പരസ്യ കശാപ്പ്: കണ്ണൂരിന്റെയും മലയാളിയുടെയും രക്തലഹരി

Glint Staff
Tue, 30-05-2017 07:22:43 AM ;

 

കാലിച്ചന്തകളിലൂടെ കശാപ്പിനായി കാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ഇന്ത്യാ മഹാരാജ്യത്തിനു മുഴുവൻ ബാധകം. പ്രതിഷേധവും രാജ്യവ്യാപകം. എന്നാല്‍ എന്തുകൊണ്ട് കണ്ണൂരിൽ മാത്രം പരസ്യമായി കാളക്കുട്ടിയെ കശാപ്പു ചെയ്തുകൊണ്ട് പ്രതിഷേധം ഉണ്ടായി? ആലോചിക്കേണ്ട വിഷയമാണ്. അതും ഈ കശാപ്പ് പ്രതിഷേധം നടത്തിയത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ. കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ അതിൽ വലിയ കുഴപ്പം കണ്ടില്ലെങ്കിലും    അതറിഞ്ഞ കോൺIഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മനസ്സും ശരീരവുമൊന്നു പിടഞ്ഞു. അതാണ് ചിന്താശൂന്യം പ്രാകൃതം എന്നീ വാക്കുകളുപയോഗിച്ച് അദ്ദേഹം ആ നടപടിയെ അപലപിച്ചത്.

 

കേരളത്തിൽ, പ്രത്യേകിച്ചും കണ്ണൂരിൽ പ്രതിഷേധം, എന്ന സംജ്ഞയ്ക്ക് ചോരയുടെ അകമ്പടി കൂടി വന്നുചേർന്നിരിക്കുന്നു. ഏറ്റവും ശക്തമായ പ്രതിഷേധമായി കൊലപാതകത്തെ കാണുന്നു. ആ മാനസികാവസ്ഥ ഇന്ന് മൂർഛിച്ച മാനസിക രോഗമായി മാറിയിരിക്കുന്നു കണ്ണൂരിൽ. അതാണ് അവിടെ തുടർന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ. വായുവിൽ ചോരയുടെ ഗന്ധം നിറഞ്ഞു നിന്നാൽ ക്രമേണ അത് അനിവാര്യമായി മാറും. ചോര ലഹരിയാകും. ആ ലഹരിയാണ് ഇന്ത്യയിൽ ഒരു സ്ഥലത്തും നടക്കാതിരുന്നവണ്ണം കണ്ണൂരിൽ മിണ്ടാപ്രാണിയെ പരസ്യമായി കൊന്നത്.  മനുഷ്യസമൂഹത്തിലെ ഏറ്റവും അധമമായ മനസ്സുകളുടെ ഉടമകളാണിവർ എന്ന കാര്യത്തിൽ സംശയമില്ല. ഇത്തരം മാനസികാവസ്ഥയുള്ളവർ സമൂഹത്തിനു ഭീഷണിയുമാണ്.

 

മൃഗബലി നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. പുരോഗമനത്തിന്റെ കുത്തക അവകാശപ്പെടുന്ന മലയാളി, മൃഗങ്ങളെ കൊന്ന് ആഘോഷിക്കുന്നു. അതാണ് ബീഫ് ഫെസ്റ്റ്. ആ ആഘോഷത്തിൽ പങ്കെടുത്തു കൊണ്ട് രുചികരമായി ആഘോഷിച്ച നേതാക്കൾ ഒന്നാലോചിക്കേണ്ടതാണ്, ഈ ആഘോഷം പ്രസരിപ്പിക്കുന്ന സംസ്കാരം എന്താണെന്ന്. അനാചാരത്തിന്റെ ഭാഗമായി മൃഗങ്ങളെ ബലി കൊടുക്കുന്നതിനേക്കാൾ സംസ്കാരശൂന്യമാണ് മൃഗങ്ങളെ കൊന്നു കറി വെച്ചു കഴിച്ചു കൊണ്ടാഘോഷിക്കുന്നത്. ആഘോഷ വേളകളിൽ ബീഫ് വിളമ്പുന്നതിൽ നിന്ന് ഇത് വ്യത്യസ്തമാണ്. അവിടെ അത് താൽപ്പര്യമുള്ളവർക്ക് രുചികരമായ ഭക്ഷണമാണ്. ബീഫ് ഫെസ്റ്റിൽ ബീഫ് കറി ആഹാരമല്ല. ആഘോഷോപാധിയാണ്. ഇത്തരം സംസ്കാരത്തിന്റെ സ്വാധീനവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന്റെ ഭാഗമായാണ് മിണ്ടാപ്രാണിയെ പരസ്യമായി കശാപ്പുചെയ്തത്. ഓർക്കണം, കശാപ്പുകാർ മൃഗങ്ങളെ കൊല്ലുമ്പോൾ അവർ അവരുടെ തൊഴിലിൽ ഏർപ്പെടുകയാണ്. ആ കർമ്മത്തിൽ കൊല്ലുന്നവർക്കും ഭക്ഷിക്കുന്നവർക്കും ഒരേ പങ്കാണ്. അവരത് ചെയ്യുന്നത് പൊതുജനം കാണാതെയും. ജീവനുള്ള എന്തിനെയും ഹിംസിക്കുന്നത് ക്രൂരത തന്നെ. അത് മാനുഷികാംശമുള്ളവർക്ക് കണ്ടു നിൽക്കാനും ബുദ്ധിമുട്ടാണ്. അവരിലേക്കെത്തുന്ന ഹിംസയായി അതു മാറുന്നു.

 

കേരളത്തിൽ ഇപ്പോൾ വീടിനകത്തും പുറത്തും വാക്കുകളിൽ ചോരയുടെ ഗന്ധമാണ്. ചാനൽ ചർച്ചയിലേക്കു നോക്കിയാലതു ബോധ്യമാകും. വിഷയത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനല്ല ശ്രമം. പരസ്പരം വാക്കുകൾ കൊണ്ട് ആക്രമിച്ച് മുറിവേൽപ്പിക്കാനും കൊല്ലാനുമുള്ള ത്വരയാണ് പ്രകടമാകുന്നത്. ഇത്തരത്തിൽ കൂടുതൽ ചോര വാർക്കാൻ കഴിയുന്ന ചാനലിന് റേറ്റിംഗ് കൂടുന്നു. പ്രേക്ഷകരിലും ചോരദാഹമുള്ളതുകൊണ്ടാണ് അതു സംഭവിക്കുന്നത്. അതാണ് ലിംഗഛേദത്തെ ഒരു തരം ഉന്മാദത്തോടെ മലയാളി സമൂഹം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തത്.

 

കേരള സമൂഹത്തെ ബാധിച്ചിരിക്കുന്ന പൊതുരോഗം സൃഷ്ടിക്കുന്ന അന്തരീക്ഷത്തിലെ രോഗലക്ഷണങ്ങളാണ് പരസ്യ കശാപ്പും ബീഫ് ഫെസ്റ്റും ലിംഗ ഛേദവും ലിംഗ ഛേദാഘോഷവുമെല്ലാം.

 

ഇത്തരം അധമ പ്രതിഷേധങ്ങളിലൂടെ എന്തിനെതിരെയാണോ നിലകൊള്ളുന്നത് അത് ആയിരം മടങ്ങ് ശക്തമാകാനേ സഹായിക്കുകയുള്ളൂ. ബീഫ് കഴിക്കുന്നവരുടെ അംഗസംഖ്യ യഥേഷ്ടമുള്ള പാർട്ടിയാണ് ബി.ജെ.പി. കേരളത്തിൽ സ്വീകരിക്കേണ്ട നടപടിയിൽ തപ്പിത്തടഞ്ഞിരുന്ന അവർക്ക് കണ്ണൂരിലെ പരസ്യ കശാപ്പ് പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുന്നതിന് അനുകൂലമായ സാഹചര്യവും ഒരുക്കിക്കൊടുത്തു. നിരോധനത്തെ അനുകൂലിക്കാത്തവരിൽ പോലും ഈ പരസ്യ കശാപ്പും ഫെസ്റ്റുമൊക്കെ മാറി ചിന്തിക്കുന്നതിന് പ്രേരകമാകുന്നുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാരും തന്നെ ഈ പ്രതിഷേധ മാമാങ്കങ്ങളിൽ പങ്കെടുത്തില്ല. കാരണം അത് അവരുടെ ജീവൽ പ്രശ്നമാണ്. പ്രതിഷേധക്കാരുടെ ലക്ഷ്യം ഇവരുടെ ജീവിതഭദ്രതയല്ല. മറിച്ച് മാധ്യമങ്ങളിലൂടെ മേലനങ്ങാതെ വാർത്ത സൃഷ്ടിച്ച് ഒരു വിഭാഗത്തിന്റെ രക്ഷകരായി തങ്ങളെ പ്രതിഷ്ഠിച്ച് രാഷ്ട്രീയ ലക്ഷ്യം നേടുക എന്നു മാത്രമാണ്. ഈ കാര്യത്തിൽ മത്സരം വരുന്നതിനാലാണ് പ്രതിഷേധത്തിൽ വിജയിക്കാനായി വൈവിധ്യ മാർഗ്ഗങ്ങൾ തേടുന്നത് തന്നെയും.

Tags: