ജേക്കബ് തോമസ്സും അഴിമതിയുടെ ശക്തിയും

Glint Staff
Wed, 19-10-2016 01:38:41 PM ;

jacob thomas

 

വർത്തമാന കാല പശ്ചാത്തലത്തിൽ പിണറായി വിജയൻ തന്നെയാണ് കേരളത്തിന് ഉതകുന്ന മുഖ്യമന്ത്രി. എന്നാൽ ചോദിച്ചേക്കും, ഡോ.തോമസ് ഐസക്കോ എന്ന്. സംശയമില്ല, വിജയനേക്കാൾ മുഖ്യമന്ത്രി പദത്തിലേക്ക് വരാൻ യോഗ്യൻ അദ്ദേഹമാണ്. എന്നാൽ ശോഭിക്കില്ല. കാരണം പാർട്ടി, മുന്നണി തുടങ്ങിയ സംവിധാനങ്ങളൊന്നും വർത്തമാനകാലത്തിൽ ഐസക്കിന്റെ പിടിയിലൊതുങ്ങില്ല. വർത്തമാനത്തിൽ ഉള്ളതിൽ മെച്ചം മാത്രമേ നമുക്ക് സ്വീകരിക്കാൻ കഴിയുകയുള്ളു. കൊച്ചിയിൽ താമസിക്കുന്നവരെപ്പോലെ. എല്ലാവർക്കും ശുദ്ധവായു പ്രിയം. അതു വേണം താനും. എന്നാൽ കൊച്ചിയിലെ മാലിന്യത്തിന്റെ ഗന്ധവും പേറിവരുന്ന വായുവേ കൊച്ചിയിലുളളവർക്ക് ശ്വസിക്കാൻ പറ്റുകയുള്ളു. ആ അശുദ്ധ വായുവിലെ ശുദ്ധവായു ശ്വസിച്ച് ജീവിക്കുക. മറിച്ച് ശുദ്ധവായുവേ ശ്വസിക്കുകയുള്ളു എന്ന് ആരെങ്കിലും വാശി പിടിക്കുകയാണെങ്കിൽ അവരുടെ കഥ കഴിയും. പിന്നെ നിലവിലെ മാലിന്യത്തിൽ എത്രകണ്ട് കുറവു വരുത്താനും ഉള്ളവയെ ഏറ്റവും തീക്ഷ്ണത കുറഞ്ഞ അവസ്ഥയിലേക്കും ആക്കാന്‍ കഴിയും എന്നാണ് പെട്ടെന്ന് നോക്കേണ്ടത്. അതിനർഥം മാലിന്യമുക്തമായ കൊച്ചിക്കുവേണ്ടി ശ്രമിക്കരുതെന്നല്ല. അത് സാമൂഹികമായ മാറ്റത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളു. വ്യക്തിയിലൂടെ വ്യാപകമാകുന്ന സാമൂഹ്യ മാറ്റം. ഇതാണ് അഴിമതിയുടെ കാര്യത്തിലും. അല്ലാതെ ജേക്കബ് തോമസ് വിചാരിക്കുന്നതു പോലെ അഴിമതി തുടച്ചു മാറ്റിക്കളയാം എന്നു വിചാരിക്കുന്നത് സാധ്യമല്ല. അതിനർഥം ജേക്കബ് തോമസ്സിന്റെ സമീപനങ്ങൾ അപ്രസക്തമെന്നല്ല. പക്ഷേ അദ്ദേഹം അഴിമതിയെ കണ്ട രീതി പരിമിതത്വത്തിലായിപ്പോയി. എന്നിരുന്നാലും ഇന്നത്തെ പോലീസ് സേനയിൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് യോഗ്യൻ അദ്ദേഹം തന്നെയാണ്.

 

വികസിത രാജ്യങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുക എന്നതു തന്നെയാണ് ആ രാജ്യങ്ങളുടെ പ്രായോഗിക നിയന്ത്രണത്തിലുള്ള എല്ലാ അന്താരാഷ്ട്ര വേദികളുടേയും പ്രവര്‍ത്തനത്തിന്റെ പിന്നില്‍. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയുമൊക്കെ ഇതില്‍ വ്യത്യസ്തമല്ല. അവർ തങ്ങളുടെ താൽപ്പര്യ സംരക്ഷണത്തിനായാണ് പ്രത്യക്ഷത്തിൽ ആർക്കും സ്വീകാര്യമായ പുരോഗമനാശയങ്ങൾ മുന്നോട്ടു വയ്ക്കുകയും മറ്റുള്ളവരെക്കൊണ്ട് അത് സ്വീകരിപ്പിക്കുകയും ചെയ്യുന്നത്. അതിലൂടെ അവർ ലക്ഷ്യമിടുന്നത് ദുർബലമാകുന്ന സമൂഹത്തിൽ ഒട്ടും ചെലവില്ലാതെ അതത് പ്രദേശത്തെ ജനങ്ങളുടെ നാശത്തിലൂടെ അവരിലൂടെത്തന്നെ തങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് ചൂഷണം ചെയ്യാമെന്നാണ്. ആ നിലയ്ക്ക് ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന അഴിമതിയുടെ മാനദണ്ഡങ്ങളാണ് ഡോ.ജേക്കബ് തോമസ്സും പിൻപറ്റുന്നത്. നേരിട്ട് കാശ് വാങ്ങി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതു മാത്രം അഴിമതിയെന്ന ചുരുങ്ങിയ നിർവ്വചനത്തിലേക്ക്. അത് വ്യാപകമായ സ്ഥിതിക്ക് അതിനും ചെറുതെങ്കിലുമൊരു തടയിടാൻ ജേക്കബ് തോമസ്സിനെപ്പോലുള്ള പോലീസുദ്യോഗസ്ഥർക്ക് കഴിയുമായിരുന്നു. അതുകൊണ്ട് ഒന്നുകൂടി ആവർത്തിക്കാം, വർത്തമാനകാലത്തിൽ അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യൻ.

 

ജനാധിപത്യത്തിന്റെ കാതൽ എന്നു പറയുന്നത് സത്യസന്ധതയാണ്. വി.എസ് അച്യുതാനന്ദനെ മുൻനിർത്തി തെരഞ്ഞെടുപ്പ് ജയിച്ചിട്ട് പിണറായി വിജയൻ മുഖ്യമന്ത്രിയായത് ജനാധിപത്യത്തിൽ ജനങ്ങളോട് കാട്ടിയ സത്യസന്ധതയില്ലായ്മയാണ്. അതിനർഥം വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കണമായിരുന്നു എന്നല്ല. അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തി പിണറായിയുടെ നേതൃത്വത്തിൽ മത്സരിക്കുകയായിരുന്നു വേണ്ടത്. ഇ.പി ജയരാജന്റെ നിലപാടുകളും അദ്ദേഹത്തിന്റെ ബന്ധങ്ങളും മുന്‍പ് അദ്ദേഹം ഉൾപ്പെട്ട വിവാദങ്ങളും കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. അങ്ങനെയുള്ള ജയരാജനെ മന്ത്രിസഭയിൽ രണ്ടാമനായി പ്രതിഷ്ഠിച്ചത് നയപരമായ അഴിമതിയെത്തന്നെയാണ് കാണിക്കുന്നത്. ജയരാജൻ സത്യപ്രതിജ്ഞ ലംഘിക്കുമെന്ന് ആരേക്കാളും നന്നായി അറിയാവുന്ന ആളാണ് മുഖ്യമന്ത്രി.

 

പ്രീതിയോ പക്ഷപാതമോ കൂടാതെ കൃത്യങ്ങൾ നിർവ്വഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി ലാവ്‌ലിൻ കേസ്സിൽ തന്റെ അഭിഭാഷകനായ അഡ്വ.എം.കെ ദാമോദരനെ നിയമ ഉപദേഷ്ടാവായി നിയമിച്ചത് പ്രീതി കൊണ്ടുതന്നെയാണ്. അല്ലെങ്കിൽ രാജ്യത്തിന്റെയും പ്രകൃതിയുടെയും സമൂഹത്തിന്റെയും നാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന ശക്തികളെ നിയമത്തിന്റെ കുരുക്കിൽ പെടാതെ രക്ഷിച്ച് വീണ്ടും സമൂഹത്തിൽ തങ്ങളുടെ പ്രവൃത്തികളിൽ ഏർപ്പെടാൻ അവസരമൊരുക്കുന്ന വിധം അവരുടെ കേസ്സുകൾ വാദിക്കുന്ന വക്കീലാണ് അഡ്വ.ദാമോദരൻ. സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ശക്തികളുടെ വക്കീലിനെ മുഖ്യമന്ത്രി നിയമോപദേഷ്ടാവായി നിയമിച്ചതുമായി തട്ടിച്ചു നോക്കുമ്പോൾ ജയരാജൻ ചിറ്റപ്പനെന്ന നിലയിൽ നടത്തിയ അഴിമതി വളരെ ചെറുത്.

 

സാമൂഹികമായി അഴിമതിയെ വ്യാപിപ്പിക്കുകയാണ് ഐക്യരാഷ്ട്രസഭ പോലുള്ള വേദികൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതേ ഐക്യരാഷ്ട്രസഭ തന്നെ അഴിമതിക്കെതിരെ രംഗത്തു വരികയും അവയെ ഇല്ലായ്മ  ചെയ്യാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്യും. ഡോ.ജേക്കബ് തോമസ്സിനെ പോലെ വ്യക്തിപരമായി അഴിമതിയിൽ പെടാത്തവർ അതേറ്റെടുക്കും. അവർ അഴിമതിക്കെതിരെ പോരാടും. ആ പോരാട്ടം അഴിമതിക്കെതിരായ പോരാട്ടമായി സമൂഹത്തിൽ നിലനിൽക്കും. അതുകൊണ്ട് അഴിമതി അടിസ്ഥാനമായി ഇല്ലാതാക്കുന്ന വിധം സാമൂഹിക മാറ്റങ്ങളിലേക്ക് സമൂഹം തിരിയുകയോ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉടലെടുക്കാതെയോ വരും. അഥവാ വന്നാൽ തന്നെ അത് തടയപ്പെടും. അത്തരത്തിലൊരു സാംസ്‌കാരിക സോഫ്റ്റ്‌വെയറിലൂടെയാണ് ഇവ അതിവിദഗ്ധമായി പ്രവർത്തിക്കുന്നത്. അതിന്റെ ഫലം തന്നെയാണ് ഡോ.ജേക്കബ് തോമസ്സിനെ ആ സ്ഥാനത്ത് നിന്ന് പുകച്ച് പുറത്തു ചാടിക്കാൻ ശക്തികൾ സ്വാഭാവികമായും ഉയർന്നു വരുന്നത്. ജേക്കബ് തോമസ്സിന്റെ ചുവപ്പും മഞ്ഞയും കാർഡ് വ്യാപകമാക്കുമെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ അത്തരം കാർഡടിക്കുന്നതിന്റെ കരാറിൽ നിന്നുപോലും അനധികൃത വരുമാനമുണ്ടാക്കുന്നവരുടെ ചങ്ങലയില്ലാതെ അവ തയ്യാറാക്കുക പ്രയാസമായിരിക്കും. ഇതാണ് ആ സാംസ്‌കാരിക സോഫ്റ്റ്‌വെയറിന്റെ പ്രത്യേകത. ജേക്കബ് തോമസ്സിനെ പോലുളള സത്യസന്ധരായ ഓഫീസർമാരും വ്യക്തികളും ദുർബലമാവുകയും അഴിമതി ശക്തിയാർജ്ജിച്ച് മുന്നേറുകയും ചെയ്യും. അതു തന്നെയാണ് ഐക്യരാഷ്ട്രസഭയൊക്കെ ഉദ്ദേശിക്കുന്നതും. അഴിമതി ഇല്ലാതാക്കുക ഒരിക്കലും സാധ്യമല്ല. സമൂഹം യഥാർഥ പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഇല്ലാതാകുന്ന പ്രതിഭാസമാണ് അഴിമതി. സാമൂഹിക പ്രക്രിയ സജീവമായ പശ്ചാത്തലത്തിൽ മാത്രമേ അഴിമതിയിലേർപ്പെടുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നത് ക്രിയാത്മകമാവുകയുള്ളു. അത്തരമൊരു പ്രക്രിയയുടെ പശ്ചാത്തലം വർത്തമാനകാലത്തിൽ ഇല്ലാത്തതുകൊണ്ടാണ് ഡോ.തോമസ് ജേക്കബ്ബിനെ പോലുള്ളവരുടെ സാന്നിദ്ധ്യം കരണീയമാകുന്നത്.

Tags: