നോക്കിലും വാക്കിലും രോഗവും ചികിത്സയും

Wednesday, December 11, 2013 - 5:35pm
സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ്
രഥവേഗം
swami nirmalananda giri

 

ഗീതാപണ്ഡിതനും ആയുര്‍വേദ ചികിത്സകനുമായ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് എഴുതുന്ന പംക്തി.


പ്രഭാവജങ്ങളായ രോഗങ്ങളുണ്ട്‌. ഇതേക്കുറിച്ച്‌ സുശ്രുതൻ അചലവാതാദി രോഗങ്ങളെ കുറിച്ചു പറയുമ്പോൾ ഉദാഹരണമായി പറയുന്നുണ്ട്‌. എന്നാൽ വാഗ്ഭടനാണ്‌ പ്രഭാവജങ്ങളായ രോഗങ്ങളെ ആദ്യം പറഞ്ഞത്‌. അത്തരം രോഗങ്ങളിൽ ഒരു ഭാഗം വൈദ്യജന്യമാണ്‌. പ്രഭാവജ രോഗങ്ങളാണ്‌ വൈദ്യജന്യ രോഗങ്ങളിൽ അധികവും. വൈദ്യരംഗത്ത്‌ മനുഷ്യൻ പുരോഗമിക്കുമ്പോൾ ഉണ്ടായി വരുന്നത്‌ കൂടുതലും പ്രഭാവജ രോഗങ്ങളാണ്‌. ഇത്‌ വളരെ വിപുലമായ പഠനമർഹിക്കുന്ന ഒരു തലമാണ്‌. അണു കൃമി വിജ്ഞാനമൊക്കെ വൈദിക സംസ്കൃതിയിൽ പഠിച്ചാൽ, അർബുദത്തെ ആ ദിശയിൽ നോക്കിക്കണ്ടാൽ പഠനാർഹങ്ങളായ ഏറെക്കാര്യങ്ങൾ ഉണ്ട്.

 

 

പ്രഭാവജങ്ങളായ രോഗങ്ങൾ - പ്രഗത്ഭരായ ഭിഷഗ്വരന്മാരുടെ വാക്ക്‌, ദൈവജ്ഞന്മാരുടെ വാക്ക്‌, മാതാപിതാക്കന്മാരുടെ വാക്ക്‌ ഇവയൊക്കെ രോഗത്തിന്‌ കാരണമായിത്തീരും. ശാപങ്ങളൊക്കെ രോഗത്തിന്‌ കാരണമാണെന്ന്‌ പൂർവ്വികർ പറയും. ഇവ പ്രഭാവജ രോഗങ്ങളാണ്‌. ഇതറിയാവുന്ന പൗരാണികരായ അമ്മമാർ തങ്ങളുടെ കുട്ടികളെ ഒരിക്കലും അന്യരുടെ കൈകളിൽ കൊടുക്കുകയോ, കാണിക്കുക പോലുമോ ചെയ്യാതെയാണ്‌ വളർത്തിക്കൊണ്ടു വന്നത്‌. ഇതൊക്കെ അന്ധവിശ്വാസങ്ങളാണെന്നാണ്‌ ഇന്നത്തെ വിശ്വാസം. ദ്രവ്യം ദൃഷ്ടികൊണ്ട്‌ മാറുമോ? മാറും. പ്രത്യേകിച്ചും ശൈശവം. രോഗമുള്ളവർ പ്രത്യേകിച്ചും. അതുകൊണ്ട്‌ പണ്ടുള്ളവർ രോഗം വന്നവരെ പുറത്തുനിന്നു വരുന്നവരെയെല്ലാം കാണിച്ചിരുന്നില്ല. ഇന്ന്‌ രോഗികളെ കാണുകയെന്നുള്ളതും കാണിക്കുകയെന്നതും ഒരാഘോഷമായി മാറി. ഇന്നത്തെ ജീവിതചിന്തയുടെ തന്നെ ഒരു ഭാഗമായി മാറി. ഭക്ഷണ പദാർത്ഥങ്ങളും അതുകൊണ്ട്‌ പണ്ടുള്ളവർ മറ്റുള്ളവരെ കാണിക്കുകയോ, തുറന്നുവയ്ക്കുകയോ ചെയ്തില്ല. പാടത്തോ, പറമ്പിലൊ പണിക്കു പോകുമ്പോൾ ഭക്ഷണം വീട്ടിൽ നിന്ന്‌ കൊണ്ടു പോകേണ്ടി വരും. അപ്പോൾ, ഭക്ഷണം കൊടുത്തു വിടുന്ന അമ്മ പറയും. നല്ലപോലെ മൂടിക്കൊണ്ടു പോകണമെന്ന്‌. ഭക്ഷണം മറ്റുള്ളവർ കാണരുതെന്ന്‌. പ്രാചീനർ പറയും, ദ്രവ്യം കാണുന്നതു കൊണ്ടും സ്പർശിക്കുന്നതു കൊണ്ടും വാക്കു കൊണ്ടും പരിണമിക്കുമെന്ന്‌. ഒരേ വീട്ടിലെ, ഒരേ അടുക്കളയിലെ രണ്ടടുപ്പുകളിൽ, ഒരേ സമയം, ഒരേ തരം അരി പാകം ചെയ്തു. രണ്ടു കലങ്ങളിലെ ചോറ്‌, ഒരിടത്താണ്‌ വാങ്ങി വെച്ചിരിക്കുന്നത്‌. എന്നാൽ അത്‌ മോശമാകാൻ, വളിച്ചു പോകാനെടുക്കുന്ന സമയം ഒന്നാണോ? അല്ലെന്നു കാണാം. രണ്ടും വളിച്ചു പോകാനെടുക്കുന്ന സമയം രണ്ടായിത്തീരുന്നത്‌ ഉണ്ടാക്കിയ ആളുകളുടെ മനസ്സിന്റെയൊ, ഉണ്ടാക്കിയ ദ്രവ്യത്തിന്റെയൊ ഉണ്ടാക്കിയ പാത്രത്തിന്റെയൊ പാത്രം വെച്ച സ്ഥലത്തിന്റെയൊ വ്യത്യാസം കൊണ്ടാണോ? ഒരേ മാവിലെ മാങ്ങകളാണ്‌ - അവയിൽ നിന്നെടുത്ത്‌ അമ്മയും മകളും ഓരോ ഭരണിയിൽ ഉപ്പിലിട്ടു. മാങ്ങയും എണ്ണി തിട്ടപ്പെടുത്തി; ഉപ്പും അളന്നു തിട്ടപ്പെടുത്തി; ഒരേ അളവിൽ വെള്ളവുമൊഴിച്ച്‌ ഭദ്രമായി അടച്ചുവെച്ചു - പിന്നീട്‌ ഇതിൽ ഒരാളുടെ ഭരണി തുറന്നപ്പോൾ, വല്ലാത്ത ദുർഗന്ധം വരികയും കഴിയ്ക്കാൻ കൊള്ളാത്തതുമായി മാറി. മറ്റെയാളുടെ മാങ്ങ രുചിയോടെ കഴിക്കാൻ കൊള്ളുന്നതുമായി മാറി. വൈരുദ്ധ്യത്തോടു കൂടിയ ഈ പ്രക്രിയകൾ, അത്‌ കൈകാര്യം ചെയ്തവരുടെ മനസ്സിന്റെ സ്വഭാവം കാരണമായി ഉണ്ടായതാണെന്ന്‌ അംഗീകരിക്കേണ്ടിവരും. ദ്രവ്യത്തെ മാറ്റിമറിക്കാൻ മനുഷ്യമനസ്സിന്‌ സാധിക്കുമെന്ന്‌.

 

പ്രഭാവമെന്ന ഒന്നുണ്ട്‌. ഓരോ ഔഷധത്തിനുമുള്ള പ്രഭാവത്തിലും വ്യത്യാസമുണ്ട്‌ - സജാതീയ പ്രത്യാരബ്ധ പ്രഭാവവും വിജാതീയ പ്രത്യാരബ്ധ പ്രഭാവവുമെന്ന്‌ പ്രഭാവങ്ങൾ രണ്ടുണ്ട്‌. സാധന കൊണ്ട്‌ പ്രഭാവങ്ങൾ നേടാറുണ്ട്‌. എന്നാൽ പ്രഭാവം ജന്മഗുണത്തിലാണ്‌ അധികവും പെടുത്താറുള്ളത്‌. സാധന കൊണ്ട്‌ അതിനെ ഉത്തേജിപ്പിക്കാൻ കഴിയും. ഒരു ചെടിയിലുള്ള പ്രഭാവം, ചിലപ്പോൾ അതിന്റെ ഗുണത്തെയും വീര്യത്തെയും വിപാകത്തെയും വെല്ലുന്നതായിത്തീരാം. അതിന്റെ ഗുണമനുസരിച്ചാണ്‌ ഒരു രോഗിക്ക്‌ കൊടുക്കുന്നതെങ്കിലും, പ്രഭാവം കൊണ്ടുതന്നെ ചിലപ്പോൾ വിപരീത ഫലങ്ങൾ ചെയ്തേക്കാം. അതുപോലെ തന്നെയാണ്‌ അത്‌ കൈകാര്യം ചെയ്യുന്ന മനസ്സും - വൈദ്യന്റെ മനസ്സിനും ഒരു പ്രഭാവമുണ്ട്‌. എന്നാൽ ആധുനിക പഠനങ്ങളൊക്കെയും ഈ പ്രഭാവത്തെ കണക്കിലെടുക്കാത്തവയാണ്‌.

 

ഒരു വാക്കിൽ ഉന്നമനവും നന്മയും വരണമെങ്കിൽ, അതിൽ നൂറു ശതമാനം സാത്വികതയുണ്ടാകണം. ആ ഗുണങ്ങളുള്ളവരായിരുന്നു, പണ്ടത്തെ വൈദ്യനും മാതാപിതാക്കളുമൊക്കെ. അങ്ങനെയുള്ള ഗുണങ്ങളുള്ളവരായിരുന്നൂ, പണ്ട്‌ മാതാവും പിതാവുമായിരുന്നത്‌. അവർക്ക്‌ മക്കളുണ്ടാകുന്നത്‌ ഒരു Animal Instinct കൊണ്ടായിരുന്നില്ല; ഇന്നത്തെ നിങ്ങളുടെ വിദ്യാഭ്യാസംകൊണ്ട്‌ Animal ആണ്‌ മാതാവും പിതാവും; അവർക്ക്‌ Instinct മാത്രമേയുള്ളു; പ്രഭാവമില്ല. എന്നാൽ ഇന്നലെ ആ പ്രഭാവമുള്ള ഒരു അമ്മയുടെ സങ്കല്പം കൊണ്ടാണ്‌ കുഞ്ഞിന്റെ രോഗം മാറിയത്‌; ഇന്ന്‌ അമ്മയുടെ സങ്കല്പം കൊണ്ടാണ്‌ കുഞ്ഞിന്റെ രോഗം വർദ്ധിക്കുന്നത്‌. കുഞ്ഞിന്‌ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വൈകല്യങ്ങളും കഷ്ടങ്ങളും വർത്തമാനത്തിൽ ഒരമ്മ സങ്കല്പിച്ചാണ്‌ ദുഃഖിതയാകുന്നത്‌. ഇതാണ്‌ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ മിച്ചം.  ഇത്‌ രൂപാന്തരപ്പെടുന്നത്‌ അയാളിലെ പ്രഭാവത്തിന്റെ ഋണാത്മക ശ്രേണിയിൽനിന്നാണ്‌ - വിദ്യാഭ്യാസമില്ലാത്തവരിൽ ഈ ചിന്തയുണ്ടാവില്ല.

 

പ്രഭാവം വിജാതീയവും സജാതീയവുമെന്ന്‌ രണ്ടുണ്ട്‌. സദ്പ്രഭാവമുണ്ടാകുന്നത്‌ സദ്ഭാവനയിൽ നിന്നാണ്‌. പഴയകാലത്താണെങ്കിൽ, സദ്ഭാവനയുള്ളവരായിരുന്നു സന്യാസിയും സിദ്ധനും ജ്യോതിഷിയുമൊക്കെ. അങ്ങനെയുള്ളവരെ വീട്ടിലേക്ക്‌ ക്ഷണിച്ചു കൊണ്ടുവരും. അപ്പോൾ അയാളിൽ നിന്ന്‌ യദൃശ്ചയാ വരുന്ന ശബ്ദത്തിലും നോട്ടത്തിലുമൊക്കെ സാത്വിക ഗുണം കൊണ്ട്‌ നന്മകൾ നേരും. അദ്ദേഹത്തിന്റെ ആ ഒരു വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ വീട്ടുകാർ രക്ഷപ്പെടും. ഇന്നുള്ള സന്യാസിമാരെയും സിദ്ധന്മാരെയും ജ്യോതിഷിമാരെയുമൊക്കെ വീട്ടിലേക്ക്‌ ക്ഷണിച്ചാൽ, അവർ വീട്ടിലെ ദൂഷ്യങ്ങൾ മാത്രമേ കാണുകയുള്ളു. ദൂഷിത സൂചനകൾ മാത്രമേ പറയുകയുള്ളു. ആ വാക്കുകളും നോട്ടങ്ങളും മാത്രം മതി, വീടുമുടിയാൻ. കാരണം ഇന്ന്‌ വിദ്യാഭ്യാസമുള്ളവരാണ്‌ സിദ്ധനാകുന്നതും സന്യാസിയാകുന്നുതും ജ്യോതിഷിയാകുന്നതുമൊക്കെ. വീട്ടുമുറ്റത്തെ ഒരു തെങ്ങ്‌ കായ്ക്കുന്നേയില്ല. ആരോ പറഞ്ഞു, ഒരു സ്വാമിയുണ്ട്‌; അദ്ദേഹം തെങ്ങൊന്നു കണ്ടാൽ; കായ്ക്കുമെന്നു പറഞ്ഞാൽ ഏതു തെങ്ങും കായ്ക്കുമെന്ന്‌. ഒരു ദിവസം ആ സ്വാമിയെ എങ്ങനെയൊക്കെയോ സംഘടിപ്പിച്ചു കൊണ്ടുവന്നു. സ്വാമിവന്ന്‌ തെങ്ങു നോക്കിപ്പറഞ്ഞു, തെങ്ങു കായ്ച്ചില്ലെങ്കിലെന്താ നല്ല തളിർത്തു നിൽക്കുന്ന ഓലകളുണ്ടല്ലോയെന്ന്‌. ആ നിമിഷം തളിർത്തുനിന്ന ഓല താഴെ വീണുവത്രെ! ഇന്നത്തെ ആളുകൾ നെഗറ്റീവായാണ്‌ മനസ്സിനെ സാധന ചെയ്തു കൊണ്ടുപോകുന്നതെന്ന്‌ ഇതിൽ നിന്ന്‌ മനസ്സിലാക്കണം. അവരുടെ വാക്കുകളിലൂടെ സംജാതമാകുന്ന പ്രഭാവംകൊണ്ട്‌ ഉണ്ടാകുന്ന രോഗങ്ങളാണ്‌ പ്രഭാവജ രോഗങ്ങൾ. സുശ്രുതൻ ഈ രോഗത്തിന്‌ അചലവാതം എന്നു പറയുന്നു. ജ്യോതിഷികൾ, ആചാര്യന്മാർ, പുരോഹിതന്മാർ, സിദ്ധന്മാർ ഇവരുടെയൊക്കെ വാക്കുകളാൽ ഉണ്ടാകുന്ന രോഗത്തെ അചലവാതമെന്ന്‌ സുശ്രുത ൻ `നിദാന`ത്തിൽ പ്രത്യേകം പറയുന്നുണ്ട്‌. വാഗ്ഭടൻ ഇതിനെ പ്രഭാവജ രോഗങ്ങളെന്നു പറഞ്ഞ്‌ ഒരു വിഭാഗമായിത്തന്നെ തിരിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ പഴയകാലത്തെ മാതാപിതാക്കളും ആചാര്യന്മാരും വൈദ്യന്മാരുമൊക്കെ തങ്ങളുടെ പ്രഭാവത്തെ ഔഷധമായാണ്‌ ഉപയോഗിച്ചതെന്ന്‌ മനസ്സിലാക്കണം; അതുകൊണ്ട്‌ വൈദ്യജന്യ രോഗങ്ങൾക്ക്‌ ഒരുപാട്‌ ഭാവതലങ്ങളുണ്ടെന്നും മനസ്സിലാക്കണം.

 

(കടപ്പാട്: ആത്മീയ ദൃശ്യ മാസിക)

Tags: