ഭക്തിമാര്‍ഗ്ഗം ലക്ഷ്യമാകുമ്പോള്‍

Glint Guru
Sat, 15-10-2016 03:15:15 PM ;

 

എറണാകുളം കലൂരിനടുത്തുള്ള പാവക്കുളം ക്ഷേത്രത്തിനു മുന്നിലെ ദൃശ്യം. നെറ്റിയിൽ നീളത്തിലും വീതിയിലും കുറിയിട്ട അത്യാവശ്യം പ്രായമുള്ള അമ്മ. കൈയ്യിൽ ഒരു ചെറിയ തൂക്കുപാത്രവുമായി റോഡരികിൽ നിന്ന് അതുവഴി വരുന്ന ഓട്ടോറിക്ഷകൾക്ക് കൈ കാണിക്കുന്നു. കാലിയായ ഒരാട്ടോറിക്ഷ പോലും നിർത്തുന്നില്ല. എങ്കിലും ആ അമ്മ കൈ കാണിച്ചുകൊണ്ടേയിരിക്കുന്നു. അവർ കൈകാണിക്കുന്ന സ്ഥലത്തു നിന്ന് കലൂർ ജംഗ്ഷന് നേർക്കു അൽപ്പമൊന്നു നടന്നാൽ ഓട്ടോറിക്ഷാ സ്റ്റാൻഡാണ്. ആ അമ്മയ്ക്ക് വേണമെങ്കിൽ അവിടേക്ക് വന്ന് ഓട്ടോറിക്ഷാ പിടിക്കാവുന്നതേ ഉള്ളു. അതിനും തുനിയാതെ ആ അമ്മ അങ്ങോട്ടുമിങ്ങോട്ടും പോവുകയും വരുന്നതിനുമെല്ലാം കൈകാണിച്ചുകൊണ്ടിരുന്നു. അതു കണ്ടു നിൽക്കുന്നവർക്ക് അൽപ്പം ധാര്‍മിക രോഷം തോന്നിയാൽ അതിശയമില്ല. അത്തരമൊരു അമ്മ നിൽക്കുമ്പോൾ അവരുടെയടുത്തേക്ക് ചെന്ന് കൂട്ടിക്കൊണ്ടുപോവുകയാണ് വേണ്ടത്. ഒരു സ്വാതികയായ അമ്മയോട് ഇവ്വിധം പെരുമാറുന്ന സമൂഹം എന്തൊരു ക്രൂരമാണ് എന്നൊക്കെയുള്ള ചിന്തകൾ കാണികളുടെ മനസ്സിൽ വരാവുന്നതുമാണ്. എന്തായാലും ഏകദേശം അരമണിക്കൂറിലേറെയുള്ള പരിശ്രമത്തിന്റെ ഫലമായി ആ അമ്മയക്ക് വേണ്ടി ഒരാട്ടോറിക്ഷ നിർത്തി.

 

ആ അമ്മ കൈ കാണിച്ചിട്ട് നിർത്താതെ വന്ന് തൊട്ടു മുന്നിലുള്ള സ്റ്റാൻഡിൽ ഓട്ടോറിക്ഷയിട്ട ഒരു ഡ്രൈവറോട് പറഞ്ഞു, നിങ്ങൾ ആ അമ്മ കൈകാണിച്ചിട്ട് നിർത്തി അവരെ കൊണ്ടുപോകാതിരുന്നതു കഷ്ടമായിപ്പോയെന്ന്. അതു കേട്ട മാത്രയിൽ ആ ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്ത് ഒരു ചിരി വിടർന്നു. ആ ചിരി പുഞ്ചിരിയായിരുന്നു. അതായത് ചോദ്യം അയാളിൽ അസ്വസ്ഥതയല്ല ഉണ്ടാക്കിയത്. ആദ്യമായി ആ ഡ്രൈവർ പറഞ്ഞത്, ചോദ്യം അസ്ഥാനത്തല്ലെന്നാണ്. ആരു കണ്ടാലും ചോദിച്ചു  പോകുമെന്നും. പിന്നീടാണയാൾ പറഞ്ഞത് കലൂർ സ്റ്റാൻഡിലെ ഒരാട്ടോറിക്ഷ പോലും ആ അമ്മ കൈകാണിച്ചാൽ നിർത്തില്ലെന്ന്. ആ അമ്മയെ കയറ്റിക്കൊണ്ടു പോയ ആട്ടോറിക്ഷ അവരെ പരിചയമില്ലാത്ത മറ്റേതോ ഭാഗങ്ങളിൽ നിന്നു വന്ന ഡ്രൈവറുടേതാണെന്ന്.

 

ആ അമ്മ എല്ലാ ദിവസവും പാവക്കുളം അമ്പലത്തിൽ വരും. പരമ ഭക്തയാണ്. ആ കൈയ്യിലിരുന്ന കുഞ്ഞു പാത്രവും എല്ലാ ദിവസവും ഉണ്ടാകും. അതു എന്തെങ്കിലും അമ്പലത്തിലേക്കു കൊണ്ടു വരുന്നതാണോ അതോ അമ്പലത്തിൽ നിന്ന് കൊണ്ടു പോകുന്നതാണോ എന്നറിയില്ലത്രെ. അമ്പലത്തിന്റെ മുൻപിൽ നിന്ന് അമ്മയുടെ വീടു വരെ അമ്പതു രൂപയുടെ ഓട്ടം മീറ്റർ പ്രകാരമുണ്ട്. അമ്മയുടെ വീടാണെങ്കിൽ മുന്തിയ വീടും. വീട്ടിൽ നല്ല കാശുണ്ട്. എന്തായാലും ആ അമ്മയുടെ കൈയ്യിൽ എപ്പോഴും ധാരാളം പണം കാണാറുണ്ട്. പക്ഷേ അമ്പതു രൂപയുടെ ഓട്ടത്തിന് അമ്മ മുപ്പതു രൂപയേ കൊടുക്കുകയുള്ളു. മാത്രവുമല്ല, ഉച്ചത്തിൽ ശകാരിക്കുകയും ചെയ്യും. ശകാരം ഉച്ചത്തിലാകുമ്പോൾ കിട്ടിയതും വാങ്ങി ഓട്ടോറിക്ഷാക്കാർ അവിടെ നിന്ന് സ്ഥലം വിടും. ഈ ഓട്ടോറിക്ഷാ സ്റ്റാൻഡിലുളള എല്ലാവർക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്. കണ്ടുകഴിഞ്ഞാൽ പരമഭക്തയായ ഈ  അമ്മയോട് ആർക്കും സ്‌നേഹവും ബഹുമാനവും തോന്നും. പക്ഷേ വീട്ടിനുമുമ്പിൽ ഇറങ്ങിക്കഴിഞ്ഞാലുള്ള ഈ അമ്മയുടെ രൂപം ഇപ്പോ കാണുന്നതല്ല.

 

ഏതാണ്ട് ഏഴരപ്പതിറ്റാണ്ടിനപ്പുറമെങ്കിലും ഈ ഭൂമിയിൽ ജീവിച്ചിട്ട് പരമഭക്തയാണെന്ന് സ്വയം വിശ്വസിക്കുന്ന ഈ അമ്മയെ ഒരു സമൂഹം ഒഴിവാക്കുന്നു. അതും അവരുടെ സമീപനം മൂലം. ഭക്തിയും വ്യക്തിയും തമ്മിലുള്ള അടുപ്പവും ദൂരവുമാണ് ഈ അമ്മ കാട്ടിത്തരുന്നത്. ഒരുപക്ഷേ ഭൂരിഭാഗം ഭക്തരും ഈ അമ്മയുടെ ഭക്തിപാതയിലാണെന്ന് പല ക്ഷേത്രങ്ങളിലേയും തിരക്കുകളിലേക്ക് നോക്കിയാൽ കാണാൻ കഴിയും. ഹോട്ടലുകളിൽ ഉണ്ണിക്കണ്ണൻമാരെപ്പോലുള്ള കുട്ടികളെക്കൊണ്ട് ഇരുട്ടുവെളുക്കിന് പണിയെടുപ്പിച്ചിട്ട് വിശ്രമവും മര്യാദയ്ക്ക് ഭക്ഷണവും കൂലിയും കൊടുക്കാതെ വൻ ലാഭമുണ്ടാക്കുന്ന മുതലാളിമാർ. എന്നിട്ട് അങ്ങനെയുണ്ടാക്കുന്ന ലാഭത്തിന്റെ വിഹിതത്തിന്റെ കെട്ട് ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ അവർ നിക്ഷേപിക്കുന്നു. പശ്ചാത്തലത്തിൽ ജ്ഞാനപ്പാന കേൾക്കുന്നുമുണ്ടാകും. അതുപോലെ പ്രകൃതിക്കും മനുഷ്യനും കൊടും കെടുതികൾ ഏൽപ്പിച്ച് നെൽവയലുകളും നീരുറവകളും നികത്തി അംബരചുംബികളുണ്ടാക്കി വിറ്റ് അതിന്റെ ലാഭം കൊണ്ട് ഉണ്ണിക്കൃഷ്ണന്റെ സ്വർണ്ണ വിഗ്രഹം നടയ്ക്ക് സമർപ്പിക്കുന്നവർ. ഇവരെല്ലാം അറിയപ്പെടുന്നത് വൻ ഭക്തരായിട്ടാണ്.

 

ഭക്തി ഒരു മാർഗ്ഗമാണ്. അവനവനെ തിരിച്ചറിയുന്നതിനായി ശരാശരി മനുഷ്യന് സഞ്ചരിക്കാനുള്ള വഴി. ആ വഴി സൗന്ദര്യാത്മകവും അനായാസവുമാണ്. എന്നാൽ ഭക്തി ചിലരുടെ ലക്ഷ്യമാകുന്നു. അതിനാൽ അമ്പലങ്ങൾ ചൂണ്ടുപലകകളാകുന്നതിനു പകരം അവ ലക്ഷ്യങ്ങളാകുന്നു. അവിടെ തമ്പടിക്കുന്നു. ക്ഷേത്രപരിസരവും കുളങ്ങളും മലിനവും രോഗ കേന്ദ്രങ്ങളുമാകാനുള്ള കാരണമിതാണ്. ഈ ഭക്തിയെയാണ് ഇന്ന് രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഭക്തിയായി കാണുന്നത്. ഈ ഭക്തിയെയും ഭക്തരെയും തൃപ്തിപ്പെടുത്തി വോട്ടു നേടാനാണ് രാഷ്ട്രീയകക്ഷികളും നേതാക്കളും ശ്രമിക്കുന്നത്. രാഷ്ട്രീയനേതാക്കളും ഇവ്വിധമുള്ള ഭക്തരാണ്.

 

ഏഴരപ്പതിറ്റാണ്ടിലധികം ജീവിച്ച ഒരമ്മയോട് അവരിടപഴകുന്നവരുടെയിടയിൽ ബഹുമാനവും സ്‌നേഹവും സ്വാഭാവികമായി ഉണ്ടാകണം. മാധ്യമങ്ങളിലൂടെ നിരന്തരം കാണപ്പെടുന്ന ഒറ്റപ്പെട്ട അസുഖകരമായ വാർത്തകളുടെ പശ്ചാത്തലത്തിലും പ്രായമായ അമ്മമാരോട് സ്‌നേഹവും ബഹുമാനവും പുലർത്തുന്നവർ തന്നെയാണ് ഭൂരിഭാഗം മലയാളികളും. പാവക്കുളം ക്ഷേത്തിനു മുന്നിൽ നിന്ന് അവിടുത്തെ ഓട്ടോറിക്ഷക്കാർ കയറ്റിക്കൊണ്ടു പോകാത്ത അമ്മയ്ക്ക് അതിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, അവർ മറ്റുള്ളവരിൽ  അവജ്ഞയും ഉണ്ടാക്കി. ഭക്തിയിലൂടെ അവനവനെ കണ്ടെത്താൻ കഴിയാത്തവർക്കും സ്വഭാവപരമായി ഗുണകരമായ മാറ്റങ്ങൾക്കുള്ള സാധ്യത സഗുണാരാധനാ സമ്പ്രദായത്തിൽ അന്തർലീനമാണ്. പ്രത്യേകിച്ചും ആരാധനാലയത്തിൽ നിന്നിറങ്ങിവരുമ്പോൾ. മനസ്സിന് അൽപ്പം ശാന്തത ഉണ്ടാകും. കുറച്ചു നേരത്തേക്കെങ്കിലും ആ ശാന്തത കളയാൻ മിക്കവരും തയ്യാറാകില്ല.

 

ഇവിടെ ഈ അമ്മ ക്ഷേത്രത്തിൽ നിന്നിറങ്ങിവരുമ്പോൾ തന്നെ മനസ്സ് കലുഷമാകും. നിർത്താതെ പോകുന്ന ഓരോ ഓട്ടോറിക്ഷാക്കാരേയും അവർ ശപിക്കും. എന്തിന് ക്ഷേത്രത്തിലേക്കു വരുമ്പോഴും പോകുമ്പോഴുമൊക്കെ ഈ ധാരണ അവരുടെ ഉള്ളിൽ സജീവമായിരിക്കും. തന്നെ എല്ലാവരും വെറുപ്പോടെ നോക്കുന്നുവെന്ന തോന്നൽ. വെറുപ്പിനെ അകറ്റി ആ ഇടം സ്‌നേഹം കൊണ്ടു നിറയ്ക്കുന്നതിനുള്ള ബിംബാത്മക സമ്പ്രദായമാണ് ഭക്തി. വ്യക്തിപരമായ നല്ല ഗുണവിശേഷങ്ങൾ അതിലൂടെ സാധ്യമാവുകയും ചെയ്യും. ആ ഓട്ടോറിക്ഷാ ഡ്രൈവർ പറയുന്നതിനിടയിൽ സൂചിപ്പിക്കുന്നുണ്ടായിരുന്നു, 'ഓ, ഇവരൊന്നും അമ്പലത്തിൽ പോയിട്ട് യാതൊരു കാര്യവുമില്ലെന്ന്.' അതു പൊതുമനസ്സിൽ പോലും ഭക്തിയെ കുറിച്ചും അതിന്റെ സാധ്യതയെക്കുറിച്ചുമുള്ള ധാരണയാണ് സൂചിപ്പിക്കുന്നത്. വ്യക്തിപരമായി സ്വഭാവത്തിൽ മെച്ചപ്പെട്ട സവിശേഷതകൾ ഭക്തികൊണ്ട് ഉണ്ടാവുന്നു എന്നുള്ളത്.

 

എന്നാൽ ക്ഷേത്രത്തിൽ ദൈവമിരിപ്പുണ്ടെന്നും ആ ദൈവത്തെ കണ്ട് പ്രീതിപ്പെടുത്തുന്നതാണ് ഭക്തിയെന്നുമാണ് ഭൂരിഭാഗവും ഭക്തിയെക്കുറിച്ച് ധരിച്ചിരിക്കുന്നത്. അതനുസരിച്ചാണ് അവരുടെ പ്രവൃത്തിയും. ഈ പ്രീതിപ്പെടുത്തൽ സംസ്‌കാരമാണ് സർക്കാരാപ്പീസുകളിൽ എന്തിനും ഏതിനും കൈക്കൂലി സമ്പ്രദായത്തെ സാർവ്വത്രികമാക്കിയതിൽ മുഖ്യപങ്കു വഹിച്ച സാംസ്‌കാരിക ഘടകം. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി അമ്പലത്തിൽ നേർച്ചയും മറ്റും കൊടുക്കുന്നത് യഥാർഥത്തിൽ ഭക്തിയുടെ വിപരീത ദിശായാത്രയാണ്. ആ വിപരീത ദിശാഗതിക്ക് ആക്കം കൂട്ടുന്നതാണ് വർത്തമാനകാലത്തെ മുഖ്യധാരാ സാഹചര്യങ്ങൾ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ക്ഷേത്രസംബന്ധമായ കാര്യങ്ങളുടെ മാധ്യമ റിപ്പോർട്ടുകൾ. യേശുദാസ് 2016-ൽ ശബരിമലയിൽ ദർശനം നടത്തിയതിന്റെ മുഖ്യധാരാ പത്രങ്ങളിൽ വന്ന വാർത്ത പരിശോധിച്ചാൽ അതു വ്യക്തമാകും.

 

മുന്നിൽ വന്ന് വണങ്ങി, പണവും പൊന്നും കൊടുത്താൽ മാത്രം തൃപ്തി വരുന്നവരാണ് ദൈവമെന്ന് കരുതുന്നവർ തന്നെ ദൈവസങ്കൽപ്പത്തെ എത്രമാത്രമാണ് വികൃതമാക്കുന്നത്. കൈക്കൂലിയിൽ സർക്കാരുദ്യോഗസ്ഥർ പ്രീതരാകുന്നതുപോലെയാണ് ദൈവമെന്ന് ഇങ്ങനെയുള്ള ഭക്തർ കരുതുന്നു. അങ്ങനെയുള്ളവരെ പോലും സ്വാധീനിക്കാൻ ഭക്തിക്ക് കഴിയുന്നു എന്നുള്ളിടത്താണ് ഭക്തിയുടെ സാമൂഹ്യമായ ശാസ്ത്രീയത തെളിയുന്നത്. ഈ ഭക്തിയും ദൈവധാരണയും കൂടി ഇങ്ങനെയുള്ളവർക്കില്ലായിരുന്നെങ്കിൽ ഇവർ ഏർപ്പെടുമായിരുന്ന കൃത്യങ്ങൾ മറ്റുള്ളവർക്കും സമൂഹത്തിനും എന്തുമാത്രം ദോഷം ഉണ്ടാക്കുന്നതായിരിക്കും. ഒന്നുമില്ലെങ്കിൽ ദിവസം കുറച്ചു സമയമെങ്കിലും ഇവരുടെ മനോവ്യാപാരങ്ങൾ അശുഭകാര്യങ്ങളിൽ നിന്ന് വിടുതൽ നേടി മറ്റൊരന്തരീക്ഷത്തിലേക്ക് മാറുന്നു. ആരാധനാലയങ്ങൾ സമൂഹത്തിൽ നിർവഹിക്കുന്ന ക്രമസമാധാന പാലനം ഈയർഥത്തിൽ വളരെ വലുതു തന്നെ.

 

പാവക്കുളം ക്ഷേത്രത്തിൽ വരുന്ന ഈ അമ്മ നല്ല സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ നിന്നാണ് വരുന്നത്. ചില ദിവസങ്ങളിൽ അവരെ ആരെങ്കിലും കാറിൽ കൊണ്ടുവന്നിറക്കാറുമുണ്ടെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നുണ്ട്. എന്നിട്ടും മീറ്ററിൽ കാണുന്ന തുക കൊടുക്കാൻ തയ്യാറാകാത്ത ആ അമ്മ മറ്റുള്ളവരുടെ പണം ബലാൽക്കാരമായി പിടുങ്ങുക തന്നെയാണ്. അമിത ചാർജ്ജ് ഈടാക്കുന്ന ഓട്ടോറിക്ഷക്കാർ കാണിക്കുന്ന അതേ കുറ്റം തന്നെയാണത്. അവർ എന്തുകൊണ്ടാണ് ആ ഇരുപതു രൂപ ലാഭിക്കുന്നത്. അവിടെയാണ് ധനവും ദാരിദ്ര്യവും തമ്മിൽ ബന്ധമില്ലെന്നുള്ളത് മനസ്സിലാക്കേണ്ടത്. ഇല്ലായ്മാബോധമാണ് ദാരിദ്ര്യം. ആ ബോധം കൊണ്ടു മാത്രമാണ് മനുഷ്യൻ ദാരിദ്ര്യം അനുഭവിക്കുന്നതും. കാരണം ലോകത്തിന്റെ സ്വഭാവം തന്നെന്നെ സമൃദ്ധിയുടേതാണ്. എന്നാൽ എല്ലാറ്റിനേയും താനുമായി ചേർത്തു വച്ച് കണ്ട് ശീലിച്ച് തന്റെ ഉടമസ്ഥതയിൽ വരാത്ത അവസ്ഥയെ ദാരിദ്ര്യമായി അനുഭവിക്കുന്നു.

 

ഇന്ന് എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും മത സംഘടനകളും ചെയ്യുന്നത് ഈ ദാരിദ്ര്യത്തെ പരമാവധി കണ്ട് വർധിതമാക്കാനാണ്. നേതാക്കള്‍ വൻ പണശേഖരമുള്ളവരായാലും അവർ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി അണികളുടെ ദാരിദ്ര്യത്തെ ഓർമ്മിപ്പിച്ച് അവരെ ദരിദ്രരാക്കി നിലനിർത്തി കൂടുതൽ നിറയ്ക്കുന്നതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കും. പണത്തിൻ ആംഗലേയത്തിൽ കറൻസിയെന്നാണ്. അതിനർഥം ഒഴുക്ക് എന്നാണ്. വരുന്നതും പോകുന്നതും ഒരു പോലെ കാണണം. ആവശ്യമായ ഇടങ്ങളിൽ ആവശ്യത്തിന് ചെലവഴിക്കണം. അതിനുള്ള ലഭ്യതയാണ്  സമൃദ്ധി. അല്ലാതെ ആവശ്യമില്ലാത്തിടത്ത് ആവശ്യത്തിലേറെ ചെലവഴിച്ചുകളയുന്നതല്ല സമൃദ്ധി. ഉത്സവങ്ങളും ആചാരങ്ങളുമെല്ലാം ഇതിലേക്ക് സമൂഹത്തെ മന:ശ്ശാസ്ത്രപരമായി കൊണ്ടുപോകാനും ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ദാരിദ്ര്യം മഹത്വവത്ക്കരിക്കപ്പെടുന്നത് രാഷ്ട്രീയമായിപ്പോലും മാറുന്നു. ദാരിദ്ര്യത്തെ ഉപയോഗിച്ച് സ്ഥാനമാനങ്ങളിൽ എത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ തന്നെ കേരളത്തിൽ ധാരാളമുണ്ട്. ഈ അമ്മയും നമ്മുടെ സമൂഹത്തിന്റെ പ്രതിനിധിയാണ്. ആ പൊതു ദാരിദ്ര്യം വ്യക്തിപരമായി അവരുടെ സ്വഭാവത്തേയും സ്വാധീനിക്കുന്നു. ധനം കൂട്ടിവയ്ക്കാനുള്ള പ്രവണതയും ദാരിദ്ര്യത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. സമൃദ്ധിയുടെ പാസ്വേഡ് കൈക്കലാക്കാൻ പറ്റുന്ന പ്രക്രിയയാണ് ക്ഷേത്രദർശനം. യഥാർഥ താൽപ്പര്യത്തിൽ നടത്തിയാൽ. പക്ഷേ ഈ അമ്മയുടെ കൈയ്യിൽ ധനമുണ്ടായിട്ടും ദാരിദ്ര്യത്തിൽ ജീവിക്കുന്നു. ദാരിദ്ര്യത്തിന്റെ സാംസ്‌കാരിക സമീപനമാണ് നിർത്താതെ പോയ ഓട്ടോറിക്ഷക്കാരിൽ നിന്നും ആ അമ്മ അനുഭവിച്ചത്. അതായത് അകൽച്ച. അവരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവരും നമ്മുടെ സമൂഹത്തിന്റെ സൃഷ്ടി തന്നെ. അതിനാൽ അവർ നമ്മുടെ അമ്മയുമാകുന്നു. പ്രായം ചെന്ന ഒരമ്മയോടുള്ള സ്‌നേഹം ആ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വാക്കിലും ഉണ്ടായിരുന്നു. കാരണം ഒരു ചിരിയുടെ അകമ്പടിയല്ലാതെ അവരോട് ദേഷ്യമോ വിദ്വേഷമോ ഒന്നും അവരുടെ വാക്കിലും സ്വരത്തിലും കണ്ടില്ല. ഇതിനെല്ലാമിടയിലും അതൊരു നല്ല സൂചനയും ലക്ഷണവും തന്നെ.

Tags: