കളക്ടര്‍ അനുപമയ്‌ക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം

Glint staff
Fri, 13-10-2017 06:31:17 PM ;

thomaschandy, t v anupama

ഗതാഗതവകുപ്പു മന്ത്രി പരസ്യമായി പറഞ്ഞിരിക്കുന്നു ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് തെറ്റു പറ്റിയെന്ന്. ഒരു മന്ത്രിയെക്കുറിച്ചു വന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ഐ.എ.എസ്സുകാരിയും   ആവശ്യമായ ഭരണ പരിചയവും നേടിയ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് തെറ്റു പറ്റിയെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ അവര്‍ യോഗ്യയല്ല. ഉദ്യോഗസ്ഥയെ കുറിച്ച് മന്ത്രി പറയുന്നതാണ് നിലനില്‍ക്കുന്നത്. അതിനാല്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട് ആലപ്പുഴ ജില്ലാ കളക്ടറെ ആ സ്ഥാനത്തു നിന്നു മാറ്റി നിര്‍ത്തുകയും അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കേണ്ടതുമാണ്.അല്ലെങ്കില്‍ മന്ത്രി ചാണ്ടി പറഞ്ഞത് തെറ്റാണെന്ന് പറയുകയും കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കേണ്ടതുമാണ്.
       

മന്ത്രി ചാണ്ടി പറഞ്ഞിരിക്കുന്നത് താഴെയുള്ള ഉദ്യോഗസ്ഥര്‍ കൊടുത്ത റിപ്പോര്‍ട്ട് അതേ പടി കളക്ടര്‍ സ്വീകരിച്ചതുകൊണ്ടാണ് തെറ്റു പറ്റിയതെന്ന്. അങ്ങനെയെങ്കില്‍ വളരെ ഗുരുതരമായ കണ്ടെത്തലാണ് മന്ത്രി ചാണ്ടി നടത്തിയിരിക്കുന്നത്. ഒരു മന്ത്രിയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങള്‍ ഇവ്വിധമാണ് കളക്ടര്‍ അന്വേഷിക്കുന്നതെങ്കില്‍, യോഗ്യരല്ലാത്ത ഉദ്യോഗസ്ഥരാണ് കളക്ടറുടെ കീഴിലുള്ളതെങ്കില്‍ ഒരു സാധാരണ പൗരന് എങ്ങനെ നീതി ലഭിക്കാനാണ്.
       

ഉദ്യോഗസ്ഥ എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ജനസമ്മതി ആര്‍ജ്ജിച്ച വ്യക്തിയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ അനുപമ. അവര്‍ ഫുഡ് സേഫ്റ്റി കമ്മീഷ്ണറായിരുന്ന കാലത്ത് കേരളത്തില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന സമ്മര്‍ദ്ദത്തെ അവഗണിച്ചുകൊണ്ട്, തന്നില്‍ നിക്ഷിപ്തമായ അധികാരംകൊണ്ട് ജനങ്ങളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തി നടപടിയെടുത്ത ഉദ്യോഗസ്ഥയാണവര്‍. സമ്മര്‍ദ്ദങ്ങളേക്കാളുപരി ഭീഷണി പോലുമുണ്ടായിരുന്നു അവരുടെ മേല്‍.  പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ വിശ്വാസ്യതയുടെയോ നിലപാടുകളുടേയോ ധാര്‍മ്മികതയുടെയോ പേരിലൂടെ രാഷ്ട്രീയത്തിലേക്കു വന്ന വ്യക്തിയല്ല മന്ത്രി തോമസ് ചാണ്ടി. കേരളത്തിനകത്തും രാജ്യത്തിനു പുറത്തും ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള ആളുമാണ് അദ്ദേഹം.ധനത്തിന്റെ വീര്‍മ്മതയാണ് അദ്ദേഹത്തിന് രാഷ്ട്രീയത്തിലേക്ക് എത്താന്‍ കാരണമായത്. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ റിസോര്‍ട്ട് അന്വേഷണമില്ലാതെ തന്നെ തീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ഒറ്റ നോട്ടത്തില്‍ കാണാവുന്നതാണ്.
         

ആലപ്പുഴ കളക്ടര്‍ ഇതുവരെ അവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലെ പ്രവൃത്തിയിലൂടെ അവരുടെ ഇന്റഗ്രിറ്റി അഥവാ അന്തസ്സ് കാത്തുസൂക്ഷിച്ച വ്യക്തിയാണ്. ഒരു മേലുദ്യോഗസ്ഥന്‍ പോലും കീഴുദ്യോഗസ്ഥനെ കുറിച്ച് പൊതുജന മധ്യത്തില്‍ മോശം പറയുന്നത് ഔചിത്യമെന്ന നിലയില്‍ പോലും പാടുള്ളതല്ല. അപ്പോള്‍ ഒരു മന്ത്രി താനുമായി വ്യക്തിപരമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ക്ക് തെറ്റുപറ്റിയെന്ന് പുറത്തു പറയുന്നത് മന്ത്രിയുടെ ഔചിത്യത്തെപ്പോലും ചോദ്യം ചെയ്യുന്നു. സാമാന്യമായ ഔചിത്യം പോലും  പാലിക്കാന്‍ യോഗ്യതിയില്ലാത്ത വ്യക്തി ഒരു സംസ്ഥാനത്തിന്റെ മന്ത്രിയായിരിക്കുന്നു എന്നുള്ളത് ജനായത്ത സംവിധാനത്തിനെതിരെയുളള വെല്ലുവിളികൂടിയാണ്, അല്ലെങ്കില്‍ ജനായത്തത്തിന്റെ പരാജയമാണ്. ഇവിടിപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കെതിരെയോ  അല്ലെങ്കില്‍ മന്ത്രി ചാണ്ടിക്കെതിരെയോ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരിക്കുകയാണെങ്കില്‍ അത് ഭരണഘടനാ ലംഘനമായി മാറും. കാരണം തന്റെ മന്ത്രി സഭയിലെ ഒരംഗം ഒരുദ്യോഗസ്ഥയ്ക്ക് കഴിവില്ലെന്ന് പരസ്യമായി പറഞ്ഞിട്ടും അവരെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ അത് കൂട്ടുത്തരവാദിത്വമില്ലായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
         
രാഷ്ട്രീയ രംഗത്തുള്ളവര്‍ ആര്‍ക്കെങ്കിലുമെതിരെ പ്രസ്താവന നടത്തുമ്പോള്‍ അതേപടി പ്രതികരിക്കാന്‍ അവകാശവും അവസരവുമുള്ളവര്‍ക്കെതിരേ ആയിരിയിരിക്കണം. ഇവിടെ മന്ത്രിയുടെ പ്രസ്താവനയെ വേണമെങ്കില്‍ കളക്ടര്‍ക്ക് പരസ്യമായി തള്ളിക്കളയാം. അത് നല്ല കീഴ് വഴക്കമാകില്ല. മാത്രമല്ല അങ്ങനെയുണ്ടാവുന്ന സാഹചര്യത്തില്‍ വേണമെങ്കില്‍ ധിക്കാരപരമായ പെരുമാറ്റമെന്ന് സ്ഥാപിച്ച് കോലാഹലമുണ്ടാക്കി കളക്ടറെ അവിടെ നിന്ന് സ്ഥലം മാറ്റുന്നതിലേക്കും കൊണ്ടെത്തിക്കാം. അത്തരം ഉദ്ദേശ്യം കൂടി ചാണ്ടിയുടെ പ്രസ്താവനയില്‍ ഉണ്ടെന്നു തോന്നുന്നു. തനിക്ക് ഇനി വിശ്രമമില്ലെന്നു കൂടി ചാണ്ടി പ്രസ്താവിച്ചിട്ടുണ്ട്.

 

Tags: