സ്വഭാവവും ആരോഗ്യവും

Sunday, December 29, 2013 - 4:10pm
സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ്
രഥവേഗം
swami nirmalananda giriഗീതാപണ്ഡിതനും ആയുര്‍വേദ ചികിത്സകനുമായ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് എഴുതുന്ന പംക്തി.

സ്വഭാവമെന്ന് പറഞ്ഞാൽ, ആഹാര നീഹാര മൈഥുന നിദ്രകളാണ്‌. ഇത്രയേ സ്വഭാവങ്ങളായുള്ളൂ. ആരോഗ്യത്തിന്‌ ഉതകണമെങ്കിൽ ഇവയൊക്കെ അയത്നലളിതമായി ലഭിക്കണം. വിദ്യാഭ്യാസമില്ലാത്തവർക്കും തിരിച്ചറിവില്ലാത്ത ജീവജാലങ്ങൾക്കും ഇതൊക്കെ അയത്നലളിതമായി ലഭിക്കുമ്പോൾ, പരിഷ്ക്കാരിയായ മനുഷ്യൻ ഇവയെക്കുറിച്ചോർത്ത്‌ ദുഃഖിക്കുന്നവനും രോഗിയുമായി തീരുകയാണ്‌ ചെയ്യുന്നത്‌. അതിനു കാരണം അവന്റെ അഹന്തയും വിദ്യാഭ്യാസവും മാത്രമാണ്‌. ആധുനിക ശാസ്ത്രത്തിന്റെ എല്ലാ വിദ്യാഭ്യാസവും പദ്ധതികളും കൂട്ടായ്മയും കൂട്ടിവെയ്ക്കലുകളും കൊടുക്കവാങ്ങലുകളുമെല്ലാം ആകെയുള്ള ഈ നാലുകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നവയാണ്‌. അതിനു വെളിയിൽ ഒന്നുമില്ല. എത്രയെത്ര വർഷങ്ങളെടുത്താണ്‌ ആധുനികൻ വിദ്യയഭ്യസിച്ചും തിയറികളുണ്ടാക്കിയും അഹങ്കരിച്ചു ജീവിക്കുന്നത്‌? ഈ തിയറികൾ മുഴുവനുമുണ്ടാക്കി ഓരോ സ്ഥലങ്ങളിൽ ഭാഗികമായോ പൂർണ്ണമായോ പ്രാവർത്തികമാക്കിയെന്ന്‌ അവകാശപ്പെടുമ്പോഴും, ഈ നാലേനാലു കാര്യങ്ങൾ അയത്നലളിതമായാണോ അനുഭവിക്കുന്നത്‌? എന്നാൽ ഈ നാലു കാര്യങ്ങൾ ആരെങ്കിലുമൊക്കെ സ്വൈര്യസഞ്ചാരിയായി നിർവ്വഹിക്കുന്നുണ്ടെന്നു കണ്ടാൽ, അവർ ഈ തിയറികൾക്കും പഠനങ്ങൾക്കും വെളിയിലുള്ളവരാണ്‌. അറിവില്ലാത്തവന്റെ ജീവിതാന്തരീക്ഷങ്ങളിൽ മാത്രമാണ്‌ ഇവയൊക്കെ ചാരുതയോടെ സംഭവിക്കുന്നതെന്ന്‌ കാണാം.

ആഹാരം. അതിനുവേണ്ടി നിങ്ങൾ എത്രയെത്ര വഴക്കുകളുണ്ടാക്കിയാണ്‌, അതൃപ്തിയോടെയാണ്‌ കഴിക്കുന്നത്‌? ഉണ്ടാക്കിക്കഴിക്കുന്ന ആഹാരമെടുത്താലും ഓരോ ഇന്ദ്രിയം വഴി കഴിക്കുന്ന ആഹാരമെടുത്താലും വഴക്കും യുദ്ധവും വഴിയല്ലേ, അകത്തെത്തുന്നത്‌? നിങ്ങൾക്കാവശ്യമായ പ്രോട്ടീനും ഫാറ്റും കാർബോഹൈഡ്രേറ്റുമൊക്കെ വലിച്ചുകയറ്റാൻ വേണ്ടി നിങ്ങളെത്രമാത്രം കഷ്ടപ്പെടുന്നുണ്ട്‌? നിങ്ങളുടെ അടുക്കളയിൽ, പോയിക്കഴിക്കുന്ന തീൻമേശകളിലൊക്കെ ഇരുന്ന്‌ ഭക്ഷണം കഴിക്കുന്ന രീതികൾ കണ്ടാൽ വളരെ പ്രാകൃതനായ യോദ്ധാവിന്റെ എല്ലാ അംഗവിക്ഷേപങ്ങളും ഭാവഹാവാദികളും ഗോഗ്വാ വിളികളുമാണ്‌ അരങ്ങു തകർക്കുന്നതെന്ന്‌ കാണാം. തീൻമേശകളിലെ ആയുധങ്ങൾ, മാംസം കടിച്ചു വലിക്കുന്നതിന്റെ വന്യമായ ആവേശം ഇതൊക്കെ വെച്ചുകൊണ്ട്‌ നിങ്ങൾക്കെന്നാണ്‌ ആരോഗ്യത്തെ സ്വപ്നം കാണാൻ കഴിയുക? എവിടെയെങ്കിലും പോയി തീൻമേശയ്ക്കരികിൽ കഴിക്കാനിരിക്കുമ്പോൾ എപ്പോഴെങ്കിലും ആത്മാർത്ഥമായി നിങ്ങൾ ഓർത്തിട്ടുണ്ടോ - ഈ അന്നവും അന്നത്തോടൊപ്പമുള്ള വിഭവങ്ങളുമെല്ലാം ആരൊക്കെയോ കൂടി അദ്ധ്വാനിച്ചുണ്ടാക്കിയതാണ്‌. ആരുടെയൊക്കെയോ കൈകളിലൂടെ കൊടുത്തും വാങ്ങിയുമൊക്കെ ഇവിടെയെത്തിപ്പെട്ടവയാണ്‌. ആരൊക്കെയോ കൂടി പാകം ചെയ്തും വിളമ്പിയും വെച്ചിരിക്കുന്നതാണ്‌ ഇവയൊക്കെ. അതൊന്നും ഓർക്കാൻ സമയമില്ലാതെ തീൻമേശകളില്‍ ആർത്തിയോടെയും ആവേശത്തോടെയും ആയുധങ്ങളേന്തി വെട്ടുകയും കുത്തുകയും വലിച്ചുകീറുകയുമൊക്കെ ചെയ്യുന്ന നിങ്ങളും നിങ്ങൾക്ക്‌ അതൃപ്തരായി വിളമ്പിത്തരുന്നവരും ഒരു യുദ്ധത്തിന്റെ സങ്കീർണ്ണങ്ങളായ ലോകങ്ങളിലേക്ക്‌, ഒരു യുദ്ധഭൂമിയിലേക്ക്‌ വലിച്ചിഴയ്ക്കപ്പെടുകയല്ലേ ചെയ്യുന്നത്‌? യുദ്ധഭൂമിയിലേക്ക്‌ വലിച്ചിഴയ്ക്കപ്പെടുന്നവർക്ക്‌ ആരോഗ്യം സ്വപ്നംകാണാൻ കഴിയുമോ?

 

തൃപ്തിയോടെ വിളമ്പിത്തരുന്ന ആഹാരം, തൃപ്തിയോടെ എടുത്തുകഴി ക്കുന്ന ആഹാരം, ശാന്തമായി ഇരുന്ന്‌ രുചിയോടെ കഴിച്ച്‌, ആഹാരം നന്നായിട്ടുണ്ടെന്ന്‌ പാകം ചെയ്തവരെ  ശ്ളാഘിച്ചു പറയുന്ന വാക്കുകളും വർണ്ണങ്ങളും മനോഭാവങ്ങളും കൊണ്ട്‌ മനോഹാരിത നിറഞ്ഞ ഒരു മുഹൂർത്തം. ആ മുഹൂർത്തത്തിൽ നമുക്കകത്തേക്കു ചെല്ലുന്ന ആഹാരം, അത്‌ നാലുവിധത്തിൽ പചിച്ച്‌ ജീവിതത്തിന്റെ ഓരോ ഭാവങ്ങളായി, കണ്ണിനും കാലുകൾക്കും കൈയ്ക്കുമൊക്കെ ആരോഗ്യമായി രൂപാന്തരം പ്രാപിച്ചു വരികയാണ്‌ ചെയ്യുന്നത്‌. ആഹാരമിവിടെ ആരോഗ്യമായി പരിണമിക്കുകയാണ്‌. ഇങ്ങനെ തൃപ്തിയോടെ ആഹാരം കഴിക്കുന്നതിനു പകരം ഒരു പടപ്പുറപ്പാടിന്റെ രംഗ വേദികളിലേക്ക്‌ മാറ്റിക്കൊണ്ടുപോയി കഴിച്ചാൽ, എന്ത്‌ ആഹാരം കഴിച്ചാലും മരുന്നു കഴിച്ചാലും നിങ്ങളെങ്ങനെയാണ്‌ രക്ഷപ്പെടുക?

 

ജീവിതത്തിൽ ആനന്ദം വേണമെങ്കിൽ അന്നത്തെ ദൈവതുല്യം കാണാനും അതിനെ ആനന്ദത്തോടെ ആസ്വദിക്കുവാനും കഴിയണം. ആഹാരം ലഭിക്കാൻ ഇടയായ മുഹൂർത്തങ്ങളെ ഉത്തമമായി സ്വീകരിക്കുവാനും അതുണ്ടാക്കിയവരുടെ സ്മരണയുടെയും ബുദ്ധിയുടെയും ക്ഷമയുടെയും കലവികളിൽ, ആഹാരത്തിന്റെ സർവ്വസങ്കീർണ്ണമായ പചന പ്രക്രിയയെ ആന്ദോളനത്തിലെത്തിക്കുവാനും കഴിയുന്നവർക്ക്‌ എന്നും ആരോഗ്യം പ്രതീക്ഷിക്കാം.
 

സ്വഭാവബലപ്രവൃത്തങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണമാണ്‌ ആഹാരവും നീഹാരവും. ഇവ ഓരോന്നും കൂടുതൽക്കൂടുതൽ സൂക്ഷ്മമാണെന്നും പഠിക്കണം. ആഹാരത്തേക്കാൾ സൂക്ഷ്മമാണ്‌ നീഹാരം. വെള്ളം. ജലം എങ്ങനെയാണോ നിങ്ങൾ കൈകാര്യം ചെയ്യുന്നത്‌, അതുപോലെയാണ്‌ മനസ്സുണ്ടായിവരുന്നത്‌. മനസ്സ്‌ എങ്ങനെ വരുന്നുവോ, അങ്ങനെയാണ്‌ ജലം വരുന്നത്‌. ജലത്തിന്റെ മാത്രം ക്രിസ്റ്റലിന്‌ ഒരു പ്രത്യേകതയുണ്ട്‌. അതിന്‌ നിയതമായ സ്വഭാവമില്ല. പഠിച്ചുകാണും, കൈകാര്യം ചെയ്യുന്നവന്റെ മനസ്സു പോലെ ജലത്തിന്റെ സ്വഭാവം മാറുമെന്ന്‌. ജലത്തിന്റെ സമീപമിരുന്ന്‌ ഒരു പാട്ടുപാടുമ്പോൾ, ആ പാട്ടിന്റെ രാഗത്തിനനുസരിച്ച്‌ അതിന്റെ ക്രിസ്റ്റലിന്റെ രൂപം മാറും. ജലം കൈകാര്യം ചെയ്യുന്നവന്റെ മനസ്സ്‌ ഉത്തമവും അധമവുമായി മാറിമറിയുമ്പോൾ അതിനനുസരിച്ച്‌ ജലവും പരിണമിക്കുന്നു. അതുകൊണ്ടാണ്‌ ശുദ്ധീകരണ പ്രക്രിയയുടെ ആദിസ്രോതസ്സായി ഭാരതീയർ ജലത്തെ കണക്കാക്കിയിരുന്നത്‌. അതുകൊണ്ടാണവർ ജലം ജപിച്ചെടുക്കുമ്പോൾ മാറുമെന്ന്‌ വിശ്വസിച്ചിരുന്നത്‌. ജപിക്കാനുള്ള ഉയർന്ന മനസ്സിലേക്ക്‌ ഉയർന്നവനു മാത്രമേ ജലത്തെ പരിണമിപ്പിക്കാനും കഴിയൂ. അതുകൊണ്ട്‌ മനസ്സ്‌ പരിശുദ്ധമാകുമ്പോൾ ആ ശുദ്ധതയുടെ ആദിമസ്രോതസ്സുകളിൽ ജലം പരിണമിക്കും. ആ ജലം പുതുജീവനം തരും. അത്‌ ജ്ഞാനസ്നാനത്തിനുതകും. നാരദൻ അതാണ്‌ പഠിപ്പിക്കുന്നത്‌. ജലം ദാനംചെയ്യുന്നവൻ നാരദൻ. ജലം കൊടുത്താൽ മതി, അതിന്റെ പവിത്രതയുടെ നിത്യാങ്കുരങ്ങളിലേക്ക്‌ മനസ്സിനെ ആവാഹിക്കാൻ കഴിയും. അപ്പോൾ ആഹാരത്തെക്കാൾ സൂക്ഷ്മമാണ്‌ നീഹാരം. അതിനെക്കാൾ സൂക്ഷ്മമാണ്‌ മൈഥുനം. ലോകത്തിലെ ഏറ്റവും വലിയ യുദ്ധവും ഹിംസയും പീഡനവുമായി മാനവന്റെ മൈഥുന പ്രക്രിയ ഇന്ന്‌ മാറിയിട്ടുണ്ടെങ്കിൽ, അവൻ മൃഗത്തെക്കാൾ അധഃപതിച്ചിട്ടുണ്ടെന്ന്‌ പഠിക്കണം. ഈ മൈഥുനത്തെക്കാൾ സൂക്ഷ്മമാണ്‌ നിദ്ര.

 

 

സുഖമായി ഒന്നുറങ്ങാൻ നിങ്ങൾക്കിന്ന്‌ കഴിയുന്നുണ്ടോ? എ.സി.യും ഫാനും ബെഡ്ഡുമൊക്കെയുണ്ടായിട്ടും ഉറങ്ങാൻ ഉറക്കഗുളിക കഴിക്കണമെന്ന സ്ഥിതിയുണ്ടോ? ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരാതെ, ബെഡ്ഡിൽ തിരിഞ്ഞും മറിഞ്ഞും കാലിട്ടടിച്ചും ശപിച്ചും കഴിയുന്ന നിങ്ങളുടെ ഉറക്കെന്ന പ്രക്രിയ എത്രമാത്രം വിഷമകരമായി തീർന്നിരിക്കുന്നു? എന്നാൽ, എവിടെക്കിടന്നാലും ഉറങ്ങുന്നവന്റെ ഉറക്കം കണ്ടിട്ടോ? അത്തരക്കാർ എത്ര ഭാഗ്യവാന്മാർ! കടത്തിണ്ണകളിലും റോഡോരങ്ങളിലുമൊക്കെ ഒതുങ്ങിക്കൂടി കിടന്ന്‌, മഞ്ഞും തണുപ്പും വെയിലുമൊന്നുമറിയാതെ ഉറങ്ങാൻ കഴിയുന്ന ആ മസ്തിഷ്കത്തിന്‌ ലഭിക്കുന്ന ശാന്തി. അവൻ അനുഭവിക്കുന്ന ആ ശാന്തിയുടെ ഒരംശം പോലും ലഭിക്കാതെ, ഉറക്കഗുളികയും വാങ്ങിക്കഴിച്ച്‌ ഉറങ്ങുന്നവന്റെ അന്തരാളങ്ങളിൽ എന്ത്‌ ആരോഗ്യമുണ്ടാകാനാണ്‌? ഋഷിസൂക്തങ്ങൾ രോഗങ്ങളെ ആധ്യാത്മികങ്ങൾ, ആധിഭൗതികങ്ങൾ, ആധിദൈവികങ്ങൾ എന്നുപറയുന്നതിന്റെ പ്രസക്തി തിരിച്ചറിയേണ്ടത്‌ ഇവിടെയാണ്‌.

 

(കടപ്പാട്: ആത്മീയ ദൃശ്യ മാസിക)

Tags: