മുഖ്യമന്ത്രി തെറ്റിനെ ശരിയാക്കി “ശരിയാക്കുന്നു”

Glint Staff
Mon, 06-02-2017 07:03:04 PM ;

 

ലോ അക്കാദമി വിഷയത്തിൽ ഇതുവരെയുള്ള മൗനം മുഖ്യമന്ത്രി പിണറായി വിജയൻ വെടിയുമ്പോള്‍ പ്രകടമാകുന്നത് ദൗർബല്യത്തിന്റെ മുഖം. താൻ തീരുമാനമെടുക്കേണ്ട വിഷയത്തിൽ നിന്ന് ഒളിച്ചോടുന്ന വിധം ആരോപണങ്ങളുന്നയിച്ച് രക്ഷപ്പെടാനാണ് അദ്ദേഹത്തിന്റെ ശ്രമം. തനിക്കെതിരെ സി.പി.ഐയുടെ ഔദ്യോഗിക നേതൃത്വം ഗൂഢാലോചന നടത്തുന്നുവെന്നാണ് മാനേജ്മെന്‍റ് കൈവശം വച്ചിരിക്കുന്ന ഭൂമി തിരികെ പിടിച്ച് അതിന്റെ മുൻ അവകാശികളായിരുന്ന പി.എസ് നടരാജ പിള്ളയുടെ കുടുംബത്തിന് കൊടുക്കുന്നത് നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരിക്കുന്നു. എന്നാൽ അത്തരത്തിലൊരാവശ്യം ഉത്തരവാദിത്വപ്പെട്ട ആരും തന്നെ ഉന്നയിച്ചിട്ടില്ല. അക്കാദമിക്ക് ആവശ്യം കഴിഞ്ഞുള്ള ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാണ് ഉയർന്ന്‍ വന്നിട്ടുള്ള ആവശ്യം. ആ വശത്തെക്കുറിച്ച് ഒന്നും മിണ്ടാതിരുന്ന പിണറായി അക്കാദമി വിഷയത്തിൽ പാർട്ടിയും സർക്കാരും പൊതുതാല്‍പ്പര്യ പക്ഷത്തല്ല, അക്കാദമി മാനേജ്മെന്റ് പക്ഷത്താണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് അക്കാദമി വിഷയത്തിൽ പാർട്ടിക്കും സർക്കാരിനും പൊതുതാൽപ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള തീരുമാനം എടുക്കാൻ കഴിയാതിരിക്കുന്നതെന്ന് ഏവർക്കുമറിവുള്ളതാണ്. താൽപ്പര്യങ്ങൾ ഏറെയാണ്. അക്കാദമി ഡയറക്ടർ നാരായണൻ നായരുടെ അനുജനും അക്കാദമി മാനേജ്മെന്റംഗവുമായ മുതിർന്ന സി.പി.ഐ.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായർ, അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ എന്നിവരുടെ സ്വാധീന താൽപ്പര്യങ്ങൾക്കപ്പുറം നേതൃത്വത്തിലുള്ള ഒട്ടേറെ പേരുടെ അക്കാദമി മാനേജ്മെന്റിനോടുള്ള വിധേയത്വവും ഒക്കെ കാരണങ്ങളാകുന്നു. സാമാന്യ നീതി ആവശ്യപ്പെട്ടു കൊണ്ട് അക്കാദമി വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ 26-ാം ദിവസം പാർട്ടിയുടെ യുവജന സംഘടനയുടെ പത്താം അഖിലേന്ത്യോ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയിരിക്കുന്നത് കേരളത്തിലെ സി.പി.ഐ.എമ്മിന്റെ അവസ്ഥ എന്താണെന്ന് വെളിവാക്കുന്നതായി. ഈ പശ്ചാത്തലത്തിൽ വൈകി സമര രംഗത്തെത്തിയ എസ്.എഫ്.ഐ അക്കാദമി മാനേജ്മെൻറുമായി ധാരണയിലെത്തി സമരത്തിൽ നിന്ന് പിന്മാറിയതിന്റെ സാഹചര്യം മറയില്ലാതെ വ്യക്തമാവുകയും ചെയ്തിരിക്കുന്നു.

 

അനധികൃതമായി അക്കാദമി മനേജ്മെന്റിന്റെ പക്കൽ സർക്കാർ ഭൂമി കൈവശമുണ്ടോ, അത് തിരിച്ചുപിടിക്കാൻ സർക്കാർ സന്നദ്ധമാണോ എന്നീ കാര്യങ്ങളാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്. വർണ്ണർ അദ്ധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിൽ സർക്കാർ നിയന്ത്രണത്തിൽ ആരംഭിച്ച അക്കാദമി നാരായണൻ നായരുടെയും കോലിയക്കോട് കൃഷ്ണൻ നായരുടെയും ലക്ഷ്മി നായരുടെയും കുടുംബത്തിനു വിട്ടു നൽകുകയാണോ എന്നും മുഖ്യമന്ത്രി കേരള സമൂഹത്തോട് പറയേണ്ടതുണ്ട്. തെറ്റായതിനെയൊക്കെ ശരിയാക്കുമെന്നു വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലെത്തിയത്. ഇപ്പോൾ അദ്ദേഹം ചോദിക്കുന്നു എം.എൻ.ഗോവിന്ദൻ നായരും കെ.കരുണാകരനും ചെയ്ത തെറ്റുകൾ തിരുത്തുന്നത്‌ ശരിയാണോ എന്ന്. ഇവിടെ തെറ്റിനെ ശരിയാക്കിക്കൊണ്ട് മുഖ്യമന്ത്രി എല്ലാം "ശരിയാക്കുന്നു".

Tags: