ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്നു

Mon, 25-02-2013 02:15:00 PM ;


ചലച്ചിത്രം ‘സെല്ലുലോയിഡ്’ന്റെ വിജയത്തിന് വിവാദങ്ങള്‍ ബോണസ് പോയിന്റാകുമെന്ന് മനു സുധാകര്‍. ‘10:30 എ. എം. ലോക്കല്‍കോള്‍’ എന്ന ചിത്രത്തിന്റെ സംവിധായനായ മനു തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ തന്റെ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ മുഖാമുഖം പരിപാടിയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മനു പറഞ്ഞതില്‍ തെറ്റില്ല. വിവാദത്തിന്റെ സമയം കൃത്യമാണ്. ചിത്രം തിയറ്ററുകളില്‍ എത്തി  ഒരാഴ്ച കഴിഞ്ഞ്, മികച്ച ചിത്രമടക്കം ഏഴു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടി നില്‍ക്കുന്ന അവസരോചിതമായ സമയം. പക്ഷെ, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ കൊഴുക്കുന്ന ഈ വിവാദത്തിന്റെ ആകെത്തുക എന്താണ്?

 

ആദ്യം വിവാദം പരിശോധിക്കാം. മലയാള ചലച്ചിത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോസഫ് ചെല്ലയ്യ ഡാനിയേലിന്റെ ജീവിതത്തെ ഉപജീവിച്ച് സംവിധായകന്‍ കമല്‍ തയാറാക്കിയ ‘സെല്ലുലോയ്ഡ്‌’ എന്ന ചലച്ചിത്രം മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും സാഹിത്യകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും എതിരെ വിമര്‍ശങ്ങള്‍  ഉയര്‍ത്തുന്നു എന്ന് ആരോപണം. ഡാനിയേലിന്റെ സംഭാവനകള്‍ വേണ്ടവിധം അംഗീകരിക്കാന്‍ ഇവര്‍ തയാറായില്ല എന്നാണ് ആരോപണത്തിന്റെ കാതല്‍. ചലച്ചിത്രത്തിന്റെ സൃഷ്ടിക്കു കമല്‍ ആധാരമാക്കിയത് ചേലങ്ങാട്ടു ഗോപാലകൃഷ്ണന്‍ രചിച്ച ദാനിയേലിന്റെ ജീവചരിത്രമാണ്. വര്‍ഗീയ പരിഗണനകളാണ് ഇരുവരുടെയും ഡാനിയേല്‍ വിരുദ്ധ നിലപാടിന് പുറകിലെന്നാണ് ഗോപാലകൃഷ്ണന്റെ നിഗമനം.

 

എന്താണ് വിവാദത്തിലൂടെ നേടുന്നത്? ജെ. സി. ഡാനിയേലിന്റെ അംഗീകാരം ആണ് പ്രശ്നം എങ്കില്‍ മലയാള ചലച്ചിത്രത്തിന്റെ പിതാവ് എന്ന രീതിയില്‍ ജെ. സി. ഡാനിയേല്‍ ഇതിനകം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ദാദ സാഹെബ് ഫാല്‍ക്കെ അവാര്‍ഡിന്റെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജെ. സി. ഡാനിയേല്‍ അവാര്‍ഡും കമലിന്റെ ചലച്ചിത്രവും ചേലങ്ങാട്ടു ഗോപാലകൃഷ്ണന്റെ “ജെ. സി. ഡാനിയേലിന്റെ ജീവിത കഥ”യും സര്‍വ്വോപരി ‘വിഗതകുമാരനും’  തന്നെ മതി അതിനു തെളിവായി. ഡാനിയേലിനോട് കാണിച്ച ചരിത്രപരമായ അനീതിയാണ് പ്രശ്നമെങ്കില്‍ അതില്‍ കരുണാകരന്റെയും മലയാറ്റൂരിന്റെയും നിലപാടുകള്‍ എന്തെന്ന് വിശദീകരിക്കാന്‍ അവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. കമലിന് ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ പത്തൊമ്പതാം വകുപ്പ് കരുണാകരനും മലയാറ്റൂരിനും അഭിപ്രായ സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. അവരുടെ തീരുമാനങ്ങളുടെ യുക്തി അവരാണ് വിശദീകരിക്കേണ്ടത്. മാത്രവുമല്ല, അവരുടെ നടപടികള്‍ക്ക് കാരണമായി വര്‍ഗീയത പോലുള്ള നിഗമനങ്ങളിലെത്തുന്നത് ശരിയായ രീതിയല്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വര്‍ഗീയതയെ ഉപയോഗിക്കാന്‍ കരുണാകരന്‍ മടി കാണിച്ചിട്ടില്ല എന്ന് പറയാമെങ്കിലും വര്‍ഗീയ നിലപാടുകള്‍ ഉള്ള വ്യക്തിയാണ് കരുണാകരന്‍ എന്ന് പറയാന്‍ കഴിയില്ല. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടും അപകടകരം തന്നെയാണെങ്കിലും. മലയാറ്റൂരിന്റെ കാര്യത്തില്‍ അത്തരം സാധ്യതകള്‍ പോലും നിലനില്‍ക്കുന്നില്ല.

 

അപ്പോള്‍, എന്താണ് ഈ വിവാദം മലയാള ചലച്ചിത്ര രംഗത്തിനു സംഭാവന ചെയ്യുന്നത്? ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വാരാന്ത്യത്തിനു പറ്റിയ വിഭവവും ‘സെല്ലുലോയിഡി’ന് തുടര്‍ പ്രചാരണവുമായി നമ്മുടെ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരസ്പര സഹായ സംഘത്തിന്റെ ഈ നിര്‍മ്മിതി പച്ച മലയാളത്തില്‍ ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന പ്രവര്‍ത്തനം ആണ്. അതിനെ വാര്‍ത്ത എന്ന് വിളിക്കുന്നതാണ് പക്ഷെ, നമ്മുടെ ദുരന്തം.

Tags: