ഓഖി: ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം; കവരത്തിയില്‍ രണ്ട് ഉരു മുങ്ങി

Glint staff
Sat, 02-12-2017 11:59:08 AM ;
Kochi

Cyclone

ഓഖി ചുഴലിക്കാറ്റ്  ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ദ്വീപിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിനായി എത്തുവാനോ ദ്വീപിലുള്ളവര്‍ക്ക് പുറത്തേക്ക് വരുവാനോ സാധിക്കുന്നില്ല. പലയിടത്തും വൈദ്യുതി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായിരിക്കുകയാണ്. ചരക്കുമായി ലക്ഷദ്വീപലേക്ക് വന്ന രണ്ട് ഉരു കവരത്തിയില്‍ വച്ച് മുങ്ങിയിട്ടുണ്ട്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. നാവിക സേനയുടെ കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ടെങ്കിലും തീരത്തേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍.

 

ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമാണ് ലക്ഷദ്വീപില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ ശക്തിപ്രാപിച്ച ഓഖി ഇനിയുള്ള മണിക്കൂറുകളില്‍ 120-130 കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്രആഭ്യന്ത്രര മന്ത്രാലയം ദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപ്പാട് വെള്ളത്തിനടിയിലായി.  കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഏത് അടിയന്തര ഘട്ടവും നേരിടാന്‍ സഞ്ജരാകാന്‍ സേനകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

കേരളത്തിന്റെ തീരപ്രദേശത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളെ പൂര്‍ണമായും രക്ഷപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് തിരുവനന്തപുരം കളക്ടര്‍ അറിയിച്ചു.കരനാവികവ്യോമസേനകള്‍ സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും.

 

ഓഖി ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടങ്ങളാണ് സംസ്ഥാനത്തും തമിഴ്‌നാട്ടിലും ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ മഴയും കാറ്റും  കുറയാനാണ് സാധ്യത. കേരളത്തിന്റെ തീരപ്രദേശത്ത് കടല്‍ക്ഷോഭം ശക്തമായി. കൊച്ചിയിലെ ചെല്ലാത്ത് വേലിയേറ്റത്തില്‍ തീരപ്രദേശത്തെ വീടുകളില്‍ വെള്ളം കയറി.  

 

വടക്കന്‍ കേരളത്തിലും സ്ഥിതി സമാനമാണ്. കേരളതീരത്ത് വലിയ തിരമാലകള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 6.1 മീറ്റര്‍ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിനോടകം വന്നു കഴിഞ്ഞു. ലക്ഷദ്വീപില്‍ ഈ തിരമാല 7.1 മീറ്റര്‍ വരെയും ഉയര്‍ന്നേക്കും.

 

Tags: