവശ്യപ്പെടുന്നു. ഏറെ വൈകി തെലുങ്കാന രൂപീകരണത്തെ ഔദ്യോഗികമായി പിന്താങ്ങിയതിന് ശേഷം സീമന്ധ്ര പ്രദേശത്തിന് നീതി ലഭിക്കണം എന്ന ആവശ്യം ഇപ്പോള്‍ ടി.ഡി.പിയും ഉയര്‍ത്തിയിട്ടുണ്ട്. തെലുങ്കാന വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും അതിനാലാണ് തങ്ങള്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതെന്നും ടി.ഡി.പി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ഒന്നോ രണ്ടോ മാസങ്ങള്‍ക്കകം കാര്യങ്ങള്‍ വ്യക്തമാകുമെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു. ആന്ധ്രയിലെ 42 സീറ്റുകളില്‍ ആറു അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. സീമാന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും തെലുങ്കാനയില്‍ കോണ്‍ഗ്രസും ടി.ആര്‍.എസ്സും ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാന്‍ ബി.ജെ.പിയുമായുള്ള സഖ്യം ടി.ഡി.പിയെ സഹായിച്ചേക്കും.

തെലുങ്കാന പ്രശ്നത്തില്‍ ഇപ്പോഴും പൂര്‍ണ്ണമായ പരിഹാരങ്ങള്‍ ഉണ്ടായിട്ടില്ല. 2014 തെരഞ്ഞെടുപ്പില്‍ ഗുണകരമായേക്കും എന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് കണക്കുകൂട്ടി ചെയ്ത ഒരു സാഹസമായിരിക്കുകയാണ് ഇത്. തെലുങ്കാന സംസ്ഥാനത്തെ ബി.ജെ.പി പിന്തുണച്ചിരുന്നു. ടി.ഡി.പിയെ സംബന്ധിച്ചിടത്തോളം പിന്തുണ നല്‍കുകയല്ലാതെ മറ്റ് മാര്‍ഗ്ഗം ഒന്നുമുണ്ടായിരുന്നില്ല. അതേസമയം, തീരുമാനത്തിന്റെ മുഴുവന്‍ ബഹുമതിയും കോണ്‍ഗ്രസിന് നല്‍കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ ഒരു നിവേദനവുമായി നായിഡു ഈയിടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു.

 

“സംസ്ഥാനത്തെ സന്ദിഗ്ധാവസ്ഥ കണക്കിലെടുത്ത് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ സംഘങ്ങള്‍ തമ്മില്‍ സൌഹാര്‍ദപരമായ അനുരഞ്ജനം ഉളവാക്കിക്കൊണ്ട് (തെലുങ്കാന) പ്രശ്നം പരിഹരിക്കണമെന്ന് ആഗസ്ത് ഒന്‍പതിനും 28-നും ഞാന്‍ പ്രധാനമാന്ത്രിക്കെഴുതിയിരുന്നു. എന്നാല്‍, പ്രതിസന്ധി പരിഹരിക്കാന്‍ ഉതകുന്ന രീതിയിലുള്ള പ്രത്യക്ഷ നടപടികള്‍ എന്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.” – നിവേദനത്തില്‍ നായിഡു പറയുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ “മാനസികാഘാതത്തിലൂടെയും കഠിനദു:ഖത്തിലൂടെയും” കടന്നുപോകുമ്പോള്‍ പ്രധാനമന്ത്രി ഒരു രാജ്യതന്ത്രജ്ഞന് യോജിച്ച രീതിയില്‍ സക്രിയമായും മുന്‍കൈ എടുത്തുകൊണ്ടും പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും നിവേദനത്തില്‍ പറയുന്നു.

 

തെലുങ്കാന പ്രശ്നത്തില്‍ നായിഡു സമര്‍പ്പിച്ച നിവേദനത്തില്‍ കോണ്‍ഗ്രസ് വിരുദ്ധത ദര്‍ശിക്കാനാവും. മാത്രവുമല്ല, വികസനത്തിന്റെ പ്രതീകം എന്ന നിലയിലേക്കുള്ള നരേന്ദ്ര മോഡിയുടെ മാറ്റം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ അംഗീകരിക്കുന്നതിന് തങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കില്ല എന്നുള്ള സൂചനകളും പാര്‍ട്ടി നല്‍കുന്നുണ്ട്. 2011-ല്‍ ചെന്നൈയില്‍ ജയലളിതയുടെ സത്യപ്രതിജ്ഞയ്ക്ക് മോഡിയും നായിഡുവും കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്ര മുഖ്യമന്ത്രി എന്ന നിലയില്‍ നായിഡുവിന്റെ വികസന പദ്ധതികളെ എപ്പോഴും പുകഴ്ത്തിയിരുന്ന വ്യക്തിയുമാണ് മോഡി.

 

എന്നാല്‍, ഇതില്‍ ചില പ്രശ്നങ്ങളും ഇല്ലാതില്ല. ബി.ജെ.പിയുമായുള്ള സൌഹൃദം ആന്ധ്രയിലെ മുസ്ലിം വിഭാഗത്തെ നായിഡുവില്‍ നിന്ന്‍ അകറ്റിയേക്കാം. അതേസമയം, ജഗന്‍, കോണ്‍ഗ്രസ്, ടി.ആര്‍.എസ് എന്നിവരെ ഒരേസമയം നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കാവിയോടുള്ള സഖ്യത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലെ കേന്ദ്രസ്ഥാനം തിരിച്ചുകിട്ടുമെങ്കില്‍ അതിന് തന്നെയായിരിക്കും നായിഡു മുന്‍‌തൂക്കം നല്‍കുക.  

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് കാര്യമായ സാന്നിധ്യമില്ലാത്ത ഒരു സംസ്ഥാനത്ത് പ്രധാനമായ ഒരു സഖ്യകക്ഷിയെ ലഭിക്കുന്നു എന്നതാണ് പ്രധാനം. സമീപ സംസ്ഥാനമായ കര്‍ണ്ണാടകത്തിലും പാര്‍ട്ടിയില്‍ നിന്ന്‍ പിളര്‍ന്നു പോയ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്ദ്യൂരപ്പയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ആരംഭിച്ചിട്ടിട്ടുണ്ട്. ബി.ജെ.പിയുടെ ശക്തി ഇന്ന്‍ കേന്ദ്രീകരിച്ചിരിക്കുന്നത് രാജ്യത്തിന്റെ ഉത്തര, പശ്ചിമ, മധ്യ ഭാഗങ്ങളിലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും ബി.ജെ.പി നാമമാത്രമാണ്. ആന്ധ്ര, കര്‍ണ്ണാടകം എന്നിവിടങ്ങളില്‍ സാന്നിധ്യം ശക്തമാക്കുകയും ജയലളിതയുമായി ഇന്നുള്ള ഒരുമ ഉറപ്പിക്കുകയും ചെയ്താല്‍ വിന്ധ്യന് തെക്കും പ്രതീക്ഷ പുലര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയും. ലോകസഭയില്‍ 200 സീറ്റിന് അടുത്തെങ്കിലും എത്താന്‍ ഇത് അതീവ നിര്‍ണ്ണായകവുമാണ്. ഝാര്‍ഖണ്ഡില്‍ ബാബുലാല്‍ മറാണ്ടിയുമായി ഒരു സഖ്യം രൂപപ്പെടുത്താന്‍ മോഡി ശ്രമിക്കുമെന്നും സൂചനകളുണ്ട്. 200 സീറ്റുകള്‍ തികക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞാല്‍ ഒഡിഷയിലെ നവീന്‍ പട്നായിക്കിന്റെ ബി.ജെ.ഡി തെരഞ്ഞെടുപ്പിന് ശേഷം പിന്തുണ നല്‍കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

 

എന്തായാലും, ബി.ജെ.പിയുടെ ചൂണ്ടയില്‍ ടി.ഡി.പി കൊത്തുമെന്ന് ഇനിയും ഉറപ്പ് പറയാറായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം തന്റെ കാര്‍ഡുകള്‍ പുറത്തെടുക്കുന്ന ഒരു കളിയാകും നായിഡു ഉദ്ദേശിക്കുക.

Tags: