സുധീരനെതിരെ ഹൈക്കോടതി വിമര്‍ശം അനുചിതം

Glint Staff
Tue, 03-03-2015 10:18:00 PM ;

 

യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് മദ്യനിരോധനം ഘട്ടം ഘട്ടമായി കേരളത്തില്‍ നടപ്പാക്കുക എന്നത്. പ്രകടന പത്രികയ്ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കി. അതുകൊണ്ട് യു.ഡി.എഫ് അധികാരത്തില്‍ വന്നു. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുക എന്നത് ജനായത്ത സംവിധാനത്തില്‍ വളരെ പ്രധാനം. എന്നാല്‍ അത് നടപ്പാക്കണമെന്ന് രാജ്യത്തിന്റെ ഭരണഘടനയില്‍ പറയുന്നില്ല. എന്നാല്‍ അത് നടപ്പാക്കുക എന്നത് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ മുന്നണിയുടേയും നേതാക്കളുടേയും ഉത്തരവാദിത്ത്വമാണ്. ആ നിലയ്ക്കാണ് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കത്തെഴുതിയത്, പുതിയ ബാറുകള്‍ അനുവദിക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട്. എന്നാല്‍ അത്തരമൊരു കത്ത് എഴുതാന്‍ സുധീരന് അധികാരമില്ലന്നും അത് നിയമമറിയാത്തതുകൊണ്ടാണെന്നും വിമര്‍ശിച്ചുകൊണ്ട് ഹൈക്കൊടതി വിധി പ്രസ്താവിച്ചിരിക്കുന്നു. എറണാകുളത്തെ മരട് മുനിസിപ്പാലിറ്റിയില്‍ പെട്ട ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ ബാര്‍ തുടങ്ങുന്നതിനുള്ള അപേക്ഷ മുനിസിപ്പാലിറ്റി പരിഗണിക്കുമ്പോള്‍ സുധീരന്റെ കത്ത് മിനിസിപ്പല്‍ സമിതിയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്ന് കാണിച്ചുകൊണ്ടാണ് ഹോട്ടല്‍ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്. ഹോട്ടലിന് അനുമതി നല്‍കാനും കോടതി കല്‍പ്പിച്ചു. രാഷ്ട്രീയ നേതൃത്വം ഭരണത്തില്‍ ഇടപെടുന്നതിനെ ഹൈക്കോടതി അപലപിക്കുകയും ചെയ്തു.

 

ജനായത്ത സംവിധാനത്തിലെ കോടതിയില്‍ നിന്ന് ഉയരാവുന്ന തരത്തിലല്ലാതായിപ്പോയി ഈ വിധി .ജനായത്ത സംവിധാനത്തില്‍ രാഷ്ടീയം അതിന്റെ ജീവവായുവാണ്. അതിനെ നിര്‍വ്വീര്യമാക്കുന്ന ഏതു പ്രവൃത്തിയും ആത്യന്തികമായി ജനായത്ത സംവിധാനമെന്ന വൃക്ഷത്തിന്റെ കടയ്ക്കല്‍ വീഴുന്ന കോടാലിയാവും. ഇവിടെ വിഷയവും പ്രധാനമാണ്. കേരളം മദ്യത്തില്‍ മുങ്ങിത്താഴുന്നത് കൊടിയ സാമൂഹ്യവിഷയമായി മാറിയ സാഹചര്യത്തിലാണ് അതിന്റെ ഉപഭോഗം കുറയ്ക്കുന്നതിനായി കെ.പി.സി.സി പ്രസിഡണ്ടിന്റെ ഭാഗത്തു നിന്ന് ഒട്ടേറെ എതിര്‍പ്പുകളെ നേരിട്ടുകൊണ്ട് ഏതാണ്ട് ഒറ്റയ്ക്ക് തന്നെയുള്ള നീക്കമുണ്ടായത്. ബാറുമായി ബന്ധപ്പെട്ട് കോഴയും ബാറുകാരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും അവര്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത അധികാരകേന്ദ്രങ്ങളില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ രൂക്ഷവിമര്‍ശവും വിധിയും വന്നിരിക്കുന്നത്. ഈ വിധിയില്‍ ജന-സാമൂഹ്യ താല്‍പ്പര്യമോ സാമാന്യ നീതിയോ നിഴലിക്കുന്നില്ല . ഭരണഘടനയുടെ ലക്ഷ്യം ഇതു രണ്ടുമാണ്. മാത്രവുമല്ല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സുധീരന്‍ കത്തെഴുതിയത് ഒരു കാരണവശാലും ഭരണഘടനാ ലംഘനമാകുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നയമനുസരിച്ച് പരിപാടികള്‍ നടപ്പില്‍ വരുത്തേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലായി മാത്രമേ സുധീരന്റെ കത്തിന് നിലനില്‍പ്പുള്ളു. അതിനാല്‍ ആ കത്തിനെ ഭരണഘടനാ ലംഘനമായി കരുതാന്‍ കഴിയില്ല. കത്തെഴുതിയില്ലെങ്കില്‍ പ്രസ്താവനയായി പോലും അദ്ദേഹത്തിന് ഈ അഭ്യര്‍ഥന പരസ്യമായി നടത്താവുന്നതേ ഉള്ളു. അപ്പോഴും സ്വാധീനം തന്നെയാണ് വരുന്നത്. അതിനാല്‍ ഏത് കാരണത്താലാണ് ഇത്തരത്തിലൊരു കത്ത് ഭരണഘടനാ ലംഘനമെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്ന് മനസ്സിലാകുന്നില്ല. മാത്രവുമല്ല സുധീരന്‍ തീരുമാനമെടുത്തതല്ല. തീരുമാനമെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയാണുണ്ടായത്.

 

വെറും സാങ്കേതികകളില്‍ കിടന്ന് കുരുങ്ങി മാനവികതയും സാമാന്യനീതിയും മനുഷ്യത്വവും സംസ്‌കാരവും വീര്‍പ്പുമുട്ടുമ്പോള്‍ സാങ്കേതികതയുടെ കരട് നീക്കി മാനവിക വ്യാഖ്യാനങ്ങള്‍ നല്‍കി സാമൂഹ്യലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഭരണഘടനയിലൂടെ ലക്ഷ്യമിടുന്ന അവസ്ഥ ഉറപ്പാക്കുന്ന വിധികളാണ് ഉന്നതകോടതികളില്‍ നിന്ന് ജനായത്ത സംവിധനത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. അത്തരത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതിയ വിധികള്‍ എത്ര വേണമെങ്കിലുമുണ്ട്. ആ പാരമ്പര്യത്തിന് എതിരുനില്‍ക്കുന്നതായിപ്പോയി കേരള ഹൈക്കോടതിയുടെ ഈ വിമര്‍ശനവും വിധിയും. ചുരുങ്ങിയ പക്ഷം സുധീരനെ കേട്ടതിനു ശേഷമെങ്കിലും ഈ വിധി പ്രസ്താവിക്കാനുള്ള ഔചിത്യം കോടതി കാട്ടേണ്ടിയിരുന്നു. കാരണം കോടതിയേക്കുറിച്ച് പൊതുജനമനസ്സില്‍ മോശമായ ധാരണ ഉണ്ടാകാന്‍ പാടുള്ളതല്ല. ഒരു വിധത്തിലും ഔപചാരികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയാവുന്നതല്ല സുധീരന്റെ കത്ത് എന്നുള്ളതും ഓര്‍ക്കേണ്ടതാണ്.

Tags: