സംഭവങ്ങള്‍ സന്ദേശമാകുമ്പോള്‍

Glint staff
Thu, 02-11-2017 03:59:02 PM ;

Pinarayi vijayan, thomas chandy

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉണ്ടായിട്ടുള്ള പല സംഭവങ്ങളും ഒരേ സ്വഭാവവും സന്ദേശവും ഉള്‍ക്കൊള്ളുന്നവയാണ്.അധികാരവും പ്രയോഗവും സമ്മേളിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന സന്ദേശം വ്യക്തവും ദൃഢവുമായിമായിമാറുന്നു. സംഭവങ്ങള്‍ നോക്കാം 'നിലമ്പൂര്‍ കാട്ടില്‍ സ്ത്രീ ഉള്‍പ്പെടെയുള്ള മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരുമായി  പ്രശനം ഉണ്ടായതും, ഇപ്പോഴും അതിന് പരിഹാരമാകാത്തതും. മെട്രോ റെയില്‍ ഉദ്ഘാടനത്തിന്റെ തൊട്ട്മുമ്പ് പുതുവൈപ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ക്രൂരമായി പോലീസിനാല്‍ തല്ലിചതയ്ക്കപ്പെട്ടത്. ഐ.ഒ.സി പ്ലാന്റിനെതിരെ പ്രദേശ വാസികളുടെ ചെറുത്ത്നില്‍പ്പായിരുന്നു അത്.ഏറ്റവും ഒടുവിലത്തേത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മുക്കത്തെ ജനങ്ങള്‍ അതി ക്രൂരമായി മര്‍ദിയ്ക്കപ്പെട്ടതാണ്'. ഈ സംഭവങ്ങള്‍ പ്രകടമാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറിന്റെ സന്ദേശമാണ് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി ജനജാഗ്രതായാത്രയില്‍ ഉറക്കെ പ്രഖ്യാപിച്ചത് 'ഇനിയും നികത്തും നിരത്തും'.

 

കേരളത്തിന്റെ മര്‍മ്മമാണ് ജലം, അതിന്റെ രൂപമാണ് കായല്‍, ആ കായലാണ് തോമസ് ചാണ്ടി കൈയേറി നികത്തിപ്പോരുന്നത്. ഇനിയും നികത്തുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രഖ്യാപനം എല്ലാത്തിനെയും തച്ചുടച്ച് മുന്നോട്ട് നീങ്ങുന്ന തേരോട്ടഗതിയുടെ പ്രചണ്ഡ ശബ്ദമാണ്. ആ പ്രചണ്ഡതയാണ് പിറ്റേ ദിവസം കേരളത്തിന്റെ അറുപതാം പിറന്നാളില്‍ പോലീസിന്റെ മര്‍ദനമുറകളിലൂടെ കണ്ടത്.

 

കേരളത്തിന്റെ വികാസം എന്തായിരിക്കുമെന്നും അത് ആര്‍ക്ക് വേണ്ടി ഉള്ളതായിരിക്കും എന്നുള്ളതിന്റെ ശക്തമായ വെല്ലുവിളിയുടെകൂടി പ്രഖ്യാപനമാണ് തോമസ് ചാണ്ടി നടത്തിയത്. തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയുമായി തട്ടിച്ചു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ കായല്‍ കൈയേറ്റവും നിയമ വിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി നാശനവും വളരെ ചെറിയ കുറ്റമായി മാറുന്നുണ്ട്. കാരണം ചാണ്ടിയുടെപോലെ നടത്തപ്പെട്ടിട്ടുള്ള കൈയേറ്റങ്ങളുടെയും പരിസ്ഥിതി നാശത്തിന്റെയും സ്മാരകങ്ങളാണ് കൊട്ടിഘോഷിക്കപ്പെട്ട രീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പല വികസന ഉദാഹരങ്ങളും. ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയാല്‍ അതാരായാലും സ്വന്തം പാര്‍ട്ടിക്കാരായിക്കോട്ടെ മറ്റുള്ളവരായിക്കോട്ടെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും എന്ന പലസന്ദേശങ്ങളാണ് ഒരേ രീതിയില്‍ പ്രകടമാക്കുന്നത്. ഈ നയത്തിന്റെ പ്രഖ്യാപനത്തിലുള്ള സര്‍ക്കാര്‍ വ്യക്തത തന്നെയാണ് ഇനിയും കായല്‍ നികത്തുമെന്നുള്ള വെല്ലുവിളി പ്രഖ്യാപനവും.

 

 

മുക്കത്തെ സംഭവത്തിലേയ്ക്ക് നോക്കാം, വികസനം വരുമ്പോള്‍ കുറേപേര്‍ നഷ്ടം സഹിക്കണമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയാറുള്ളത്. ഏത് പദ്ധതി വരുമ്പോഴും മണ്ണിലാണെങ്കില്‍ കുറേപേര്‍ക്ക് നഷ്ടമുണ്ടാകും, അത് സ്വാഭാവികം. എന്നാല്‍ അവരുടെ ജീവിതം നിലവിലുള്ള രീതിയിലോ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതില്‍യിലോ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട് . അത് നാശനഷ്ടം സഹിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശമാണ്. അത് ഭരണഘടന ഉറപ്പ് നല്‍കിയിട്ടുമുണ്ട്. അല്ലാതെ ജീവിതം അസ്ഥിരമാകുന്നവന്റെ അസ്ഥികൂടി ഒടിയ്ക്കപ്പെടുന്നത് ഒരു ജനായത്ത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല. കഷ്ട്-നഷ്ട്ങ്ങള്‍ നേരിടുന്നവരുടെ ഭാഗത്ത് നിന്ന് പ്രതിഷേധവും എതിര്‍പ്പുകളും അതിന്റെ ഭാഗമായുള്ള വൈകാരികതകളും ഉണ്ടാകും. അവരെ വിശ്വാസത്തിലെടുത്തു ചര്‍ച്ച ചെയ്ത് അവര്‍ക്ക് സന്തോഷകരമാകുന്ന പുനരധിവാസത്തിലേയ്ക്ക് പോകുമ്പോഴാണ് ഒരു പദ്ധതി വിജയം പ്രാപിക്കുന്നത്. അതാണ് മുക്കത്ത്  കാണാതിരുന്നത് സമാധാനപരമായി പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന ജനസമൂഹമാണ് പിന്നീട് പ്രകോപനത്തിലേക്ക് നീങ്ങിയത്. ആ പ്രകോപനത്തിന് ഉത്തരവാദി സര്‍ക്കാരാണ്. അതിന്റെ കാരണം എതിര്‍പ്പിനെ എങ്ങനെ നേരിടാമെന്ന മുന്‍കൂര്‍ ധാരണയാണ്. അപ്പോഴും ചാണ്ടിയുടെ വെല്ലുവിളി വീണ്ടും മുഴങ്ങുന്നു.

 

 

Tags: