ആര്‍ത്തിയോടെ വിളിച്ചുവരുത്തുന്ന ഭക്ഷ്യക്ഷാമം

Glint Staff
Sat, 23-05-2015 03:40:00 PM ;

paddy field reclamation

കേരളം അധികം താമസിയാതെ കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്ന് ആസൂത്രണ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇത് വെറുമൊരു പതിവ് റിപ്പോര്‍ട്ടുപോലെ തള്ളിക്കളയാവുന്ന ഒന്നല്ല. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലുണ്ടാവുന്ന വിധമുള്ള പ്രകൃതി ദുരന്തങ്ങളോ സാമൂഹിക പ്രശ്‌നങ്ങളോ നേരിട്ടുള്ള ശീലം കേരളത്തിനില്ല. അവയുടെ അഭാവത്തിലാണ് മിക്കപ്പോഴും വിഷയങ്ങളല്ലാത്തവ വിഷയങ്ങളും വിവാദങ്ങളുമായി കേരളത്തില്‍ മാറാന്‍ കാരണം. സുനാമിയാണ് സമീപകാലത്ത് കേരളം നേരിട്ട ചെറിയ ഒരു പ്രതിസന്ധി. അതിന്റെ കെടുതി അനുഭവിച്ചവരെ ഇനിയും തൃപ്തമായ വിധം പുനരധിവസിപ്പിക്കാന്‍ പോലും കേരളത്തിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ ദുരന്തങ്ങള്‍ വര്‍ത്തമാനകേരളം പലപ്പോഴും ദുരന്തങ്ങളെ വാര്‍ത്താ രൂപത്തിലാണ് അറിയാറുള്ളത്. അതിനാല്‍ യഥാര്‍ഥ സംഭവങ്ങളേക്കാള്‍ പലപ്പോഴും വാര്‍ത്തയാണ് കേരളത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളുമായി മാറാറുള്ളത്.

                      വ്യക്തി എന്ന നിലയിലും സമൂഹമെന്ന നിലയിലും കേരളം നേരിടുന്ന പ്രശ്‌നവുമായി ആസൂത്രണക്കമ്മീഷന്റെ മുന്നറിയിപ്പിന് ബന്ധമുണ്ട്. ലോകത്തിലെ ഏതൊരു വ്യക്തിയുടേയും സമൂഹത്തിന്റേയും പ്രാഥമികമായ ഉത്തരവാദിത്വമാണ് സ്വന്തം നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന വിധമുള്ള പ്രവര്‍ത്തനം. അതിനാല്‍ ആവശ്യമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുക എന്നുള്ളത് ഏതൊരു സമൂഹത്തിന്റേയും പ്രാഥമിക ഉത്തരവാദിത്വമാണ്. കേരളം ആ വിഷയത്തെ ഏറ്റവും അപ്രസക്തമായി തള്ളിക്കളഞ്ഞിട്ട് പതിറ്റാണ്ടുകളാവുന്നു. ഒരു പക്ഷേ ലോകത്തില്‍ വച്ച് തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കാന്‍ അനുയോജ്യമായ കാലാവസ്ഥയും മറ്റു ഘടകങ്ങളും കേരളത്തിലേപ്പോലെ മറ്റധികം സ്ഥലങ്ങളില്‍ കാണാനുള്ള സാധ്യത കുറവാണ്. അബദ്ധത്തില്‍ തെറിച്ചുവീണാല്‍ പോലും തറയില്‍ കിടന്ന് മുളച്ച് വളര്‍ന്ന് സമൃദ്ധമായി നെല്‍ച്ചെടി കുലയ്ക്കുന്ന ഇടമാണ് കേരളം. മലയാളിയുടെ മുഖ്യഭക്ഷണം ഇപ്പോഴും അരി തന്നെ. ആദ്യം മലയാളി ഇല്ലായ്മ ചെയ്തു തുടങ്ങിയതും വയലുകളാണ്. ഇപ്പോഴും എന്തോ പക വീട്ടും പോലെയാണ് ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളും നെല്‍വയല്‍ നികത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിദേശത്തുനിന്നെത്തുന്ന പണവും അതു സൃഷ്ടിക്കുന്ന മുഖ്യസമൃദ്ധിയും അനുബന്ധ സാമ്പത്തിക ലഭ്യതാ സൗകര്യങ്ങളും മലയാളി വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത സൗകര്യങ്ങളും കേരളത്തില്‍  സൃഷ്ടിച്ചിട്ടുള്ള പ്രത്യേക സാമൂഹ്യ മാനസികാവസ്ഥയാണ്. അതായത് പണമുണ്ടെങ്കില്‍ ഭക്ഷണം ലഭ്യമാകും എന്ന ചിന്ത. പണമുണ്ടെങ്കിലും ഭക്ഷണം ലഭ്യമല്ലെങ്കില്‍ അത് കിട്ടില്ല എന്ന ധാരണ ഇതുവരെ മലയാളി മനസ്സിലാക്കിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധ സമയത്തും അതിനു ശേഷവുമുണ്ടായ ഭക്ഷ്യക്ഷാമത്തെ വെറും പുസ്തകങ്ങളില്‍ കുടികൊള്ളുന്ന വെറും ചരിത്രമായിട്ടേ മലയാളി വര്‍ത്തമാനമലയാളി കണ്ടിട്ടുള്ളു. എത്ര ധനമുണ്ടെങ്കിലും ഒരു വസ്തു ലഭ്യമല്ലാത്ത സ്ഥിതി വന്നാല്‍ അതിന്റെ അഭാവം തന്നെയണ്ടാവും. മലയാളിക്ക് ഭക്ഷണം ഇല്ലാതെ വന്നാല്‍ മുന്‍പ് ക്ഷാമം വന്നപ്പോള്‍ അതിനെ അതിജീവിക്കാന്‍ കപ്പ നട്ട് ഭക്ഷണമുണ്ടാക്കി നേരിട്ടപോലെ നേരിടാനുള്ള ഇടം പോലും ആധുനിക കേരളത്തില്‍ അവശേഷിക്കുന്നില്ല.

                       ഭക്ഷണമുണ്ടാക്കാന്‍ സ്വര്‍ഗ്ഗീയമായ മണ്ണിനെ മലയാളി നാണ്യ വിളകള്‍ക്കായും കെട്ടിട നിര്‍മ്മാണത്തിനും റോഡുകള്‍ക്കുമായി മലയാളി മാറ്റി. അയല്‍ സംസ്ഥാനങ്ങളും അതേ പാതയിലേക്കാണ് നീങ്ങുന്നത്. അടുപ്പിച്ച് നാല് ദിവസം ലോറി സമരമായാല്‍ പോലും മലയാളിക്ക് പച്ചക്കറി ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. വന്‍ തോതില്‍ രാസവളവും നിലനില്‍പ്പിന് അപകടപ്പെടുത്തുന്ന വിധം കീടനാശിനികളുമടിച്ച ആ പച്ചക്കറിയെ ഇപ്പോഴും മലയാളി ആശ്രയിക്കുന്നു. നിലവിലുള്ള സാഹചര്യത്തില്‍ പോലും മലയാളിക്ക് ആവശ്യമായ പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുള്ള അവസരം കേരളത്തിലുണ്ടായിട്ടും ആ മുന്‍ഗണനയിലേക്ക് രാഷ്ട്രീയ കേരളത്തിനും സര്‍ക്കാരിനും സമൂഹത്തിനും നീങ്ങാന്‍ കഴിയുന്നില്ല. മലയാളിക്ക് സാക്ഷരതയുണ്ടെങ്കിലും വ്യക്തിക്കും സമൂഹത്തിനും മുന്‍ഗണന നിശ്ചയിക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് അത് സൂചിപ്പിക്കുന്നത്. മുന്‍ഗണനയും ആവശ്യവും നിശ്ചയിക്കാന്‍  കഴിയാത്ത വ്യക്തിയും സമൂഹവും പ്രതിസന്ധികളിലും ബാഹ്യ-ആന്തരിക സംഘട്ടനങ്ങളിലും അകപ്പെടും. മലയാളി ഇന്നതനുഭവിക്കുന്നുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യോത്പാദന വളര്‍ച്ച 2.22 ശതമാനം രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റേത് 10.63 ശതമാനം വിപരീത വളര്‍ച്ച അഥവാ മൈനസ് വളര്‍ച്ചയാണ്. കേരളത്തിന് ആവശ്യമുള്ള ഭക്ഷണത്തിന്റെ പത്തു ശതമാനം പോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. തൊണ്ണൂറു ശതമാനത്തിലേറെ ഭക്ഷണത്തിനും നാം മററ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കാലവര്‍ഷത്തിന്റെ കുറവും ആ സംസ്ഥാനങ്ങള്‍ വന്‍ തോതില്‍ നാണ്യവിളകളിലേക്കു നീ്ങ്ങുന്നതുമാണ് പൊതുവേ ഭക്ഷ്യക്ഷാമത്തിനു ഇടയാക്കുമെന്ന് കണക്കാക്കപ്പെടുന്നത്. ഇതിനെല്ലാം പുറമേ കേരളത്തില്‍ ഉല്‍പ്പാദിക്കപ്പെടുന്ന ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ പോലും ഇടമില്ലെന്നുള്ളതും കാണേണ്ടതുണ്ട്. കുട്ടനാട്ട് പലപ്പോഴും മെതിക്കപ്പെട്ട നെല്‍മണി മഴകൊണ്ട് കിളിര്‍ത്ത് നശിച്ചുപോകുന്നത് പതിവുപോലെ ആവര്‍ത്തിക്കപ്പെടുന്നത് ഉദാഹരണം. അതിനാല്‍ ഏതെങ്കിലും കാരണവശാല്‍ രാജ്യത്ത് പൊതുവായി ഭക്ഷ്യഉത്പാദനം കുറയാനുണ്ടായ സാഹചര്യമുണ്ടായാല്‍ അത് ആദ്യം അനുഭവപ്പെടുക കേരളത്തിലാവും. നിലനില്‍പ്പിനെ മറന്നുകൊണ്ടുള്ള രാഷ്ട്രീയത്തിനും സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിനും അപ്പോള്‍ നല്‍കേണ്ടി വരുന്ന വില വലുതായിരിക്കും. ഒരു പക്ഷേ മലയാളി ആധുനിക ലോകത്ത് വ്യക്തി എന്ന നിലയിലും സമൂഹമെന്ന നിലയിലും നേരിടുന്ന കൊടിയ ദുരന്തം അതായിരിക്കും. പ്രവൃത്തികളുടെ ഫലം നേരിടുകയല്ലാതെ നിവൃത്തിയില്ല. അത് പ്രകൃതി നിയമമാണ്. അത് വൈകിയ വേളയിലെങ്കിലും തിരിച്ചറിയാനുള്ള തിരിച്ചറിവാണ് മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും സര്‍ക്കാരിനും ഉണ്ടാവേണ്ടത്.